ആകാശ സഞ്ചാരിണി അഥവാ എന്താണീതീ പാതിരാത്രിയില്‍

 പി വി ഏരിയല്‍ 

തണുത്ത രാത്രിക്ക് ശേഷമുള്ള മനോഹരമായ ഒരു പ്രഭാതം.
പൂമുഖത്തെ ചാരുകസേരയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാള്‍.
പെട്ടന്ന് ആകാശത്തൊരു ഇരമ്പല്‍ കേട്ടു ആയാള്‍ കസേരയില്‍ നിന്നും ചാടിയെണീറ്റു.
ഒരു കൂറ്റന്‍ വിമാനത്തിന്റെ ഇരമ്പല്‍ തന്നെയാണല്ലോ അത്.  പിരിച്ചുവിടപ്പെട്ട തന്റെ ജോലിക്കാരുടെ പ്രതികാരം യജമാനന് നേരെ.
നന്ദിയില്ലാത്ത വര്‍ഗ്ഗങ്ങള്‍, ഇത്ര വേഗത്തില്‍ അവര്‍ തന്നോടിങ്ങനെ ചെയ്യണമായിരുന്നോ, വേണ്ട അവരെ പിരിച്ചു വിടെണ്ടായിരുന്നു
സത്യത്തില്‍ കമ്പനിയുടെ പ്രൊഡക്ഷന്‍ കുറഞ്ഞത്‌ അവരുടെ കുറ്റമായിരുന്നോ, ശ്ശെ! വേണ്ടായിരുന്നു.
വഴിയെ പോയ വയ്യാവേലി വലിച്ചു തലയില്‍ വെച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ.
അവര്‍ തന്റെ ബംഗ്ലാവിന്റെ മുകളില്‍ വല്ല ബോംബോ മറ്റോ ഇട്ടാല്‍ സകലതും തകര്‍ന്നത് തന്നെ.
ചിന്തകളാല്‍ അയാളുടെ മനസ്സ് തകര്‍ന്നു കൊണ്ടിരുന്നു.
പെട്ടന്നാണത്  സംഭവിച്ചതു! 

ആകാശത്തിരമ്പിക്കൊണ്ടിരുന്ന ആ ഭീമന്‍ വിമാനം തന്റെ പുരയിടത്തിന്റെ പടിഞ്ഞാറേ മൂലയില്‍ പടര്‍ന്നു പന്തലിച്ചു കിടന്നിരുന്ന പടുകൂറ്റന്‍ ആഞ്ഞിലിയുടെ മുകളില്‍ സാവധാനം താണു.
ഏതായാലും അവര്‍ ബോംബിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ തെല്ലൊരാശ്വാസം തോന്നി.
എന്താണിനി സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്തപ്പോള്‍ അയാളുടെ മനസ്സ് ഒന്ന് കൂടി പിടഞ്ഞു.    
ആഞ്ഞിലിയില്‍ താണ വിമാനത്തില്‍ നിന്നും ഒരു തരുണീമണി വേഗത്തില്‍ ഭൂമിയില്‍  ലാന്‍ഡു  ചെയ്തു.
എന്തായിരിക്കാം അവരുടെ ഉദ്ദേശം?
അയാളുടെ ഉള്ളില്‍ പരിഭ്രമം വര്‍ദ്ധിച്ചെങ്കിലും, കുണുങ്ങി  കുണുങ്ങിയുള്ള  അവളുടെ നടത്തം കണ്ടപ്പോള്‍ അയാളുടെ ഉള്ളിന്റെയുള്ളില്‍ അല്പ്പമൊരാശ്വാസവും തോന്നാതിരുന്നില്ല.
ഈശ്വരാ അവര്‍ തന്റെ പൂമുഖത്തെ ലക്‌ഷ്യം വെച്ച് തന്നെയാണല്ലോ നടന്നടുക്കുന്നതും.
പെട്ടന്ന് അയാളുടെ അടുത്തെത്തിയ ആ ലലനാമണി അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു കൊണ്ട് നെടുംപാട് വീണു ഉറക്കെ കരയുവാന്‍ തുടങ്ങി.
ഹെല്പ് മീ സാര്‍, ഹെല്പ് മീ!
അവള്‍ വിലപിച്ചു.
അയാള്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു   
സാര്‍ ബോയിംഗ് 204 അങ്ങയുടെ ആഞ്ഞിലിയില്‍ ലാന്‍ഡു ചെയ്തിരിക്കുകയാണ്, മൂടല്‍ മഞ്ഞിനാല്‍ വഴി പിശകിയ പൈലറ്റിനു നിയന്ത്രണം നഷ്ടപ്പെടുകയും, വിമാനം ആടിയുലയുവാന്‍ തുടങ്ങുകയും ചെയ്തു.  മൂടല്‍ മഞ്ഞിന്റെ ആധിക്യം നിമിത്തം ഒന്നും ചെയ്യുവാന്‍ പറ്റാത്ത അവസ്ഥ, വെളിയിലേക്ക് നോക്കിയ ഞാന്‍ പെട്ടന്നായിരുന്നു അത് കണ്ടത്. താങ്കളുടെ വളപ്പിലെ മാനം മുട്ടെ വളര്‍ന്നു പന്തലിച്ചു കിടക്കുന്ന ആ പടുകൂറ്റന്‍ ആഞ്ഞിലി.
പിന്നീടൊന്നാലോചിക്കാന്‍ നില്‍ക്കാതെ വേഗം തന്നെ ഞാന്‍ പൈലറ്റിനു വിശാലമായ ആ ആഞ്ഞിലിയില്‍ വിമാനം ഇറക്കാനുള്ള നിര്‍ദ്ദേശം നല്‍കി. അയാള്‍ അതിവിദഗ്ദമായി വിമാനം  ആഞ്ഞിലിയില്‍ ഇറക്കുകയും ചെയ്തു.  പക്ഷെ പ്രശ്നം അതുകൊണ്ടും തീരുന്നില്ല. വിദേശികളായ യാത്രക്കാരില്‍ ആര്‍ക്കും തന്നെ മരം കയറ്റം വശമില്ലാത്തതിനാല്‍ അവരെല്ലാവരും ഇപ്പോഴും ആഞ്ഞിലിയില്‍ തന്നെ ഇരിക്കുകയാണ്.  എന്റെ ചെറുപ്പത്തിലെ എനിക്കല്‍പ്പം മരം കയറ്റം വശമുണ്ടായിരുന്നതിനാല്‍ ഞാന്‍ അങ്ങയുടെ ഭീമന്‍ ആഞ്ഞിലിയില്‍ നിന്നും ഒരു വിധത്തില്‍ താഴെയിറങ്ങി..

അങ്ങ് ദയവു ചെയ്തു ഒരു ലിഫ്ടോ യന്ത്ര ഏണിയോ മരത്തില്‍ ഫിറ്റു ചെയ്തു  തരണം പ്ലീസ്! 
ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞ അവളുടെ കഴിവിനെ ഓര്‍ത്തു അയാള്‍ പരിസരം മറന്നങ്ങു നിന്ന് പോയി.
ചുമ്മാതല്ല ഇവറ്റകള്‍ പുരുഷന്മാര്‍ക്കൊപ്പം സമത്വം വേണമെന്ന് പറഞ്ഞു അലമുറയിടുന്നത്. എന്തിനധികം 
ഹിമാലയത്തിന്റെ മണ്ടയില്‍ വരെ ഇവറ്റകള്‍  കയറിപ്പറ്റിയില്ലേ!  
എന്തിനു ചന്ദ്ര മണ്ഡലത്തിലും ഇക്കൂട്ടര്‍ കയറിപ്പറ്റി ആധിപത്യം സ്ഥാപിച്ചില്ലേ!
ഇക്കൂട്ടര്‍  കയ്യെത്തിപ്പിടിക്കാത്ത ഏതു കൊമ്പാണിനി ബാക്കിയുള്ളത്?
സാര്‍ എന്താണൊന്നുംപറയാത്തത് ?
അവരുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.
ഈ ഇലക്ട്രോണിക് യുഗത്തില്‍ അവരുടെ ആവശ്യം സാധിപ്പിച്ചു കൊടുക്കുക അയാള്‍ക്ക് വളരെ എളുപ്പം, തന്റെ തന്നെ കമ്പനിയിലെ ലിഫ്റ്റ്‌ ഉത്പ്പാദന സെക്ഷനിലേക്ക് അയാള്‍ ഉടന്‍ തന്നെ വിളിച്ചു ആഞ്ഞിലിയില്‍ ലിഫ്ടു ഫിറ്റു ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. 
നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ ഓടിയെത്തി  ആഞ്ഞിലിയില്‍ ലിഫ്ടു പിടിപ്പുച്ചു യാത്രക്കാരെ ഒന്നൊന്നായി താഴെയിറക്കി.
നിമിഷങ്ങള്‍ വൈകാതെ തന്നെ അതും സംഭവിച്ചു!
സഹായഭ്യര്‍ഥനയുമായി വന്ന തരുണീമണി താങ്ക്യു സാര്‍ താങ്ക്യു സാര്‍ എന്ന് പുലമ്പിക്കൊണ്ട് അയാളെ ഉറുമ്പടക്കം പുണര്‍ന്നു 
കൊണ്ട് ശരവര്‍ഷം പോലെ ചുംബനങ്ങള്‍  പൊഴിക്കുവാന്‍ തുടങ്ങി.
ഓര്‍ക്കാപ്പുറത്ത് ലഭിച്ച അസുലഭ നിമിഷങ്ങള്‍!
അയാള്‍ അവരെ സര്‍വ്വ ശക്തിയും എടുത്തു തന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
തികച്ചും അവിചാരിതമായിട്ടായിരുന്നു അയാളുടെ ധര്‍മ്മപത്നിയുടെ   കഠോര ശബ്ദം അയാളുടെ കാതില്‍ വന്നല്ച്ചത് 
ശ്ശെ! വിടൂന്നെ! എന്താണിതീ പാതിരാത്രിയില്‍!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ