ടി. കെ. ഉണ്ണി
ഓണക്കാലത്ത് മാവേലി മന്നന്‍ മലയാളക്കരയിലെ തന്റെ പ്രജകളുടെ
ക്ഷേമാന്വേഷണത്തിന്നായി അങ്ങ് പാതാളത്തില്‍ നിന്നും ഈ ഭൂമിമലയാളത്തില്‍
എത്തുന്നുവെന്ന സങ്കല്പത്തില്‍ നമ്മള്‍ ആഘോഷത്തില്‍ ആറാടുന്നത് പതിവാണല്ലോ.!
താന്‍ തന്നെയാണ് ഭൂമി മലയാളത്തെ ഇപ്പോഴും ഭരിച്ചു രമിച്ചുകൊണ്ടിരിക്കുന്നതെന്നു
പാവം മാവേലി ധരിച്ചു വശായതുകൊണ്ടാകുമോ അദ്ദേഹത്തിന്റെ ഈ എഴുന്നുള്ളത്ത്.!
അതോ ഭൂമിമലയാളത്തിന്റെ കഥകള്‍ അറിയാതെ ആട്ടം കാണാന്‍ എത്തുകയാണോ
കോമാളിയായ മാവേലി.! അദ്ദേഹം വാമനനെ പാതാളത്തില്‍ വെച്ച് കണ്ടിരുന്നുവെങ്കില്‍
(അസുരഭില) സുരഭില (അസുന്ദര) സുന്ദരമായ മലയാളക്കരയിലെ പ്രജകളുടെ സ്വര്‍ഗ്ഗീയ
(അസുഖ) സുഖാസ്വാദനം അനുഭവിച്ചറിയാന്‍ വരില്ലായിരുന്നു.!
ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പ്രജാതല്പരരായ അധികാരി വര്‍ഗ്ഗവും ഭൂലോക
സമ്പല്‍സമൃദ്ധിയുടെ പല്ലക്കേറിയ കൊടിയ ചൂഷകമര്‍ദ്ദകവര്‍ഗ്ഗവും ചേര്‍ന്ന് പ്രജാക്ഷേമ
തല്പരനല്ലാത്ത വാമന വിനാശകനെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയ കാര്യം
പാവം മാവേലി അറിഞ്ഞിട്ടില്ലെന്ന് വരുമോ.?
സന്ദേഹിക്കാതിരിക്കുന്നത് എങ്ങിനെ.?
ഓണാഘോഷം വിഡ്ഢിപ്പെട്ടിക്കുള്ളിലെ മാന്ത്രികവിദ്യകളായി ഒതുക്കപ്പെട്ട ഇക്കാലത്തും
നമ്മുടെ മനസ്സിന്റെ ഭരിക്കപ്പെടാനുള്ള അഭിവാഞ്ചയുടെ മോഹതരംഗമാണ് മിഥ്യകളായ
ഐതിഹ്യ രൂപങ്ങളിലൂടെ നമ്മുടെ ഉപബോധ തലതില്‍നിന്നും ബോധതലതിലേക്ക്
പരിണമിക്കുന്നത്. പ്രജാതല്പരനായ ഭരണാധികാരി ഇന്നിന്റെ മിഥ്യയാണ്. നാമതിനെ ഒരു
ദിവസമെങ്കിലും താലോലിക്കുന്നു. അത് നമ്മുടെ മനസ്സിന്റെ പരാശ്രയ ഭാവത്തെ സാധൂകരിക്കുന്നു.
ഭരണാധികാര തല്‍പരരായ പ്രജകള്‍ എന്ന പാഷാണപരതയില്‍ അഭിരമിക്കുന്ന ഒരു വര്‍ഗ്ഗമായി
നാം രൂപാന്തരപ്പെട്ടതില്‍ അഭിമാന പുളകിതരായി നാം വിഡ്ഢിപ്പെട്ടിക്കു മുമ്പിലിരിക്കുന്നു.!
നമ്മുടെ ചിന്തകള്‍ക്ക് വിലങ്ങുകളിട്ടുകൊണ്ട് ...
കീഴ്പെട്ടുകൊണ്ട് ...
ആശ്രിതരായിക്കൊണ്ട് ...
മറിച്ച് ആവാന്‍ സാധിക്കാത്ത സാഹചര്യങ്ങളെ നാം സ്വായത്തമാക്കിക്കൊണ്ട്.!
അന്ന് പ്രജാതല്പരനായ മാവേലിയെ വാമനന്‍ ചവുട്ടിത്താഴ്ത്തി ..
പ്രജകള്‍ സന്തോഷിച്ചുവോ ..
മാവേലി സന്തോഷിച്ചുവെന്നത് മിഥ്യയാണോ
അതോ വാമനദേവന്‍ മാത്രമാണോ സന്തോഷിച്ചത് ?
അല്ലെങ്കില്‍ മാവേലിമന്നനെ വാമനപ്രഭു പാതാളത്തിലേക്ക് അയച്ചത് മുതല്‍ പ്രജകളുടെ
സന്തോഷം സന്താപമായിക്കാണുമല്ലോ.!
ഭൂമി മലയാളത്തിലെ പ്രജകളുടെ സന്താപം കണ്ടു അങ്ങിരുന്നു സല്ലപിക്കാനാണോ വാമനദൈവം
ഇപ്പണി പറ്റിച്ചത് .!
മനസ്സായ മാവേലിയെ അന്ധകാരത്തിലേക്ക് (പാതാളത്തിലേക്ക് ) ചവിട്ടിത്താഴ്ത്തി
വാമനരൂപമായ ശരീരത്തില്‍ കുറി വരയ്ക്കുന്ന നമ്മള്‍ ഇപ്പോള്‍ വിഡ്ഢി പ്പെട്ടിയിലെക്കും
ബമ്പര്‍ ബാനറുകളിലേക്കും നോക്കി കൂത്താടുന്നത് (ആഘോഷിക്കുന്നത് ) ആത്മവഞ്ചനയില്‍
കുറഞ്ഞതൊന്നുമല്ല ..!!