19 Jul 2012

ഇത്‌ അതിജീവനത്തിന്റെ രക്ഷാമന്ത്രം.... കൂട്ടായ്മയുടെ സുവിശേഷം .....


മുരളീധരൻ തഴക്കര

കൽപ്പവൃക്ഷമെന്ന പേർ വെറുതേ കൽപ്പിച്ച്‌ കിട്ടിയതല്ല നാളീകേരത്തിന്‌,
അതിന്റെ നാരും ഞരമ്പുംവരെ മനുഷ്യോപയോഗത്തിന്‌ ഉതകുന്നതുകൊണ്ടാണ്‌. കേരളം
എന്ന പേരിൽ കേരം കടന്നുകൂടിയതും വെറുതേയല്ല. ഈ മണ്ണിൽ പിറന്നവന്റെ
സ്വത്ത്‌ തെങ്ങായതുകൊണ്ടുതന്നെ. പഴയ തെങ്ങിന്റെ സുവർണ്ണകാലം ആധുനിക
ജീവിതത്തിന്റെ കാലം വന്നപ്പോൾ അസ്തമിച്ചു. പിന്നീടിന്നോളം കേരകർഷകനും
തെങ്ങിനും ദുരിതകാലമായി. രോഗങ്ങൾ കൊണ്ട്‌ തെങ്ങ്‌ നാശോന്മുഖമായി.
തേങ്ങയ്ക്ക്‌ വില കിട്ടാതെ കർഷകർ വിലപിച്ചു. ഇത്തരം ഒരവസ്ഥയുടെ ഗുരുതര
സ്വഭാവം കണക്കിലെടുത്താൽ ഒരു കർഷകന്‌ നേരിടാവുന്ന ഏറ്റവും വലിയ
പതനമുണ്ടായി - കേരകർഷകന്റെ പതനം.
"ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം", "ഒത്തുപിടിച്ചാൽ മലയും പോരും"
തുടങ്ങി സംഘശക്തിയുടെ പ്രാധാന്യം വിളിച്ചോതുന്ന എത്രയോ പഴമൊഴികൾ നമുക്ക്‌
ചിരപരിചിതം. പഴമൊഴിയുടെ പൊരുൾ തിരിച്ചറിയുവാൻ തെങ്ങുകൃഷിക്കാർക്ക്‌
എന്തുകൊണ്ടോ ഇക്കാലമത്രയും കഴിഞ്ഞില്ല! എന്നാൽ റബ്ബറിന്റെ മേഖലയിൽ
നോക്കൂ. ഗ്രാമതലത്തിൽ റബ്ബർ ഉത്പാദക സംഘങ്ങൾ രൂപീകരിച്ചുകൊണ്ട്‌
കൂട്ടായ്മയുടെ ശക്തമായ ശൃംഖലയ്ക്ക്‌ രൂപം കൊടുത്തിട്ട്‌ കാൽനൂറ്റാണ്ട്‌
കഴിയുന്നു. പഴം - പച്ചക്കറി മേഖലയിൽ സ്വാശ്രയ കർഷക സമിതികളും സ്വാശ്രയ
വിപണികളും പ്രവർത്തനമാരംഭിച്ചിട്ട്‌ രണ്ട്‌ ദശാബ്ദങ്ങളാകുന്നു. പലവിധ
കാരണങ്ങളാൽ നെൽകൃഷിക്ക്‌ ശോഷണം സംഭവിച്ചുവേങ്കിലും പാടശേഖര സമിതികളും
ഗ്രൂപ്പ്‌ ഫാമിംഗും എന്ന ആശയം പിറവിയെടുത്തിട്ട്‌ വർഷങ്ങൾ ഏറെ
പിന്നിടുന്നു. പഴയ തെങ്ങ്കൃഷിയുടെ മേഖലയിൽ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും
എല്ലായ്പ്പോഴും നിലനിൽക്കുന്നുവേങ്കിലും നിലനിൽപ്പിനായി, അതിജീവനത്തിനായി
ഒരു കൂട്ടായ പ്രവർത്തനത്തെക്കുറിച്ച്‌ കൽപ്പവൃക്ഷത്തിന്റെ സ്വന്തം നാട്‌
ഇന്നോളം ചിന്തിച്ചില്ല!
അശനിപാതം പോലെ വന്ന്‌ പെടുന്ന വിലയിടിവ്‌, തെങ്ങിന്റെ മണ്ടയിൽ കിടക്കുന്ന
നാളികേരം നിലത്തെത്തിക്കുവാൻ കഴിയാത്ത നിസ്സഹായത, കാറ്റുവീഴ്ചയും
ചെല്ലിബാധയും, കൂമ്പുചീയലും, മണ്ഡരിയുമെല്ലാം ചേർന്നുള്ള കടന്നാക്രമണം.
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ, പരസ്പരം പറഞ്ഞ്‌ പരിതപിക്കുകയും
അത്‌ നമ്മുടെ തലവരയും വിധിയുമാണെന്ന്‌ കരുതി സ്വയം സമാധാനിക്കുകയും
ചെയ്യുന്ന നിസ്സംഗത! ഇപ്പോഴിതാ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വില
തകർച്ചയാണ്‌ നാളികേരത്തിനും ഉണ്ടായിരിക്കുന്നത്‌. ഇങ്ങനെയൊരു വിലയിടിവ്‌
റബ്ബറിന്റെ കാര്യത്തിലാണ്‌ സംഭവിക്കുന്നതെങ്കിൽ നിശ്ചയമായും അതിന്റെ
അലയൊലിയും പ്രതികരണവും രാജ്യമാകെ പ്രകടമാകുമായിരുന്നു! 'റബ്ബർ'
കേരളത്തിന്റെ ധനവിളയെന്ന നിലയിൽ അങ്ങനെയൊരു പ്രതികരണം ഉണ്ടാകുക തന്നെ
വേണം, അതാണാവശ്യവും. പക്ഷേ മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ
സന്ധിബന്ധങ്ങളെ ഉറപ്പിച്ച്‌ നിർത്തുന്ന തെങ്ങിന്റേയും തേങ്ങയുടേയും
കാര്യത്തിൽ എന്തേ ഇങ്ങനെയൊരു പ്രതികരണവും കൂട്ടായ ശബ്ദവും
ഉണ്ടാകുന്നില്ല?



ഇതാ ഇവിടെയാണ്‌ നാളികേര ഉത്പാദക സംഘങ്ങൾ അഥവാ സിപിഎസ്‌ കളുടെ ആവശ്യകതയും പ്രാധാന്യവും. ലേശം വൈകിപ്പോയിയെങ്കിലും ഒരു പുതുവെളിച്ചം, പ്രതീക്ഷ ഉദയം
ചെയ്യുന്നു. നാളികേര വികസന ബോർഡ്‌ മുൻകൈ എടുത്തുകൊണ്ട്‌ തെങ്ങ്‌
കൃഷിക്കാരെ സംഘടിപ്പിക്കുന്നു. അവരുടെ കൂട്ടുകെട്ടിന,​‍്‌
സ്വതന്ത്രസംരംഭങ്ങൾക്കുള്ള വഴി തെളിക്കുന്നു. ഇതൊരു സാധാരണ തീരുമാനമല്ല -
വിപ്ലവകരമായ തീരുമാനമാണ്‌. കൃഷികാര്യങ്ങളിലും, സംസ്ക്കരണത്തിലും
വിപണനത്തിലുമെല്ലാം ഒരു കൂട്ടായ ഇടപെടലിന്‌ വേദിയൊരുക്കുക. നാളികേര
ബോർഡിന്റെ ഇതപര്യന്തമുള്ള വികസന പദ്ധതികളിലെ ഏറ്റവും ദിശാബോധമുള്ള
ഭാവിഭദ്രതയ്ക്കുതകുന്ന സുചിന്തിതമായ കാൽവെയ്പാണ്‌ സിപിഎസുകളുടെ രൂപീകരണം.
ചാരിറ്റബിൾ സോസൈറ്റിയായി രജിസ്റ്റർ ചെയ്ത്‌ പ്രവർത്തിക്കുന്ന ഈ ഉത്പാദക
സംഘങ്ങൾക്ക്‌ അനന്തമായ അവസരങ്ങളും സാദ്ധ്യതകളുമാണുള്ളത്‌. 'നാളികേരം സമം
കൊപ്ര സമം വെളിച്ചെണ്ണ' എന്ന പരമ്പരാഗത സമവാക്യത്തെ മാറ്റിയെടുക്കുക
എന്നതാകണം പ്രധാന അജണ്ട. ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനുകൾ രൂപീകരിച്ച്‌
ചെറിയ തോതിൽ മുതൽ മുടക്കും സാങ്കേതിക വിദ്യയും ആവശ്യമുള്ള ചെറുകിട -
ഇടത്തരം നാളികേരാധിഷ്ഠിത വ്യവസായങ്ങളുണ്ടാകണം. കുറച്ചുകൂടി
പ്രാപ്തമായിക്കഴഞ്ഞാൽ സിപിഎസുകളുടെ ഓഹരി പങ്കാളിത്തമുള്ള ഉത്പാദക
കമ്പനികൾ രൂപീകരിച്ച്‌ വൻകിട സംരംഭങ്ങളെക്കുറിച്ചും ചിന്തിക്കാം.

നാം പാഴാക്കികളയുന്ന തൊണ്ട്‌ ഒന്നുപോലും നഷ്ടപ്പെടുത്താതെ സംഭരിച്ച്‌
സിപിഎസുകളുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി
ചകിരിയാക്കുക എന്നത്‌ മറ്റൊരു സാദ്ധ്യതയാണ്‌. തമിഴകത്ത്‌ നിന്ന്‌
ചകിരിയെത്തിയില്ലെങ്കിൽ കേരളത്തിലെ റാട്ടുകൾ നിശ്ചലമാകുന്ന
ദുരവസ്ഥയ്ക്കൊരു പരിഹാരമുണ്ടാകും. പാഴാക്കി കളയുന്ന ചിരട്ട, സംഘങ്ങൾ
സംഭരിച്ച്‌ പ്രാഥമിക സംസ്ക്കരണം നടത്തി കരിയാക്കി, വൻകിട ഉത്തേജിത കരി
നിർമ്മാണ ഫാക്ടറികൾക്ക്‌ നൽകാൻ സാധിക്കും. സ്വന്തംകാലിൽ നിൽക്കാനുള്ള
കരുത്താർജ്ജിച്ചശേഷം സിപിഎസുകളുടെ പങ്കാളിത്തമുള്ള ഉത്പാദക കമ്പനികൾക്ക്‌
തന്നെ കയറ്റുമതി സാദ്ധ്യതയേറെയുള്ള ഉത്തേജിത ചിരട്ടക്കരി നിർമ്മാണ
ഫാക്ടറികൾ തന്നെ ആരംഭിച്ച്‌ കൂടെ? അങ്ങനെ എന്തെന്ത്‌ സാദ്ധ്യതകൾ.
പ്രതിസന്ധികളിൽ നിന്നും പരാജയങ്ങളിൽ നിന്നുമാണ്‌ അതിജീവനത്തിന്റെ
പ്രായോഗിക പാഠങ്ങളും തന്ത്രങ്ങളും നാം പഠിക്കുക.നാളികേരത്തിന്റെ
വിലയിടിവും തെങ്ങിന്റെ രോഗാതുരതയും ഒരു ഒഴിയാ ബാധയായി മാറുമ്പോൾ അലസ
മനസ്സോടെ തോറ്റ്‌ പിൻവാങ്ങണോ? സംഘശക്തിയുടെ കരുത്തിൽ പ്രതിരോധിച്ച്‌
മുന്നേറണോ? 'ഓരോരുത്തരും എല്ലാവർക്കും വേണ്ടി , എല്ലാവരും ഓരോരുത്തർക്കും
വേണ്ടി' എന്ന സഹകരണ ദർശനം ഉൾക്കൊണ്ടുകൊണ്ട്‌ ഇച്ഛാശക്തിയോടെ
പരിശ്രമിച്ചാൽ വിജയം സുനിശ്ചിതമാണ്‌. നാളികേര വികസന ബോർഡിന്റെ പരിരക്ഷയും
പിൻബലവും മാർഗ്ഗനിർദ്ദേശങ്ങളും ഉത്പാദക സംഘങ്ങളുടെ ശാക്തീകരണത്തിന്‌
വഴിയൊരുക്കും.

അന്യാശ്രയത്വത്തിന്റെ ഊന്നുവടിയില്ലാതെ കേരകർഷകരെ
സ്വയംസജ്ജരാക്കുവാനുള്ള കാര്യക്ഷമമായ പരിശീലനം കൂടി നൽകുമ്പോൾ ഓരോ
സിപിഎസുകളും ഓരോ ചാലകശക്തിയായി മാറണമെന്നതാണ്‌ നാളികേര ബോർഡിന്റെ
പ്രതീക്ഷ.നാളികേരത്തിന്റെയും കൊപ്രയുടേയും വില നിശ്ചയിക്കുന്നതിൽ, നാളികേര
ഉൽപന്നങ്ങളുടെ വിപണി നിയന്ത്രിക്കുന്നതിൽ, കയറ്റുമതിയിലൂടെ
വർദ്ധിച്ചനേട്ടവും ആദായവും ഉറപ്പാക്കുന്നതിൽ, അങ്ങനെ നാളികേരത്തിന്റെ
സമസ്തരംഗങ്ങളിലേയും അവസാനവാക്ക്‌ നാളികേരോത്പാദക സംഘങ്ങളുടേതാകണം,
സർവ്വോപരി നാളികേര കർഷകരുടേതാകണം. തെങ്ങ്‌ ചതിക്കില്ലെന്നത്‌ മലയാളിയുടെ
പരമ്പരാഗത വിശ്വാസമാണ്‌. ദേവലോകത്ത്‌ നന്ദനോദ്യാനത്തിൽ
ആഗ്രഹിക്കുന്നതെന്തും നൽകുന്ന ദേവവൃക്ഷത്തിന്റെ ഭൂമിയിലെ പ്രതിരൂപമായി
തെങ്ങ്‌ എന്നും നമ്മുടെ ഒപ്പമുണ്ട്‌. പക്ഷേ, നമുക്ക്‌ വേണ്ടതെല്ലാം
തരുന്ന - കാരുണ്യവർഷം ചൊരിയുന്ന - അമൃതകുംഭം പേറുന്ന കൽപ്പവൃക്ഷത്തെ നാം
കരുതലോടെ കാണണ്ടേ! നാളികേരോത്പാദക സംഘങ്ങളെ ശാക്തീകരിക്കാം - അതിൽ
അണിചേരാം.
പ്രോഗ്രാം എക്സിക്യുട്ടീവ്‌, 'വയലുംവീടും',ആകാശവാണി, തിരുവനന്തപുരം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...