ഖാദി


കാവിൽരാജ്‌

ആരുണ്ട്‌ കൂട്ടരെ നമ്മളിൽ ശുഭ്രമാം
ഖാദിവസ്ത്രങ്ങൾ ധരിക്കുന്നവർ?
ആർക്കാണിവസ്ത്രം ധരിക്കുവാൻ യോഗ്യത?
ക്ലാർക്കിനോ? പ്യൂണിനോ? സൂപ്രണ്ടിനോ?
ഒന്നുകിൽ രാഷ്ട്രീയനേതാക്കൾ, അല്ലെങ്കിൽ
ഉന്നതർ, മന്ത്രിമാർ, ഗാന്ധിശിഷ്യർ.
സ്വാതന്ത്ര്യയുദ്ധത്തിൻ വേതനം പറ്റുവോർ
ഖാദിവസ്ത്രങ്ങൾ തന്നുൽപാദകർ

പണ്ടു നാം വൈദേശിവസ്ത്രം കരിച്ചിട്ടു
സ്വന്തമായ്‌ വസ്ത്രങ്ങൾ നെയ്തെടുത്തു
ഇന്നു നാം വൈദേശിവസ്ത്രം ധരിച്ചിട്ടു
ഇന്ത്യതൻ വസ്ത്രം തമസ്ക്കരിപ്പൂ
വൈദേശിവസ്ത്രങ്ങൾ വിറ്റഴിച്ചീടുവാൻ
വൈവിദ്ധ്യമാർഗ്ഗങ്ങൾ കണ്ടെടുത്തു
ആ തിരശ്ശീലയ്ക്കു പിന്നിൽനിന്നായിരം
വേഷങ്ങൾ വീണ്ടും പുറത്തു വന്നു
തെറ്റൊക്കെചെയ്തിട്ടുമാഖാദി വസ്ത്രത്താൽ
കുറ്റങ്ങളൊക്കെ മറച്ചുവെച്ചു
കാര്യം ഗ്രഹിച്ചവർ, ദുഃഖിച്ചുനിന്നവർ
ഖാദിവസ്ത്രങ്ങൾ ബഹിഷ്ക്കരിച്ചു
കാലമാം ചർക്കതൻ ചക്രത്തിൽ ജീവിതം
നൂലായിപൊട്ടുകയാണിവിടെ
*ഭാരതന്മാർക്കൊക്കെ കേറിക്കറക്കുവാൻ
ഭാരതം! വൻ ചർക്കയാണിവിടെ
ആ ചർക്കതന്നിലോ, നൂലെടുത്തീടുവാൻ
ആർക്കുണ്ട്‌ തോഴരെ മുൻ നിശ്ചയം?
ചക്രം തിരിക്കുകയാണല്ലോയേവരും
ചക്രം ലഭിക്കുവാൻ വെമ്പലോടെ
ചർക്കതൻ ചക്രം തിരിക്കുവോരിപ്പൊഴും
തർക്കിച്ചു നിൽക്കുകയാണിവിടെ
ശുക്രനുദിച്ചങ്ങുകാണുവാൻ നേതാക്കൾ
ചക്രംചവിട്ടുകയാണിവിടെ
@ പൊട്ടിയാൽപിന്നെയും കൂട്ടിപ്പിരിച്ചങ്ങു
കട്ടിനൂൽ നൂൽക്കുകയാണിവിടെ.

പാവങ്ങളെയെന്നും പാവങ്ങളാക്കുന്ന
x പാവനചട്ടങ്ങൾ പാടിനിൽക്കെ
പാരിതിൽ ദരിദ്ര്യരേഖയ്ക്കുമേലെയായ്‌
സൂര്യനുദിക്കുകയില്ലിവിടെ
+ ലക്ഷ്മണരേഖ മുറിച്ചുകടക്കുവാൻ
ശിക്ഷണം നൽകുകയാണിവിടെ
& ആളിപ്പടരുമീയഗ്നിയെവെല്ലുവാൻ
ആളുകളൊന്നിച്ചു നീങ്ങിടേണം
വ്യക്തിതാൽപര്യം കണക്കിലെടുക്കാതെ
ശക്തിയാർജ്ജിച്ചു നാം മുന്നേറണം

* ഭരണകൂടം
@ മന്ത്രിസഭ വീഴുകയും വീണ്ടും കൂട്ടിപ്പിരിച്ചുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ.
x രാഷ്ട്രീയപ്പാർട്ടികളുടെ വാഗ്ദാനങ്ങൾ
+ വനവാസകാലത്ത്‌ സീതയെസംരക്ഷിക്കാൻ ലക്ഷ്മണൻ അമ്പെടുത്തുവരയ്ക്കുന്ന രേഖ
& അസത്യം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങൾ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ