19 Jul 2012

പാട്ടജന്മങ്ങള്‍

 ഗഫൂർ ക ദോസ്ത്

യാചകനോ ഭ്രാന്തനോ എന്ന് തിരിച്ചറിയുവാന്‍ കഴിയാത്ത രൂപത്തില്‍ അലയുന്ന മനുഷ്യ ജന്മങ്ങള്‍ നമുക്കഭിമുഖമായി നിത്യേന കടന്നു പോകുന്നു . അവരെ സമൂഹം ഭയക്കുന്നു അല്ലെങ്കില്‍ വെറുക്കുന്നു. ഒരു നിമിഷം അവനെ തടഞ്ഞു നിര്‍ത്തി എന്താണ് നിനക്ക് സംഭവിച്ചതെന്ന് ഒരല്‍പം കാരുണ്യത്തോടെ, സഹാനുഭൂതിയോടെ ചോദിച്ചാല്‍.. അവരില്‍ ഓരോരുത്തര്‍ക്കും പറയുവാന്‍ ഒരു കഥ കാണും . ഇന്നോളം ആരും എഴുതാത്തത്രയും വികാരപരമായ ഒരു കഥ .
എന്റെ ഓഫീസിലെ ജനാലയിലൂടെ നോക്കിയാല്‍ ,റോഡിനപ്പുറത്ത് ദൂരെ മാറി , കാടും പടലും കയറിയ ഒരു വൈറ്റിംഗ് ഷെഡ് കാണാം . നാട് പുരോഗമിച്ചപ്പോള്‍ , നാട്ടാരുപേക്ഷിച്ച ആ സ്മാരകത്തില്‍ ,ഇന്നലെ വരെ ഒരു അന്തേവാസിയുണ്ടായിരുന്നു .ജടപിടിച്ച മുടിയും അതില്‍ നിന്നും പേനുകള്‍ ഇരച്ച് താഴേക്കിറങ്ങുന്ന നരച്ച താടിമീശയുമുള്ള ഒരു ഭ്രാന്തന്‍ .പകല്‍ ,മിക്കവാറും മുഴുവന്‍ സമയവും അയാള്‍ ഉറങ്ങിത്തീര്‍ത്തു . അപ്പോഴെല്ലാം ,ഭക്ഷണശകലങ്ങളും കഭവും ഒട്ടിപ്പിടിച്ച ആ മുഖത്തിനുചുറ്റും മൂളിപ്പറക്കുന്ന ഈച്ചകളായിരിക്കും . പുതിയ തലമുറയ്ക്ക് അന്യനായ ഈ ഭ്രാന്തനെ,അല്ല ..ചോയിക്കറപ്പന്‍ എന്ന ഈ മനുഷ്യനെ കുഞ്ഞുനാള്മുതലേ എനിക്കറിയാം .നല്ല നിലയില്‍ ജീവിക്കുന്ന ഒരു മകനും പേരക്കുട്ടികളും അയാള്‍ക്കുണ്ട് . പക്ഷെ ഏറ്റെടുക്കുവാന്‍ അവര്‍ തയ്യാറല്ല ,അതിനു പിന്നില്‍ ആ മകന്‍ നിരത്തുന്ന കാരണങ്ങള്‍ക്കും ന്യായമുണ്ട് . ചോയിയുടെ പ്രായം എന്പതിനടുത്തു വരും . ഭാര്യ പണ്ടെന്നോ ഉപേക്ഷിച്ചു പോയി . ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ..ആര്‍ക്കറിയാം?ഇയാളുടെ ഭൂതകാലതെക്കുറിച്ചു കൂടുതല്‍ അറിയുമ്പോള്‍ ആര്‍ക്കും ഭ്രാന്തനെന്നു വിളിക്കാനാവില്ല .പക്ഷെ ഇതൊക്കെ അന്വേഷിക്കാന്‍ ആര്‍ക്കു താല്പര്യം,ഇനി താല്പര്യം ഉണ്ടെങ്കില്‍ തന്നെ സമയമെവിടെ?ഒരു രക്ഷപെടല്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ , മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പേ അയാള്‍ക്കത് സാധിക്കുമായിരുന്നു .മകന്റെ സുഹൃത്തെന്ന നിലയില്‍ ഞാനും അന്നയാളെ സഹായിച്ചു .കൈയെത്തും ദൂരത്തുനിന്നും എല്ലാം തട്ടി തെറുപ്പിച്ച് , കോടതി മുറിയില്‍ നിന്നും അയാളിറങ്ങിപ്പോയപ്പോള്‍ ഞാനും ഉറപ്പിച്ചു..ഇതൊരു പാട്ടജന്മമാണ് …മോചനമില്ലാത്ത പാട്ടജന്മം . കോടതിയിലെത്തുന്ന എല്ലാ കേസുകളിലും ഒരു വാദിയും പ്രതിയുമുണ്ട് .എന്നാല്‍ ജീവിതത്തിന്റെ കോടതിയില്‍ പലപ്പോഴും വാദികള്‍ മാത്രമേയുള്ളൂ …കുറ്റാരോപിതന്റെ കൂട് ശൂന്യമായിരിക്കും .
വീട്ടില്‍ കൂലിപ്പണിക്കെത്തിയിരുന്ന ചോയിയെ ,അഞ്ചോ ആറോ വയസു മുതല്‍ എനിക്ക് പരിചയമുണ്ട് .പൊക്കം കുറഞ്ഞ്, കറുത്ത് തടിച്ച ചോയി കഠിനാധ്വാനിയായിരുന്നു. എല്ലായ്‌പ്പോഴും അയാളെ പണിക്ക് കിട്ടില്ല.അന്ന് നാട്ടില്‍ പ്രമാണിത്വമുണ്ടായിരുന്ന നായര്‍ തറവാട്ടിലെ പണികാരനായിരുന്നു ചോയിയുള്‍പ്പടെ അയാളുടെ മുന്‍തലമുറകള്‍ . അവിടെ പണി ഒഴിവുള്ളപ്പോള്‍ മാത്രമേ അയാളെ കിട്ടുകയുള്ളൂ. ആ തറവാട്ടിലെ തന്നെ മറ്റൊരു ജോലിക്കാരിയെയാണ് അയാള്‍ കല്യാണം കഴിച്ചത് .
‘ചോയി… നീ ഓളെ കെട്ടിക്കോളൂ ‘ എന്ന് കാരണവര്‍ പറഞ്ഞു ..ചോയി അനുസരിച്ചു. കല്യാണം കഴിഞ്ഞ് എട്ടാം മാസം പെണ്ണ് പ്രസവിച്ചപ്പോള്‍ , നാട്ടില്‍ പല കഥകളായി .ചോയിക്ക് വിഴുപ്പലക്കിയെന്ന ഇരട്ടപ്പേരും വീണു .ഒരിക്കലാരോ ആ പേര് വിളിച്ചുകളിയാക്കിയതിന്റെ പേരില്‍ കത്തിക്കുത്തു വരെ നടന്നു .പക്ഷെ കേസ് നടത്തുവാനും ചിലവാക്കുവാനും കാരണവര്‍ മടിച്ചില്ല .എന്തായാലും ആ സംഭവത്തോടെ ഇരട്ടപ്പേര് നിന്നു. ഒരിക്കല്‍ വീട്ടില്‍ പണിക്കു വന്നപ്പോള്‍ ചോയി തന്നെ ഈ വിഷയം സംസാരിച്ചു .എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ ചോദിച്ചു
‘എങ്കിലും ..ചോയി ..കാരണവര്‍ പറഞ്ഞപ്പോള്‍ മുന്നും പിന്നും നോക്കാതെ കെട്ടിയത് ശരിയായില്ല, നീ ബുദ്ധിപൂര്‍വ്വം ചിന്തിച്ചിരുന്നെങ്കില്‍ ഈ ചീത്തപ്പേര് ഒഴിവാക്കാമായിരുന്നു ‘
അതിഷ്ട്ടപ്പെടാത്ത മട്ടില്‍ അയാള്‍ ജോലി തുടര്‍ന്നു. ഇടയ്ക്കു തൂമ്പാകൈ ഉറപ്പിക്കുവാന്‍ വേണ്ടി പണി നിര്‍ത്തി, മറുപടി പറഞ്ഞു .
‘ഇങ്ങള് ..എന്താണ് മാഷെ ഈ പറെണത്..അറീമോ…ഓടെ കുട്ടി തറവാട്ടുവക അണീല്‍ കൂടി നിക്ക് വിഷമമില്ല . എന്റപ്പന്റെ കാലത്തിനും മുന്‍പേ ആ വീട്ടീന്ന് തിന്നു വളര്‍ന്നവരാണീ…നാട്ടില്‍ പണീല്ലാതപ്പോഴും ,പട്ടിണിക്കിട്ടിട്ടില്ല…ഉണ്ണാനും ഉടുക്കാനും തന്നിട്ടുണ്ട് …പിന്നെ ..ഇങ്ങള് ചോദി ചോണ്ടീ..പരെവാണ്..ചെക്കന്‍ ഏന്റെ തന്നെ ..’ പിന്നൊന്നും പറയാതെ അയാള്‍ പണി തുടര്‍ന്നു .
ആ മറുപടി സത്യസന്ധമാണോയെന്ന് ആര്‍ക്കും ഉറപ്പില്ലായിരുന്നു .ഒരു പക്ഷെ അതും കടപ്പാടിന്റെ പേരിലായിരുന്നിരിക്കാം. പിന്നെ പിന്നെ ചോയിയെ പുറം പണിക്ക് കിട്ടാറില്ലായിരുന്നു . കൂടുതല്‍ സമയവും തറവാട്ടിലെ പണി തന്നെ . കാലം കടന്നുപോയപ്പോള്‍ ഞാനും ചോയിയുടെ മകനും എപ്പോഴോ സുഹൃത്തുക്കളായി . നാട്ടുകാരുടെ കളിയാക്കല്‍ മൂലമാകാം അല്ലെങ്കില്‍ അപകര്‍ഷതാ ബോധം കൊണ്ടാവാം, അവന്‍ ചോയിയെ വെറുത്തിരുന്നു, പ്രത്യേകിച്ചൊരു .കാരണമില്ലാതെതന്നെ.തറവാട്ടു കാരണവരോടുള്ള അപ്പന്റെ കടപ്പാടുകണക്കുകള്‍ അവനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു . അവനിലൂടെ എനിക്കും മനസിലായി …ചോയി ..ഒരു ചുമടുതാങ്ങിയാണ് ..അന്ധമായ കടപ്പാടുകളുടെ ചുമടുതാങ്ങി .
കാലവും ഭരണവും മാറി വന്നപ്പോള്‍ ..ജന്മിത്തം തകര്‍ന്നു . പ്രായം കാരണവരെയും ദാരിദ്ര്യം തറവാടിനെയും ഒരേപോലെ ക്ഷയിപ്പിച്ചു . കാരണവര്‍ ഉള്‍പ്പടെ പലരും പട്ടിണി എന്തെന്ന് അറിഞ്ഞു തുടങ്ങി . പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത കന്യകമാരുടെയെണ്ണം , തറവാട്ടില്‍ കൂടിക്കൂടി വന്നു .കാരണവരുടെ മരണ നാഴിക വരെ , ഒരു ദാസനെപ്പോലെ ചോയി ആ വീട്ടില്‍ ഉണ്ടായിരുന്നു . പിന്നീട് ദാരിദ്ര്യം അതിന്റെ പൂര്‍ണ്ണതയിലെത്തിയപ്പോള്‍ , വേദനയോടെ ചോയിക്കും പടിയിറങ്ങേണ്ടി വന്നു . പക്ഷെ പിന്നീടയാള്‍ കൂലിപ്പണിക്ക് പോയില്ല .ചന്തമുക്കില്‍ ലോട്ടറി വില്‍പ്പന തുടങ്ങി . ഇടക്കൊക്കെ തറവാട്ടില്‍ പോയി വിവരം അന്വേഷിക്കരുണ്ടായിരുന്നു .പോയിമടങ്ങുമ്പോള്‍ , കൂടുതല്‍ ദുഖിതനായി കാണപ്പെട്ടു .നാഥനില്ലാത്ത ആ കുടുബത്തിന്റെ അവസ്ഥ അത്രത്തോളം ദയനീയമായിരുന്നു . ചോയിയുടെ തോളില്‍ വളര്‍ന്ന ,ആ വീട്ടിലെ പെണ്‍കിടാങ്ങളുടെ വിവാഹം,യഥാസമയം നടക്കാതിരുന്നതാണ് ഏറെ വേദനിപ്പിച്ചത് .ഒരു സഹായഹസ്തം നീട്ടുവാന്‍ ചോയിക്ക് കഴിയുമായിരുന്നില്ല …ഒന്ന് കീഴ്ജാതിക്കാരന്‍ …രണ്ട്..ചോയിയുടെ കുടുംബവും തകര്‍ച്ചയുടെ വക്കിലായിരുന്നു . ലോട്ടറി വിറ്റു കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് എങ്ങിനെയോക്കയോ കഴിഞ്ഞു കൂടിയെന്നു മാത്രം . മലയാളികള്‍ ഭാഗ്യത്തിന്റെ തീരം തേടി ഗള്‍ഫിലേക്ക് കുതിക്കുന്ന കാലമായിരുന്നു അത് .ആകെയുള്ള മൂന്നു സെന്‍ട് പുരയിടം പണയം വച്ച് ചോയിയുടെ മകന്‍ രാഘവനും ആ ഭാഗ്യാന്വേഷണത്തില്‍ പങ്കാളിയായി . പക്ഷെ രക്ഷപ്പെടുവാന്‍ കഴിഞ്ഞില്ല . എവിടെയൊക്കെയോ ചുറ്റിതിരിഞ്ഞ് കുറെ നാളുകള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തി. ജപതി നോട്ടീസ് കയ്യില്‍ കിട്ടിയപ്പോഴും ചോയിക്ക് ആരോടും പരിഭാവമില്ലായിരുന്നു .അതിന്റെ പേരില്‍ വാക്കുകൊണ്ട് പോലും രാഘവനെ അയാള്‍ വേദനിപ്പിച്ചില്ല .ജപതി നടപടി നീട്ടി വയ്ക്കുവാന്‍ എന്താണ് മാര്‍ഗ്ഗമെന്നന്വേഷിച്ച് ചോയിയുടെ മകനും, എന്റെ സുഹൃത്തുമായ രാഘവന്‍ അച്ഛനെയും കൂട്ടി വക്കീല്‍ ഓഫീസിലെത്തി .ഞാനിടപെട്ട് രണ്ടുമാസം അവധി വാങ്ങി . ഒരാഴ്ച കഴിഞ്ഞ് വൈകിട്ട് ഓഫീസിലിരുന്ന് എന്തോ ജോലി ചെയ്യുകയായിരുന്നു .ചായയുമായി വന്ന പയ്യനാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചത് ‘ചോയിക്ക് ഒന്നര ലക്ഷം രൂപ ലോട്ടറി അടിച്ചിരിക്കുന്നു ‘.വില്‍പ്പന നടക്കാതെ കയ്യിലിരുന്ന ലോട്ടറിക്കാന് നെരുക്ക് വീണത് .ഓര്‍ക്കണം ,ഇന്ന് ഒന്നര ലക്ഷം രൂപ ഒന്നുമല്ല .പക്ഷെ മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ തുകക്ക് ഇന്നത്തെ ഇരുപതു ലക്ഷത്തിന്റെ വിലയുണ്ട് .ചോയിയുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചല്ലോ എന്ന് എന്റെ മനസും പറഞ്ഞു .പക്ഷെ പ്രശ്‌നങ്ങള്‍ അവിടെനിന്നും തുടങ്ങുകയായിരുന്നു .
പിറ്റേന്ന് രാവിലെ രാഘവന്‍ അച്ഛനെയും കൂട്ടി ഓഫീസിലെത്തി . എനിക്കഭിമുഖമായി ഇരുന്ന രാഘവന്‍ വല്ലാതെ കുപിതനായിരുന്നു . ചോയി വളരെ നിസ്സംഗനായി ചുവരില്‍ തൂക്കിയിട്ടുള്ള ഗാന്ധിയുടെ ചിത്രവും നോക്കി നില്‍ക്കുകയാണ് . കാര്യങ്ങള്‍ രാഘവന്‍ വിശദീകരിച്ചപ്പോള്‍ എനിക്കും വിശ്വസിക്കാനായില്ല .
ലോട്ടറിക്ക് സമ്മാനം അടിച്ച ദിവസം രാവിലെ ചോയി തറവാട്ടില്‍ പോയിരുന്നു . സുഖാന്വേഷണം നടത്തി പോരും മുന്‍പ് ,പത്രം വന്നു കഴിയുമ്പോള്‍ റിസള്‍ട്ട് നോക്കണമെന്നും പറഞ്ഞ് ടിക്കറ്റ് സാവിത്രിയേട്ടതിയെ ഏല്‍പ്പിച്ചു (മരിച്ചുപോയ കാരണവരുടെ ഭാര്യ ) .ചോയിക്ക് എഴുത്തും വായനയും അറിയില്ല . പലപ്പോഴും ലോട്ടറിയുടെ റിസള്‍ട്ട് നോക്കുന്നതുപോലും തറവാട്ടില്‍ പോകുമ്പോഴാണ് .പിന്നീടാണ് സമ്മാനം അടിച്ച വിവരം അറിയുന്നത് . ലോട്ടറി തിരികെ വാങ്ങുവാന്‍ പോയത് രാഘവനാണ് .എന്നാല്‍ ചോയി ടിക്കറ്റ് നല്‍കിയിട്ടില്ല എന്നാണ് സവിത്രിയെട്ടത്തി പറഞ്ഞത് .ചുരുക്കത്തില്‍ ചോയി വഞ്ചിക്കപ്പെട്ടു .
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ സത്യമാണോയെന്നു ചോയിയോട് ഞാന്‍ ചോദിച്ചു . എന്റെ മുഖത്തുപോലും നോക്കാതെ ..കുനിഞ്ഞ് താഴേക്കു നോക്കിക്കൊണ്ടയാള്‍ തലയാട്ടി . പിന്നീട് കാര്യങ്ങള്‍ ഞാന്‍ ഏറ്റെടുത്തു .പോലീസില്‍ സാവിത്രിയെട്ടത്തിക്കെതിരായി പാരാതി നല്‍കി .വഞ്ചനാ കുറ്റത്തിന് കേസായി. കോടതിയില്‍ കേസ് വിചാരണക്കെത്തി. ചോയിക്ക് വേണ്ടി ഞാന്‍ ഹാജരായി .വിചാരണയുടെ തലേ ദിവസം ചോയിയെയും രാഘവനെയും ഓഫീസിലേക്ക് ഞാന്‍ വിളിപ്പിച്ചു .പിറ്റേന്ന് കോടതിയില്‍ പറയേണ്ടതൊക്കെ പഠിപ്പിച്ചു .പക്ഷെ ചോയി ആകെ അസ്വസ്ഥനായിരുന്നു .രാഘവനും അച്ഛന്റെ പെരുമാറ്റത്തില്‍ ഭയം തോന്നി . അവന്‍ ചോയിയോട് അന്ന് സംസാരിച്ചത് ഇപ്പോഴും ഞാനോര്‍ക്കുന്നു .
‘ അച്ഛാ …കോടതിയില്‍ ഒരു വാക്ക് തെറ്റിപ്പോയാല്‍, നമ്മള്‍ തെരുവിലിറങ്ങേണ്ടി വരും ..ജപ്ത്തി നടന്നാല്‍ പിന്നെ ഞാനും അമ്മയും ജീവിച്ചിരിക്കില്ല … ‘.
പറഞ്ഞ് തീരുമ്പോള്‍ അവന്റെ ശബ്ദമിടറിയിരുന്നു .
പക്ഷെ കേസില്‍ എനിക്ക് യാതൊരു ആശങ്കയില്ലായിരുന്നു . പ്രതി ,മധ്യ വയസ്‌കയായ ഒരു സ്ത്രീയാണ് . കോടതിയും കേസും ഒന്നും പരിചയമില്ലാത്ത അവര്‍ ക്രോസ് വിസ്താരത്തില്‍ തന്നെ മാനസികമായി തളരും. തെളിവുകള്‍ ശക്തമാണ് . അതുകൊണ്ട് വിധിയില്‍ ഒരു ആശങ്കയും തോന്നിയില്ല .
തീയതി കൃത്യമായി ഞാനോര്‍ക്കുന്നു . 12 .01 .1982.
കോടതി ചേര്‍ന്നു,വാദിയുടെ കൂട്ടില്‍ ചോയി . പ്രതിയുടെ പേര് വിളിച്ചു .സാവിത്രിയെന്ന മധ്യ വയസ്‌ക്കയായ സ്ത്രീ കൂട്ടില്‍ കയറി നിന്നു . ഒരു തട്ടിപ്പുകാരിയുടെ മുഖലക്ഷണമുള്ള സ്ത്രീയെയാണ് ഞാന്‍ പ്രതീക്ഷിച്ചത് . പക്ഷെ …..
അവരുടെ കണ്ണുകള്‍ കലങ്ങിയിരുന്നു .വളരെ പഴകിയ സെറ്റുസാരി , ഉള്ളതില്‍ ഭേദ പ്പെട്ട ഒന്നായിരിക്കണം .കണ്ണുകളില്‍ ദാരിദ്ര്യം പ്രകടമാണ് . അവ കോടതിയുടെ മൂലയില്‍ എവിടെയോ ഉടക്കി നില്‍ക്കുകയാണ് .അതെ …മൂന്നു പെണ്‍കുട്ടികള്‍ …അവരുടെ കണ്ണുകളും നിറഞ്ഞു കവിയുന്നു .എന്റെ മനസിലും ഒരു നീറ്റല്‍ അനുഭവപ്പെട്ടു .പക്ഷെ പാടില്ല എനിക്ക് പ്രധാനം തൊഴിലാണ് . പ്രതിയുടെ മാനസിക പ്രശ്‌നങ്ങള്‍ എന്നെ അലട്ടുവാന്‍ പാടില്ല .ഞാന്‍ വാദം തുടങ്ങി .ചോദിച്ച പലതിനും അവര്‍ക്ക് മറുപടിയില്ല.നിന്നു കരയുകയാണ് .സത്യത്തില്‍ ഒരു വക്കീല്‍ എന്നാ നിലയില്‍ അതെന്നെ സന്തോഷപ്പെടുത്തി ,കാരണം അതെന്റെ വിജയചിഹ്നമാണ് .കേസ് പൂര്‍ണ്ണമായും വരുതിയില്‍ തന്നെയെന്ന് ഉറപ്പാക്കിയശേഷം , പ്രതിക്ക് പരമാവധി ജയില്‍ ശിക്ഷ നല്‍കണം എന്ന് ശുപാര്‍ശയോടെ വാദം പൂര്‍ത്തീകരിച്ചു .വിധിക്ക് തൊട്ടുമുന്‍പ് മജിസ്ട്രട്ടു പ്രതിയോട് എന്തെങ്കിലും പറയുവാനുണ്ടോയെന്ന് ചോദിച്ചു … നിശബ്ദതയുടെ ഏതാനും നിമിഷങ്ങള്‍.ആ സ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട്, നിസ്സഹായതയോടെ ഉറക്കെചോദിച്ചു…
‘ ചോയി …ഞാന്‍ ..നിന്നെ ..ചതി ച്ചോടാ..!!!!!!!!!!!!!! .’
ആ ചോദ്യം എന്റെയും നെഞ്ചുതുളച്ചു .വാക്കുകളിലെ നിസ്സഹായത മാരകമായിരുന്നു .ചോയിയുടെ കണ്ണുകള്‍ കോടതി മുറികളില്‍ അലക്ഷ്യമായി പരത്തി നടന്നു .അവ നിറഞ്ഞൊഴുകി .. കരഞ്ഞു തളര്‍ന്ന് അയാള്‍ നിലത്തേക്കിരുന്നു
‘ഇല്ലെമ്മാനെ …തമ്പ്രാട്ടി എന്നെ ചതിച്ചിട്ടില്ല …തമ്പ്രാട്ടിയെ ജയിലിലിടല്ലേ…..’. മജിസ്‌ട്രേറ്റിന്റെ പേന വീണ്ടും ചലിച്ചു …അവിടെ ഞാന്‍ തോറ്റു..രാഘവന്‍ തോറ്റു …എല്ലാവരും തോറ്റു ….
കോടതിക്ക് പുറത്തിറങ്ങിയപ്പോള്‍ ദേഷ്യം കൊണ്ട് ഞാന്‍ വിറക്കുകയായിരുന്നു .രാഘവനോട് വായില്‍ വന്നതെല്ലാം പറഞ്ഞു. . ഭിത്തിയുടെ ഓരം ചേര്‍ന്ന് ചോയി ഞങ്ങള്‍ക്കരുകിലേക്ക് വന്നു .ചോയിയെ കണ്ടതും ..രാഘവന്റെ സമനില തെറ്റി .
‘കുടുബത്തെ തെരുവിലിറക്കിയ …നായെ..’ എന്ന് പറഞ്ഞുകൊണ്ട് ചോയിയുടെ പിടലിക്ക് പിടിച്ചയാള്‍ പുറത്തേക്കു തള്ളി .ഇന്നും ഞാന്‍ പറയുന്നു …ഏത് വികാരതള്ളലില്‍ ആയിരുന്നെങ്കിലും ..രാഘവന്‍ അങ്ങിനെ ചെയ്യുവാന്‍ പാടില്ലായിരുന്നു .തിരികെ ഓഫീസില്‍ എത്തിയപ്പോഴും അന്നു സംഭവിച്ച തോല്‍വിയില്‍ ,ഞാന്‍ അസ്വസ്ഥനായിരുന്നു .ഏറെ രാത്രിവരെ ഓഫീസിലിരുന്നു. കതകു പൂട്ടി പുറത്തിറങ്ങിയപ്പോള്‍ , ഒരു മൂലയില്‍ ചോയി നില്‍ക്കുന്നു .എനിക്കയാളെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത് ..കാണാത്ത മട്ടില്‍ പുറത്തേക്കു നടന്നു .പക്ഷെ പുറകില്‍ നിന്നയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു ..
‘ സാറേ …എനോട് ..പൊറുക്കണം ..തമ്പ്രാട്ടി കരഞ്ഞപ്പോള്‍ സഹിച്ചീലി…എന്റപ്പന്റെ കാലത്തിനും മുന്‍പേ ആ വീട്ടീന്ന് തിന്നു വളര്‍ന്നവരാണ് .നാട്ടില്‍ പണീല്ലാത്തപ്പോഴും ,പട്ടിണിക്കിട്ടിട്ടില്ല…ഉണ്ണാനും ഉടുക്കാനും തന്നിട്ടുണ്ട് ….ഒള്ള കാലത്ത് , ഓര് ഒരുപാട് വിളമ്പി തന്നീട്ടുണ്ട് .ഇപ്പൊ അവര് അങ്ങിനെ ചെയ്തത് ഗതികേട് കൊണ്ടാ ..ആ കുട്ട്യോളെ കേട്ടിക്കെണ്ടേ? ഇങ്ങള് മയിസ്‌ട്രെട്ടെമാനോട് പറഞ്ഞില്ലേ തമ്പ്രാട്ടിയെ ജയിലില്‍ പൂട്ടാന്‍ . പറ ..പിന്നെ ആ കുട്ട്യോള്‍ എന്ത് ചെയ്യും …അതുങ്ങള് തെരുവില്‍ മാനം വിറ്റു ജീവിക്കണോ …അതോ .. കെട്ടിതൂങ്ങി ചാകണോ …ഇങ്ങള് ..പറ! ..എന്റെ ചെറുക്കന്‍ ..ഇന്നെന്നെ പിടലിക്ക് പിടിച്ചു തള്ളി ….നായെന്നു ..വിളിച്ചു ..അതെ ഞാനെന്നും നായ തന്നെയാണ്….അങ്ങിനെ ജീവിക്കാനെ എനിക്കറിയൂ ..പിന്നെ ഒന്നുകൂടി .. ഓന്റെ അമ്മയെ ഞാന്‍ കെട്ടുമ്പോള്‍ തന്നെ ഓടെ പള്ളേല്‍ അവനുണ്ടായിരുന്നു .ഇത്രയും നാള് അവനെ ഞാന്‍ വളര്തിയെങ്കില്‍…ഓന്റെ പെങ്ങന്മാര്‍ക്കു വേണ്ടി ഞാന്‍ ഒരു വിട്ടുവീഴ്ച ചെയ്തതില്‍ എന്താണ് തെറ്റ് ..’ കണ്ണും തുടച്ച് ഇരുളിലേക്ക് നടന്നു മറഞ്ഞ ചോയിക്കറപ്പന്‍,വീട്ടിലേക്കു പോയില്ല.ഒരു പക്ഷെ വീട്ടില്‍ കയറ്റില്ല എന്നറി യാവുന്നതുകൊണ്ടാവാം ..എന്തായാലും പിന്നയാളെ ആരും കണ്ടിട്ടില്ല ..
സമൂഹത്തിന്റെ പുതുനാമ്പുകള്‍ക്ക് ചോയിക്കറപ്പനെ അറിയില്ല .അറിയാവുന്നവരൊക്കെ കണ്ടാല്‍ തിരിച്ചറിയാത്ത രൂപത്തില്‍ ഒരു യാചകനെപ്പോലെയോ ഭ്രാന്തനെപ്പോലെയോ ചോയിക്കറപ്പന്‍ ഈ മണ്ണില്‍ തിരിച്ചെത്തി …നീണ്ട ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം .
പക്ഷെ എനിക്കയാളെ മറക്കാനാവില്ല.വൃത്തികെട്ട തലമുടി ചികഞ്ഞ് , നഖത്തില്‍ കുരുങ്ങിയ പേനിനെ കൊല്ലുന്ന തിരക്കിലായിരുന്ന കറപ്പനോട് ഒരിക്കല്‍ ഞാന്‍ സംസാരിക്കുവാന്‍ ശ്രമിച്ചു .ഉറക്കെ പൊട്ടിച്ചിരിച്ച്..ഉടുതുണി വലിച്ചെറിഞ്ഞ്,അയാള്‍ തെരുവിലെക്കോടി ..അവിടെ കൂടിനിന്നവര്‍ കല്ലെറിഞ്ഞു ..തലപൊട്ടി ചോരയൊഴുകി, ആ ഭ്രാന്തന്‍ നിലത്തു വീണു . ആ കണ്ണുകളില്‍ ഒഴുകിയ കണ്ണുനീരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നു.അയാള്‍ ഭ്രാന്തനല്ല ,എനിക്കുറപ്പാണ് .കുറെ നാളുകള്‍ കൂടി അയാള്‍ എല്ലാവര്ക്കും മുന്നില്‍ ഭ്രാന്തഭിനയിച്ചു .സ്വന്തം ജീവിതം കടപ്പാടിന്റെ പേരില്‍ പാട്ടത്തിനു നല്‍കിയ ചോയിക്കറപ്പന്‍, ആ കരാര്‍ ഇന്നലെക്കൊണ്ട് തീര്‍ത്തു , പുഴുക്കളെയും ഉറുമ്പുകളേയും എന്നെയും സാക്ഷിയാക്കിക്കൊണ്ട് …….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...