19 Aug 2012

അഞ്ചാംഭാവം

 ജ്യോതിർമയി ശങ്കരൻ

ഫുൾ സർക്കിൾ



"ലോകമെമ്പാടുമുള്ള സ്ത്രീകൾ ഒത്തൊരുമിയ്ക്കുകയാണെങ്കിൽ ലോകസമാധാനത്തിനായുള്ള ഏറ്റവും വലിയൊരു ശക്തിയായവർക്ക് മാറാനാകും” പൌരാവകാശപ്രവർത്തകനായിരുന്ന മാർട്ടിൻ ലൂതർ കിംഗിന്റെ വിധവ കോറെറ്റ സ്കോട്ട് കിംഗിന്റെ വാക്കുകളാണിവ. അതിശയോക്തി ഉണ്ടെന്നു തോന്നിയില്ല. അസംഭവ്യമെന്നും. പിന്നെ എന്തു കൊണ്ടതു സംഭവിയ്ക്കുന്നില്ല? അതിനു വേണ്ട സമർപ്പണ മനോഭാവം സൃഷ്ടിയ്ക്കാൻ നമുക്കു കഴിയാതെ പോകുന്നത് തന്നെ കാരണം എന്നു തോന്നാറുണ്ട്. ഇതു തന്നെയല്ലേ  ഇന്ത്യൻ സ്ത്രീകളുടെ കാര്യത്തിലും സംഭവിയ്ക്കുന്നത്? ഒത്തൊരുമിച്ച് നിന്നു തങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെ ചെറുക്കണമെന്ന ശക്തമായ വിചാരം ചോർന്നൊലിച്ചു പോകുന്നതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.കേരളത്തിലെ സ്ത്രീപീഡനങ്ങളെക്കുറിച്ചറിയാനിടയായ ആദ്യ വനിതാ പോലീസ്  ഡയറക്റ്റർ ജനറൽ കാഞ്ചൻ ചൌധരി ഭട്ടാചാര്യ ആശ്ചര്യം പ്രകടിച്ചപ്പോൾ  പൂർണ്ണ സാക്ഷരരെന്ന് രാജ്യത്തിനു മുന്നിൽ ഊറ്റം കൊള്ളുന്ന കേരളീയർക്കെല്ലാം തന്നെ ഒരൽ‌പ്പം നാണക്കേട് സ്വയം തോന്നാതിരുന്നു കാണുമോ?
സ്ത്രീകൾക്കെതിരായുള്ള ലൈംഗികാതിക്രമങ്ങൾ വളരെയേരെ വർദ്ധിച്ചു വരുന്നുവെന്ന സത്യത്തെ നമുക്കിനി മറച്ചു പിടിയ്ക്കാനാവില്ല. ഒരു ദിവസത്തെ പത്രമെടുത്തു നോക്കിയാലറിയാം ബസ്സിലും ട്രെയിനിലും, റോഡിലും , ഓഫീസുകളിൽ‌പ്പോലും സുരക്ഷിതയല്ലാത്ത സ്ത്രീയുടെ വേദന. ഒരു പക്ഷെ കണ്ടു നിൽക്കുന്നവരുടെ നിസ്സഹകരണമനോഭാവം സ്ത്രീയെ കൂടുതൽ ദു:ഖിപ്പിയ്ക്കുന്നുവെന്നു പറയുന്നതായിരിയ്ക്കും ശരി. കഴിഞ്ഞ ദിവസം തൃശ്ശൂർ റെയിൽ വേ സ്റ്റേഷനിൽ നേത്രാവതി എക്സ്പ്രസ്സിനെ തടഞ്ഞ് സ്ത്രീകൾ തന്നെ തീവണ്ടികളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ വർദ്ധിയ്ക്കുന്നതിലെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ സത്യമായും സന്തോഷം തോന്നി. കോറെറ്റ സ്കോട്ട് കിംഗിന്റെ വാക്കുകൾ ഓർക്കാനും അതു തന്നെ കാരണം. ഒത്തൊരുമിയ്ക്കാനുള്ള ശീലം വളർത്തിയെടുക്കുന്നതിലെ ആദ്യപടിയായി ഇതു മാറിയെങ്കിൽ എന്നും അറിയാതെ ആശിച്ചു പോയി.
സ്ത്രീയെന്നും അഗ്നിയാണ്. അവൾക്കുളിലൊളിഞ്ഞു കിടക്കുന്ന  ജ്വാലകളെ പ്രതികൂല സാഹചര്യങ്ങളിൽ പുറത്തെടുക്കുവാനുള്ള  അവളുടെ കഴിവ് അപാരം തന്നെയാണ്. പക്ഷേ സ്വരക്ഷയ്ക്കായി അതിനെ ഉപയോഗിയ്ക്കാനവൾ മടിയ്ക്കുന്നെന്നു മാത്രം. സ്വന്തം സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുക തന്നെയാണ് ആദ്യം വേണ്ടത്. എവിടെ സുരക്ഷിതയാണെന്നും എവിടെ തന്റെ രക്ഷയെക്കുറിച്ചു താൻ കൂടുതൽ ബോധവതിയാകണമെന്നും അവൾ അറിഞ്ഞിരിയ്ക്കണം. സമൂഹത്തെ അതിരറ്റു ഭയക്കേണ്ട ആവശ്യമില്ലെന്നും തന്റെ അവകാശങ്ങളെ അറിഞ്ഞ് അതിനായി ശബ്ദമുയർത്തുന്നത് തികച്ചും സ്വാഭാവികമാണെന്നും അവൾ പഠിച്ചേ തീരൂ. പലപ്പോഴും ചോർന്നു പോകുന്ന ധൈര്യത്തെ തടഞ്ഞു ശബ്ദമുയർത്താൻ വേണ്ടുന്ന പിന്തുണയുടെ കുറവും പരിഹരിച്ചേ പറ്റൂ.
സാമ്പത്തിക ദൃഷ്ട്യാ കൈവരിയ്ക്കുന്ന സ്വാശ്രയത്വവും, വിദ്യാഭ്യാസവും,സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അറിവും നേടിക്കഴിഞ്ഞിട്ടും സ്ത്രീ  പീഡനങ്ങൾക്കിരയാകുന്നുണ്ട്. വീടിനകത്തും, ഓഫീസുകളിലും, യാത്രാവേളകളിലും മാത്രമല്ല ഈ പീഢനങ്ങൾ. യു.പി.യിലെ ഖുഷിനഗറിൽ പോലീസ് സ്റ്റേഷനകത്ത് വച്ചു നടന്ന കൂട്ട ബലാത്സംഗം നിയമപാലകരുടെ മറ്റൊരു മുഖത്തിനെയാണ് കാണിച്ചു തരുന്നത്. മുംബൈ, വെസ്റ്റ് ബംഗാൾ,ഗുജരാത്ത് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും കിട്ടുന്ന റിപ്പോർട്ടുകൾക്കു വല്യ വ്യത്യാസമില്ല. സന്ധ്യയാകുന്നതോടെ വിജനവും അസുരക്ഷിതവുമാകുന്ന തലസ്ഥാനനഗരി ഇന്ത്യയിലെത്തുന്ന ടുറിസ്റ്റുകൾക്കു കൂടി ഭീതി ജനകമായി മാറിയിരിയ്ക്കുന്നു. സ്ത്രീ സ്വയം അവളെ കാത്തു രക്ഷിയ്ക്കാൻ പഠിയ്ക്കാതിരിയ്ക്കുന്നിടത്തോളം നിയമവും നിയമപാലകരും കൈ കെട്ടി നോക്കി നിൽക്കുന്ന കാഴ്ച്ചക്കാർ മാത്രം. നിയമം പ്രാവർത്തികമാകണമെങ്കിൽ സ്ത്രീ നിശ്ശബ്ദമായി സഹിയ്ക്കുന്നതിനു പകരം ശബ്ദമുയർത്തി കൈ ചൂണ്ടാൻ പഠിയ്ക്കണം.
വേദോപനിഷത്തുക്കളിൽ സ്ത്രീ പരമോന്നത സത്യത്തിന്റെ വക്താവും സർവ്വപൂജ്യയുമായിരുന്നുവെന്നു നമുക്കു കാണാം.കാലപ്രയാണത്തിൽ  കൈമോശം വന്ന ഈ പുരുഷ-സ്ത്രീ സമത്വം തിരികെപ്പിടിയ്ക്കാൻ ഇന്നേറെ കഷ്ടപ്പെട്ടിട്ടും കഴിയുന്നില്ലെന്നതാണ് സത്യം.ഇതിനായി നിയമങ്ങൾ വന്നുകൊണ്ടെയിരിയ്ക്കുന്നില്ലെ
ന്നില്ല.സ്ത്രീകൾക്കെത്തിരെയുള്
ള അതിക്രമങ്ങൾ കുറയണമെങ്കിൽ അത്തരം കുറ്റങ്ങൾ ചെയ്യുന്നവരെ നിർദ്ദാക്ഷിണ്യം കഠിനശിക്ഷാർഹരാക്കണം. നിയമത്തിന്റെ കള്ളപ്പഴുതുകൾ കണ്ടെത്തി രക്ഷപ്പെടാനവരെ അനുവദിയ്ക്കാതിരിയ്ക്കണം. സ്ത്രീകൾ തന്നെ അത്തരം നിയമനിർമ്മാണങ്ങളിലും അതിന്റെ നടപ്പാക്കലിലും ഭാഗഭാക്കാകണം.എന്നാൽ മാത്രമേ പെൺകുഞ്ഞുങ്ങളുള്ള അമ്മമാരുടെ തപിയ്ക്കുന്ന ഹൃദയത്തിൽ ഉരുണ്ടു കൂടുന്ന ആശങ്കകൾക്കൊരു മറുപടിയാകൂ.
(സ്ത്രീ ഒരു പൂർണ്ണവൃത്തം തന്നെ.സൃഷ്ടിയ്ക്കാനും പരിപാലനം ചെയ്യാനും പരിവർത്തനം ചെയ്യിയ്ക്കാനും അവൾക്കാകും-ഡയാന മേരിചൈൽഡ്.)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...