അക്ഷരരേഖ

 ആർ ശ്രീലതാവർമ്മ

 മാതൃഭാഷയെ രക്ഷിക്കണം

മാതൃഭാഷാപഠനത്തെ സംബന്ധിക്കുന്ന വിചാരങ്ങളിൽ ഭാഷാപഠനത്തിനുള്ള അവസരങ്ങൾ എത്രത്തോളമുണ്ട് എന്നത് പ്രധാന വിഷയമാണ്.ലോകരാഷ്ട്രങ്ങളിൽ ഔദ്യോഗികപദവിയുള്ള മറ്റനേകം ഭാഷകളെക്കാൾ എണ്ണത്തിൽ വളരെ മുന്നിലാണ് മലയാളം സംസാരിക്കുന്നവർ.പക്ഷേ നമ്മുടെ നാട്ടിൽ നമ്മുടെ സ്വന്തം ഭാഷ പഠിക്കാൻ നമുക്ക് വേണ്ടത്ര അവസരങ്ങൾ ഇല്ല എന്നതാണ് വാസ്തവം.പത്താം ക്ലാസ്സ് വരെയുള്ള പഠനകാലയളവിൽ സംസ്ഥാന പാഠ്യപദ്ധതിയനുസരിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് മാതൃഭാഷാപഠനത്തിന് അവസരങ്ങൾ ഉണ്ടെന്ന് സമ്മതിക്കുമ്പോൾത്തന്നെ,ഹയർ സെക്കൻഡറി ,കോളേജ് തലങ്ങളിൽ മലയാളം പഠിക്കുന്നതിനുള്ള അവസരങ്ങൾ താരതമ്യേന വളരെ കുറവാണെന്ന വസ്തുത ചൂണ്ടിക്കാട്ടേണ്ടതുണ്ട്.രണ്ടാം ഭാഷയായി മലയാളം പഠിച്ചാൽ ഉയർന്ന മാർക്ക് വാങ്ങാൻ കഴിയില്ല എന്നൊരു അബദ്ധ ധാരണയും പൊതുവേ നിലനിൽക്കുന്നുണ്ട്.ഈ വക ധാരണകൾ മാറ്റിയെടുക്കുക എളുപ്പമല്ല.
                  കോളേജ് തലത്തിൽ മാതൃഭാഷാപഠനത്തിനവസരങ്ങൾ കുറയാൻ കാരണങ്ങൾ പലതാണ്.അവയിൽ ചിലതിനെക്കുറിച്ച് ഇവിടെ സൂചിപ്പിക്കാം.നമ്മുടെ സംസ്ഥാനത്ത് നാല്പത് ഗവണ്മെന്റ് കോളേജുകളുള്ളതിൽ പതിമൂന്നിടത്ത് മാത്രമാണ് മലയാളം ബി.എ. കോഴ്സുള്ളത്.നമ്മുടെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും അവരുടെ മാതൃഭാഷകൾ പഠിക്കാനുള്ള അവസരം എല്ലാ കോളേജുകളിലുമുണ്ട്.കേരളത്തിൽ പകുതി കോളേജുകളിൽ പോലും മാതൃഭാഷാപഠനത്തിന് അവസരമില്ല.എല്ലാ ഗവണ്മെന്റ് കോളേജുകളിലും ബിരുദ ബിരുദാനന്തര കോഴ്സുകൾ അനുവദിക്കണമെന്ന് നിയമസഭാസമിതി ശുപാർശ ചെയ്തിരുന്നു.പക്ഷേ ഇതിന്മേൽ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.40 ഗവണ്മെന്റ് കോളേജുകളിൽ 13 കോളേജുകളിൽ ബി.എ.മലയാളം കോഴ്സുണ്ടെന്നു പറഞ്ഞു.മലയാളം എം.എ.കോഴ്സാകട്ടെ 6 കോളേജുകളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു.ഈ സ്ഥിതി എത്ര ശോചനീയമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.ഇതിൽ നെടുമങ്ങാട്,ആറ്റിങ്ങൽ,കാഞ്ഞിരം
കുളം,മടപ്പള്ളി,അമ്പലപ്പുഴ,മണിമലക്കുന്ന് ഗവണ്മെന്റ് കോളേജുകളിൽ ബി.എ.മലയാളവും,പാലക്കാട്,തിരൂർ,പേരാമ്പ്ര,ചിറ്റൂർ,കോഴിക്കോട്,കണ്ണൂർ ഗവണ്മെന്റ് കോളേജുകളിൽ എം.എ.മലയാളവും തുടങ്ങണമെന്ന് അതത് കോളേജുകളിലെ പ്രിൻസിപ്പൽമാർ ആവശ്യപ്പെട്ടിട്ടുള്ളതും
 ഇവിടെ ഓർക്കാം.
              കേരളീയരെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന ഒരു കണ്ണിയാണ് മലയാളം.മലയാളത്തിനുവേണ്ടിയുള്ള ഓരോ സംസാരവും മറ്റ് ഭാഷകളെ എതിർത്തുകൊണ്ടു വേണം എന്നൊരു ധാരണയോ രീതിയോ ഉണ്ട്.ഇത് ശരിയല്ല.മറ്റ് ഭാഷകളോടുള്ള പുറം തിരിഞ്ഞ സമീപനം മാറി,അവയുടെ അധികാര,ആധിപത്യരീതികളെ ചെറുക്കുകയാണ് വേണ്ടത്.ഇംഗ്ലിഷിന്റേതടക്കം മറ്റ് ഭാഷകളുടെ ഉടമമനോഭാവം തകർക്കുകയും അതിന്റെ സ്ഥാനത്ത് ജനാധിപത്യത്തിലൂന്നുന്ന  സ്വാശ്രയമനോഭാവം വികസിക്കുകയും വേണം.ഒട്ടനവധി വൈജാത്യങ്ങൾക്കിടയിലും മലയാളിജനതയെ ഒന്നിച്ചുനിർത്തുന്ന ഒരു സാംസ്കാരികമണ്ഡലമാണ് മലയാളഭാഷ.മലയാളിയെ സംബന്ധിച്ച് മതനിരപേക്ഷമായ,അടിമുടി ജനാധിപത്യപരമായ ഒരേ ഒരു സംസ്കാരം-അതാണ് നമ്മുടെ മലയാളഭാഷ.ഇവിടെയാണ് ഭാഷ നമുക്ക് പ്രതിരോധത്തിനുള്ള ഉപാധിയാകുന്നത്.അപ്പോൾ മാതൃഭാഷ നഷ്ടപ്പെടുത്തുക എന്നാൽ കടുത്ത സാംസ്കാരികദുരന്തം സംഭവിക്കുക എന്നാണ് അർഥമെന്ന് ഓരോ മലയാളിയും തിരിച്ചറിയേണ്ടതുണ്ട്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ