പിൻപുറക്കാഴ്ചകൾ


തോമസ്‌ പി. കൊടിയൻഗ്രാമത്തിലെ പ്രാർത്ഥനാലയത്തിൽ ത്രിദിന ധ്യാനം നടത്തുവാൻ നേരത്തേ
തീരുമാനിച്ചിരുന്നതാണ്‌.
പ്രഭാതമായി. പ്രകാശമായി. ധ്യാനം തുടങ്ങുകയായി.

ഒന്നാം ധ്യാന ദിനം.

"സീയോൻ സഞ്ചാരി ഞാൻ യേശുവിൽ
ചാരി ഞാൻ പോകുന്നു ക്രൂശിന്റെ പാതയിൽ..."
ധ്യാനം തുടങ്ങി. പതിവു മസാലകളെല്ലാമുണ്ട്‌. ധ്യാന ഗുരുക്കൻമാർ,
കുഞ്ഞാടുകൾ, കൈത്താളം, ഗാനശുശ്രൂഷ....
പള്ളിയ്ക്കു പുറത്ത്‌ ബസ്സ്റ്റാന്റിൽ വിഷണ്ണനായി ഒരാൾ ധ്യാന
കോലാഹലങ്ങളിലേയ്ക്കുറ്റു നോക്കി നിൽക്കുന്നു.
ചിരപരിചിതമായ ഒരു മുഖം. സൗമ്യം, വിശുദ്ധം, ദീപ്തം.
അടുത്തുചെന്ന്‌ സ്നേഹബഹുമാനങ്ങളോടെയും അൽപം കുറ്റബോധത്തോടെയും ഞാൻ ചോദിച്ചു.
"ക്ഷമിക്കണം. എവിടെയോ കണ്ടു നല്ല പരിചയം... പക്ഷെ, പെട്ടെന്നോർമ്മ വരുന്നില്ല...."
വിഷാദപൂർണ്ണമായൊരു മന്ദഹാസത്തോടെ അദ്ദേഹം വലതുകരം നിവർത്തിക്കാണിച്ചു. ആ
ഉള്ളംകൈ തുളഞ്ഞ്‌ രക്തംകിനിഞ്ഞുനിന്നിരുന്നു. ഇടതുകൈയ്യിലും കാലുകളിലും
അങ്ങനെ തന്നെ. ആണിപ്പഴുതുകൾ! അറിയാതെ കൈകൾ കൂമ്പിപ്പോയി. പഞ്ചക്ഷതധാരി!
കർത്താവ്‌! അൾത്താരയിലെ ക്രൂശിത രൂപൻ! ‍്യൂഞ്ഞാൻ നിരന്തരം കുമ്പിടാറുള്ള
ആ പ്രേമസ്വരൂപൻ.
"അയ്യോ, എന്റെ കർത്താവേ, പൊറുക്കണം. പൊറുക്കണം. പക്ഷെ ധ്യാനം നടക്കുമ്പോൾ
അവിടെയായിരിക്കേണ്ട അങ്ങെന്തേ അന്യനെപ്പോലെ ഇവിടെ നിൽക്കുന്നത്‌?".
അറിയാതെ ചോദിച്ചു പോയി.
"ഏറ്റവും അടുത്ത ബസിൽ കയറി ദൂരേയ്ക്കെങ്ങോട്ടെങ്കിലും പോവുകയാണ്‌. ഇനി
മൂന്നു ദിവസം കഴിഞ്ഞേ മടങ്ങുന്നുള്ളു."
"അതെന്താണു കർത്താവേ, ഈ ധ്യാനം തന്നെ അങ്ങയെച്ചൊല്ലിയുള്ളതായിരിക്കെ.
..?"
"മൂകരാവുകളുടെ മടിത്തട്ടിലേയ്ക്ക്‌ സൗമ്യവതികളായി പിറന്നു വീഴുന്ന നിശാപുഷ്പഗന്ധം,
അടഞ്ഞ വാതിലുകൾക്കകത്ത്‌ എനിക്കു മുന്നിൽ തുറക്കപ്പെടുന്ന ദുഃഖികളായ
ഏകാകികളുടെ ഹൃദയം, സ്തുതിപൂർണ്ണവും അർത്ഥസാന്ദ്രവുമായ ധ്യാനം,
ഇവയിലെല്ലാമാണെന്റെ പ്രസാദം. അല്ലാതെ...." സ്നേഹക്ഷോഭിതമായിരുന്ന ആ സ്വരം
നനഞ്ഞിരുന്നു.
തുടർന്ന്‌ ആ വിശ്വമഹാപ്രഭു ധ്യാനപ്പന്തലിലേക്കു നോക്കി വിഷാദപൂർണ്ണമായ
ഒരു മൗനത്തിലമർന്നു.
ഞങ്ങൾക്കിടയിൽ മൗനം കനത്തു തുടങ്ങി.
പന്തലിനകത്തു ധ്യാനം ചൂടുപിടിച്ചിരുന്നു.
അദ്ദേഹത്തിന്റെ മൗനം മുറിക്കാതെഞ്ഞാനെന്റെ വഴിയ്ക്കു നടന്നു.
പ്രഭാതമായി, പ്രകാശമായി.

രണ്ടാം ധ്യാന ദിനം

പന്തലിൽ  ധ്യാനത്തിന്‌ ഇടവേള. കുഞ്ഞാടുകൾ ഭക്ഷണത്തോടു സന്ധിയില്ലാത്ത
സമരം പ്രഖ്യാപിച്ചിരുന്ന ആ സമയം ~ഒരു സി.ഡി.കേസ്‌ ആകുലതയോടെ ഉറക്കെ
ചോദിച്ചുകൊണ്ടിരുന്നു
"....എന്നു തീരും എന്റെ ദുഃഖം ഇന്നീ മന്നിലെ
അന്നു മാറും എന്റെ ദുഃഖം നിശ്ചയം തന്നെ..."
പന്തലിനു പുറത്ത്‌ എന്റെ കണ്ണുകൾ അതിന്റെ സാഫല്യം തേടി ഉഴറുകയായിരുന്നു.
എവിടെ ഹിമസമാന വസ്ത്രം ധരിച്ചവൻ? ആണിപ്പഴുതുകളുള്ളവൻ? അറുക്കപ്പെട്ട
കുഞ്ഞാട്‌?
ഭാഗ്യം. എന്റെ കണ്ണുകളിൽ അവന്റെ കൃപ പെയ്തിറങ്ങുന്നു. അവൻ പോയിട്ടില്ല.
അവിടെത്തന്നെ

നിൽക്കുന്നു. കഷ്ടം! ഇന്നലെ മുഴുവൻ എന്റെ ദേവൻ അവിടെയായിരുന്നു.
കുഞ്ഞാടുകളെ വിട്ടകന്നുപോകാനുള്ള വേദനാകരമായ അമാന്തത്തിൽ നല്ലിടയൻ
അവിടെത്തന്നെ നിൽക്കുകയായിരുന്നു.
പക്ഷെ ഇക്കുറി അവൻ ധ്യാനപ്പന്തലിനു പുറംതിരിഞ്ഞു നിന്ന്‌
റോഡിനപ്പുറത്തുള്ള മതിലിനു മുകളിലേയ്ക്കു നോക്കി,  കഠിനകോപം കൊണ്ടുണ്ടായ,
വിറയലോടെ വിരൽ ചൂണ്ടി ആരെയോ ശകാരിക്കുന്നതാണു ഞാൻ കണ്ടത്‌.
"...പോ...കടന്നുപോ.."
കർത്താവിനിതെന്തു പറ്റിയെന്നോർത്ത്‌ മതിലിനപ്പുറത്തേയ്ക്കു സൂക്ഷിച്ചു
നോക്കിയപ്പോൾ കർത്താവിനെപ്പോലൊരാളുടെ മുഖം മതിലിനപ്പുറത്തു നിന്നും
സാവധാനം ഉയർന്നു വരികയും  കർത്താവിനെ  ഭയത്തോടെയും,  ധ്യാനപ്പന്തലിനെ
കൊതിയോടെയും വീക്ഷിക്കുന്നതു കണ്ടു.  അയാളുടെ മുഖം പൂർണ്ണമായും പുറത്തു
പ്രത്യക്ഷമായപ്പോൾ കർത്താവ്‌ കലിയോടെ വീണ്ടും അയാളെ ശകാരിച്ചു. "നിന്നോടു
കടന്നുപോകാനല്ലേ പറഞ്ഞത്‌?".
ശകാരം കേട്ട അയാൾ, ഗരുഢസ്വരം കേട്ട പാമ്പിന്റെ ഞെട്ടലോടെ തല താഴ്ത്തിക്കളഞ്ഞു.
"കർത്താവേ അവിടുന്ന്‌ പോയില്ലായിരുന്നോ? അവിടെയാരാണ്‌
അങ്ങയെപ്പോലെത്തന്നെ മറ്റൊരാൾ?"
"അവൻ സമ്മതിക്കണ്ടേ? ഞാനിവിടെ നിന്നു മാറുന്ന നിമിഷം അവൻ
ഇവിടെക്കയറിക്കൂടും." കർത്താവിതു പറയുന്നതിനിടയിൽ ആ തല വീണ്ടും സാവധാനം
ഉയർന്നു വരികയും, ഒരു ബഹുരാഷ്ട്ര വ്യവസായി തന്റെ ഉൽപ്പന്നം വിറ്റഴിക്കാൻ
വളരെ വിപണന സാദ്ധ്യതയുള്ള ഒരു വിപണി കണ്ടെത്തിയ ആർത്തിയോടെ
ധ്യാനപ്പന്തലിലേയ്ക്ക്‌ ദൃഷ്ടി പായിക്കുകയും ചെയ്യുന്നതു കണ്ടു.
അപ്പോൾ കർത്താവ്‌ വീണ്ടും അവനെ ശക്തമായി താക്കീതു ചെയ്തു. "നിനക്കിതു
നല്ലതിനല്ല. എനിക്കു കോപമുണ്ടാക്കരുതു നീ."
"കാഴ്ചയിൽ അയാളും അങ്ങയെപ്പോലെ തന്നെയിരിക്കുന്നു. പിന്നെന്തിനാണു
കർത്താവേ അങ്ങയാളെ ആട്ടുന്നത്‌? അവനും ധ്യാനത്തിൽ കൂടിയാൽ ധ്യാനം
ധന്യപ്പെടുകയല്ലേയുള്ളൂ"
'മരമണ്ടാ' എന്ന അർത്ഥത്തിൽ സഹതാപത്തിന്റെ ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട്‌
കർത്താവു പറഞ്ഞു. "നീ എന്റെ അരികിൽ വരിക. എന്നെ സ്പർശിച്ചുനിൽക്കുക.
എന്നിട്ട്‌ അവൻ ഇനി പൊന്തി വരുമ്പോൾ നോക്കുക"
കർത്താവു പറഞ്ഞതു പ്രകാരം ചെയ്തപ്പോൾ, ഒരൊറ്റ മാത്രയേ എനിക്കവനെ നോക്കാനായുള്ളു.
ഭയം കൊണ്ടു ഞാൻ കിടുകിടുത്തുപോയി. എന്റെ മൂലാധാരം പിളർത്തി, സർവ്വ
ജീവകോശങ്ങളിലേയ്ക്കും കൊടുംതണുപ്പിന്റെ വിഷം ചീറ്റി ഒരു ഹിമസർപ്പം
നട്ടെല്ലിനുള്ളിലൂടെ പുളഞ്ഞുപാഞ്ഞുപോയി ശിരസ്സിൽച്ചെന്നു ചുറ്റിപ്പാഞ്ഞു
തലയോടു പിളർത്തുന്നതുപോലെ...എവിടെ സഹശ്രദളപത്മം? എവിടെ ഈ മുഖത്തേക്കാൾ
മനോഹരമായ മരണത്തിന്റെ മുഖം?
ഇരുൾ മൂടിത്തുടങ്ങിയ എന്റെ കാഴ്ചയ്ക്കു മുന്നിൽ ഭീകരരൂപിയായി, ശിരസ്സിൽ
രണ്ടു കൊമ്പുകളുമായി അവൻ! രക്തം കിനിയുന്ന കോമ്പല്ലുകൾ. രോമാവൃതമായ
മുഖത്തിനു ക്രൗരമേറ്റുന്ന കൗശലം നിറഞ്ഞ ഇടുങ്ങിയ കണ്ണുകൾ. അത്‌
അവനായിരുന്നു! ലൂസിഫർ...! അവൻ പല വേഷത്തിലും വരുന്നു....
ഭയം കൊണ്ടു തണുത്തുറഞ്ഞു പോയ ഞാൻ വീണു പോകാതെ കർത്താവ്‌ എന്നെ താങ്ങിയിരുന്നു.....

മൂന്നാം ധ്യാന ദിനം

പ്രഭാതമായി, പ്രകാശമായി.
പൊരിഞ്ഞ ധ്യാനമാണ്‌.
"സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും....."
ധ്യാനപ്പന്തലിനു പുറത്തേയ്ക്ക്‌ സ്പീക്കർ ബോക്സിലൂടെ ഡിജിറ്റൽ ഇടിമുഴക്കങ്ങൾ.
ജനാരവം അച്ചടക്കമില്ലാത്ത ഒരു കടലിരമ്പം പോലെ ...
ഒരു നിബിഡ വനാന്തരത്തിലെ, ഒരു അശാന്തരാവിൽ ജീവജന്തുക്കളെല്ലാം ഒരുമിച്ചു
മുക്രയിടുകയും ഓലിയിടുകയും അമറുകയും ചെയ്യുന്നതു പോലെ.... പരിസരങ്ങൾ
ശബ്ദഘോഷങ്ങളാൽ പ്രകമ്പനം കൊള്ളുന്നു. പരമപാവനമായ ചില ബൈബിൾ പദങ്ങൾ
ധ്യാനഗുരു അനാകർഷകമായ ശരീരഭാഷയോടെയും അലർച്ചയോടെയും ഇടർച്ചയോടെയും
കുഞ്ഞാടുകളിലേയ്ക്കു പകരുന്നു.
കുഞ്ഞാടുകൾ മാംസരഹിതരായ ഒരു ആരവം മാത്രമായി പരിണമിച്ചു.

ഏതോ വിസ്തൃമായൊരു ഉഷ്ണമേഖലയിലെ കാരുണ്യമില്ലായ്മയ്ക്കു മുകളിലൂടെ
അർത്ഥരഹിതമായൊരു മരുക്കാറ്റുപോലെ അതു കടന്നു പോവുന്നു. അതെന്തിനു
വസന്തങ്ങളെ സ്വപ്നം കാണണം?
വിരിഞ്ഞ പുഷ്പങ്ങളെ ഹരിക്കുന്നതും അതിന്റെ ലക്ഷ്യമല്ല.
അതു വെറുതെ കടന്നു പോവുന്നു. അത്ര മാത്രം.
അത്‌ അർത്ഥശൂന്യമായ ഒരു ആരവം മാത്രം.....
ഞാൻ നോക്കി. ആണിപ്പാടുള്ളവൻ നിന്നിടം ശൂന്യമായിരുന്നു.
ലൂസിഫർ നിന്നിടവും.........

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?