19 Jul 2012

വേറിട്ട വീക്ഷണം, വേറിട്ട ലക്ഷ്യം, വേറിട്ട വിജയത്തിലേക്ക്‌....


ദീപ്തി നായർ എസ്‌.

പാലക്കാട്‌ ജില്ലയിലെ നാളികേരോത്പാദക സംഘങ്ങളുടെ പരിശീലനം മെയ്‌ മാസം
അവസാനം ആരംഭിക്കുന്നത്‌ തന്നെ ഒരു പ്രതിസന്ധിഘട്ടത്തിലാണ്‌. കച്ചവടക്കാർ
രണ്ടര രൂപയ്ക്ക്‌ പോലും നാളികേരം എടുക്കാൻ തയ്യാറാകാത്ത അവസ്ഥ.
ലക്ഷക്കണക്കിന്‌ നാളികേരം പല കൃഷിയിടങ്ങളിലും വിൽക്കാനാവാതെ
കെട്ടിക്കിടക്കുന്നു. ചിലത്‌ മുളയ്ക്കാറാകുന്നു. ഈ സാഹചര്യത്തിൽ
പരിശീലനത്തിനായി ഒത്തുചേർന്ന കർഷകർ കൂട്ടായി ഒരു കാര്യം മാത്രം
ആവശ്യപ്പെട്ടു - ഈ പ്രതിസന്ധിയിൽ നിന്നൊരു മോചനം.
പരിശീലനത്തിന്റെ ആദ്യഘട്ടം ഈ പ്രശ്ന പരിഹാരത്തിലൂടെ തന്നെയാകട്ടെയെന്ന്‌
നിശ്ചയിച്ച സംഘാടകർ സജീവമായ ഒരു ചർച്ചയ്ക്ക്‌ തുടക്കം കുറിച്ചു. കേരകൃഷി
അഭിമുഖീകരിക്കുന്ന പ്രധാന സങ്കീർണ്ണതകളും അവയുടെ മൂലകാരണങ്ങളും ചർച്ച
ചെയ്തപ്പോൾ പരിശീലനത്തിന്‌ വന്ന കർഷകർ അത്യുത്സാഹത്തോടെ പങ്കെടുത്തു.
ചർച്ചയിൽ കർഷകരുടെ ഭാഗത്ത്‌ നിന്നും ഉരുത്തിരിഞ്ഞ്‌ വന്ന ആശയങ്ങൾ
താഴെപ്പറയുന്നവയായിരുന്നു.
‍ി      കുറിയയിനം തെങ്ങുകൾ ഏറെയുള്ള പ്രദേശങ്ങളിലെ കർഷകർ ഇളനീരിനെ
അടിസ്ഥാനമാക്കിയുള്ള വിളവെടുപ്പിനും വിപണനത്തിനുമാണ്‌ ഊന്നൽ നൽകിയത്‌.
ഉത്പാദകനിൽ നിന്ന്‌ നേരിട്ട്‌ ഉപഭോക്താവിലേക്ക്‌ ഇളനീർ എത്തുന്നതിലൂടെ
ഉപഭോക്തൃവിലയുടെ ഏറിയ പങ്കും ഉത്പാദകന്‌ നേടാനാവുന്നു.
‍ി      മറ്റ്‌ കർഷകർ തേങ്ങ കൊപ്രയാക്കുന്ന ആശയത്തിനാണ്‌ മുൻതൂക്കം
കൊടുത്തത്‌. നാളികേരം കൊപ്രയാക്കി മാറ്റുക, മാത്രമല്ല നാളികേര ഉത്പാദക
സംഘങ്ങൾ ചേർന്ന്‌ ഫെഡറേഷനുകൾ സ്ഥാപിച്ച്‌ അടുത്ത സംഭരണകാലത്ത്‌ നേരിട്ട്‌
കൊപ്ര സംഭരണം നടത്തുന്നതിന്‌ പ്രാപ്തരാക്കുക എന്നതായിരുന്നു അവർ കണ്ട
പ്രശ്ന പരിഹാരം. ഇതിലൂടെ കൊപ്ര സംഭരണത്തിന്റെ നേട്ടങ്ങൾ ശരിയായ
കർഷകരിലേക്ക്‌ തന്നെ എത്തുന്നു.
‍ി      പെരുമാട്ടി മേഖലയിൽ നിന്നും വന്ന കർഷകർക്ക്‌ നാളികേരത്തിൽ
നിന്നുമുള്ള മൂല്യവർദ്ധിത യൂണിറ്റുകൾ സ്ഥാപിക്കുന്നതിനോടായിരുന്നു
താത്പര്യം. പ്രത്യേകിച്ച്‌ പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം, അതിന്‌
വേണ്ട മുതൽമുടക്കിനും അവർ ഒന്നടങ്കം തയ്യാറായിരുന്നു; വിപണനത്തിൽ
ബോർഡിന്റെ സഹായം വേണമെന്നു മാത്രം.
‍ി      നാളികേരോത്പാദക സംഘം ഭാരവാഹികളിൽ കേരകൃഷി സംബന്ധിച്ച്‌ വ്യത്യസ്തമായ
ചിന്താഗതിയും കാഴ്ചപ്പാടും ഉണ്ടാക്കുക, അവരെ ലോകവിപണിയിലെ മാറ്റങ്ങൾക്കും
ഏറ്റക്കുറച്ചിലുകൾക്കും സജ്ജരാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പരിശീലന
പരിപാടി ആരംഭിച്ച ഞങ്ങൾക്ക്‌ തുടർ നടപടികൾ എളുപ്പമായി.
നാളികേരോത്പാദക സംഘങ്ങൾ രൂപീകൃതമായെങ്കിലും കടലാസ്‌ പുലികളുടെയവസ്ഥയിൽ
തന്നെ നിലനിൽക്കുന്നതിലെ പ്രശ്നങ്ങൾ കർഷകർ ചർച്ച ചെയ്തു.  ഒത്തുപിടിച്ചാൽ
മാത്രമേ, ശാശ്വതമായ പ്രശ്ന പരിഹാരമുണ്ടാവൂ എന്ന്‌ തിരിച്ചറിഞ്ഞ കർഷക
പ്രതിനിധികൾ കൂട്ടായ പ്രവർത്തനത്തിന്‌ തയ്യാറായി. ആദ്യ ആവശ്യം കൊപ്ര
നിർമ്മാണ യൂണിറ്റ്‌ കണ്ടറിയുക എന്നതായിരുന്നു. പരിശീലനത്തിനിടയിൽ തന്നെ
സമയം കണ്ട്‌ പാരമ്പര്യരീതിയിൽ കൊപ്രയുണ്ടാക്കുന്ന ഒരു ഡ്രയർ
കാണുകയുണ്ടായി. ഡ്രയറിലുണ്ടാക്കുന്ന നാളികേരത്തിന്റെ ചിരട്ടയുടെ
വിപണനത്തിലൂടെ തന്നെ കൊപ്ര നിർമ്മാണച്ചെലവുകൾ കണ്ടെത്താനാകും എന്ന വസ്തുത
കർഷകർക്ക്‌ ആശ്വാസം നൽകി.
നഴ്സറി സ്ഥാപിച്ച്‌, തൈകളുടെ ഉത്പാദനവും കൃത്രിമ പരാഗണത്തിലൂടെ സങ്കരയിനം
തൈകൾ വികസിപ്പിക്കുന്നതിനെ സംബന്ധിച്ചും ഈ വിഷയത്തിൽ പ്രായോഗിക
പരിജ്ഞാനമുള്ള ശ്രീ. സെന്തിൽ വിശദീകരിക്കുകയുണ്ടായി. ഇളനീർ പാർലറുകൾ
സ്ഥാപിക്കുന്നതിന്റേയും ഇളനീരിന്റെ കൃത്യമായ വിളവെടുപ്പിലൂടെ വരുമാനം
ഇരട്ടിപ്പിക്കുന്നതിന്റെയും സാദ്ധ്യത കർഷകരെ ആവേശഭരിതരാക്കി.
കേരകൃഷിയിൽ കർഷകരെത്തി നോക്കാൻ മടി കാണിച്ച മേഖലകളിൽ വിജയം
കൈവരിച്ചവരുമായി നേരിട്ടുള്ള ആശയവിനിമയം കർഷകരുടെ ഉത്സാഹം
വർദ്ധിപ്പിച്ചു.  തങ്ങളുടെ ഉത്പാദക സംഘങ്ങളുടെ മുന്നിൽ അനന്ത
സാദ്ധ്യതകളാണുള്ളത്‌ എന്ന വസ്തുത അനുഭവിച്ചറിഞ്ഞ കർഷകർ
കർമ്മപരിപാടിയിലേക്ക്‌ സംഘാടകർ നയിക്കാതെ തന്നെ, സ്വയം ചെന്നെത്തി.
പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ നടത്തിയ കർമ്മപരിപാടി
രൂപീകരണത്തിൽ പ്രധാനമായും ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങൾ കർഷകരിൽ
ദീർഘവീക്ഷണവും വ്യക്തമായ ദിശാബോധവും വളർത്താൻ പരിശീലനത്തിന്‌ കഴിഞ്ഞു
എന്ന്‌ വെളിപ്പെടുത്തിയിരിക്കുന്നു.

എട്ട്‌ പ്രധാന മേഖലകളിലായാണ്‌ നാളികേരോത്പാദക സംഘങ്ങളുടേയും
ഫെഡറേഷന്റേയും പ്രവർത്തനങ്ങൾ ക്രമീകരിക്കേണ്ടത്‌:
1.      വിപണനം
2.      തൊഴിലാളികളെ ക്രമീകരിക്കൽ
3.      മൂല്യവർദ്ധന
4.      പദ്ധതികൾ, സ്കീമുകൾ, ഇതര ഏജൻസികളുമായുള്ള ബന്ധം
5.      ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, രോഗ- കീട നിർമ്മാർജ്ജനം, ജലസേചനം, വളപ്രയോഗം
6.      കർഷകന്‌ പ്രായോഗിക പരിശീലനങ്ങൾ
7.      സംഘത്തിലെ കർഷകരുടെ അടിസ്ഥാന വിവരശേഖരണം
8.      മെച്ചപ്പെട്ട ഉയർന്ന ഗുണനിലവാരമുള്ള തൈകൾ
ഇതിനെത്തുടർന്ന്‌ അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതികൾ ആവിഷ്ക്കരിച്ചു:
1.      മുതലമട കേന്ദ്രീകരിച്ച്‌ 10,000 നാളികേരം ഒരു ബാച്ചിൽ
കൊപ്രയാക്കാനുതകുന്ന നൂതന ഡ്രയർ സ്ഥാപിക്കുക.
2.      എരിമയൂർ കേന്ദ്രീകരിച്ച്‌ 10,000 നാളികേരം ഒരു ബാച്ചിൽ
കൊപ്രയാക്കാനുതകുന്ന പരമ്പരാഗത ഡ്രയർ സ്ഥാപിക്കുക.
3.      ഡ്രയറിനാവശ്യമായ 6 ലക്ഷം രൂപ നാളികേരോത്പാദക സംഘങ്ങൾ ഒരുമിക്കുന്ന
ഫെഡറേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച്‌ നടപടികൾ ആരംഭിക്കുക.
മുതലമട, കാഞ്ഞിരപ്പുഴ, എരിമയൂർ, പെരുമാട്ടി എന്നീ മേഖലകൾ
കേന്ദ്രീകരിച്ച്‌ 8-10 സിപിഎസുകൾ അടങ്ങുന്ന നാല്‌ ഫെഡറേഷനുകൾ
രൂപീകരിക്കുന്നതിന്‌ ധാരണയായി എന്നതാണ്‌ ഈ പരിശീലനത്തിൽ നിന്നും
ഉരുത്തിരിഞ്ഞ പ്രധാനനേട്ടം. മാത്രമല്ല, വിലക്കുറവിനേയും, കുറഞ്ഞ
ഉത്പാദനത്തേയും രോഗകീടബാധയേയും പഴി പറഞ്ഞിരിക്കാതെ, കർഷകർ കൂട്ടായി
മുന്നിട്ടിറങ്ങി ഉത്പാദനവും വരുമാനവും മെച്ചപ്പെടുത്തുന്നതിനുള്ള
ശാശ്വതമായ പരിഹാര നടപടികൾ ആവിഷ്ക്കരിക്കണം എന്ന ആശയം കർഷകരിലൂടെ തന്നെ
ഉരുത്തിരിയാൻ ഈ ത്രിദിന പരിശീലനക്യാമ്പ്‌ സഹായകമായി. നാളികേരോത്പാദക
സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക്‌ ശക്തമായ അടിത്തറ പാകുവാൻ വേണ്ടി നടത്തിയ
പരിശീലനങ്ങൾ അതിന്റെ ഉദ്ദേശ്യലക്ഷ്യം നിർവ്വഹിച്ചുവേന്നതാണ്‌ ഈ കർഷക
കൂട്ടായ്മയിൽ നിന്നും ഉളവായ തീരുമാനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്‌. ദൃഢമായ
ചുവട്‌ വെയ്പ്പുകളോടെ നിശ്ചിതമായ ലക്ഷ്യത്തോടെ ഈ നാളികേരോത്പാദക സംഘങ്ങളെ
തുടർന്നും മുന്നോട്ട്‌ നയിക്കാൻ സാദ്ധ്യമാകൂ എന്ന വിശ്വാസം നേടാനുമായി.
മാർക്കറ്റിംഗ്‌ ഓഫീസർ,
നാളികേര വികസന ബോർഡ്‌, കൊച്ചി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...