19 Jul 2012

സാഹിത്യത്തിന്റെ ഫിസിക്സ്‌


എം.കെ.ഹരികുമാർ

സാഹിത്യം കലയെക്കാളേറെ ഫിസിക്സാണ്‌. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘർഷം. രൂപമാണോ ഉള്ളടക്കമാണോ വലുത്‌ തുടങ്ങിയ തേയ്മാനം പറ്റിയ വിഷയങ്ങളിലാണ്‌ നമ്മുടെ ചർച്ചകൾ ഒതുങ്ങിപ്പോയിരിക്കുന്നത്‌. നമ്മുടെ അക്കാദമിക്‌ ലോകവും സമാന്തര സാഹിത്യവിഭാഗവും ഒരുപോലെ ഈ കെണിയിൽപ്പെട്ടിരിക്കയാണ്‌. ഇതിൽ നിന്ന്‌ മോചനമില്ല. എല്ലാ വിദ്യാർത്ഥികളും ഈ ദ്വന്ദത്തിൽ കടിച്ചുതൂങ്ങി കൃതികൾ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു കൂട്ടർ സാഹിത്യത്തെ സംസ്കരപഠനം എന്ന നിലയിലേക്ക്‌ മാറ്റി ഇതേ പ്രശ്നത്തിൽത്തന്നെ വന്ന്‌ കൈകാലിട്ടടിക്കുന്നു. വാസ്തവത്തിൽ, കാലങ്ങളായി നില നിന്ന രൂപവും ഉള്ളടക്കവും തുടങ്ങിയ വിഷങ്ങൾ തിരോഭവിക്കുകയാണ്‌. രൂപത്തെപ്പറ്റിയോ ഉള്ളടക്കത്തെപ്പറ്റിയോ ഇനി എഴുത്തുകാരന്‌ ഉത്കണ്ഠപ്പെടേണ്ടതില്ല. അതിനപ്പുറമുള്ള ശാസ്ത്ര, ഡിജിറ്റൽ, പ്രശ്നങ്ങളിൽ വിചാരവസ്തു എന്ന നിലയിൽ സാഹിത്യം ഉൾപ്പെടുകയാണ്‌. ബെൽജിയൻ ശാസ്ത്രകാരനായ ഇല്യ പ്രിഗോഗിനി, അമേരിക്കൻ സർജനും എഴുത്തുകാരനുമായ ലിയോനാർഡ്‌ ഷ്ലെയ്ൻ എന്നിവരുടെ ചില ആശയങ്ങളെ അപഗ്രഥിച്ചുകൊണ്ട്‌ സാഹിത്യത്തെ സമീപിക്കുന്നത്‌ പുതിയ അന്വേഷണത്തിന്‌ വഴിതുറക്കുമെന്ന്‌ തോന്നുന്നു.

സാഹിത്യവും ശാസ്ത്രവും നമ്മൾ കാണാത്ത യാഥാർത്ഥ്യത്തെയാണ്‌ അറിയാൻ ശ്രമിക്കുന്നത്‌. രണ്ടും അനിശ്ചിതത്വത്തെയാണ്‌ അഭിമുഖീകരിക്കുന്നത്‌. സംഗീതം കാലത്തിന്റെ ഒഴുക്കിനെ ക്രമപ്പെടുത്തുകയാണു ചെയ്യുന്നതെന്ന്‌ റഷ്യൻ സംഗീതജ്ഞനായ സ്ട്രാവിൻസ്കി പറഞ്ഞത്‌ ലിയോനാർഡ്‌ ഷ്ലെയിൻ ഉദ്ധരിക്കുന്നുണ്ട്‌. വിപ്ലവകാരിയായ എഴുത്തുകാരനു മാത്രമേ ഫിസിക്സിന്റെ അകംലോകത്തേക്ക്‌ കടക്കുന്ന സാഹിത്യമെഴുതാൻ കഴിയൂ. മുമ്പൊരാളും ഭാവന ചെയ്യാത്ത ലോകം ഏതൊരു വസ്തുവിന്റെയുള്ളിലും കണ്ടെത്തണം. ശാസ്ത്രം ഒരു വസ്തുവിനെ വിഘടിപ്പിക്കുകയും തിരിയുകയുമാണ്‌ ചെയ്യുന്നത്‌. എഴുത്തുകാരനും വിഘടിപ്പിക്കുന്നു. എന്നാൽ ഷ്ലെയിൻ പറയുന്നതുപോലെ, അതു വിഘടിതമായ വസ്തുക്കളുടെ ആകെത്തുകയെക്കാൾ വലുതായിരിക്കും. പ്രിഗോഗിനി പറയുന്ന 'പങ്കെടുക്കൽ' സാഹിത്യാന്തരമായ ലോകത്തിനും ബാധകമാണ്‌. അചേതനവസ്തുവിൽ ജീവിതം ചില പ്രവൃത്തികൾ നടത്തുന്നു. ഇത്‌ പങ്കെടുക്കലാണ്‌. ആറ്റം പോലും ഖരവസ്തുവിൽ പ്രതികരിക്കുന്നു. ഓരോ നിമിഷവും ഒരുഘടകം വേർപെടുകയും മാനങ്ങൾ വ്യത്യസ്തമാകുകയും ചെയ്യുന്നു. അതുകൊണ്ട്‌, പ്രിഗോഗിനിയുടെ വീക്ഷണത്തിൽ, നിലനിൽക്കുക എന്നാൽ പങ്കെടുക്കുക, പ്രതിപ്രവർത്തിക്കുക എന്നൊക്കെയാണ്‌ അർത്ഥം; നിശ്ചലമായിരിക്കൽ ഒരിടത്തുമില്ല. അസ്തിത്വത്തിന്റെ പല തലങ്ങളുണ്ട്‌. അതെല്ലാം പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവർത്തിച്ചുമാണ്‌ നിൽക്കുന്നത്‌.


സാഹിത്യവും ഇങ്ങനെയാണ്‌. എഴുത്തുകാരൻ എഴുതുന്നതോടെ, അതുവരെയുണ്ടായിരുന്ന വീക്ഷണം മാറണം. അയാളുടെ വീക്ഷണം നിലവിലുള്ള കാഴ്ചപ്പാടിനപ്പുറം പോയി, പ്രകൃതിയെ വിഘടിപ്പിച്ച്‌, പരസ്പര ബന്ധത്തിന്റേതായ പല ശ്യംഖലകൾ കണ്ടെത്തുന്നു. സാഹിത്യത്തിന്റെ ഫിസിക്സിന്റെ ചുരുക്കം ഇതാണ്‌.
തീവ്രസ്വഭാവമുള്ള എഴുത്തിൽ, ഓരോ വസ്തുവും പുതുതായി ജനിക്കുകയാണ്‌ ഊർജ്ജതന്ത്രത്തിന്റെ വീക്ഷണത്തിലും ഓരോ വസ്തുവും പുതുതാകുകയാണ്‌. ഏത്‌ വസ്തുവും അതായിരിക്കുന്ന അവസ്ഥയെ നിഷേധിക്കുന്നതോടെയാണ്‌ ഫിസിക്സ്‌ ആരംഭിക്കുന്നത്‌. ഓരോ വസ്തുവും അനുഭവവും പൂർവ്വാവസ്ഥയിൽ നിന്ന്‌ വേർപെടുന്നതോടെ സാഹിത്യരചനയും ആരംഭിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...