19 Aug 2012

ഡാ, ഞാൻ ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാ !

മണ്ടൂസൻ

 'ഡാ ഞാൻ ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ തയ്യാറാടാ' എന്ന് എന്റെ ഒരു പ്രിയ  സുഹൃത്ത് സിന്റോ ജോയ് എന്ന സിന്റപ്പൻ ഇടക്കിടെ ഫോൺ വിളിച്ച്, എന്റെ 'എങ്ങനുണ്ടെടാ ഇപ്പൊ കാര്യങ്ങൾ?' എന്ന ചോദ്യത്തിന് മറുപടിയായി പറയാറുണ്ട്. ഈ വാക്കുകൾ ജീവിതം എന്ന സുന്ദരമായ സത്യത്തേയും മരണം(ആത്മഹത്യ) എന്ന ക്രൂരവും വൃത്തികെട്ടതും കഠിനവുമായ കടമ്പയേയും വരച്ചുകാട്ടുന്നു. എത്ര ക്രൂരമായ കടമ്പ കടന്നിട്ടാണേലും ജീവിക്കണം എന്നാണ് ആ മുകളിൽ പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ, ഈ ആത്മഹത്യ എന്നത് അത്ര വലിയ ധീരമായ പ്രവർത്തിയൊന്നുമല്ലെന്നും, അത് ജീവിതത്തെ ധൈര്യപൂർവ്വം നേരിടാൻ ശക്തിയില്ലാത്ത ഭീരുക്കൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും നമുക്ക് ബോധ്യമാവും. എന്റെ കാഴ്ചപ്പാടിൽ ആത്മഹത്യ വളരെ വൃത്തികെട്ട, ദൈവത്തോടുള്ള ഒരു വെല്ലുവിളി ആണ്. ഏതൊരു മനുഷ്യനാണെങ്കിലും ആത്മഹത്യ ചെയ്യുന്ന സമയത്ത്, മരണത്തിന്റെ ആ അവസാന നിമിഷത്തിലെങ്കിലും 'എന്ത് കഷ്ടപ്പാടാണേലും ജീവിച്ചാൽ മതിയായിരുന്നു' എന്ന് ചിന്തിയ്ക്കും എന്നെനിയ്ക്ക് ഉറപ്പുണ്ട്. മരണം എന്ന സത്യത്തെ വാഴ്ത്തിപ്പാടിയ നമ്മുടെ പല മഹാ കവികളും ജീവിതം എന്ന സുന്ദര സത്യത്തേക്കുറിച്ച് പറഞ്ഞതും പാടിയതും എല്ലാം എല്ലാവരും മനപൂർവ്വം മറക്കുന്നു.

ഞാൻ മുൻപെഴുതിയ 'രഞ്ജിനി കണ്ട(കാണാത്ത) കേരളം' കുറിപ്പ് വായിച്ച് ഞാൻ രഞ്ജിനി എന്ന വ്യക്തിയെ മാത്രം വിമർശിക്കുകയാണെന്ന് ധരിച്ച് എന്നോട് രൂക്ഷമായി പ്രതികരിച്ച മാന്യ വായനകാരുടെ ശ്രദ്ധയ്ക്ക് : സമൂഹത്തിൽ ഈയിടെയായി കണ്ട് വരുന്ന ഒരു ഫാഷൻ പ്രതിഭാസമാണ് ആത്മഹത്യ . (കാരണം എന്തുമായിക്കൊള്ളട്ടെ.)
അതിനെതിരെ പ്രതികരിക്കുകയാണെന്റെ ഉദ്ദേശം എന്ന് ഞാൻ ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ. ആ  കാര്യം വിശദീകരിക്കുന്നതിന് വേണ്ടി ഞാൻ നാട്ടിലെ ഒരു സംഭവം എടുത്ത് കാണിക്കുകയാണ്. ദയവ് ചെയ്ത് ഇതിൽ രാഷ്ട്രീയം കലർത്തരുത്. ഞാൻ ഈ കുറിപ്പിൽ യാതൊരുവിധ രാഷ്ട്രീയത്തിന്റേയും നിറം കലർത്താൻ ഉദ്ദേശിക്കുന്നില്ല. ഒരു ജീവന്റേയും ജീവിതത്തിന്റേയും മൂല്യവും ആവശ്യകതയും മഹത്ത്വവും എന്താണെന്ന് വളരെ കുറച്ച് നാളുകൾക്ക് മുൻപ് (ഇത്ര കാലം ജീവിച്ചിട്ടും മനസ്സിലാക്കിയിരുന്നില്ല, ക്ഷമിയ്ക്കുക) സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയ ഒരാളുടെ കുറിപ്പായി ഇതിനെ എടുത്താൽ മതി എന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുന്നു.


ഞാൻ കൂട്ടുകാരോട് സൗഹൃദസംഭാഷണങ്ങൾക്കായി വൈകുന്നേരങ്ങളിൽ പുറത്ത് പോയിരിക്കാറുണ്ട്. അവരിലാരെങ്കിലും തന്നെ എന്നെ വീട്ടിൽ നിന്ന് കൊണ്ടുപോയി അവർ കളിക്കുന്ന സ്ഥലത്ത് ഇരുത്താറുണ്ട്. അപ്പോഴൊക്കെ, കളിക്കാതെ പുറത്തിരിക്കുന്ന കൂട്ടുകാരോട്  ചെറുചെറു സംഭാഷണങ്ങൾ ഞാൻ നടത്താറുണ്ട്. അങ്ങനെ നടന്നൊരു ചെറു സംഭാഷണമാണ് ഈ കുറിപ്പിനാധാരം. ഇതിൽ ഞാൻ പറയുന്ന കാര്യങ്ങളുടെ ദിവസങ്ങളിലോ മറ്റോ വല്ല തെറ്റുകളുമുണ്ടെങ്കിൽ ദയവു ചെയ്ത് ക്ഷമിക്കുമല്ലോ?

എന്റെ നാട്ടിലെ പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും കൊപ്പത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ വളർച്ചയിൽ വളരെ നല്ല പങ്ക് വഹിച്ചയാളുമായ സ:ആര്യാപള്ളത്തിന്റെ മകനായ സ:അപ്പ്വയ്യന്(തെറ്റാണെങ്കിൽ പൊറുക്കുക,തിരുത്തുക) കല്ല്യാണം കഴിച്ച് കൊണ്ടുവന്ന അമ്മിണിയമ്മയിൽ  ജനിച്ച മകനാണ് സ:കൃഷ്ണേട്ടൻ. കൊപ്പത്തിന്റെ രാഷ്ട്രീയ സാമൂഹ്യ വളർച്ചയിൽ വളരേയധികം സജീവമായി ഇടപ്പെട്ടുകൊണ്ടിരുന്ന, നാട്ടുകാരാൽ ബഹുമാനിക്കപ്പെട്ടിരുന്ന ആളാണ് അമ്മിണിയമ്മ(പള്ളത്തെ അമ്മിണിയമ്മ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കും). ആ അമ്മിണിയമ്മ ഒരു ദിവസം തൂങ്ങിമരിക്കുന്നു(കാരണം ഇപ്പോഴും എനിക്കജ്ഞാതം).  തൂങ്ങിമരണപ്പെട്ട ആ ശരീരത്തിൽ തൊടില്ല എന്ന വാശിയിൽ കൃഷ്ണേട്ടൻ എല്ലാ 'തുടർ സംഭവങ്ങളിൽ' നിന്നും പിന്തിരിഞ്ഞു. അങ്ങനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആ ശരീരം സഞ്ചയന കർമ്മത്തിന് വിധേയമാകുന്നു. ഇത്രയുമാണ് ഈ കുറിപ്പിനാധാരം. കാര്യങ്ങൾക്ക് ഒരു വ്യക്തത വരുന്നില്ലെങ്കിലും തുടർന്ന് വായിക്കുക, പതിയെ വ്യക്തത വന്നോളും.

എന്താണ് കമ്മ്യൂണിസം ?
ഞാനൊരു വലിയ ബുദ്ധിജീവിവിശകലനത്തിന് വേണ്ടിയല്ല ഈ ചോദ്യം ചോദിച്ചത്. ഞാൻ കഴിഞ്ഞ ഒരുപാട് ബ്ലോഗുകളിലായി, നാട്ടിലെ തക്കിട തരികിട കഥകളും തമാശകളും ഒക്കെ പറഞ്ഞ് നേരം കളയുന്നു. എനിക്ക്, സീരിയസ് ആയി എന്തെങ്കിലും എഴുതാൻ ആഗ്രഹം തോന്നിയിട്ട് കുറച്ച് കാലമായി.അങ്ങനെ എന്താണിപ്പോ കാര്യമായിട്ട് എഴുതുക(ഒന്നെഴുതിയതിന്റെ ഹാങ്ങ് ഓവെർ ഇതുവരെ മാറിയിട്ടില്ല) എന്ന് ചിന്തിച്ച് നടക്കുമ്പോഴാണ് എനിക്ക് നാട്ടിലെ ഒരു വിഷയം വീണ് കിട്ടിയത്. അത്, ഒരു പക്ഷെ ഈ നാട്ടിൽ മാത്രം ഒതുങ്ങിക്കൂടേണ്ട സംഭവം ആയിരിക്കും, പക്ഷെ വളരേയധികം ദിവസത്തെ ഗംഭീര ആലോചനയ്ക്ക് ശേഷവും വീണ്ടും വീണ്ടും ആ വിഷയം തന്നെ മനസ്സിൽ തീവ്രമായി അലയടിച്ചു കൊണ്ടിരിന്നു. അപ്പോൾ എനിയ്ക്ക് മനസ്സിലായി ഇത് ഒരുപക്ഷേ പുറത്തുള്ളവരും അറിയേണ്ടുന്ന വളരെ ഗൗരവമേറിയ ഒരു വിഷയം ആയിരിക്കും എന്ന്. സംഭവങ്ങൾ എല്ലാം ആദ്യന്ത്യം പറയുകയാണെങ്കിൽ കൊപ്പത്തിന്റെ ചരിത്രവും വർത്തമാനവും എല്ലാം വിവരിക്കേണ്ടതായി വരും. പക്ഷെ സത്യം പറയാമല്ലോ അതിനുള്ള വിവരവും, കൊപ്പത്തിനേക്കുറിച്ചുള്ള അഗാധമായ അറിവുമൊന്നും എനിക്കില്ല. ഒരു കാര്യം മാത്രം അറിയാം, കൊപ്പം ദേശത്തിന്റെ സാംസ്ക്കാരികമായ വളർച്ചയ്ക്ക് ആ കാലത്ത് മാർക്സിസ്റ്റ് പാർട്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്തിട്ടുണ്ട്. കൊപ്പത്തിന്റെ വളർച്ചയിൽ ഒരുപാട് കാലം പിന്നിലേയ്ക്ക് പോകാനൊന്നുമുള്ള വിവരം എനിക്കില്ല. ഞാൻ എഴുതാൻ പോകുന്ന വിഷയത്തിലും വലിയ കാര്യമായ വിവരശേഖരണമൊന്നും(മിയാ കുല്പ, മിയാ കുല്പ, മിയാ മാക്സിമാ കുല്പാ) ഞാൻ ഇതുവരെ നടത്തിയിട്ടുമില്ല. ഇതിൽ എഴുതുന്ന കാര്യങ്ങൾ എന്റെ മാത്രം മനസ്സിൽ തോന്നിയതും, എന്റെ മാത്രം ഉത്തരവാദിത്തത്തിൽ ഉള്ളതും ആണ്. മറ്റാരും ഇതിൽ പങ്കാളികളല്ല.

ഇനി ഞാൻ കാര്യത്തിലേയ്ക്ക് കടക്കാം. ഞാൻ പുറത്തൊക്കെ പോയി കൂട്ടുകാരുടെ ഇടയിൽ സംസാരത്തിൽ പങ്ക് കൊള്ളാറുണ്ട് എന്ന് മുൻപ് പറഞ്ഞല്ലോ. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗ്രൗണ്ടിൽ പോയപ്പോൾ സംസാരം, സ: ആര്യാ പള്ളത്തിന്റെ പിന്മുറക്കാരനായ കൃഷ്ണേട്ടനെ കുറിച്ചും കൊപ്പത്തിന്റെ രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലത്തേ കുറിച്ചും ആയി(കേരള യുവത്വം കൊള്ളില്ല എന്നാരാ പറഞ്ഞേ ?). അന്ന് സംസാരത്തിന് അധികം ആളുകളുണ്ടായിരുന്നില്ല. ഞാനും അവിടേയുള്ള ഒരു കൂട്ടുകാരനും മാത്രം! അവന്റെ പേര് ഞാൻ ഇവിടെ കുറിക്കുന്നില്ല. പക്ഷെ അവന് ഇത് വായിച്ചാൽ മനസ്സിലാവും.
അവൻ ഘോരഘോരമായി 'കൃഷ്ണേട്ടനെ' എതിർത്തുകൊണ്ട് സംസാരിക്കുകയാണ്. 'കൃഷ്ണേട്ടൻ' കൊപ്പം ലോക്കൽ കമ്മിറ്റി മെമ്പറും(എന്റെ അറിവിൽ) കൊപ്പത്ത് 'അഭയം' എന്ന ഒരു നിരാലംബരുടെ ആശ്രയകേന്ദ്രവും അവരുടെ തന്നെ കുടിൽ വ്യവസായ സംരംഭവും നടത്തുന്ന ഒരു മാന്യനായ മനുഷ്യനാണ്. ചുരുക്കത്തിൽ കൃഷ്ണേട്ടൻ,നാട്ടിലെ ആരുമായും വഴക്കിനും വയ്യാവേലിയ്ക്കും ഒന്നും പോവാത്ത ഒരു മാന്യദേഹമാണ്. അനാഥരും വയസ്സരും നിരാലംബരുമായ വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും  വേണ്ടി ഒരു കുടിൽവ്യവസായവും താമസ ഭക്ഷണ സൗകര്യവും(അഭയം) ഒരുക്കുന്നതിലും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും സദാ ശ്രദ്ധിക്കുന്ന, അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു പച്ചയായ മനുഷ്യസ്നേഹിയാണ് സ: കൃഷ്ണേട്ടൻ. ആ കൃഷ്ണേട്ടനേക്കുറിച്ചാണ് അപ്പോഴത്തെ ഞങ്ങളുടെ സസാരം.

അവൻ പറയുകയാണ്  'ആ കൃഷ്ണേട്ടനോട് എനിയ്ക്ക് ത്തിരി ബഹുമാനം ണ്ടായിരുന്നു ട്ടോ, അതൊക്കെ അങ്ങ്ട് പോയി'. അവൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞാൻ ചൊദിച്ചു.
അതിന്പ്പോ ന്തേ കാരണം ‌?
'അല്ല നോക്ക് മനേഷേ, അയാള് സ്വന്തം അമ്മ മരിച്ചിട്ട് പൊലും ആ മൃതദേഹം തൊടാൻ കൂട്ടാക്കീല്ല'  അയാള് പറയ്വാ  'തൂങ്ങി മരിച്ചതല്ലേ ? ഇന്റമ്മ തൂങ്ങിമരിക്കില്ല്യാ ന്ന് '
'അയാൾക്ക് ആ അമ്മടെ ശരീരം കുഴീക്ക് ഇട്ത്ത്ട്ട് പോരെ ഇമ്മാതിരി, വാശിം കടുമ്പിടുത്തും ഒക്കെ? സ്വന്തം അമ്മേനെ നന്നായി നോക്കാണ്ട് അയാള് കൊറെ കുട്ട്യോളിം വയസ്സായ ആൾക്കാരിം  അവടെ(അഭയം) കൊണ്ടോയി നോക്കീട്ട് ഒരു കാര്യൂല്ല്യ.' അവൻ വികാരം കൊണ്ട് അങ്ങനെ തിളച്ച് മറിയുകയാണ്.
സംഗതി ആലോചിച്ചപ്പോൾ ശരിയാണെന്ന് ഇനിയ്ക്കും തോന്നി. അവൻ പറയുമ്പോലെ 'സ്വന്തം അമ്മേനെ കഴിയുന്ന പോലെ നോക്കാതെ, അഭയത്തില് കൊറെ അനാഥരായ ആൾക്കാരെ കൊടന്ന് നോക്കീട്ടെന്താ കാര്യം ?' ഞാനും ആ വഴിയേ ചിന്തിച്ചു. അങ്ങനെ അന്ന് വീട്ടിലെത്തി, എന്റെ അമ്മയോടും അഛനോടും ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഞാൻ അവരോടെല്ലാം കൃഷ്ണേട്ടൻ ചെയ്തത് അന്യായമാണെന്ന് (അവർ എതിർക്കുകയൊന്നും ചെയ്തില്ല ട്ടോ) ശക്തിപൂർവ്വം വാദിച്ചു. അവരെല്ലാം 'ഇത് കഴിഞ്ഞിട്ടെത്ര നാളായി, യ്യ് ഇത് ഇപ്പ അറിയുന്നേ ള്ളൂ' എന്ന ഭാവത്തിൽ ഇരിക്കുകകയാണ്. സോ ആ വിഷയം സംസാരിക്കുന്നത് എനിക്കവിടെ അവസാനിപ്പിക്കേണ്ടി വന്നു.

പക്ഷെ അന്ന് കിടക്കുമ്പോൾ എനിയ്ക്ക് ശരിയായ ഉറക്കം കിട്ടിയില്ല. ഉറക്കത്തിലൊക്കെ ഞാൻ കൃഷ്ണേട്ടനേയും അദ്ദേഹത്തിന്റ് അമ്മയായ പള്ളത്തെ അമ്മിണിഅമ്മയേയും കുറിച്ചുള്ള ചിന്തകളിൽ നീരാടുകയായിരുന്നു. സത്യത്തിൽ ഇവരൊക്കെ ആരാ ? അവരെ പറ്റി പറയുകയാണെങ്കിൽ കൊപ്പത്തിന്റെ ചരിത്ര കാര്യങ്ങളിലൊക്കെ അപാരമായ അറിവുണ്ടാവണം. അതെനിക്കില്ല, പക്ഷെ ഒന്നറിയാം, അവർ തലമുറകളായി ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുറ്റ പ്രവർത്തകരാണ്. അങ്ങനെ ഒരു നല്ല ഇടത്പക്ഷ പാരമ്പര്യം കൈവശമുള്ള നമ്മുടെ കൃഷ്ണേട്ടൻ അങ്ങനെ ചെയ്യാൻ കാരണമെന്താവും? എന്റെ ചിന്തകൾ ഉറക്കത്തിനെ ഭേദിച്ചുകൊണ്ട് പോവുകയാണ്. അവസാനം എന്റെ മനസ്സ് തന്നെ എനിക്കതിന്റെ ഉത്തരം തന്നു.

അമ്മ എന്നു പറഞ്ഞാൽ ലോകമാണ്.(ശ്രീ മുരുകനോടും ഗണപതിയോടും ലോകം ചുറ്റി വരാൻ പറഞ്ഞ പന്തയത്തിന്റെ പുരാണകഥ ഓർക്കുക) അങ്ങനെ വരുമ്പോൾ നമുക്ക് ഈ ലോകം മുഴുവനും കേൾക്കേ ഒരു കാര്യം ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നിയാൽ അമ്മയുടെ ചെവിയിൽ പതിയെ പറഞ്ഞാൽ മതി. അതുപോലെ ലോകത്തിനോട് മുഴുവൻ ഒരു പ്രവർത്തിയിലൂടെ എന്തെങ്കിലും കാണിച്ചുകൊടുക്കാനുണ്ടെങ്കിൽ അത് അമ്മയോട് ചെയ്താൽ മതി. '
ഇത് തൂങ്ങി മരിച്ചതല്ലേ? എന്റമ്മ തൂങ്ങിമരിക്കില്ല.' എന്ന് കൃഷ്ണേട്ടൻ പറഞ്ഞതിന്റെ ശരിയായ പൊരുൾ മനസ്സിലാവാൻ നമ്മൾ പഠിപ്പിൽ മാത്രം തൂങ്ങി നിന്നാൽ പോര, കുറച്ച് സ്നേഹിക്കാനും (അതിന്റെ ആഴം അറിഞ്ഞ്) പഠിക്കണം.


ജീവിതം ഒരു അപാരമായ പോരാട്ടമാണെന്നും, അതിൽ നമ്മുടെ അത്യം വരെ പോരാടിക്കൊണ്ടേ ഇരിക്കണമെന്നും, ഒരിക്കലും നമ്മൾ പരാജയപ്പെടരുതെന്നും ഘോരഘോരം പ്രസംഗിച്ച് നടക്കുന്ന ഇടത് പക്ഷ പ്രസ്ഥാനം ഒരിക്കലും ഒരു പരാജയം എന്ന വസ്തുതയെ അംഗീകരിക്കുകയില്ല. അത് ഏത് രൂപത്തിലായാലും. അങ്ങനെ വരുമ്പോൾ, ജീവിതപരാജയം എന്ന ആത്മഹത്യയെ എങ്ങനെ ഒരു നല്ല ഇടതുപക്ഷ പ്രവർത്തകൻ ഉൾക്കൊള്ളും? അത് സ്വന്തം അമ്മയുടെ ആയാലും!

വേറൊരു ചോദ്യം, 'എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയല്ലേ?' ന്നാവും
.
ഒരു നല്ല വിപ്ലവകാരിയ്ക്ക് അങ്ങനേയുള്ള മൃദുലവികാരങ്ങൾ ഒക്കെ ഉണ്ടാവുമോ?

ഒരിക്കലുമില്ല,അങ്ങനേയുള്ളവർ ജീവിക്കുക സമൂഹത്തിന് വേണ്ടിയാകും. ഒരിക്കലും അവർ സ്വന്തം വീടിന് വേണ്ടി നാടിനെ മറക്കില്ല.നാടിന് വേണ്ടി വീടിനെ മറന്നാലും.(അത് സാധാരണം)
സ്വന്തം അമ്മ അങ്ങനേയൊരു ജീവിത പരാജയപ്രവൃത്തി(ആത്മഹത്യ) ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സ:കൃഷ്ണേട്ടൻ എങ്ങനെ അമ്മ തൂങ്ങി മരിച്ചു എന്നത് അംഗീകരിക്കും.
തൂങ്ങി മരിച്ച തന്റെ അമ്മയുടെ ശരീരത്തിൽ സ്പർശിക്കില്ല എന്ന ഉറച്ച തീരുമാനമെടുത്ത കൃഷ്ണേട്ടന്റെ ആ നടപടിയെ പ്രശംസിക്കാൻ ഞാൻ ഒരുക്കമാണ്.(കൂട്ടുകാരാ ക്ഷമിക്കുക)

ഈ ലോകത്തോട് മുഴുവൻ, തന്റെ അമ്മയോടുള്ള അപാരമായ സ്നേഹത്തിന്റേയും ആദരവിന്റേയും ഔന്നത്യം കാണിച്ച് കൊടുക്കുകയായിരുന്നില്ലേ സ:കൃഷ്ണേട്ടൻ ആ പ്രവൃത്തിയിലൂടെ ചെയ്തത് ?.
അദ്ദേഹത്തെ തെറി പറഞ്ഞ് അന്ന് ഒരുപാട് നാട്ടുകാർ ആ അമ്മയുടെ സഞ്ചയനകർമ്മം ഏറ്റെടുത്ത് നടത്തി(നല്ലത്). അവർ അഭിമാനപൂർവ്വം ഇത്തിരി ഗർവ്വോടെ കൃഷ്ണേട്ടനോട് പറഞ്ഞു. 'ങ്ങൾക്ക് ങ്ങടെ അമ്മേനെ വേണ്ടെങ്കി വേണ്ട, ഇത് ഞങ്ങടെ അമ്മയാണ്, ഞങ്ങള് കുഴീക്കെടുത്തോളാ.'
പക്ഷെ അവർ എത്ര ഗർവ്വ് കാണിച്ചാലും കൃഷ്ണേട്ടനോട് എത്ര ദേഷ്യം തോന്നിയാലും, ഒരു കാര്യം ആർക്കും വിസ്മരിക്കാനാവാത്ത സത്യമാണ്.
ജീവിതത്തിൽ പരാജയങ്ങളെ നേരിടാനും അവയെ വിജയങ്ങളാക്കി മാറ്റാനും ഒരു ജനതയെ മുഴുവൻ ഉത്തേജിപ്പിക്കുന്ന(?) നമ്മുടെ ഇടതുപക്ഷ പ്രവർത്തകർ(പഴയകാല കൊപ്പത്തെയെങ്കിലും) എന്തേ നമ്മുടെ കൃഷ്ണേട്ടന്റെ മഹത്തായ ജീവിതവിജയം കാണാതെ പോയി?

ജീവിതം എത്ര തന്നെ കഠിനമാണെങ്കിലും ആത്മഹത്യ എന്ന കൂരമായതും വൃത്തികെട്ടതുമായ വഴിയിൽ അഭയം കണ്ടെത്തുന്ന എല്ലാ വ്യക്തികളോടും ഉള്ള വിരോധമാണ് ഈ കുറിപ്പിനാധാരം. താൻ വളർത്തുന്ന അനാഥരായ കുട്ടികൾക്കും, ജീവിതങ്ങൾക്കും,നാട്ടുകാർക്കും സ്വന്തം ജീവിതം വഴി വലിയൊരു സന്ദേശം നൽകുകയാണ്, കൃഷ്ണേട്ടൻ സ്വന്തം അമ്മയുടെ ശരീരം സ്പർശിക്കുക പോലും ചെയ്യാതെ നിന്ന ചെയ്ത ഈ പ്രവർത്തിയിലൂടെ ചെയ്തത്. സ്വതവേ എല്ലാറ്റിനോടും നിർവ്വികാരമായി പ്രതികരിക്കാറുള്ള കൃഷ്ണേട്ടൻ ഈ ആത്മഹത്യ എന്ന കൊടും പാപത്തോട് വളരെ രൂക്ഷമായി പ്രതികരിച്ചതോർക്കുക. നിർവ്വികാരമായി എല്ലാ പ്രശ്നങ്ങളേയും നേരിടാറുള്ള കൃഷ്ണേട്ടൻ പോലും പ്രതികരിച്ച ആത്മഹത്യ എന്ന നമ്മുടെ നാട് നേരിടുന്ന ക്രൂരമായ വെല്ലുവിളിയെ നേരിടാൻ നമ്മളൊക്കെ ഏത് തരത്തിലാണ് ഇതുവരെ പ്രതികരിച്ചത് എന്നോർക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...