സൈനുദ്ദീന്‍ ഖുറൈഷി
തനിയെ തനിയെ
തനിച്ചിരിക്കുമ്പോഴുംഏകനല്ലെന്നയറിവാണെന്റെ ദുഃഖം.
മരിച്ച് മരവിച്ച പുഴക്കരയില്‍
തര്‍പ്പണമന്യമായനാഥമായ
പിതൃക്കളുടെ പ്രേതങ്ങളലയുന്നു.
പുലയാട്ട് മറന്നില്ലവരിപ്പോഴും; ചിലര്
പൊട്ടിക്കരയുന്നുമുണ്ട് കാതില്‍..!!
തനുവാകെയിരുള്‍ മൂടി തനിച്ചിരിക്കുമ്പോഴും
മുന്നിലൊരു മിന്നാമിനുങ്ങിന്‍ വെല്ലുവിളി..!
മോക്ഷം കിട്ടാത്തവരുടെ ബലിച്ചോറിനു മുന്നില്‍
പുലഭ്യം പുലമ്പുന്നുണ്ട് ബലിക്കാക്കകള്‍..!!
അറേബ്യയിലെ ചായക്കൂട്ടുകള്‍ പോലെ
കടം തിന്ന ചിന്തകളുടെ തൂങ്ങുന്ന പ്രേതങ്ങള്‍!!
കാമാന്ധരുടെ കഴുകന്‍ കണ്ണുകള്‍ കാണാതെ
ഉറ്റവര്ക്കരികില്‍ അലമുറയിടുന്ന പെണ്ണുങ്ങള്‍.
കരള്‍ മാന്തിപ്പറിക്കും കാഴ്ചകള്‍ മടുത്തു.
മുമ്പെങ്ങോ ചതുപ്പില്‍ താഴ്ന്ന് ചത്ത
പകുതി ചീഞ്ഞൊരൊട്ടകത്തിന്‍ നാറ്റം
മുറിക്കുള്ളില്‍ മാധ്യമപ്പെട്ടിയില്‍ മലം
തിരയുന്ന വെളുത്ത തെരുവ്പന്നികള്‍..!
വിഴുപ്പ് ചുമന്ന് ചിരിച്ച് നീങ്ങുന്ന
നടു വളഞ്ഞ ബുദ്ധിയുള്ള കഴുതകള്‍..!
ദൃശ്യത്തില്‍, ഉടുത്തിട്ടും നാണം മറയാത്ത
ചുളുക്കുകളില്ലാത്ത ശുഭ്ര വസ്ത്രങ്ങള്‍..!
തിന്നത് ഛര്‍ദ്ധിച്ചും ഛര്‍ദ്ധിച്ചത് തിന്നും
അനുസ്യൂതമോക്കാനിക്കും വിടുവായകള്‍..!
വിധേയത്വത്താല്‍ നടുവളഞ്ഞ സമൂഹം..!
അഥിതികളകത്തമ്മ വാഴും പള്ളിയറകള്‍..!
നഗ്നപ്രജകള്‍ക്കിടയില്‍ വസ്ത്രമണിഞ്ഞവരെ
തൂക്കിലേറ്റുന്ന ജനാധിപത്യം..! കുരിശുകള്‍
വിറ്റ് കോടികള്‍ കൊയ്യുന്ന പാപികള്‍..!!
മാഞ്ഞ് പോകുന്നില്ലൊരു കാഴ്ച പോലും
തേഞ്ഞ് പോകുന്നില്ലൊരു വാക്ക് പോലും
കൂടിളകിയ കടന്നലുകളീ ചിന്തകളെപ്പോഴും
തനിയെ തനിയെ തനിച്ചിരിക്കുമ്പോഴും
ഏകനല്ലെന്ന അറിവാണെന്‍റെ ദുഃഖം..!