Skip to main content

ചാത്തന്‍ മുത്തപ്പന്‍, കള്ള്, ബീഡി

സുനിൽ എം.എസ്


കഥയല്‍പ്പം നീളമുള്ളതാണ്, ക്ഷമിയ്ക്കുക.
ഞാന്‍ ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് അച്ഛനു ലീവില്‍ വരാനൊത്തത്. വന്നയുടനെ അച്ഛനെന്നെ കോരിയെടുത്തു. ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് എന്‍റെ കവിളില്‍ തെരുതെരെ ഉമ്മവച്ചു.
ആറടി പൊക്കമുള്ള അച്ഛന്‍റെ ഭീമാകാരവും കൊമ്പന്‍മീശയും പരുക്കന്‍ശബ്ദവും കണ്ടു ഞാന്‍ ഞെട്ടിവിറച്ചു, കരഞ്ഞു.
അച്ഛനെന്നെ ആകാശത്തേയ്ക്കുയര്‍ത്തിപ്പിടിച്ചു കൊണ്ട് ഉറക്കെച്ചിരിച്ചു. ഞാന്‍ കാറി നിലവിളിച്ചു.
“നിങ്ങളെന്‍റെ കുഞ്ഞിനെ പേടിപ്പിച്ചു,” അമ്മ ചിരിച്ചു കൊണ്ട് അച്ഛനെ കുറ്റപ്പെടുത്തി.
‘എന്‍റെ കുഞ്ഞിനെ’ എന്ന പ്രയോഗത്തിലെ നര്‍മ്മം ആസ്വദിച്ച് അച്ഛന്‍ വീണ്ടും ചിരിച്ചു. വായുവില്‍ , അച്ഛന്‍റെ കൈകളില്‍ ഉയര്‍ന്നിരുന്നുകൊണ്ട് ഞാന്‍ വീണ്ടും കരഞ്ഞു.
അന്നു മുതല്‍ എനിയ്ക്ക് അച്ഛനെ ഭയമായിരുന്നു.
അച്ഛനൊരു പട്ടാളക്കാരനുമായിരുന്നു.
എന്നാല്‍ ഞാനന്നു ഭയപ്പെട്ട പോലെ അച്ഛനത്ര അപകടകാരിയായിരുന്നില്ലെന്നു പിന്നീടു തെളിഞ്ഞു.
അച്ഛന്‍ ലീവില്‍ വരുമ്പോഴൊക്കെ ഒരുത്സവപ്രതീതിയായിരുന്നു, വീട്ടില്‍ . അച്ഛന്‍റെ ശബ്ദവും ഉച്ചത്തിലുള്ള ചിരിയും വീട്ടില്‍ മുഴങ്ങിയിരുന്നു.
അച്ഛന്‍റെ സന്തത സഹചാരിയായിരുന്നു, ബാലന്‍ചേട്ടന്‍ . എന്തിനും ഏതിനും അച്ഛന്‍ ബാലന്‍ചേട്ടനെ വിളിച്ചിരുന്നു. ‘ബാലാ, നമുക്കവിടം വരെയൊന്നു പോയാലോ?’, ‘ബാലാ, നമുക്കങ്ങനെയൊന്നു ചെയ്താലോ?’
എന്നൊക്കെ അച്ഛന്‍ ചോദിയ്ക്കുമ്പോള്‍ , ‘അതിനെന്താ എളേച്ചാ, ഇപ്പൊത്തന്നെ പൊയ്ക്കളയാം,’ അല്ലെങ്കില്‍ ‘ഇപ്പൊത്തന്നെ ചെയ്തുകളയാം’ എന്നു പറഞ്ഞ്, തോര്‍ത്തുമുണ്ടെടുത്തു തലയിലൊരു കെട്ടും കെട്ടി, അക്ഷരാര്‍ത്ഥത്തില്‍ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും, ബാലന്‍ചേട്ടന്‍ .
അച്ഛന്‍റെ ആരാധകനായിരുന്നു, ബാലന്‍ചേട്ടന്‍. ‘എളേച്ചന്‍ ചാടി ഒരടി അടിച്ചപ്പഴയ്ക്കും എതിരാളികള് ചെതറിയോടി…” സ്കൂള്‍മൈതാനത്ത് അച്ഛന്‍ വോളികളിച്ച കാര്യം ഒരു വീരസാഹസികതയെ എന്നോണമാണ് ബാലന്‍ചേട്ടന്‍ വര്‍ണ്ണിയ്ക്കുക.
ലീവു തീര്‍ന്ന്‍, അച്ഛന്‍ മടങ്ങിപ്പോകുമ്പോള്‍ ഏറ്റവുമധികം സങ്കടം ബാലന്‍ചേട്ടന്നായിരുന്നു. അച്ഛന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മയും അച്ഛമ്മയും കരയും. ബാലന്‍ചേട്ടന്‍ അച്ഛന്‍റെ കൂടെ റെയില്‍വേ സ്റ്റേഷന്‍ വരെ പോകും. അച്ഛന്‍റെ ട്രെയിന്‍ ദൂരെ നിന്നു വരുന്നതു കാണുമ്പോഴേ ബാലന്‍ചേട്ടന്‍റെ കണ്ണു നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ടാകും. പെട്ടിയും ഹോള്‍ഡാളും ട്രെയിനിലേയ്ക്കു കയറ്റി വച്ചു കൊടുത്ത്, ട്രെയിന്‍ നീങ്ങിത്തുടങ്ങുമ്പോഴേയ്ക്കും ബാലന്‍ചേട്ടന്‍ ഏന്തിഏന്തിക്കരയുന്നുണ്ടാകും.
വലിയച്ഛന്‍റെ, അതായത് അച്ഛന്‍റെ മൂത്ത ജ്യേഷ്ഠന്‍റെ, മകനായിരുന്നു ബാലന്‍ചേട്ടന്‍ .
‘നമുക്കൊന്നു കലശം വച്ചാലോ, ബാലാ?’ ലീവില്‍ വന്നിരിയ്ക്കെ അച്ഛനൊരിയ്ക്കല്‍ ചോദിച്ചു.
‘അതിനെന്താ എളേച്ചാ, നമുക്കു കലശം വച്ചു കളയാം’, ബാലന്‍ചേട്ടന്‍റെ മറുപടി ഉടന്‍ വന്നു.
വളരെക്കാലം കൂടുമ്പോഴേ വീട്ടില്‍ കലശം വയ്ക്കാറുണ്ടായിരുന്നുള്ളു. കലശം വയ്ക്കല്‍ ലഘുവായൊരു പൂജയായിരുന്നു. ‘ചാത്തന്‍ മുത്തപ്പന്‍ ‘ ആയിരുന്നു ദേവന്‍ . മഹാവിഷ്ണു, പരമശിവന്‍ ‍, ശ്രീകൃഷ്ണന്‍ സുബ്രഹ്മണ്യന്‍ , ഗണപതി, എന്നിങ്ങനെ പോപ്പുലാരിറ്റി ചാര്‍ട്ടില്‍ ഏറ്റവും ഉന്നതമായ സ്ഥാനം സ്ഥിരമായി കയ്യടക്കി വച്ചിരുന്ന ഈശ്വരന്മാരേക്കാള്‍ കൂടുതല്‍ പ്രചാരം, ഞങ്ങളുടെ നാട്ടിലെ വീടുകളില്‍ , അക്കാലത്ത്, ചാത്തന്‍ മുത്തപ്പന്ന്‍ ആയിരുന്നു. ‘എന്‍റെ ചാത്തന്‍ മുത്തപ്പാ, രക്ഷിയ്ക്കണേ’യെന്നും, ‘ചാത്തന്‍ മുത്തപ്പന്‍ കാത്തു’ എന്നും ഇടയ്ക്കിടെ പലരും പറഞ്ഞു കേള്‍ക്കുക പതിവുമായിരുന്നു.
പ്രശസ്തദൈവങ്ങള്‍ അമ്പലങ്ങള്‍ക്കകത്തു കുടിയിരിയ്ക്കുമ്പോള്‍ , ഞങ്ങളുടെ നാട്ടിലെ സാധാരണക്കാരുടെ വീടുകള്‍ക്കുള്ളില്‍ സ്ഥിരസാന്നിദ്ധ്യമുള്ളൊരു ദൈവമായിരുന്നു, ചാത്തന്‍ മുത്തപ്പന്‍ .
പ്രതിസന്ധികളൊഴിവാക്കാന്‍ ചാത്തന്‍ മുത്തപ്പനു മുന്‍കൂറായി നല്‍കുന്ന പൂജയായിരുന്നു, കലശം വയ്പ്പ്.
വറുത്ത അരിപ്പൊടിയില്‍ ശര്‍ക്കര ചേര്‍ത്തുണ്ടാക്കിയ കലശപ്പൊടിയായിരുന്നു കലശം വയ്ക്കാനൊരുക്കിയിരുന്ന വിശിഷ്ടവിഭവങ്ങളില്‍ എനിയ്ക്കേറ്റവും ആകര്‍ഷണമുണ്ടായിരുന്നത്. കലശപ്പൊടിയും കോഴിയിറച്ചിയും കള്ളും മറ്റു ചില ഭോജ്യവസ്തുക്കളും ഒരു മുറിയില്‍ ചാത്തന്‍ മുത്തപ്പന്‍റെ ഒരു പ്രതീകത്തിനു മുന്‍പില്‍ വച്ചു വിളക്കുകൊളുത്തി പൂജിയ്ക്കുന്നു. ബാലന്‍ചേട്ടന്‍ തന്നെയാണ് പൂജ നടത്തുക.
ബാലന്‍ചേട്ടന് അത്യാവശ്യമുള്ള ചില മന്ത്രങ്ങളും അറിയാമായിരുന്നു.
പൂജ കഴിഞ്ഞു പുറത്തിറങ്ങിയ ഉടന്‍ ബാലന്‍ ചേട്ടന്‍ മുറിയുടെ വാതിലടയ്ക്കുന്നു. ഭക്തജനങ്ങള്‍ മുറിയ്ക്കു പുറത്തു ഭക്തിപുരസ്സരം കാത്തു നില്‍ക്കുന്നു. ഈ സമയം ചാത്തന്‍ മുത്തപ്പന്‍ മുറിയില്‍ പ്രവേശിച്ച് വിഭവങ്ങള്‍ ഭുജിച്ച് നമ്മെ അനുഗ്രഹിയ്ക്കുന്നുവെന്നാണ് സങ്കല്‍പം.
ശര്‍ക്കരയുടെ മധുരമുള്ള കലശപ്പൊടി ചാത്തന്‍മുത്തപ്പന്‍ തിന്നു തീര്‍ത്തിട്ടുണ്ടാകുമോ എന്നൊരു ശങ്ക എനിയ്ക്കുണ്ടായത് ഓര്‍മ്മയുണ്ട്. വാതില്‍ തുറന്നയുടനെ കലശപ്പൊടിയില്‍ എത്രത്തോളം കുറവു വന്നുവെന്നു ഞാനന്നു പരിശോധിച്ചു. അതിലൊരു കുറവും കാണാഞ്ഞതോടെ എനിയ്ക്കാശ്വാസമായി.
ചാത്തന്‍ മുത്തപ്പന് കലശപ്പൊടിയോട് വലിയ താത്പര്യമില്ലായിരുന്നെന്നു ഞാന്‍ മനസ്സിലാക്കി. കലശപ്പൊടിയോടൊപ്പം വച്ചിരുന്ന മറ്റു പൂജാവിഭവങ്ങളില്‍ വിശിഷ്ടമായ ഒന്നായിരുന്നു, കള്ള്. ഒരു ചെറിയ മണ്‍കലം നിറയെ.
തെങ്ങു ചെത്താന്‍ വരുന്ന ഭദ്രന്‍ ചേട്ടന്‍ തെങ്ങില്‍ നിന്നിറങ്ങി വരുന്നതും കാത്ത്, ബാലന്‍ ചേട്ടന്‍ മണ്‍കലവുമായി നില്‍ക്കും. ഇറങ്ങി വന്നയുടനെ ഭദ്രന്‍ ചേട്ടന്‍ മാട്ടം ചരിച്ച് ബാലന്‍ ചേട്ടന്‍റെ മണ്‍കലത്തിലേയ്ക്കൊഴിച്ചു കൊടുക്കും. നല്ല ഇളംകള്ള്. കലശത്തിനുള്ളതായതു കൊണ്ട് ഭദ്രന്‍ ചേട്ടന്‍ കാശു വാങ്ങുകയില്ല.
കള്ള് കൊതിപ്പിയ്ക്കുന്നൊരു വസ്തുവാണെന്നു പറഞ്ഞു കേള്‍ക്കാറുണ്ടായിരുന്നു. എങ്കിലും ബാലന്‍ ചേട്ടന്‍ വിരല്‍ കൊണ്ട് കള്ളില്‍ തൊട്ടു നുണയുക പോലും ചെയ്യില്ല. ബാലന്‍ചേട്ടന്‍ മാത്രമല്ല, മറ്റാരും. ആ കള്ള് ചാത്തന്‍ മുത്തപ്പന്നു നിവേദിയ്ക്കാനുള്ളതാണ്. ചാത്തന്‍ മുത്തപ്പന്‍ ആഗ്രഹപൂര്‍ത്തി വരുത്തി അനുഗ്രഹിച്ച ശേഷമേ ആരും ആ കള്ളില്‍ മാത്രമല്ല, മറ്റേതു വിഭവത്തിലും തൊടുകയുള്ളു. ചാത്തന്‍ മുത്തപ്പന്ന് ഉച്ഛിഷ്ടം കൊടുക്കാനിട വരരുതല്ലോ.
കള്ളുകുടിയന്‍മാരെ അന്നെനിയ്ക്കു ഭയമായിരുന്നു. ‘അയാളൊരു കള്ളുകുടിയാനാണ്’ എന്നു ചിലരെപ്പറ്റി പെണ്ണുങ്ങള്‍ അടക്കിപ്പിടിച്ച സ്വരത്തില്‍ പറയുന്നത് അക്കാലത്തു ഞാന്‍ കേട്ടിട്ടുണ്ട്.
കള്ളുകുടിയ്ക്കുന്നത്‌ ഒട്ടും നല്ല സ്വഭാവമല്ല എന്നായിരുന്നു അന്നത്തെ ധാരണ. അതുകൊണ്ട് കള്ളുകുടിയ്ക്കുന്ന ചാത്തന്‍ മുത്തപ്പന്‍ എന്ന ദൈവത്തോട് സമ്മിശ്രവികാരങ്ങളാണ് എനിയ്ക്കുണ്ടായിരുന്നത്.
കള്ളുകുടിയന്മാരെ ഭയപ്പെടുന്നതിന്നിടെ, കള്ളുകുടിയ്ക്കുന്നൊരു ദൈവത്തെ കള്ളു തന്നെ നിവേദിച്ചു പ്രീണിപ്പിയ്ക്കുന്നതിലെ വൈരുദ്ധ്യം നേരിയൊരാശങ്കയുടെ രൂപത്തില്‍ അന്നെന്‍റെ മനസ്സില്‍ കടന്നിരുന്നു. ആരും കാണാതെ ഭോജനം നടത്തി ചാത്തന്‍ മുത്തപ്പന്‍ പോയശേഷം വാതില്‍ തുറക്കുമ്പോള്‍ കലത്തിലെ കള്ളിന്‍റെ അളവില്‍ യാതൊരു മാറ്റവും ഉണ്ടാകാറില്ലെന്നതു തിരിച്ചറിയാന്‍ അന്നെനിയ്ക്കു കഴിഞ്ഞിരുന്നില്ല.
കള്ളിനെപ്പറ്റിയല്ല, കലശപ്പൊടിയെപ്പറ്റിയായിരുന്നല്ലോ എന്‍റെ വേവലാതി മുഴുവനും!
ചാത്തന്‍ മുത്തപ്പന്‍റെ സന്ദര്‍ശനം പ്രമാണിച്ച് വീട്ടില്‍ തത്തിനടന്നിരുന്ന കോഴികളില്‍ അരോഗദൃഢഗാത്രനായ ഒരെണ്ണം ആത്മാഹുതി ചെയ്തിട്ടുണ്ടാകും. ബാലന്‍ ചേട്ടനായിരിയ്ക്കും അതിന്‍റെ പിന്നിലെ പ്രേരകശക്തി.
നിഷ്കളങ്കനായിരുന്നു, ബാലന്‍ ചേട്ടനെങ്കിലും, കോഴികളോടുള്ള കരുണയേക്കാള്‍ വളരെക്കൂടുതലായിരുന്നു, അച്ഛനോടുള്ള ബാലന്‍ചേട്ടന്‍റെ ഭക്തി. കലശദിവസം രാവിലെ കോഴികളെ തുറന്നു വിടുമ്പോള്‍ , വലിപ്പമേറിയ ഒരെണ്ണം കുട്ടയുടെ അടിയിലാകുന്നു. ഇടയ്ക്കിടെ മറ്റു കോഴികള്‍ കുട്ടയുടെ ചുറ്റും നിന്ന്‍ കുട്ടയ്ക്കടിയിലെ ശബ്ദം ശ്രദ്ധിച്ചിരുന്നു. സുഹൃത്തിന്‍റെ അന്ത്യമടുത്തെന്ന്‍ അവര്‍ മനസ്സിലാക്കിയിരുന്നോ എന്തോ.
സമയമാകുമ്പോള്‍ , കുട്ടയ്ക്കടിയിലെ കോഴിയെ പിടികൂടി, വള്ളികൊണ്ട് അതിന്‍റെ കാലുകള്‍ കൂട്ടിക്കെട്ടി, അതിനെ നിഷ്പ്രയാസം തൂക്കിപ്പിടിച്ചു കൊണ്ട് പുറകുവശത്തെ മറവിലേയ്ക്കു ബാലന്‍ചേട്ടന്‍ പോകുമ്പോള്‍ , എന്‍റെ ഉള്ളു ചെറുതായി വിറയ്ക്കാന്‍ തുടങ്ങും, ഞാന്‍ പതുക്കെ രംഗം വിടും.
ചാത്തന്‍ മുത്തപ്പന്‍റെ സന്ദര്‍ശനം കഴിഞ്ഞാല്‍ , പിന്നെ വീടാകെ ഉണരുകയായി.
ചാത്തന്‍ മുത്തപ്പന്‍ അനുഗ്രഹിച്ചു വച്ച കള്ള് മുഖ്യമായും അച്ഛനാണു കുടിയ്ക്കുക. ഒരല്‍പ്പം ബാലന്‍ ചേട്ടനും കഴിയ്ക്കും. വലിയച്ഛനത് തൊടുക പോലും ചെയ്തിരുന്നില്ല.
കള്ള് അകത്തേയ്ക്കു ചെന്നാല്‍ , സ്വതവേ ഉച്ചത്തിലുള്ള അച്ഛന്‍റെ ചിരി അത്യുച്ചത്തിലാകുന്നു.
കള്ളു കുടിയ്ക്കുന്നവര്‍ അച്ഛനെപ്പോലെ ചിരിയ്ക്കുകയാണു ചെയ്യുക, പിന്നെയെന്തിന് അവരെ ഭയപ്പെടണം എന്നൊരു സംശയം എന്‍റെ മനസ്സില്‍ പില്‍ക്കാലത്ത് ഉദിച്ചിരുന്നു.
കള്ളുകുടിച്ചിരിയ്ക്കെ, ഒരിയ്ക്കല്‍പ്പോലും അച്ഛനു കോപം വന്നതായി ഞാന്‍ കണ്ടിട്ടില്ല.
ആകെ മൂന്നോ നാലോ തവണ മാത്രമേ അച്ഛന്‍ കള്ളു കുടിച്ചു കണ്ടിട്ടുള്ളു. അതും ചാത്തന്‍ മുത്തപ്പന്‍ കുടിച്ചനുഗ്രഹിച്ച കള്ളു മാത്രം. പട്ടാളക്കാരനായിരുന്നെങ്കിലും അച്ഛന്‍ വിദേശമദ്യം കൊണ്ടു വന്നതായോ കുടിയ്ക്കുന്നതായോ ഒരിയ്ക്കല്‍പ്പോലും ഞാന്‍ കണ്ടിട്ടില്ല.
ചാത്തന്‍ മുത്തപ്പന്‍ അനുഗ്രഹിച്ച കള്ള് ചെറിയൊരു ഗ്ലാസ്സില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അച്ഛനെന്നെ ക്ഷണിച്ചു, “കുട്ടാ, ദാ, ഇതു കുടിച്ചു നോക്ക്.”
ചുറ്റും കൂടിയിരുന്നവരെല്ലാം സ്തബ്ധരായിപ്പോയി. വീട്ടില്‍ നിശ്ശബ്ദത പരന്നു.
അച്ഛന്‍ വീണ്ടും ക്ഷണിച്ചു, “ദാ, കുടിയ്ക്ക്.”
എനിയ്ക്കനങ്ങാന്‍ പറ്റും മുന്‍പെ അമ്മ പൊട്ടിത്തെറിച്ചു: “ഇതെന്താണ്, നിങ്ങള് കൊച്ചിനെ കള്ളുകുടിപ്പിയ്ക്കാന്‍ പോവ്വാണോ?”
അമ്മയ്ക്ക് അച്ഛനെ ഇഷ്ടമായിരുന്നു. അച്ഛന്‍ പറയുന്നതെന്തും അമ്മ അനുസരിയ്ക്കുമായിരുന്നു. അമ്മ അച്ഛനെ എതിര്‍ത്തു കണ്ടിട്ടില്ല.
പക്ഷേ അന്നു മാത്രം അമ്മ അച്ഛനെ എതിര്‍ത്തു. അമ്മയുടെ പൊട്ടിത്തെറി കണ്ട് അച്ഛന്‍ പോലും സ്തംഭിച്ചു പോയി. അച്ഛന്‍ ശബ്ദം വീണ്ടെടുത്തപ്പോഴേയ്ക്കും അല്‍പ്പസമയം കഴിഞ്ഞിരുന്നു.
“എടോ, ഞാന്‍ കള്ളുകുടിയനാണോ?” അച്ഛന്‍ അമ്മയോടു ചോദിച്ചു.
“കൊച്ചിനെക്കൊണ്ടു കള്ളു കുടിപ്പിയ്ക്കണ്ട,” അമ്മ ഉറപ്പിച്ചു പറഞ്ഞു.
“എടോ, നമ്മടെ മകന്‍ മറ്റു വല്ലവരുടേം കയ്യില്‍ നിന്നു വാങ്ങിക്കുടിയ്ക്കുന്നതിലും നല്ലത് എന്‍റെ കയ്യില്‍ നിന്നു വാങ്ങിക്കുടിച്ചു നോക്കണതല്ലേ? അങ്ങനെയല്ലേ, ഓരോന്നിന്‍റേം ഗുണവും ദോഷവും തിരിച്ചറിയാന്‍ പറ്റൂ.”
“എന്നാലും…നാട്ടുകാരു കേട്ടാലെന്തു പറയും?”
ഏകമകനെ കള്ളുകുടിപ്പിയ്ക്കാനുള്ള ന്യായങ്ങള്‍ അച്ഛന്‍ ഒന്നൊന്നായി നിരത്തി വച്ചു. അമ്മ നിശ്ശബ്ദയായി.
അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ കള്ളുകുടിച്ചു.
അന്നു ഞാന്‍ മലയാളം അഞ്ചാം ക്ലാസ്സില്‍ നിന്നു ഇംഗ്ലീഷ് അഞ്ചിലേയ്ക്ക്, അതായത് ഫസ്റ്റിലേയ്ക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളു.
എനിയ്ക്കേറ്റവുംഇഷ്ടമുള്ള ഒന്നായിരുന്നു, പായസം. അതു പോലെ തന്നെ ഇഷ്ടമുള്ള മറ്റൊന്നായിരുന്നു ഇളനീര്‍ . ഇവ രണ്ടും എത്രകിട്ടിയാലും ഞാന്‍ മൂക്കറ്റം മോന്തും. ഇളനീര്‍ തെങ്ങില്‍ നിന്നു കിട്ടുന്നു. കള്ളും അങ്ങനെ തന്നെ. അതുകൊണ്ട് കള്ളിന് ഇളനീരിന്‍റെ തന്നെ രുചിയാണുണ്ടാകുകയെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍ .
അച്ഛന്‍ വച്ചു നീട്ടിയ കള്ള് ഒരു കവിള്‍ മാത്രമേ ഞാന്‍ കുടിച്ചുള്ളു. ഞാന്‍ തല കുടഞ്ഞു പോയി. ഇളനീരിന്‍റെ യാതൊരു സുഖവും കള്ളിനുണ്ടായിരുന്നില്ല. ഒരിറക്കു മാത്രം കുടിച്ച ശേഷം ഗ്ലാസ്സു ഞാന്‍ നിലത്തു വച്ചു, “നിയ്ക്കു വേണ്ടച്ഛാ” എന്നു പറഞ്ഞുകൊണ്ട് എഴുന്നേറ്റു.
അതുവരെ എന്‍റെ നേരേ കണ്ണുരുട്ടിക്കാണിച്ചിരുന്ന അമ്മയുടെ ശ്വാസം നേരെ വീണു.
അന്ന് ആഹാരം കഴിഞ്ഞയുടനെ അച്ഛന്‍ അടുത്ത ബോംബു കൂടി പൊട്ടിച്ചു. സിസേഴ്സ് സിഗററ്റിന്‍റെ പാക്കറ്റു തുറന്ന്‍ എന്‍റെ നേരേ നീട്ടിക്കൊണ്ട് അച്ഛന്‍ പറഞ്ഞു, “കുട്ടാ, ഒരെണ്ണം വലിച്ചു നോക്ക്.”
“ആ കൊച്ചിനെ എല്ലാ വേണ്ടാതീനങ്ങളും പഠിപ്പിയ്ക്കുകയാണല്ലോ, എന്‍റീശ്വരാ?” അമ്മ വീണ്ടും പ്രതിഷേധിച്ചു.
“കുട്ടനു വലിയ്ക്കണമെങ്കില്‍ എന്‍റെ സിഗററ്റെടുത്തു വലിച്ചോട്ടെ.”
അച്ഛന്‍റെ സിഗററ്റെടുത്തു വലിയ്ക്കാനുള്ള ലൈസന്‍സ് അങ്ങനെ ഫസ്റ്റില്‍ പഠിയ്ക്കുന്ന കാലത്ത് എനിയ്ക്കു കിട്ടി. പക്ഷേ, ലൈസന്‍സു കിട്ടിയെങ്കിലും ഞാനൊരിയ്ക്കലും അച്ഛന്‍റെ സിഗററ്റെടുത്തു വലിച്ചില്ല.
എങ്കിലും ഞാന്‍ പുക വലിച്ചു. അതും ഫസ്റ്റില്‍ പഠിയ്ക്കുമ്പോള്‍ത്തന്നെ.
അപ്പോഴേയ്ക്ക് അച്ഛന്‍ ലീവു തീര്‍ന്നു മടങ്ങിപ്പോയിരുന്നു. അമ്മ ഒന്നരക്കൊല്ലത്തെ ട്രെയിനിംഗിന്നായി തിരുവനന്തപുരത്തായിരുന്നു. ഞാന്‍ വലിയച്ഛന്‍റെ സംരക്ഷണയിലും.
വലിയച്ഛന്‍ ദിവസേന രണ്ടോ മൂന്നോ ബീഡി വലിയ്ക്കുമായിരുന്നു. ബീഡിപ്പാക്കറ്റും തീപ്പെട്ടിയും വലിയച്ഛന്‍റെ കട്ടിലിന്‍റെ തലയ്ക്കല്‍ സ്ഥിരമായുണ്ടായിരുന്നു.
ഒരു ദിവസം മുറിയില്‍ ആരുമില്ലാത്ത സമയത്ത് ഞാനൊരു ബീഡിയെടുത്തു കത്തിച്ചു ശക്തിയായി വലിച്ചു. പുക അകത്തു ചെന്നയുടനെ ഞാന്‍ ചുമച്ചു. ചുമച്ചു ചുമച്ച് കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളമൊഴുകി.
ബീഡി ഞാന്‍ മുറ്റത്തേയ്ക്കു വലിച്ചെറിഞ്ഞു.
എന്‍റെ ചുമ കേട്ട് അച്ഛമ്മ ഓടി വന്ന്‍, പരിഭ്രമത്തോടെ എന്നെ മാറോടടക്കിപ്പിടിച്ചു, “എന്തു പറ്റി, കുട്ടാ നിനക്ക്?”
“അച്ഛമ്മേ, എനിയ്ക്കൊന്നൂല്യ…,” ചുമയ്ക്കിടയില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചു.
വലിയച്ഛന്‍റെ ബീഡി ഞാന്‍ കത്തിച്ചു വലിച്ചുവെന്ന്‍ അച്ഛമ്മയോടെങ്ങനെ പറയും!
വലിയച്ഛനെ കെട്ടിപ്പിടിച്ചാണ് രാത്രി ഞാന്‍ കിടക്കാറ്. അച്ഛനേക്കാളും അമ്മയേക്കാളും എനിയ്ക്കു കൂടുതലിഷ്ടം വലിയച്ഛനോടായിരുന്നു. സ്നേഹനിധിയെന്ന വാക്കു കേള്‍ക്കുമ്പോള്‍ വലിയച്ഛനെയാണ് ഇപ്പോഴും ഓര്‍ത്തു പോകുക.
വലിയച്ഛന്‍ കഥ പറഞ്ഞു തരും. വലിയച്ഛനു ഒരുപാടു കഥകളറിയാമായിരുന്നു. വലിയച്ഛന്‍റെ മാറോടു പറ്റിച്ചേര്‍ന്ന്‍, ഇടയ്ക്ക് വലിയച്ഛന്‍റെ ദേഹത്തു കാലുമെടുത്തു വച്ച് കഥയും കേട്ടങ്ങനെ കിടക്കും. കഥ കേട്ടുറങ്ങിപ്പോകാറാണു പതിവ്. പ്രത്യേക മാര്‍ദ്ദവമുള്ള ഒരു സ്വരത്തില്‍ വലിയച്ഛന്‍ കഥ പറഞ്ഞു കൊണ്ടിരിയ്ക്കും.
ബീഡി വലിച്ചയന്നു രാത്രി വലിയച്ഛനോടു ചേര്‍ന്നു കിടന്നു കഥ കേള്‍ക്കുമ്പോള്‍ ചുമ മാറിയിരുന്നെങ്കിലും മറ്റെന്തോ ഒരസ്വസ്ഥത തോന്നിയിരുന്നു. ബീഡിയെടുത്ത കാര്യം വലിയച്ഛന്‍ മനസ്സിലാക്കിക്കഴിഞ്ഞിരിയ്ക്കുമോ? അതേപ്പറ്റി വലിയച്ഛന്‍ ഒന്നും ചോദിച്ചിട്ടുമില്ല.
മിയ്ക്കവാറും വലിയച്ഛനത് അറിഞ്ഞിട്ടുണ്ടാവില്ല.
വലിയച്ഛനതറിഞ്ഞാല്‍ എന്തായിരിയ്ക്കാം ചെയ്യുക? വലിയച്ഛന്‍ തല്ലിയാലും അതിശയിയ്ക്കാനില്ല. അച്ഛന്‍റെ മൂത്ത ജ്യേഷ്ഠനാണു വലിയച്ഛന്‍ . അച്ഛന്‍ കുഞ്ഞായിരുന്നപ്പോള്‍ വലിയച്ഛന്‍ അച്ഛനെ എടുത്തു കൊണ്ടു നടന്നിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. അച്ഛനെ വരെ വലിയച്ഛനു തല്ലാമായിരുന്ന നിലയ്ക്ക് വലിയച്ഛനു എന്നെയും തല്ലാം.
വലിയച്ഛന്‍ എങ്ങനെയായിരിയ്ക്കും തല്ലുക? കൈ കൊണ്ടോ? അതോ ചൂരല്‍ കൊണ്ടോ?
സ്കൂളിലെ പത്മനാഭന്‍ മാഷ്‌ നീളമുള്ളൊരു ചൂരലുമായാണ് ക്ലാസ്സില്‍ വരാറ്. ചൂരല്‍ കൊണ്ടുള്ള നിര്‍ദ്ദയമായ പ്രഹരമേറ്റു കുട്ടികള്‍ പുളഞ്ഞിരുന്നതു ഞാന്‍ ഒരുള്‍ക്കിടിലത്തോടെ ഓര്‍ത്തു.
വീട്ടില്‍ എവിടേയും ചൂരല്‍ ഇരിപ്പില്ല.
വലിയച്ഛന്‍ തല്ലുമോ? വലിയച്ഛന്‍ തല്ലുന്ന കാര്യം എനിയ്ക്കു സങ്കല്‍പ്പിയ്ക്കാനേ കഴിഞ്ഞില്ല. പിന്നെ എങ്ങനെയായിരിയ്ക്കും വലിയച്ഛന്‍ എന്നെ ശിക്ഷിയ്ക്കുക.
ഞാന്‍ അസ്വസ്ഥനായി.
വലിയച്ഛന്‍ കഥ തുടര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ ബീഡി വലിച്ച കാര്യം വലിയച്ഛന്‍ അറിഞ്ഞിട്ടില്ല, തീര്‍ച്ച.
കുറച്ചു സമയം ഞാന്‍ കഥ കേട്ടു കിടന്നു.
പെട്ടെന്നെന്‍റെ അസ്വസ്ഥത കൂടി. ഞാന്‍ വിളിച്ചു, “വല്ലിച്ചാ…”
കഥ പറയുന്നതിന്നിടയില്‍ വലിയച്ഛന്‍ എന്‍റെ വിളി കേട്ടില്ല.
വലിയച്ഛന്‍ കഥ തുടര്‍ന്നപ്പോള്‍ ഞാന്‍ വലിയച്ഛന്‍റെ ശരീരത്തോട് ഒന്നു കൂടി ചേര്‍ന്നു കിടന്നു. എന്നിട്ടു ധൈര്യമവലംബിച്ചു കൊണ്ടു പറഞ്ഞു, “വല്ലിച്ചാ, ഞാന്‍ വല്ലിച്ചന്‍റെ ബീഡിയെടുത്തു വലിച്ചു….”
ഞാന്‍ ശ്വാസമടക്കിപ്പിടിച്ചു കിടന്നു. വലിയച്ഛന്‍റെ നേരേ നോക്കാനുള്ള ധൈര്യമുണ്ടായില്ല.
കഥ നിന്നു. വലിയച്ഛന്‍ എഴുന്നേറ്റിരുന്നു.
കമഴ്ന്നു കിടന്ന എന്‍റെ പുറത്ത് അടി വീഴുമെന്നു ഞാന്‍ പ്രതീക്ഷിച്ചു.
അതുണ്ടായില്ല.
പകരം അല്‍പ്പം കഴിഞ്ഞ് വലിയച്ഛന്‍ എന്‍റെ ശിരസ്സിലും പുറത്തും തലോടി. വാത്സല്യത്തോടെയുള്ള ആ തലോടലിന്‍റെ സുഖശീതളിമ ഇപ്പോഴും ഞാനോര്‍ക്കുന്നു.
“കുട്ടന്‍ ബീഡി വലിയ്ക്കണ്ട. അതു നല്ലതല്ല.” വലിയച്ഛന്‍ മൃദുലമായി പറഞ്ഞു.
വലിയച്ഛന്‍റെ തഴുകലില്‍ ഭയാശങ്കകളെല്ലാം വെടിഞ്ഞു ഞാനുറങ്ങിപ്പോയി.
പിന്നീടൊരിയ്ക്കലും ഞാന്‍ ബീഡി വലിച്ചില്ല.
ഏറെ വര്‍ഷങ്ങള്‍ കഴിയും മുന്‍പെ അച്ഛന്‍ രോഗഗ്രസ്തനായി. പുകവലിയായിരുന്നു, കാരണം.
സ്ഥിതി ആശാവഹമല്ല. മരണം അകലത്തല്ല. പുകവലി ഉടന്‍ നിറുത്തിയാല്‍ ആയുസ്സ് ഒരല്‍പ്പം നീണ്ടുകിട്ടും. അല്ലെങ്കില്‍ ദിനങ്ങള്‍ എണ്ണപ്പെടും: ഡോക്ടര്‍ അമ്മയോടു പറഞ്ഞു.
അമ്മയ്ക്ക് അച്ഛനില്‍ നിന്നൊളിച്ചു വച്ച രഹസ്യങ്ങളില്ല. ഡോക്ടറെന്താണു പറഞ്ഞത്, അച്ഛന്‍ ചോദിച്ചു. അമ്മ നിറഞ്ഞ കണ്ണുകളോടെ ഡോക്ടര്‍ പറഞ്ഞത് അച്ഛനോടു പറഞ്ഞു.
അന്ന്‍ അച്ഛന്‍റെ കട്ടിലിന്നരികെ മുട്ടുകുത്തി നിന്നു കൊണ്ട് തൊഴുകൈയ്യോടെ ഞാന്‍ അച്ഛനോടു പ്രാര്‍ത്ഥിച്ചു, “അച്ഛാ, ഇനി സിഗററ്റു വലിയ്ക്കല്ലേ…”
കുറച്ചു നാള്‍ അച്ഛന്‍ സിഗററ്റു വലിയ്ക്കാതെയിരുന്നു. പക്ഷേ, പുകവലിയ്ക്കാതിരിയ്ക്കുമ്പോഴത്തെ അസ്വസ്ഥതകള്‍ പുക വലിച്ചാലുണ്ടാകുന്നവയേക്കാള്‍ അസഹനീയമാണെന്ന്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ ബാലന്‍ ചേട്ടനും ഞാനും തെറ്റിനു കൂട്ടു നിന്നു.
ഡോക്ടറുടെ പ്രവചനം ശരിയാകരുതേ എന്നു പ്രാര്‍ത്ഥിച്ചെങ്കിലും പ്രാര്‍ത്ഥന വിഫലമായി.
പുകവലിയ്ക്കും മദ്യപാനത്തിനും അച്ഛന്‍ അന്നെനിയ്ക്കു തന്ന ‘ലൈസന്‍സ്’ ഭദ്രമായി ഞാന്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്നു, ഉപയോഗിയ്ക്കാതെ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…