സിപിഎസ്കളിലൂടെ പുൽക്കൃഷിയും കാലിവളർത്തലും ജൈവരീതിയിൽ


മാത്യു സെബാസ്റ്റ്യൻ

സിപിഎസ്കൾക്ക്‌ തെങ്ങിൻതോപ്പുകളിൽ ആദായകരമായി ചെയ്യാവുന്ന മുഖ്യ
ഇടവിളകളിൽ മുഖ്യമാണ്‌ തീറ്റപ്പുൽകൃഷി. കേരളത്തിൽ പുരോഗമനശീലരായ നിരവധി
കർഷകർ തീറ്റപ്പുൽ മുഖ്യ കൃഷിയായി ചെയ്തുകൊണ്ട്‌ മികച്ച വരുമാനം
നേടുന്നുണ്ട്‌. ചിലരെങ്കിലും, കാലിവളർത്തൽ കൂടാതെ പച്ചപ്പുല്ല്‌
വിറ്റഴിച്ചുകൊണ്ട്‌ മികച്ച വരുമാനം നേടുന്നുണ്ട്‌. കിലോഗ്രാമിന്‌ 1.5 രൂപ
മുതൽ 3.0 രൂപ വരെ പച്ചപ്പുല്ലിന്‌ വില ലഭിക്കുന്നുണ്ട്‌. ഒരു ഹെക്ടറിൽ
നിന്നും 400 ടണ്ണിലേറെ വിളവ്‌ തരുന്ന പുല്ലിനങ്ങളുണ്ട്‌. സിപിഎസ്കൾക്ക്‌
തെങ്ങിൻതോപ്പിൽ ഇടവിളയായി പുൽകൃഷി നടത്തുന്നത്‌  പ്രയോജനകരമായിരിക്കും.

ജൈവരീതിയിലുള്ള തെങ്ങ്‌ കൃഷിയോടൊപ്പം ഇടവിളയായി തീറ്റപ്പുൽക്കൃഷി; അതിനെ
സംയോജിപ്പിച്ചുള്ള കന്നുകാലി വളർത്തൽ എന്നിവ കേരളത്തിലെ
പുരയിടക്കൃഷിയ്ക്ക്‌ അനുയോജ്യമായ മാതൃകയാണ്‌. ഈ രീതിയിൽ
ഉൽപാദിപ്പിക്കുമ്പോൾ ജൈവ തെങ്ങ്‌ കൃഷിയിൽ നിന്നും ലഭ്യമാകുന്ന
ഉൽപന്നങ്ങൾക്ക്‌ തദ്ദേശ-വിദേശ മാർക്കറ്റുകളിൽ വിപണനത്തിനുള്ള സാധ്യതകൾ
ഏറെയാണ്‌. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന തീറ്റപ്പുൽ നൽകി വളർത്തുന്ന
കന്നുകാലികളിൽ നിന്ന്‌ ലഭിക്കുന്ന പാലും, പാലുൾപ്പന്നങ്ങളും
ജൈവോൽപന്നമെന്ന നിലയിൽ ഇന്ത്യയിലും വിദേശത്തും ഉയർന്ന വിപണിമൂല്യം ഉറപ്പു
വരുത്തുന്നു. ഒരു പശുവിന്‌ ഒരു ദിവസം ശരാശരി മുപ്പത്‌ കിലോ പച്ചപ്പുല്ല്‌
ആവശ്യമാണ്‌. കന്നുകാലികൾക്ക്‌ പ്രത്യേകിച്ച്‌ പാൽ ചുരത്തുന്ന
പശുക്കൾക്ക്‌ ഏറ്റവും അത്യാവശ്യമായ തീറ്റ വസ്തു പച്ചപ്പുല്ല്‌
തന്നെയാണ്‌. പശുവളർത്തലിലെ തീറ്റച്ചെലവ്‌ കുറയ്ക്കുന്നതിനും അവയ്ക്ക്‌
കൂടുതൽ പോഷകമൂല്യമുള്ള തീറ്റ ഉറപ്പു വരുത്തുന്നതിനും ഒരേയൊരു
പോംവഴിയോയുള്ളൂ; തീറ്റപ്പുൽ കൃഷി ചെയ്യുക. ക്ഷീരകർഷകർക്കെന്ന പോലെ
പശുവളർത്താത്തവർക്കും അത്‌ വരുമാനം ഉറപ്പ്‌ തരുന്നു. ഇത്രയേറെ
സാധ്യതകളുണ്ടായിട്ടും വെറും 7,000 ഹെക്ടർ സ്ഥലത്ത്‌ മാത്രമാണ്‌
തീറ്റപ്പുൽ കൃഷി ചെയ്യുന്നത്‌. അതായത്‌ ആകെ ആവശ്യമുള്ള തീറ്റപ്പുല്ലിന്റെ
രണ്ട്‌ ശതമാനം മാത്രമേ സംസ്ഥാനത്ത്‌ ഉൽപാദിപ്പിക്കപ്പെടുന്നുള്ളൂ.
ഇവിടെയാണ്‌ തെങ്ങിനിടവിളയായി പുല്ല്‌ എന്ന ആശയത്തിന്‌ പ്രസക്തി
വർദ്ധിക്കുന്നത്‌.

ഭാരതത്തിൽ തെങ്ങുകൃഷി 19 ലക്ഷം ഹെക്ടർ സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്നു.
ഇന്ത്യയിലെ ഏതാണ്ട്‌ 50 ലക്ഷം തെങ്ങിൻതോപ്പുകളിൽ 35 ലക്ഷം
തെങ്ങിൻതോപ്പുകളും കേരളത്തിലാണ്‌. നമ്മുടെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി
പുല്ല്‌ കൃഷി ചെയ്യുകയാണെങ്കിൽ സംസ്ഥാനത്ത്‌ ക്ഷീരമേഖലയ്ക്ക്‌ അതൊരു
മുതൽക്കൂട്ടാവുമെന്നതിൽ സംശയം വേണ്ട
ജൈവരീതിയിൽ തെങ്ങും തീറ്റപ്പുല്ലും മറ്റിടവിളകളും കൃഷി ചെയ്യുമ്പോൾ
ജൈവവളങ്ങളും ജീവാണു വളങ്ങളും,  ജൈവ കീടനാശിനികളും മാത്രമേ ഉപയോഗിക്കാവൂ.
രാസവളങ്ങളും രാസകീടനാശിനികളും പൂർണ്ണമായും ഒഴിവാക്കണം.
നന്നായി പരിപാലിക്കുന്ന ഒരു ഹെക്ടർ തെങ്ങിൻ തോപ്പിൽ ഓല, മടൽ, തൊണ്ട്‌,
കൊതുമ്പ്‌, കോഞ്ഞാട്ട മുതലായവയായി ഒരു വർഷം പത്ത്‌ മുതൽ പന്ത്രണ്ട്‌ ടൺ
വരെ ജൈവാവശിഷ്ടങ്ങൾ ലഭിക്കും. കന്നുകാലി കൂട്ടിൽ നിന്നും ലഭിക്കുന്ന
തീറ്റപ്പുൽ അവശിഷ്ടങ്ങളും ഇതിനോടൊപ്പം ചേർക്കാം. ഇവയുടെ ഉപയോഗം വഴി
തെങ്ങിൻ തോട്ടങ്ങളിലെ പോഷകാവശ്യങ്ങൾ ഒരു പരിധി വരെ ക്രമീകരിക്കുന്നതിന്‌
സാധിക്കും. ജൈവ കൃഷിയിൽ ജൈവാവശിഷ്ടങ്ങൾ കത്തിച്ചു കളയരുത്‌. ഇവ
പുതയിടുന്നതിനും കമ്പോസ്റ്റ്‌ നിർമ്മാണത്തിനും ഉപയോഗിക്കാം. കൃഷിയിടത്തിൽ
തന്നെ ബയോഗ്യാസ്‌ പ്ലാന്റുണ്ടെങ്കിൽ അതിൽ നിന്നു ലഭിക്കുന്ന ചാണകസ്ലറി
തെങ്ങിൻ ചുവടുകളിലും തീറ്റപ്പുല്ലിനും വളമായി നൽകാം. മണ്ണിൽ സൂക്ഷ്മ
മൂലകങ്ങളുടെ അഭാവമുണ്ടെങ്കിൽ തെങ്ങിനും തീറ്റപ്പുല്ലിനും അവ മണ്ണ്‌
പരിശോധനയുടെ അടിസ്ഥാനത്തിൽ പരിമിതമായി പ്രയോഗിക്കാം. ജൈവ രീതി
അനുവർത്തിക്കുന്നതു വഴി സൂക്ഷ്മമൂലകങ്ങളുടെ ലഭ്യത ക്രമേണ
വർദ്ധിക്കുന്നതിനാൽ പിന്നീടിവ ഉപയോഗിക്കേണ്ട ആവശ്യമില്ല.
തെങ്ങിൻതോപ്പിന്‌ അനുയോജ്യമായ പുല്ലിനങ്ങൾ
എല്ലാത്തരം പുല്ലിനങ്ങളും തെങ്ങിനിടവിളയായി കൃഷി ചെയ്യാവുന്നതാണ്‌.
ഹൈബ്രിഡ്‌ നേപ്പിയർ, ഗിനി പുല്ല്‌, തുമ്പൂർമുഴി എന്നിവ തെങ്ങിൻതോപ്പിലെ
തണലിലും വളരുന്നവയാണ്‌. തെങ്ങിൻ ചുവട്ടിൽ നിന്നും രണ്ട്‌ മീറ്റർ
അകലത്തിലാവണം പുല്ല്‌ നടേണ്ടത്‌.
സങ്കര നേപ്പിയർ: ബജ്‌റയുടെയും നേപ്പിയർ പുല്ലിന്റെയും സങ്കരയിനമാണ്‌
ഇന്ന്‌ കേരളത്തിൽ ഏറെ പ്രചാരം നേടിയിട്ടുള്ള തീറ്റപ്പുൽ ഇനം.  ശരാശരി 10%
മാംസ്യവും 30% നാരും ഈ ഇനത്തിൽ അടങ്ങിയിരിക്കുന്നു. ഒരു പ്രാവശ്യം നട്ട്‌
പിടിപ്പിച്ചാൽ മൂന്നു മുതൽ അഞ്ച്‌ വർഷം വരെ തുടർച്ചയായി പുല്ല്‌
ലഭിക്കുന്നതിനാൽ കർഷകരുടെ പ്രിയപ്പെട്ട ഇനമായി ഇത്‌ മാറിയിരിക്കുന്നു. ഈ
ഇനം ഒരു ഹെക്ടറിന്‌ 40,000 ചുവട്‌ നട്ട്‌ പിടിപ്പിക്കാവുന്നതാണ്‌.
ഗിനിപ്പുല്ല്‌: നമ്മുടെ നാട്ടിൽ പ്രചാരം സിദ്ധിച്ചിട്ടുള്ള മറ്റൊരിനം
തീറ്റപ്പുള്ളാണ്‌ ഗിനി. കനംകുറഞ്ഞ തണ്ടുകളുള്ള ഇവ തണലിലും വളർത്താം.
തെങ്ങിൻ ചുവട്ടിൽ ഒരു ആവരണ വിളയായി ഇത്‌ വളർത്താവുന്നതാണ്‌. ഹെക്ടറിന്‌
80 മുതൽ 100 ടൺ വരെ വിളവ്‌ നൽകുന്ന ഈ ഇനത്തിൽ 14% മാംസ്യം
അടങ്ങിയിരിക്കുന്നു. വിത്തു വിതച്ചും ചിനപ്പുകൾ പറിച്ചു നട്ടും വളർത്താൻ
സാധിക്കുന്നതിനാൽ ഇതിന്റെ കൃഷി താരതമ്യേന ആയാസരഹിതമാണ്‌. കേരള കാർഷിക
സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഹരിത, മരതകം, ഹരിതശ്രീ എന്നീയിനങ്ങളും,
ഇന്ത്യൻ തീറ്റപ്പുൽ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുള്ള ബണ്ഡൽ
ഗിനി 1, ബണ്ഡൽ ഗിനി 2 എന്നീ യിനങ്ങളും കേരളത്തിലെ കാലാവസ്ഥയ്ക്ക്‌
അനുയോജ്യമാണ്‌.
കോംഗോ സിഗ്നൽ: മണ്ണിന്‌ ഒരു ആവരണവിളയായി വളർത്താൻ സാധിക്കുന്ന ഈ പുല്ല്‌
മണ്ണൊലിപ്പ്‌ തടയുന്നതോടൊപ്പം തീറ്റപ്പുല്ലിന്റെ ലഭ്യത ഉറപ്പുവരുത്തുകയും
ചെയ്യുന്നു. തെങ്ങിൻ തോപ്പിൽ ഇട വിളയായി വളർത്താൻ യോജിച്ച ഇനമാണിത്‌.
വിത്ത്‌ പാകിയും ചിനപ്പുകൾ പറിച്ചു നട്ടും ഈ പുല്ല്‌ വളർത്താവുന്നതാണ്‌.
ഹെക്ടറിന്‌ 35-45  ടൺ വിളവ്‌ നൽകുന്ന ഈ പുല്ല്‌ നടുന്നതിന്‌ അനുയോജ്യമായ
സമയം മെയ്‌- ജൂൺ മാസങ്ങളാണ്‌.
തുമ്പൂർമുഴി തീറ്റപ്പുല്ല്‌
തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ തീറ്റപ്പുൽ  ജനിതക
കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത തീറ്റപ്പുല്ലിനമാണിത്‌. ഈയിനം കേരള
കാലാവസ്ഥയുമായി വളരെവേഗം ഇഴുകിചേരുകയും കർഷകർക്ക്‌ പ്രിയങ്കര ഇനമാവുകയും
ചെയ്തു.  മറ്റ്‌ തീറ്റപ്പുല്ലിനങ്ങളിൽ 11 ശതമാനം മാംസ്യം ഉള്ളപ്പോൾ 17
ശതമാനം മാംസ്യം അടങ്ങിയതും 125 ചിനപ്പുകൾ പൊട്ടുന്നതും വളരെ അധികം
വേരുപടലങ്ങളോട്‌ കൂടിയതുമായ ഈ ഇനം സംസ്ഥാനത്തെ എല്ലാത്തരം മണ്ണിലും
നന്നായി വളരുന്നു. കുറഞ്ഞ തണ്ടുകളോട്‌ കൂടിയതും ഒട്ടേറെ ഇലകളോടും
കൂടിയതുമായ തുമ്പൂർമൂഴി പുല്ല്‌ മുയൽ, ആട്‌ എന്നിവയ്ക്കും വളരെ
അനുയോജ്യമാണ്‌. ഇടതൂർന്ന്‌ നേരെ മുകളിലേക്ക്‌ വളരുന്നതിനാൽ കളകളുടെ ശല്യം
തുമ്പൂർമുഴി പുല്ല്‌ കൃഷി ചെയ്യുന്ന ഇടങ്ങളിൽ വളരെ കുറവാണ്‌.  തണ്ടു
കുറവായതിനാൽ ഈ പുല്ലിന്റെ കൂടുതൽ ഭാഗവും ഭക്ഷ്യയോഗ്യമാണ്‌.
നടീൽ രീതി: കൃഷിക്കുള്ള നിലം നന്നായി ഉഴുതു മറിക്കണം. നിലം ഉഴുതു
കഴിഞ്ഞാൽ ജൈവവളങ്ങൾ ചേർത്തു കൊടുക്കാം. നിലം നന്നായി ഒരുക്കിയ ശേഷം
പുല്ല്‌ നടാനുള്ള വാരങ്ങൾ തയ്യാറാക്കാം. ഇത്തരം വാരങ്ങളിൽ 50-60 സെ.
മീറ്റർ അകലത്തിൽ തണ്ടുകൾ നടാവുന്നതാണ്‌. 90 ദിവസം പ്രായമുള്ള നടീൽ
വസ്തുക്കൾ ശ്രദ്ധാപൂർവ്വം മുറിച്ചു നടാം.

രണ്ട്‌ മുട്ടുകളുള്ള തണ്ടുകൾ, വേരു പിടിപ്പിച്ച നടീൽ വസ്തുക്കൾ, വിത്തുകൾ
എന്നിവയാണ്‌ നടാനുപയോഗിക്കുന്നത്‌. തണ്ടുകൾ 45 ഡിഗ്രി ചരിച്ചാണ്‌
നടേണ്ടത്‌. രണ്ട്‌ മുട്ടുകളുള്ള തണ്ടുകൾ നടുമ്പോൾ ഒരു മുട്ട്‌
മണ്ണിനടിയിലും മറ്റൊന്ന്‌ മുകൾ ഭാഗത്തും വരണം.
മുള പൊട്ടിയാൽ ജൈവവള പ്രയോഗം നടത്താം. ഇതിന്‌ ചാണകവും സ്ലറിയും
ഉപയോഗിക്കാം. മുളച്ച്‌ പതിനഞ്ച്‌ ദിവസത്തിനുള്ളിൽ ഈ വളപ്രയോഗം
നടത്തിയിരിക്കണം. തെങ്ങിൻതോപ്പിൽ ഇടവിളയായി പുൽക്കൃഷി ചെയ്യുമ്പോൾ
പുല്ലിനും തെങ്ങിനും പ്രത്യേകം പരിചരണം നൽകേണ്ടതുണ്ട്‌. നന വളരെ
അത്യാവശ്യമാണ്‌. 60 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ്‌ നടത്താം.
മുറിക്കുമ്പോൾ നന്നായി താഴ്ത്തി മുറിക്കാൻ ശ്രദ്ധിക്കണം. തുടർന്നുള്ള
വിളവെടുപ്പുകൾ 45 ദിവസത്തെ ഇടവേളയിൽ ചെയ്യാവുന്നതാണ്‌. എന്നാൽ മുയൽ
വളർത്തലിനാവശ്യമായ പുല്ലിനങ്ങൾ 25-35 ദിവസങ്ങൾക്കുള്ളിൽ
വിളവെടുക്കാവുന്നതാണ്‌. പുല്ല്‌ പൂവിടാതെയും മൂപ്പാകാതെയും നോക്കണം.
മൂത്ത പുല്ല്‌ തിന്നാൻ പശുക്കൾ വിമുഖത കാട്ടും. പൂവിട്ട പുല്ലിന്റെ
പോഷകമൂല്യം കുറവായിരിക്കും. മുറിച്ച പുല്ല്‌ വെയിലത്തുണക്കിയും
സൂക്ഷിക്കാവുന്നതാണ്‌. തെങ്ങിന്‌ ഇടവിളയായി പുൽക്കൃഷി ചെയ്യുമ്പോൾ
തെങ്ങിന്‌ അധിക ആദായം ലഭിക്കുന്നതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
മാത്രവുമല്ല കാലി വളർത്തൽ കൂടുതൽ ലാഭകരമായ തൊഴിലായി വളർത്തിയെടുക്കുവാനും
സാധിക്കും.ചെറുകിട കർഷകരുടെ കൂട്ടായ്മകളും കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌
സോസൈറ്റികളും മുന്നിട്ടിറങ്ങിയാൽ കേരളം ജൈവ കേരോൽപന്നങ്ങളുടെയും
വിളനിലമാവുമെന്നതിൽ തർക്കമില്ല.
എം.ഡി., ഇൻഡോസർട്ട്‌, ആലുവ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ