വിപണിയും കേരകർഷകരും....പി. അനിതകുമാരി

മെരുങ്ങാത്ത വിപണിയാണ്‌ കേരകർഷകർ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന
പ്രശ്നം. ഒരുപക്ഷേ; വിപണിയിലെ ചാഞ്ചാട്ടങ്ങൾ സാധാരണ ചെറുകിട കർഷകരെ,
ശാസ്ത്രീയ ശുപാർശകൾ (കൂടിവരുന്ന കൂലിച്ചിലവിൽ) അനുവർത്തിക്കുന്നതിൽ
നിന്നും കുറെയെങ്കിലും പിന്നോക്കം കൊണ്ടുപോകുന്നുണ്ടാവാം! എല്ലാറ്റിനും
വില കൂടുന്ന ഈ കാലഘട്ടത്തിൽ വിലകുറയുന്ന ചുരുക്കം ഉൽപന്നങ്ങളിലൊന്ന്‌
നാളികേരമായിരിക്കുമെന്ന്‌ ഇവർ പരിതപിക്കുന്നു! നാളികേര ഗവേഷണ
വിപണനരംഗത്ത്‌ പ്രവർത്തിക്കുന്ന ഏജൻസികൾ കർഷകർക്ക്‌ താങ്ങായും കൂട്ടായും
ഒത്തുചേരേണ്ടത്‌ അനിവാര്യമായിരിക്കുന്നു. അടിസ്ഥാന ഉൽപന്നങ്ങളായ കൊപ്ര,
കരിക്ക്‌ എന്നിവയിലൂടെ വിപണിയുടെ പ്രയോജനം ആർജ്ജിക്കുവാൻ ശ്രമിക്കുന്ന
ചില കർഷകരുടെ അനുഭവപാഠങ്ങൾ നോക്കാം.
കൊപ്ര താങ്ങുവില കർഷകന്റെ കരങ്ങളിലെത്തണം
തെങ്ങുകൃഷി പ്രധാന വരുമാനസ്രോതസ്സായി ആശ്രയിക്കുന്ന മാതൃക കർഷകനാണ്‌ ഇടവ
പഞ്ചായത്തിലെ ഓടയം വയലരികത്ത്‌ വീട്ടിൽ ശ്രീ. സജീന്ദ്രൻ നായർ.
കൊപ്രനിർമ്മാണം പാരമ്പര്യമായി ചെയ്തുപോരുന്ന കുടുംബമാണിദ്ദേഹത്തിന്റേത്‌.
15000 തേങ്ങ കൊപ്രയാക്കാനുള്ള രണ്ട്‌ പരമ്പരാഗത കൊപ്രചൂളകൾ
സ്ഥാപിച്ചിട്ടുണ്ട്‌. സ്വന്തം പുരയിടത്തിലേതുൾപ്പെട്ട നാളികേരം
കൊപ്രയാക്കി മാത്രമാണ്‌ വിൽപ്പന. കൊപ്ര തയ്യാറാക്കുന്നതിന്റെ ലളിതമായ
സാമ്പത്തിക വിശകലനം ശ്രീ സജീന്ദ്രൻ നായർ ഇങ്ങനെ പറയുന്നു "15000 തേങ്ങ
പൊതിച്ച്‌ അട്ടിയിട്ടാൽ, വേനൽക്കാലത്ത്‌ 1500-2000 ചിരട്ടകളും,
മഴക്കാലമാണെങ്കിൽ ഇരട്ടിയും, ഉണക്കാനായി വേണ്ടി വരും. കഴിഞ്ഞവർഷം ഒരു
രൂപനിരക്കിൽ വിറ്റ തൊണ്ടിന്‌ (ചകിരി) ഇക്കൊല്ലം 70 പൈസയാണ്‌ കിട്ടിയത്‌.
ചിരട്ടയ്ക്കും ഇതേ വിലയാണുള്ളത്‌. 100 തേങ്ങയിൽ നിന്നും ശരാശരി 15 കിലോ
ഗ്രാം കൊപ്രയാണ്‌ സാധാരണ കിട്ടുന്നത്‌. 2250 കിലോ ഗ്രാം കൊപ്രയിൽ നിന്നും
കിട്ടുന്ന വരുമാനം 15,000 തേങ്ങ ആറു രൂപ നിരക്കിൽ വാങ്ങിയതുമായി
തട്ടിച്ച്‌ നോക്കിയാൽ തുല്യം തന്നെ! കൊപ്രയ്ക്ക്‌ കിലോയ്ക്ക്‌ 40 രൂപ
നിരക്കിൽ മാത്രമാണ്‌ കച്ചവടക്കാർ എടുക്കുന്നത്‌. താങ്ങുവിലയായ 51 രൂപ
നിരക്കിൽ വിൽക്കാനായെങ്കിൽ കർഷകർക്ക്‌ ഏറെ ആശ്വാസമായേനെ!".
കഠിനാദ്ധ്വാനത്തിന്റെ ഫലത്തിന്‌ കേരകർഷകർക്കും അർഹതയുണ്ടല്ലോ.
വേനൽക്കാലങ്ങളിൽ 7-8 ദിവസങ്ങളും മഴക്കാലങ്ങളിൽ 10 ദിവസങ്ങളും കൊപ്ര
നിർമ്മാണത്തിനായി ചെലവിടണം. മികച്ച തെങ്ങ്‌ കർഷകനായി അഗീകാരങ്ങൾ ലഭിച്ച
ഇദ്ദേഹവും കുടുംബാംഗങ്ങളും സ്വന്തമായി അദ്ധ്വാനിച്ചാണ്‌ മിക്ക
കാര്യങ്ങളും ചെയ്യുന്നത്‌. നൂറ്‌ തേങ്ങ പൊതിക്കുന്നതിന്‌ 50 രൂപയാണ്‌
നിലവിലെ കൂലിച്ചെലവ്‌.

"പച്ചത്തേങ്ങ കൊപ്രയാക്കാൻ സന്നദ്ധരായ കർഷകർക്ക്‌ താങ്ങാകാൻ താങ്ങുവില
പ്രഖ്യാപനം സഹായകമാകുന്നില്ല. സോസൈറ്റികളും കൊപ്ര സംഭരിക്കുന്നതിൽ
വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. 100 കിലോ കൊപ്രയിൽ, 5-6 കിലോ
കൊപ്രവരെ പല കാരണങ്ങൾ ചൂണ്ടി തൂക്കത്തിൽ കുറവ്‌ വരുത്തുന്നുമുണ്ട്‌."
ശ്രീ. സജീന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. യഥാർത്ഥ താങ്ങുവിലയ്ക്ക്‌ സംഭരണം
ഊർജ്ജിതപ്പെടുത്തിയാൽ കേരകർഷകരും, കർഷകകൂട്ടായ്മകളും കൊപ്ര
തയ്യാറാക്കുന്നതിനായി സർവ്വാത്മനാ മുന്നോട്ടു വരുമെന്നതിൽ സംശയം വേണ്ട.
തേങ്ങയൊന്നിന്‌ 1.50 - 2 രൂപയോളം മൂല്യവർദ്ധനവ്‌ ആദ്യതലത്തിൽ തന്നെ
ലഭിക്കുന്നത്‌, അനുബന്ധ മുല്യവർദ്ധനവിലൂടെയും താങ്ങുവില ലഭ്യമാക്കിയും
5-6 മടങ്ങ്‌ കൂട്ടാമെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു.
കേരവിപണിയിലെ മധുരം - കരിക്ക്‌
        "കരിക്ക്‌ വിൽപനയിലൂടെ വിളവും വരുമാനവും ഒരു പോലെ കൂടും", ഉറപ്പിച്ച്‌
പറയുന്നത്‌ ഇടവ പഞ്ചായത്തിലെ മുൻ നിര മാതൃക കർഷകരിലൊരാളായ ഗായത്രിയിൽ
ശ്രീ. രാധാകൃഷ്ണനാണ്‌. കഴിഞ്ഞ 5 വർഷത്തോളമായി കരിക്ക്‌ വിപണനത്തിലൂടെ
നേട്ടങ്ങൾ സ്വന്തമാക്കുന്നു. ടൂറിസ്റ്റ്‌ കേന്ദ്രമായ വർക്കലയുടെ സാമീപ്യം
വിപണനസാധ്യത നിലനിർത്തുന്നു. തുള്ളിനനയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കി
വിളവ്‌ കൂട്ടുന്നതിലും മാതൃകയാണ്‌ ഇദ്ദേഹം. "കച്ചവടക്കാർ തന്നെ കരിക്ക്‌
വിളവെടുത്ത്‌ കൊണ്ടു പോകുന്നുവേന്നതാണ്‌ ഏറെ ആശ്വാസകരം. 20നും
30നുമിടയ്ക്ക്‌  പ്രായമുള്ള തെങ്ങുകളാണ്‌ കച്ചവടക്കാർക്ക്‌ പഥ്യം.
കരിക്കിൻ കുലകൾ കെട്ടിയിറക്കുന്നതിനാൽ ഓലകൾ ഒടിഞ്ഞു തൂങ്ങുന്നത്‌
തെങ്ങുകൾക്ക്‌ ദോഷകരമായിട്ടാണ്‌ കാണുന്നത്‌. അയൽസംസ്ഥാനങ്ങളിൽ നിന്നും
വിലക്കുറവിൽ കരിക്കിന്റെ വരവ്‌ കൂടുമ്പോഴും; തേങ്ങയ്ക്ക്‌
വിലയിടിവുണ്ടാകുമ്പോഴും കരിക്കിന്‌ കർഷകന്‌ നൽകുന്ന വില കുറയ്ക്കുന്നത്‌
പതിവാണ്‌." ഇത്തരം ചില്ലറ ബുദ്ധിമുട്ടുകൾ പറയുമ്പോഴും കരിക്ക്‌
വിപണനത്തിന്റെ മാറ്റ്‌ ഒട്ടും തന്നെ കുറയുന്നില്ലെന്ന്‌ ശ്രീ.
രാധാകൃഷ്ണൻ. "രണ്ടാഴ്ചയിലൊരിക്കൽ 300-500 കരിക്കുകൾ വിൽക്കുന്നുണ്ട്‌. 10
രൂപ നിരക്കിൽ മാസം തോറും 6000 മുതൽ 10000 രൂപ വരെ വരുമാനം നേടുന്നു. 50
തെങ്ങുകൾ കരിക്ക്‌ വിപണനത്തിനായി മാത്രം മാറ്റിവച്ചിരിക്കയാണ്‌."

കരിക്ക്‌ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ച സംസ്ഥാനത്ത്‌ ഇത്തരം മാതൃകകൾ
വ്യാപകമാവേണ്ടതുണ്ട്‌.
കരിക്ക്‌ കർഷകരിൽ നിന്നും വിളവെടുത്ത്‌ വിപണനം ചെയ്യുന്നതിൽ ചെറുകിട
സംരംഭകനായ ശ്രീ സോമൻ മാതൃകയാണ്‌. ദേശീയപാത 47 ൽ കായംകുളത്തിനടുത്ത്‌
കരീലക്കുളങ്ങരയിൽ ഇളനീർക്കുലകളുടെ വർണ്ണഭേദങ്ങൾക്കിടയിൽ ശ്രീ സോമനും
ഭാര്യ സരളമ്മയും സജീവമായുണ്ട്‌. കഴിഞ്ഞ 12 വർഷങ്ങളായി ഒറ്റദിവസം പോലും
മുടങ്ങാതെ ഇവിടെ ഇളനീർ വിൽപ്പന നടക്കുന്നു. ശരാശരി 150-200 കരിക്കുകൾ
ദിവസേന വിൽക്കുന്നുണ്ട്‌. നാല്‌ രൂപയോളം ലാഭം കരിക്കൊന്നിന്‌
ലഭിക്കുന്നുണ്ട്‌. നാടൻ, ചാവക്കാട്‌ ഓറഞ്ച്‌, ചാവക്കാട്‌ പച്ച,
കുറിയയിനങ്ങൾ, സങ്കരയിനങ്ങൾ എന്നിവയുടെ കരിക്കുകൾ ശേഖരിച്ച്‌
വിൽക്കുന്നു. നൂറോളം കർഷകരിൽ നിന്ന്‌ കൃത്യമായ ഇടവേളകളിൽ കരിക്ക്‌
വിളവെടുത്ത്‌ വിപണനം ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നൂ ഈ പരിശ്രമശാലി.
രണ്ടുദിവസത്തിലൊരിക്കൽ വിളവെടുത്ത്‌ "ഫ്രഷ്‌ കരിക്ക്‌" ഉപഭോക്താവിന്‌
നൽകുന്നു. കയറ്റക്കാരനോടൊപ്പം കുല കെട്ടിയിറക്കുന്നതിന്‌ സോമന്റെ
അദ്ധ്വാനവും കൂടി ഉണ്ട്‌. കരിക്കിറക്കാൻ ദിവസക്കൂലി 750 രൂപയാണത്രേ!
കരിക്കിന്‌ ആവശ്യക്കാർ കൂടിവരുന്നെങ്കിലും തെങ്ങുകയറ്റക്കാരെ
കിട്ടാനില്ലാത്തതും കൂലിച്ചെലവും സോമനെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌.
കരിക്കിനൊപ്പം ശേഖരിക്കുന്ന നാടൻ കാർഷികോൽപന്നങ്ങളും സോമന്റെ 'കരിക്ക്‌
കട'യുടെ ആകർഷണങ്ങളാണ്‌. കരിക്കിന്‌ പറ്റിയ കുറിയ ഇനങ്ങളുടെ വിത്തുതേങ്ങകൾ
ശേഖരിച്ച്‌, ഒന്നാംതരം കൂടതെങ്ങിൻ തൈകൾ 40 രൂപ നിരക്കിൽ വിൽപ്പന നടത്തി
കരിക്കുത്പാദനത്തിൽ പങ്കാളിയാകുന്നു. കരിക്ക്‌ ചെത്തിയൊരുക്കി വൃത്തിയായി
ഉപഭോക്താവിന്‌ നൽകുന്നതിന്‌ ഒരു ലഘുയന്ത്രവും ഇദ്ദേഹം രൂപകൽപ്പന
ചെയ്തിട്ടുണ്ട്‌. ആയാസരഹിതമായും സുരക്ഷിതമായും കരിക്കൊരുക്കുവാൻ
വഴിയൊരുക്കുന്ന ഈ ഉപകരണം സ്ത്രീസൗഹൃദം കൂടിയാണെന്ന്‌ സരളമ്മ
സാക്ഷ്യപ്പെടുത്തുന്നു.
വിപണിയുടെ മേന്മ നാളികേരത്തിനും
ഏറ്റക്കുറച്ചിലുകൾ ഏറെയില്ലാത്ത ലാഭകരമായ വിലനിലവാരവും, വിപണിയും
തെങ്ങ്കൃഷിയുടെ വികസനത്തിനും കേരകർഷകരുടെ നിലനിൽപ്പിനും അനിവാര്യമാണ്‌.
‍ി      കൊപ്രയ്ക്ക്‌ താങ്ങുവില പ്രഖ്യാപിക്കുന്നത്‌ കർഷകർക്ക്‌
ലഭ്യമാക്കാനുള്ള സംവിധാനങ്ങളും നയങ്ങളും ഉറപ്പാക്കേണ്ടതാണ്‌
‍ി      തൊണ്ടിന്റേയും ചിരട്ടയുടേയും സംഭരണ സംവിധാനങ്ങളോടൊപ്പം ചെറുകിട
മൂല്യവർദ്ധനവും ലക്ഷ്യമാക്കണം. തേങ്ങാ വെള്ളത്തിന്റെ ശാസ്ത്രീയ ശേഖരണം,
മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയ്ക്കും ശ്രദ്ധ ആവശ്യമാണ്‌.
‍ി      കരിക്കിന്റെ വിളവെടുപ്പിന്‌ ലഘുയന്ത്രങ്ങൾ രൂപകൽപ്പന
ചെയ്യേണ്ടിയിരിക്കുന്നു. കരിക്കിന്റെ ഉപഭോക്താക്കളുടെ വലയം
വിസ്തൃതമാക്കേണ്ടിയിരിക്കുന്നു. തേങ്ങയും കരിക്കും തുല്യമായി
വിളവെടുക്കാനും കേരകർഷകരേയും വിപണിയേയും അതിന്‌ സജ്ജരാക്കുകയും വേണം.
‍ി      പരിശീലനങ്ങളും പദ്ധതികളും സംഭരണം, വിപണനം, ഗുണമേന്മ ഉറപ്പാക്കൽ,
മൂല്യവർദ്ധനവ്‌ എന്നിവയിലേക്കും സജീവമായി വ്യാപിപ്പിക്കണം
‍ി      കേരോത്പാദക സംഘങ്ങൾ  പ്രാദേശിക തലത്തിൽ ഇത്തരം ലക്ഷ്യങ്ങൾ നേടാനുള്ള
കർമ്മശേഷി വികസിപ്പിക്കണം.
‍ി      പ്രായോഗികതലത്തിൽ മാതൃക പദ്ധതികൾ നടപ്പാക്കി അനുഭവപാഠങ്ങൾ
സ്വരൂപിക്കേണ്ടതാണ്‌. പ്രശ്ന പരിഹാരങ്ങൾക്കുള്ള ഗവേഷണ വികസന പൈന്തുണകൾ
ഉറപ്പാക്കി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാം.
        നാളികേര വിപണിയിലും വാണിജ്യത്തിലും നമ്മുടെ കേരകർഷകരുടെ സ്ഥാനവും
സ്വാധീനവും കുറവാണെന്നത്‌ അർഹിക്കുന്ന ഗൗരവത്തോടെ കാണേണ്ട
യാഥാർത്ഥ്യമാണ്‌. താങ്ങുവില യഥാസമയം ലഭ്യമാക്കി സംഭരണം ഉറപ്പാക്കുമെങ്കിൽ
കൊപ്ര നിർമ്മാണവും കരിക്കിന്റെ വിപണനവും മൂല്യവർദ്ധിത ഉൽപന്നങ്ങളും
കേരകർഷകരുടെ സഹകരണത്തോടെ നടപ്പാക്കാവുന്ന വിജയകരമായ വാണിജ്യ
അവസരങ്ങളാണെന്നതിന്‌ കർഷകരുടെ അനുഭവങ്ങൾ തെളിവാണ്‌.
സീനിയർ ശയന്റിസ്റ്റ്‌, കേന്ദ്രതോട്ടവിള
ഗവേഷണ സ്ഥാപനം, കായംകുളം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ