വര്‍ഷകാല നിനവുകള്‍


പീതൻ കെ.വയനാട്വര്‍ഷം വരുന്നാർദ്ര     മുള്‍ പുളക-

മേറുന്നിളം കാറ്റിലൊരു തുള്ളി

പല തുള്ളി ,തുള്ളിക്കൊരു നേര്‍ത്ത

നൃത്ത മഴ പെയ്യുന്നു ,

പെയ്യുന്നു വര്‍ഷ കണമാത്മദാഹങ്ങളില്‍

പുണ്യ തീര്‍ത്ഥം പോലനുഭവ

സൌഭാഗ്യമരുളുന്നു!നെറ്റിയില്‍ വിയര്‍പ്പൊട്ടു പൊടിയുന്ന

നേരം മറക്കുന്നു മധുരസ്വരതാളം ശ്രവിക്കുന്നു

ശ്രമമിനി നീര്‍ച്ചാലിലൂടൊഴുകി -

യൊഴുകിയൊരു തോട്ടിലൊരു കാട്ടാറി-

ലലറുന്ന മല വെള്ളപാച്ചിലില്‍

സര്‍വ്വം മറന്നു നിന്നന്തിക്ക് നീഡജം

ചേക്കേറുമൊരു ചില്ലകാണുവാ -

നതിലാർദ്രമായോരോർമ്മ  വീണ്ടും

പുതുക്കുവാനസ്തമന സൂര്യനെ

വിഴുങ്ങുന്ന കടലിന്റെയഴിമുഖ -

ത്തവസാനമലിയുവാന്‍.പല്ലും നഖവും പറിച്ചുവിറ്റിന്നലെ-

പാടത്തുവിത്തിട്ടു നിവരുമ്പോ -

ലോര്ത്തഖില വ്യഥകളില്‍ നിന്നിനി മോചനം ,

മൂവന്തി നീട്ടും വിളക്കുകളിലാശകള്‍ ദീക്ഷിക്കെ -

യന്യമല്ലാത്തൊരു സ്വപ്നം പ്രകാശിപ്പൂ.വര്‍ഷം തുടർന്നു വ്യഥയേറ്റി

കൊടുങ്കാറ്റിലൊരു തുള്ളി

പല തുള്ളി തുള്ളിക്കൊരു കുടം

പേമാരി പെയ്യുന്നു ; പെയ്തു -

പെയ്താറും കവിഞ്ഞു പിന്നാവണി

പാടം നിറഞ്ഞു ,നിഴല്‍കെട്ടി ഞാന്നീടു-

മരയാല്‍തറ മുങ്ങിയടിവാര നേരിലേ-

യ്ക്കിടമലച്ചുരദൂരമിടിയുന്നു .

തെയ്യമുറഞ്ഞീടുമുദയഗിരി നെഞ്ചില്‍ നി-

ന്നുരുള്‍ പൊട്ടിയൊഴുകുന്നൊരു കുടി -

ലഞ്ചുപേരിരുള്‍ മറയ്ക്കുള്ളിലൊരു നിലവിളി -

യാദിവിഷാദ മെന്‍ ജഠരത്തില്‍

ശൂലം തറയ്ക്കുന്നതില്‍ ചോര -

ത്തുകില്‍ തുങ്ങുന്നു , ശൂന്യമുടഞ്ഞൊരു

കുടമെന്റെയരികത്തു തന്നെ കിടക്കുന്നു.


നേര്‍ത്ത കൈ വിറയാര്‍ന്നു നീട്ടി ഞാനച്ഛന്റെ

കത്തുന്ന കണ്ണട പൂട്ടുകള്‍ തുറക്കു-

ന്നിരുട്ടില്‍ നനഞ്ഞൊട്ടിയൂര്‍ന്നിറ്റു വീഴുന്ന

പുസ്തകതാളുകളിലാദിമദ്ധ്യാന്ത

വൃത്താന്തങ്ങള്‍ തിരയുന്നു , തീനാമ്പ് നീട്ടു -

ന്നകംപൊരുളമ്മയുടെ യഗ്നി വിശുദ്ധികള്‍,

ബാവലിയിലൊഴുകുന്ന പാപങ്ങ -

ളാറേഴഹോരാത്ര മൊഴിയാതെ പെയ്ത

പ്രളയകെടുതിയറിയുന്നു .       


ശാന്തം !

പുലര്‍വേള യെല്ലാം മറക്കുന്നു ,

മൌനങ്ങളില്‍ പൂത്ത വിഷ വൃക്ഷ

വേരുകളഴുകുന്നു, മുളയിലേ വേരറ്റ

വേനല്‍ കുരുന്നുകളെ, മഴയിലും

മണ്ണോടടിഞ്ഞ മുകുളങ്ങളെ

മിഥുന ഗന്ധം ചൂഴ്ന്ന സാന്ധ്യ നേരങ്ങളെ,

മിഴിനീരൊഴിഞ്ഞ മേഘാരവ-

മൊഴിഞ്ഞ സൂര്യോദയം ! 

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ