നാളികേരത്തിന്റെ നാടോടിപ്പഴമപായിപ്ര രാധാകൃഷ്ണൻ
നാട്ടറിവുകളുടെ നിലവറയിൽ കേരവിജ്ഞാനം സമ്പന്നമാണ്‌. നാടൻപാട്ടുകൾ,
കടങ്കഥകൾ, പഴമൊഴികൾ, പുരാവൃത്തങ്ങൾ, ഐതിഹ്യങ്ങൾ, നാട്ടുഭക്ഷണം
എന്നിവയിലെല്ലാം നാളികേര സമൃദ്ധിയുണ്ട്‌. 'ചൊട്ട മുതൽ ചുടല വരെ' എന്ന
ചൊല്ലുതന്നെ മനുഷ്യജീവിതത്തിൽ കേരസംസ്കൃതിക്കുള്ള പ്രാമുഖ്യം
വിളിച്ചറിയിക്കുന്നതാണ്‌.പിറന്
നയുടനെ ശിശുവിന്റെ ആദ്യസ്നാനം 'ചെന്തെങ്ങിൻ
പാതിയിളനീർ' കൊണ്ടായിരുന്നു. കേരള ബ്രാഹ്മണരുടെ ജാതകർമ്മത്തിന്‌
'വിളക്ക്‌ വെച്ച്‌ കാണൽ' എന്നൊരു ചടങ്ങുണ്ട്‌. പത്ത്‌ പച്ചത്തേങ്ങ
കൂട്ടിവെച്ച്‌ അതിന്മേലിരുന്ന്‌ പിതാവ്‌ നവജാതശിശുവിനെക്കാണുന്ന
ചടങ്ങാണിത്‌.
മരിച്ച ആളെ ദർഭ വിരിച്ച്‌ കിടത്തി. തേങ്ങയുടച്ച്‌ അതിൽ തിരി കത്തിച്ച്‌
തലയയ്ക്കലും കാൽക്കലും വയ്ക്കാറുണ്ട്‌. സംസ്ക്കാരത്തിനും സഞ്ചയനത്തിനും
ശേഷം അവിടെ തെങ്ങിൻ തൈ നടുന്ന പതിവുണ്ട്‌.
കോട്ട, മരക്കലം, ആഭരണങ്ങൾ, ആയുധം എന്നിവ പണിതാൽ അവയുടെ അശുദ്ധി
നീക്കുന്നത്‌ ഇളനീരുകൊണ്ട്‌ കലശമാടിയാണ്‌.
"ചെന്തെങ്ങിന്റോരു കുലയിളനീര്‌ കൊണ്ടുവന്നാരേ
ചെത്തിയുരിച്ച്‌ കൊത്തിയുടച്ച്‌ കലശമാടുന്നാരേ...." (മരക്കലപ്പാട്ട്‌)
പുത്തൻനെൽക്കതിർ ഗൃഹത്തിൽ ആദ്യമായി കയറ്റുമ്പോൾ (നിറയ്ക്ക്‌) ഇളനീർ
കലശമാടാറുണ്ട്‌. രണ്ടു പച്ചത്തേങ്ങ കൂട്ടിക്കെട്ടിയ ഏരത്തേങ്ങ പല
മംഗളകർമ്മങ്ങൾക്കും വയ്ക്കുന്ന പതിവുണ്ട്‌. ഏരത്തേങ്ങയും നിറകുടവും
വെച്ചാണ്‌ ഉത്തരകേരളത്തിൽ സ്ത്രീകൾ കാമപൂജ നടത്തുന്നത്‌.  വിവാഹം
കഴിഞ്ഞുവരുന്ന വധുവിന്‌ ബന്ധുഗൃഹത്തിൽ നിന്നും തേങ്ങയും പണവും കൊടുക്കണം.
വിഷുവിന്‌ കണികാണാൻ ചക്ക, മാങ്ങ എന്നിവയോടൊപ്പം ഏരത്തേങ്ങയും
വയ്ക്കാറുണ്ട്‌.
ദേവതാപ്രീണനാർത്ഥം നടത്താറുള്ള താലപ്പൊലിയിൽ നാളികേരത്തിന്‌
മുഖ്യസ്ഥാനമാണുള്ളത്‌. ഹോമപൂജാദികളിൽ പത്മമിട്ട്‌ ദേവതാസങ്കൽപം
നടത്തുമ്പോൾ നാളികേരം വച്ചാണ്‌ ആരാധന നടത്തുന്നത്‌.
ഉത്സവാഘോഷങ്ങൾക്ക്‌ പന്തൽ അലങ്കരണത്തിൽ കുരുത്തോലയും പൂക്കുലയും
അവിഭാജ്യഘടകങ്ങളാണ്‌. തേങ്ങയുടെ ആകൃതിയിൽ ചേടിക്കളം വരയ്ക്കുന്ന
പതിവുമുണ്ട്‌. ചിരട്ടയിൽ നിന്നും ഇളകിയ തേങ്ങ പൂളിയെടുക്കാതെ
പ്രത്യേകരീതിയിൽ ഇളക്കിയെടുത്ത്‌ മാലപോലെ തൂക്കിയിടുന്ന പതിവ്‌ കളിയാട്ട
മഹോത്സവങ്ങളിലും മറ്റും ഉണ്ട്‌.
പുത്തരിയുണ്ട, പൂരക്കഞ്ഞി, പൂരയട, ഗണപതിഹോമം എന്നിവയ്ക്ക്‌ നാളികേരം
അത്യാവശ്യഘടകമാണ്‌. ഭഗവതിക്ഷേത്രങ്ങളിലെ പൊങ്ങൂറടി, സർപ്പബലിക്കുള്ള
നൂറും പാലും തുടങ്ങിയവയ്ക്ക്‌ ഇളനീർ അത്യാവശ്യമാണ്‌.
മന്ത്രവാദകർമ്മങ്ങളായ നാളികേര സ്തംഭനം, ശകുനം, നിമിത്തം, ഫലനിർണ്ണയം
തുടങ്ങിയവയിലും നാളികേരം ഉപയോഗിക്കാറുണ്ട്‌.
അടുക്കളയിലെ കഞ്ഞിക്കയിൽ മുതൽ ആഭരണച്ചെപ്പ്‌ വരെയുള്ള നിരവധി
ഗൃഹോപകരണങ്ങളുടേയും കൗതുക വസ്തുക്കളുടേയും നിർമ്മാണത്തിന്‌ ചിരട്ട
ഉപകരിക്കുന്നുണ്ട്‌. ഭസ്മക്കുടുക്കയായും
പൂഴിക്കുടുക്കയായുംഎണ്ണക്കുടുക്കയായും ചിരട്ട ഉപയോഗിച്ച്‌ പോന്നിരുന്നു.
അമരകോശത്തിലും മറ്റും നാളികേരത്തെ ഔഷധവർഗ്ഗത്തിലാണ്‌
പെടുത്തിയിട്ടുള്ളത്‌. ഇളനീർ, ചിരട്ട, ഈർക്കിൽ, തെങ്ങിൻവേര്‌
എന്നിവയൊക്കെ ഔഷധങ്ങളാണ്‌. 'മുലപ്പാലില്ലെങ്കിൽ കുലപ്പാൽ' എന്നാണല്ലോ
ചൊല്ല്‌!
ഗണപതിയുടെ കൈയ്യിൽ നിന്നും തേങ്ങ വീണുപൊട്ടി ഒരു മുറി ഭൂമിയും മറുമുറി
ആകാശവുമായെന്നൊരു പുരാവൃത്തവും നാടോടിഗാനങ്ങളിലുണ്ട്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ