19 Aug 2012

ശുനകഭോജനം.

അംജത്ഖാൻ


ഓടുകയായിരുന്നു... 
കാക്കയെ പോലെ ചിറകുണ്ടായിരുന്നുവെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചു പോയി. പുറകിലെ മുരള്‍ച്ചകളും കുതിപ്പുകളും കാതിലേക്കടുക്കുമ്പോള്‍ വീണ്ടും ശക്തിയോടെ മുന്നോട്ടു കുതിച്ചു . അറ്റം വെളുത്ത വാല്‍ പിന്‍കാലുകള്‍ക്കിടയില്‍ തിരുകി മുന്നോട്ടു കുതിച്ചു.

നശിച്ച കൂട്ടങ്ങള്‍ ! 
മനുഷ്യര്‍ വീട്ടില്‍ കൊടുക്കുന്ന ആഹാരവും അഹങ്കാരവും കൂട്ടമായി , ഈ പാവം ഒറ്റയാന്‍ തെരുവു നായോടു കാട്ടാന്‍ വെമ്പുന്ന ശൂരത്വം....! അവരുടെ ബലിഷ്ഠ ശരീരവും കൂര്‍ത്ത ഉളിപ്പല്ലുകളും ഈ സ്ഥൂല ശരീരത്തിന് വേഗത കൂട്ടുന്നു .

സന്ധ്യ മുതല്‍ക്ക്‌ ഓടുകയാണ്. ഉച്ചക്ക്, പതിവുപോലെ കോയാക്കാന്റെ ചായപീടികയുടെ പുറകിലുള്ള എച്ചില്‍ കൂട്ടത്തിലേക്ക് പോയതാണ്. പുതുകൂട്ടം തെണ്ടിപിള്ളേര്‍ അവിടെ തമ്പടിച്ചിരിക്കുന്നു. ഒന്ന് പരുങ്ങി. അവരെ കാണാത്ത മട്ടില്‍ കല്‍ചുമരിനോട് ചേര്‍ന്ന് പിന്നിടംകാല്‍ ഉയര്‍ത്തി, വെറുതെ. എന്തോ ഒന്ന് തലയ്ക്കു മുകളിലൂടെ മൂളിപാറി പ്രതീക്ഷിച്ചത് തന്നെ !

“ദേണ്ട്റാ ഒരു കറുമ്പന്‍ നായ ‘

അഴിഞ്ഞു തുടങ്ങിയ നിക്കര്‍ ഒരു കൈ കൊണ്ട് പിടിച്ചു ചെമ്പന്‍ തലമുടിയുള്ള ഒരുവന്‍ അടുത്ത കല്ലെടുക്കുന്നു .

“കല്ലെട്റാ......ഏറീടാ....അവനെ.
...”

പിന്‍കാലില്‍ തിരിഞ്ഞു മുന്നോട്ടായും മുന്‍പേ വയറിനു മീതെ പതിഞ്ഞ കല്ലിന്റെ വേദനയില്‍ വിശപ്പ് മോങ്ങലായി പുറത്തേക്കു തെറിച്ചു .

മരപ്പാലത്തിനു കീഴെ കറുത്ത വെള്ളമൊഴുകുന്ന തോടിനരികില്‍ കൂനകൂട്ടിയ ചവറുകള്‍ക്കിടയില്‍ ഒളിക്കുമ്പോള്‍ , എരന്നു തിന്നുന്ന ഇരുകാലി ചെറുക്കന്റെ ഏറിന്റെ ശക്തി വയറില്‍ കനം വച്ചിരുന്നു. വിശപ്പും കിതപ്പും ഒരുപോലെ അടക്കി, വയറമര്‍ത്തി, മുന്‍കാലുകള്‍ നീട്ടി ചവറുകള്‍ക്കിടയില്‍ കിടന്നു. നീണ്ടു വേറിട്ട്‌ വെളുത്ത ഇടം ചെവി മനുഷ്യന്റെ മാലിന്യകൂമ്പാരം നിറഞ്ഞ ഭൂമിയിലേക്ക്‌ അമര്‍ത്തിപിടിച്ചു. ഇനിയും ഇരുകാലി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ ......?

ബാല്യമേ മുതല്‍ ഒറ്റയ്ക്കായിരുന്നു. റോഡരികില്‍ ഏതോ ചായ പീടികയുടെ പിന്നാമ്പുറവരാന്തയില്‍ അനിയന്മാര്‍ക്കൊപ്പം അമ്മയുടെ മുല ചപ്പി വലിച്ചും, തല്ലു കൂടിയും, ഓടിയും നടന്ന കാലം അവ്യക്തമാണ്. മണം പിടിക്കുവാന്‍ പഠിച്ചു തുടങ്ങിയ കാലം, ഏതോ അഴുകിയ മാംസത്തിന്റെ മണത്തിനു പിന്നാലെ കുറെ ദൂരം പോയി , ഒടുവില്‍ ചീഞ്ഞഴുകിയ ഒരു പൊന്തന്‍ എലിയേയും കടിച്ചു തിരിച്ചു വന്നപ്പോള്‍ ........ അമ്മയും അനിയന്മാരും കിടന്ന പീടികതിണ്ണ ശൂന്യം ! തൊട്ടടുത്ത പീടികയില്‍ നിന്നിരുന്ന മനുഷ്യന്‍ പറയുന്നത് കേട്ട് :

“ആഹാ ,പട്ടിപിടുത്തക്കാര് ഈ കറുമ്പനെ ഒഴിവാക്കിയോ?”

അഴുകിയ മാംസം അവിടെയിട്ടുകൊണ്ട് അന്നോടി തുടങ്ങിയതാണ്!

അമര്‍ത്തിയ ഒരു മുരള്‍ച്ച ! ഒന്നല്ല , ഒന്നിലധികം. ഇത് സ്വന്തം ജാതിക്കാര്‍ ! വാലറ്റവും ഒരു കാതും മാത്രം വെളുത്ത ഞാന്‍ ജാരസന്തതി ആണത്രേ ! തെരുവിന്റെ മക്കള്‍ ! ജാരസന്തതികള്‍ ! ഒറ്റപെടുതല്‍ ! ഒഴിവാക്കല്‍ !

പിന്‍കാലുകള്‍ക്കിടയില്‍ വാലു തിരുകി നടുവ് വളച്ചു, തലകുനിച്ചു വിധേയത്വം പ്രകടിപിച്ചു അവറ്റകളില്‍ നിന്നകന്നു മരപാലത്തിനു മുകളിലേക്ക് നിരങ്ങി നീങ്ങി . അവരില്‍ നിന്നും അകന്നപ്പോള്‍ പിന്നെ നടുവ് നിവര്‍ത്തി ഓടി .

വിശപ്പ്‌ വീണ്ടും ക്ഷീണമായി ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒന്നുനിന്നു. ദൂരം കുറെ ഓടിയിരിക്കുന്നു. പുറത്തേക്കിട്ട നീണ്ട നാവില്‍ ഉറഞ്ഞു കൂടാന്‍ ഇനി ഉമിനീരോട്ടും ശരീരത്തില്‍ ബാകിയില്ല ! സന്ധ്യയോടടുക്കുന്നു. പരിചയമില്ലാത്ത, ആള്‍പ്പാര്‍പ്പുള്ള സ്ഥലമാണ്. മണം പിടിച്ചു... ഉവ്വ് ! ഞങ്ങളിലെ ഉന്നതകുലജാതര്‍ . വീട്ടുനായ്ക്കള്‍ ! മൂത്രത്താല്‍ അതിര്‍ നിര്‍ണയിച്ചു പരസ്പരം കലഹമില്ലായെന്ന് കാപട്യം കാട്ടി, അസൂയ മൂത്ത് ജീവിക്കുന്ന, കഴുത്തില്‍ വാറിട്ട ഒരുകൂട്ടം ജന്തുക്കള്‍ ! ഹുങ്കാരവും കലര്‍ന്ന ഒരു മുരള്‍ച്ച പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് വെള്ളം കെട്ടിനിലക്കുന്ന പൈപ്പിന്റെ ചുവട്ടിലേക്ക് പോയത്‌ ...പക്ഷെ, പെട്ടെന്നുള്ള ആക്രമണം ....! മനുഷ്യ സഹവാസം ഇവരുടെ വര്‍ഗ്ഗ നിയമങ്ങളും മാറ്റിമറിച്ചുവോ ?

കൂര്‍ത്ത പല്ലുകളില്‍ നിന്നും രക്ഷ നേടാന്‍ പിന്നെ കുതിക്കുകയായിരുന്നു. ഓടുന്ന അയത്തില്‍ തന്നെ തൊട്ടടുത്ത്‌ കണ്ട ഉയരം കുറഞ്ഞ മതില്‍കെട്ടിനകത്തേക്കു കുതിക്കുമ്പോള്‍ ഓര്‍ത്തു, ഇനിയിതിനുള്ളിലും കാണുമോ കഴുത്തില്‍ വാറിട്ട കൂര്‍ത്ത പല്ലുകളും !

വീടിനു പുറകിലുള്ള ചായ്പ്പിനുള്ളിലെ വിറകുകൂനയ്ക്കിടയിലൊതുങ്ങുമ്പോ
ള്‍ ഓടിയതിനേക്കാള്‍ പാടുപെട്ടു കിതപ്പടക്കാന്‍ . ചെവി കൂര്‍പ്പിച്ചു... മുരള്‍ച്ചകള്‍ .... നിരാശയുടെ മുറുമുറുപ്പുകള്‍ ...! അത് ഒന്നൊന്നായി കുറഞ്ഞ്, പിന്നെ തീര്‍ത്തും നിശബ്ദം...! ആശ്വാസം....... വിശപ്പ്‌....,.... ക്ഷീണം...... കണ്ണുകള്‍ അടഞ്ഞടഞ്ഞു വന്നു .

ഭൂമിയില്‍ ചേര്‍ത്തു വച്ച കാതില്‍ ആരോ നിരങ്ങി നീങ്ങുന്ന ഇന്ദ്രീയാറിവ്. പേടിച്ചു തലയുയര്‍ത്തി. ഒരു ചുണ്ടെലി വിറകിന്‍ കൂട്ടില്‍ നിന്നും പുറത്തേക്കു ചാടി. മനസ്സിനെ സമാധാനിപ്പിക്കാന്‍ തല രണ്ടു വശത്തേക്കും ആട്ടി, നീണ്ട കാതുകള്‍ കവിളിലടിച്ചു ശബ്ദമുണ്ടാക്കുകയാണ് പതിവ്‌ .പക്ഷെ, അതിപ്പോള്‍ സമാധാനക്കേടാകുമോയെന്ന് ഭയക്കുന്നു. മുന്‍കാലുകള്‍ പൊക്കി ചെള്ള് കടിച്ച കഴുത്തിടം ചൊറിയണമെന്നുണ്ട്. ഇനി അതും .....?

പരിസരം അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ഓടുമേഞ്ഞ വീടിനു പുറകിലെ ചെറിയ ചായ്പ്പ്. നീല പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയ മേലാപ്പിനു കീഴെ വിറകുകള്‍ക്കും തേങ്ങാമടലുകള്‍ക്കും ഇടയിലാണ് കിടപ്പ്. വീടിനു പിന്‍ഭാഗത്ത്‌ അടുക്കളവാതിലിനു എതിരിലായി കുറച്ചകലത്തില്‍ കിണറിന്റെ ഒരു ഭാഗം കാണാം. സമയം നിശ്ചയം ഇല്ല.. നല്ല നിലാവുണ്ട്. രാത്രി കുറെയേറെ ആയികാണുമോ? ആവോ ? ചെവി കൂര്‍പ്പിച്ചു.... അമര്‍ത്തിയ തേങ്ങല്‍ പോലെ ഒരു ശബ്ദം ! വീണ്ടും സൂക്ഷ്മം കാതു വട്ടം പിടിച്ചു ! അതെ വീട്ടിനുള്ളില്‍ നിന്നാണ് .ഒരു മനുഷ്യ സ്ത്രീ അമര്‍ത്തി കരയുന്നത് പോലെ ! മുഖം കല്‍ചുമരിനോട് ചേര്‍ത്ത് വെച്ച്, ചെവി ഒന്ന് കൂടി നിവര്‍ത്തി കൂര്‍പ്പിച്ചു. ഒരു സ്ത്രീ ശബ്ദമടക്കി തേങ്ങുന്നതു പോലെ. നേരത്തേ കേട്ട ശബ്ദം അല്‍പ്പം ഉയര്‍ന്നിരിക്കുന്നു. ആരോ അമര്‍ത്തിയ ശബ്ദത്തില്‍ പിറുപിറുക്കുന്നുമുണ്ട് .

അവര്‍ പുറത്തേക്കു വരുമോ..? ഒന്ന് സംശയിച്ചു കൊണ്ട് ചെവി ഒന്നുകൂടി മതിലിലേക്കു ചേര്‍ത്തു വച്ചു.

"ദയവു ചെയ്തു ശബ്ദം ഉണ്ടാക്കല്ലേ മോളെ" - പിറുപിറുക്കുന്നതും ഒരു സ്ത്രീ ശബ്ദം ആണ് .

“ക്ക് വയ്യമ്മേ...” – കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയില്‍ നിന്നെന്ന പോലെ നേര്‍ത്ത് വിറയാര്‍ന്ന്‍ ....

പിന്നീടുള്ള പിറുപിറുക്കല്‍ വ്യക്തമാകുന്നില്ല. പെട്ടെന്ന്‍ !

ഒരു വല്ലാത്ത ശബ്ദം ! ഒരു നിലവിളി പാതിയില്‍ മുറിഞ്ഞ പോലെ, അല്ല ! 
നിലവിളിക്കുമ്പോള്‍ വായ് പൊത്തിയതു പോലെ ....! നിശ്ശബ്ദം ....!

കുറച്ചുനേരം ശ്രദ്ധിച്ചു. ഇല്ല ! നിഴല്‍ പോലെ നിശബ്ദം. ആശ്വാസം... അവര്‍ ഉറങ്ങിക്കാണും.. ഇല്ല ! വസ്ത്രമുലയുന്ന ശബ്ദം കേള്‍ക്കുന്നു. മഞ്ഞരാശിയില്‍ പ്രകാശം പരന്നപ്പോള്‍ വിറകിന്‍ കൂനയുടെ പുറകിലേക്ക് നിരങ്ങിയിറങ്ങി. വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഓടുവാന്‍ തയ്യാറായി. വാതില്‍ തുറന്നു പുറത്തേക്കു വന്ന മധ്യവയസ്ക്കയായ മെലിഞ്ഞുണങ്ങിയ സ്ത്രീ കിണറ്റിനരികിലേക്ക് പോയി. മഞ്ഞളിച്ച വെളിച്ചത്തില്‍ അവരുടെ കയ്യില്‍ ഒരു തുണിക്കെട്ടു കണ്ടു. മറ്റൊരു രൂപം വാതിലിനരികില്‍ വെളിച്ചത്തിനു കീഴില്‍ നിന്നിരുന്നു. അവളുടെ കവിളില്‍ ചാലു കീറിയ കണ്ണീര്‍പ്പാട് മഞ്ഞ വെളിച്ചത്തില്‍ തിളങ്ങി .

മണ്ണില്‍ കുഴിക്കുന്ന ശബ്ദം കിണറിനപ്പുറത്തു കേട്ടു. അല്‍പ്പം കഴിഞ്ഞ് കിണറ്റിന്‍ കരയില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോള്‍ വാതിയ്ക്കലെ രൂപം വാ പൊത്തിയമര്‍ത്തി ഉള്ളിലേക്കോടിപ്പോയി. തൊട്ടു പിറകെ, മെലിഞ്ഞ രൂപം അകത്തേക്ക് ധൃതിയില്‍ കടന്നു വാതിലടച്ചു. മഞ്ഞ വെളിച്ചം അണഞ്ഞു. ഒച്ചയടഞ്ഞൊരു ഏങ്ങലിന്‍ അവശതാളം... ശ്മശാനമൂകത !

എന്ത് നടക്കുന്നുവെന്നറിയാത്ത അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍ അഴിഞ്ഞു വീണപ്പോള്‍ , സുരക്ഷിതബോധം തിരികെ വന്നപ്പോള്‍ വിശപ്പിന്റെ ബോധവും കലര്‍ന്നിരുന്നു. പുറത്തു വന്നു ശരീരം ആകെയൊന്നു അകത്തേക്ക് വളച്ചു, ഒന്ന് കുടഞ്ഞു. ഇരുന്നു പിന്‍കാലുയര്‍ത്തി താടി ചൊറിഞ്ഞു. തല ഇരുവശത്തേക്കും ശക്തിയായി ആട്ടികൊണ്ട് കാതുകള്‍ കവിളില്‍ അടിപ്പിച്ചു ഒന്ന് ശബ്ദമുണ്ടാക്കി. ഇല്ല, എവിടെ നിന്നും പ്രതികരണമില്ല .

കുടലുരുക്കിയ വിശപ്പ്‌ മണം പിടിക്കാന്‍ പ്രേരിപ്പിച്ചു. ചോരയുടെ ഗന്ധം ! കിണറ്റിനപ്പുത്തു നിന്നാണ്. ഇളകിയ ഈറന്‍ മണ്ണിനടുത്ത് “തൂമ്പ” ഇരിക്കുന്നത് കണ്ടു. കുഴിച്ചിട്ടത് കോഴിക്കഷ്ണമാകുമോ ? ഇത്രയും കഷ്ടപ്പെടുത്തിയതിന് ഈശ്വരന്‍റെ സമ്മാനം ? മുന്‍കാലുകളാല്‍ മണ്ണിളക്കി മാന്തിയെടുത്തു. കുറച്ചു താഴ്ന്നപ്പോള്‍ രക്തത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലടിച്ചു, ആര്‍ത്തിയോടെ തുണിക്കെട്ട് പല്ലുകളില്‍ കോര്‍ത്ത്‌ പുറത്തേക്കു വലിച്ചു. തെറിച്ചുവീണ തുണിതുണ്ടിനുള്ളില്‍ നിന്നും ഒരു മാംസക്കഷ്ണം.! അല്ല ! 
ഇത്..... ഇതൊരു മനുഷ്യകുഞ്ഞല്ലോ..... 
ചോരക്കുഞ്ഞ് ......

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...