19 Jul 2012

കൃഷ്ണാ നീ ബേഗനേ ബാരോ


പി.രവികുമാർ
pho.04712532048

ഗായകരുടെ ഗായകനായ എം.ഡി.രാമനാഥൻ ഒരു അഭിമുഖത്തിൽ പറഞ്ഞു: "എന്റെ മാതാമഹൻ
ഒരു ഭാഗവതരായിരുന്നു. അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു- ഏതു
വഴിക്കുപോയാലും ഭാഗവതർ എന്ന സ്ഥാനം വിടരുത്‌. ഭാഗവതർ എന്നാൽ ഭഗവദ്‌ ഭക്തൻ
എന്ന അർത്ഥമാണിവിടെ."

ഒരു ഭാഗവതരായിത്തീരാൻ തീവ്രവായി മോഹിച്ച കർണ്ണാടക സംഗീതജ്ഞനാണ്‌ ജോൺ
ബി.ഹിഗിൻസ്‌ (1939-1984) എന്ന അമേരിക്കക്കാരൻ.
1962-ൽ അമേരിക്കയിൽ നടന്ന ഒരു നൃത്തസംഗീതോത്സവത്തിൽ ബാലസരസ്വതി
അവതരിപ്പിച്ച ഭരതനാട്യം ഹിഗിൻസിനെ ആഴത്തിൽ സ്പർശിക്കുകയും
സ്വാധീനിക്കുകയും ചെയ്തു. ആ നൃത്തത്തിൽ ബാലസരസ്വതി തന്നെയാണ്‌
പാടിയിരുന്നത്‌. ഹിഗിൻസ്‌ ഈ നൃത്താനുഭവത്തെക്കുറിച്ച്‌ ഓർക്കുന്നതു
ശ്രദ്ധിക്കുക: "സംഗീതം നർത്തകിക്ക്‌ വെറുമൊരു അകമ്പടി
മാത്രമായിരുന്നില്ല; അത്‌ നൃത്തത്തിന്റെ ഉറവിടം തന്നെയായിരുന്നു."
ആ ഉറവിടത്തിലേക്ക്‌ അത്യന്തം ആകൃഷ്ടനായിപ്പോയ ഹിഗിൻസിന്‌ ബാലസരസ്വതിയും
പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ടി.വിശ്വനാഥനും മൃദംഗ വിദ്വാൻ ടി.രംഗനാഥനും
ഗായകനായ രാമനാട്‌ കൃഷ്ണനും വഴികാട്ടികളായി. തുടർച്ചയായി മൂന്നുവർഷക്കാലം
തമിഴ്‌നാട്ടിൽ താമസിച്ച്‌ ഹിഗിൻസ്‌ കർണാടക സംഗീതം അഭ്യസിച്ചു.
പാശ്ചാത്യസംഗീതത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ താത്ത്വികമായും
പ്രായോഗികമായും കിടയറ്റ വൈദഗ്ദ്ധ്യം നേടിയിരുന്ന ഹിഗിൻസിന്‌ കർണാടക
സംഗീതം വെറും സംഗീതം മാത്രമായിരുന്നില്ല; സ്വയം കണ്ടെത്തൽ
കൂടിയായിരുന്നു.

ജോൺ ബി ഹിഗ്ഗിൻസ്

1971-ൽ നടത്തിയ ഒരു അഭിമുഖത്തിൽ ഹിഗിൻസ്‌ പറഞ്ഞു: "കർണാടക സംഗീത രചനകളിലെ
വാക്കുകൾ എന്നെ സംബന്ധിച്ച്‌ തികച്ചും പുതിയതുംവ്യത്യസ്തവുമായിരുന്നുവെങ്കിലും, സ്ഥിരോത്സാഹവും ആത്മസമർപ്പണവുംകൊണ്ട്‌,എനിക്ക്‌ അതിന്റെ ഭാഷ മനസ്സിലാക്കാൻ കഴിയുമെന്നു തോന്നി."
അനസ്യൂതവും അതിതീവ്രവുമായ സംഗീത സപര്യയിലൂടെ ഹിഗിൻസ്‌ ഒരു
ഭാഗവതരായിത്തീർന്നു. ഹിഗിൻസിന്റെ ആലാപനങ്ങൾക്ക്‌ എക്കാലത്തെയും  വലിയ
കലാകാരന്മാരായ പാലക്കാട്‌ മണിഅയ്യരും ഉമയാൾപുരം ശിവരാമനും കാരൈക്കുടി
മണിയും മൃദംഗം വായിച്ചു.
പച്ചിമിരിയം ആദിയപ്പയ്യയുടെ 'വിരിബോണി' എന്ന ഭൈരവി അടതാള വർണത്തിൽ,
സാധാരണമായി ഏതൊരു സംഗീതജ്ഞനും തന്റെ സാങ്കേതികത്തികവിലാണ്‌ ശ്രദ്ധിക്കുക.
ഹിഗിൻസ്‌ 'വിരിബോണി' ആലപിക്കുമ്പോൾ സാങ്കേതികത്തികവിനുമപ്പുറം
കടന്നുചെന്ന്‌, ഭൈരവിയുടെ ഉദാത്തഭക്തിയിൽ ലയിക്കുന്നു.
ഗോപാലകൃഷ്ണ ഭാരതിയുടെ 'എന്നേരയും ഉന്തൻ സന്നിധിയിലിലേ
നാനിരുക്കവേണുമയ്യാ' വിൽ നിന്ന്‌ ഹിഗിൻസ്‌ ഭക്തിയുടെ സാലോക്യഭാവം
അറിയുന്നു.
മുത്തുസ്വാമി ദീക്ഷിതരുടെ 'ത്യാഗരാജയോഗ വൈഭവ'ത്തിൽ ഹിഗിൻസ്‌
ആനന്ദഭൈരവിയുടെ വിശ്രാന്തിയിലാഴുന്നു. ത്യാഗരാജസ്വാമിയുടെ 'ബ്രോചേ
വാരെവരേ രഘുപതി നിനുവിനാ'യിൽ ശ്രീരഞ്ജനിയുടെ പ്രസാദ ഭാവത്തിലെത്തുന്നു.
'കൃഷ്ണാ നീ ബേഗനേ ബാരോ'യിൽ (യമുനാ കല്യാണി) വ്യാസരായരുടെ ഹൃദയത്തിലാണ്‌
ഹിഗിൻസ്‌ സ്പർശിക്കുന്നത്‌.
ഒരിക്കൽ ഹിഗിൻസ്‌ സംഗീതജ്ഞരായ കുറെ സുഹൃത്തുക്കളോടൊപ്പം ദർശനത്തിനായി
ഉഡുപ്പിയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രത്തിൽ പോയിരുന്നു. ഹിഗിൻസ്‌
തികച്ചും ഭാരതീയ വേഷത്തിലായിരുന്നു. നെറ്റിയിൽ കുങ്കമവും വിഭൂതിയും
ധരിച്ചിരുന്നു. എന്നിട്ടും വിദേശിയായിത്തോന്നിയതിനാൽ പുരോഹിതന്മാർ
ഹിഗിൻസിനെ ക്ഷേത്രത്തിനകത്തേയ്ക്ക്‌ കടത്തിവിട്ടില്ല. ദർശനം
നിഷേധിക്കപ്പെട്ട ഹിഗിൻസ്‌ ക്ഷേത്രത്തിനു വെളിയിൽ നിന്നുകൊണ്ട്‌
വിഷാദചിത്തനായ്‌ 'കൃഷ്ണാ നീ ബേഗനേ ബാരോ' എന്ന കീർത്തനം ആലപിക്കാൻ
തുടങ്ങി. മധുരവും ആർദ്രവുമായ ആ നാദപ്രവാഹത്തിൽ ആകൃഷ്ടരായി ഭക്തജനങ്ങൾ
ഹിഗിൻസിനു ചുറ്റും ഓടിക്കൂടി. വിസ്മയഭരിതരായ പുരോഹിതന്മാർ ഹിഗിൻസിന്റെ
അടുത്തെത്തുകയും ദർശനത്തിനായി അദ്ദേഹത്തെ ആദരപൂർവം അകത്തേക്ക്‌
ആനയിക്കുകയും ചെയ്തു.
1965-ൽ തിരുവൈയാറിലെ ത്യാഗരാജ ആരാധനോത്സവത്തിൽ പാടിയ ഹിഗിൻസിനെ
അനുഗ്രഹിച്ചുകൊണ്ട്‌ വന്ദ്യവയോധികനായ ഒരു സംഗീതജ്ഞൻ ഇങ്ങനെ പറഞ്ഞു.
"കഴിഞ്ഞുപോയ ഏതോ ജന്മത്തിൽ താങ്കൾ ഇവിടെ തഞ്ചാവൂരിൽ കാവേരിയുടെ
തീരത്തെവിടെയോ ജീവിച്ചിരുന്നിട്ടുണ്ടാവണം."








എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...