19 Aug 2012

പെരുംകള്ളന്‍

അനീഷ് പുതുവലിൽ

തിരക്കേറിയ നഗരത്തിലെങ്ങാനും 
ഒരു അപ്പൂപ്പന്‍ താടിയെ കണ്ടിരുന്നോ 
കാറ്റെന്ന പഹയന്‍ പണ്ട് 
കട്ടോണ്ട് പോയതാണ് 

വഴിയിലെങ്ങാനും കണ്ടാല്‍ പറയണേ 
തിരിച്ചറിയാനെളുപ്പമാണ് 

അമ്മിഞ്ഞ പാലിനായി
ഉറക്കെ കരയാനറിയാം
മുറ്റത്തെ മണ്ണ് 
വാരി തിന്നാനറിയാം

മുത്തശിക്കൊപ്പം പലഹാരം കക്കാനും 
മഞ്ചാടി പെറുക്കി പല്ലാങ്കുഴി നിരത്താനും 
മണ്‍പാതയില്‍ ഗോട്ടി കളിക്കാനും 
ഓലപ്പന്തോണ്ട് ഉന്നമെറിയാനുമറിയാം

തോട്ടു വെള്ളം കലക്കി 
മേത്തു ചേറ്  പുരട്ടാനും 
വട്ടില്‍ കള്ളം ചേര്‍ത്ത് 
കൂട്ടരുമായി തല്ലുകൂടാനും 
പേമാരിയില്‍ ഓട്ടുവെള്ളത്തില്‍ 
കളി വള്ളമിറക്കാനും
പുലരിത്തണുപ്പില്‍ പുതപ്പിനുള്ളില്‍ 
ചുരുണ്ട് കൂടാനുമറിയാം 

വല്യമ്മാവന്‍റെ മോളെ 
നുള്ളി ചുമപ്പിക്കാനും 
നൊന്തു കരയുമ്പോള്‍ 
മുത്തം കൊടുക്കാനുമറിയാം
അച്ഛന്റെ തല്ലു കൊള്ളാതെ
അമ്മയ്ക്ക് പിന്നില്‍ 
ഒളിക്കാനുമറിയാം

അവനൊറ്റ  സംശയമേയുള്ളു 
`പന്ത്രണ്ടാം വയസ്സില്‍
തെക്കേലെ ജാനൂട്ടിക്കും 
വല്യമ്മാവന്‍റെ മോള്‍ക്കും 
എന്തിനാ എല്ലാരും പലഹാരോം 
പുത്തന്‍ തുണിയും 
പൊന്നും വാങ്ങികൊടുത്തേന്നു !! `

എനിക്ക് മീശ കുരുത്തപ്പോഴാണ് 
ആ ചതിയന്‍ കാറ്റ് അവനെ 
തട്ടി എടുത്തത് 

അവനെ കണ്ടാല്‍ അറിയിക്കണേ 
എന്റെ മേല്‍വിലാസോം കൊടുക്കണേ 

വരില്ല 
എത്ര വിളിച്ചാലും വരില്ല 
കാറ്റിനോട് പ്രണയമാണ് പോലും 
കള്ളന്‍ പെരുംകള്ളന്‍ 

                                                     

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...