ശ്രീജിത്ത് മൂത്തേടത്ത്
കണക്ക്
രാമന്‍മാഷും സാവിത്രിടീച്ചറും
തമ്മിലുള്ള പ്രേമം സ്കൂളിലെ
കുട്ട്യോള്‍ക്കിടയലെ
സംസാരവിഷയമായിരുന്നു.
പഠിപ്പിക്കുന്ന
വിഷയം കണക്കാണെങ്കിലും
രാമന്‍മാഷ് ചങ്ങമ്പുഴയുടെയും,
വൈലോപ്പിള്ളിയുടെയും
ഇടപ്പള്ളിയുടെയുമൊക്കെയൊരാരാ
ധകനായിരുന്നു.
കണക്കുക്ലാസ്സില്‍
ക്രിയകളെല്ലാം കഴിഞ്ഞ്
കിട്ടുന്ന ഇത്തിരി സമയങ്ങളില്‍
മാഷ് ഈണത്തില്‍ മനസ്വിനിയും
മാമ്പഴവുമൊക്കെ ചൊല്ലും.
കുട്ടികളതില്‍
ലയിച്ചിരിക്കും.
“ഒറ്റപ്പത്തിയിലായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു
മണിനാഗം
ചന്ദനലതകളിലധോമുഖ
ശയനം
ചന്ദമൊടങ്ങിനെ
ചെയ്യുമ്പോള്‍...”
മാഷ്
മനസ്വിനി ചൊല്ലുമ്പോള്‍
കുട്ടികള്‍ മുകളിലത്തെ
വിട്ടത്തിന്‍മേലേക്ക് നോക്കും.
എലിയെപ്പിടിക്കാന്‍
കേറുന്ന ചേരകള്‍ ഇടക്കിടെ
കഴുക്കോലുകളിലും,
ഉത്തരത്തിലുമൊക്കെ
തൂങ്ങിയാടാറുണ്ട്. അപ്പോഴൊക്കെ
കുട്ടികള്‍ പേടിച്ചും അല്ലാതെയും
കൂക്കിവിളിച്ചു് ഓടാറുണ്ട്.
പക്ഷെ രാമന്‍മാഷ്
കവിതചൊല്ലുമ്പോള്‍ ഇനി
ചേരവന്നാല്‍ത്തന്നെയും
കുട്ടികള്‍ വീര്‍പ്പടക്കിയിരിക്കുകയേയുള്ളൂ
.
അത്രക്കിഷ്ടമായിരുന്നു
കുട്ടികള്‍ക്ക് മാഷിനെ.
കണക്കില്‍ വട്ടപ്പൂജ്യം
വാങ്ങുന്ന ശേഖരനുപോലും മാഷെ
ഇഷ്ടായിരുന്നൂന്ന് പറഞ്ഞാല്‍
മതിയല്ലോ.
കുട്ടികള്‍ക്കിടയിലെ
ആദര്‍ശ പ്രണയജോടികളായിരുന്നു
കണക്ക് രാമന്‍മാഷും,
സാവിത്രിടീച്ചറും.
അവരില്‍പ്പലരും
മാഷെയും ടീച്ചറെയും മാതൃകകളാക്കി
പ്രണയം നട്ടുനനച്ചുവളര്‍ത്തി.
ഉച്ചസമയങ്ങളില്‍
സ്റ്റാഫ്റൂമിലോ ലൈബ്രറി
മുറിയിലോ മ്യൂസിക് ടീച്ചറായ
സാവിത്രിടീച്ചറുടെ പാട്ടുംകേട്ട്
താളത്തില്‍ തലയാട്ടി
ലയിച്ചിരിക്കുന്ന മാഷെ
പിള്ളാര്‍ ഒളിഞ്ഞും തെളിഞ്ഞും
നോക്കി നെടുവീര്‍പ്പിടാറുണ്ട്.
ഈ
സമയത്താണ് സ്കൂളിനെ ഞെട്ടിച്ചുകളഞ്ഞ
ഒരുസംഭവമുണ്ടാവുന്നത്.
സ്കൂളിലെ സകലസമരങ്ങളുടെയും,
കുണ്ടാമണ്ടികളുടെയും
നേതൃസ്ഥാനമലങ്കരിക്കുന്ന
വണ്‍ ഏന്റ് ഓണ്‍ലി ശേഖരന്‍,
എട്ടാം ക്ലാസ്
ബി.യില്‍ പഠിക്കുന്ന,
സുന്ദരിയും സുശീലയും
പഠനത്തില്‍ ഒന്നാമയും
സര്‍വ്വോപരി മൂക്കത്തു
കണ്ണടയും ശുണ്ഡിയും ഒരുമിച്ച്
ഫിറ്റ്ചെയ്ത് സദാ കയ്യിലൊരു
ചൂരലുമായി നടക്കുന്ന മലയാളം
ആനന്ദവല്ലിടീച്ചറുടെ മകളുമായ
സവിതയ്ക്ക് പ്രേമലേഖനം നല്‍കി
സ്കൂളിന്റെ സമാധാനാന്തരീക്ഷം
തകര്‍ത്തു. സുന്ദരിയായ
സവിത സ്കൂളില്‍ വന്നുചേര്‍ന്ന
ദിവസം മുതല്‍ സകല ആണ്‍പിള്ളാരുടെയും
ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞിരു
ന്നു.
പക്ഷെ അവള്‍ക്കൊരു
പ്രേമലേഖനം കൊടുക്കാന്‍മാത്രമുള്ള
ധൈര്യമൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല.
ആനന്ദവല്ലിട്ടീച്ചറുടെ
ചൂരലിന്റെ കാര്യമോര്‍ത്താല്‍ത്തന്നെ
മൂത്രം പോവും. പിന്നെയാ
പ്രേമലേഖനം.
ശേഖരന്‍
പ്രശ്നക്കാരനും, കണക്കില്‍
സംപൂജ്യനുമൊക്കെയായിരുന്നുവെങ്
കിലും
ആള് സുന്ദരനായിരുന്നു.
ഏതു പെണ്ണും
തലചുറ്റിവീണുപോവുന്ന
ഉണ്ടക്കണ്ണിനുടമയായിരുന്നു
ശേഖരന്‍. പക്ഷേ
ശേഖരന്റെ ഉണ്ടക്കണ്ണിനൊന്നും
സവിതയെ വളക്കാനാവില്ലെന്നായിരുന്നു
സാമാന്യം വിവരമുള്ള
സഹപഠിതാക്കളുടെയൊക്കെ ധാരണ.
മാത്രമല്ല അവള്‍
ആനന്ദവല്ലിടീച്ചറോട്
കാര്യംപറഞ്ഞ് ശേഖരന്റെ
കഥകഴിക്കും. സ്കൂളിലെ
ശേഖരന്റെ എതിരാളികള്‍
കൈനഖമുരച്ചു. പക്ഷെ
സകലധാരണകളെയും തകിടംമറിച്ച്
സവിതയും ശേഖരന്റെ ഉണ്ടക്കണ്ണിനുമുന്നില്‍
തലചുറ്റിവീണു. അവര്‍
മാവിന്‍ചുവട്ടിലും കിണറ്റിന്‍കരയിലും
സല്ലപിച്ചുനടന്നു. അവരുടെ
സല്ലാപത്തിലസൂയപൂണ്ട ചില
കുബുദ്ധികള്‍ സ്കൂളിന്റെ
വെള്ളപൂശിയ മതിലില്‍ കരികൊണ്ട്
ചുവരെഴുത്തുനടത്തി.
“സവിത
+ ശേഖരന്‍”
ശേഖരന്‍
അതുകണ്ട് അഭിമാനപുളകിതനായി.
പക്ഷെ, സ്കൂളില്‍
പ്രശ്നം ആളിപ്പടര്‍ന്നു.
ചുവരെഴുത്തുവൃത്താന്തം
ആനന്ദവല്ലിട്ടീച്ചറുടെ
ചെവിയിലുമെത്തി. ടീച്ചര്‍
വിറച്ചു. സ്കൂളാകെ
വിറച്ചു. തെമ്മാടച്ചെക്കനായ
ശേഖരനെ ഹെഡ് മാസ്റ്റര്‍
വിളിപ്പിച്ചു. ഹെഡ്ഡിന്റെ
മുന്നിലിട്ട് ടീച്ചര്‍
ശേഖരന്റെ ചന്തിയില്‍ ചൂരലുകൊണ്ട്
അരിശം തീര്‍ത്തു. പൊടുന്നനെയാണ്
ശേഖരന്‍ അടുത്ത ബോംബ്പൊട്ടിച്ചത്.
“കണക്കുമാഷക്ക്
സാവിത്രിട്ടീച്ചറെ പ്രേമിക്കാമെങ്കി
എനിക്കെന്താ?”
തികച്ചും
അര്‍ത്ഥവത്തായ ചോദ്യമായിരുന്നു
അത്. ഹെഡ് മാസ്റ്റര്‍
ചിന്തിച്ചു. ആനന്ദവല്ലിടീച്ചറുടെ
തീപ്പാറുന്ന കണ്ണുകള്‍
കണ്ടപ്പോള്‍ ഹെഡ് മാസ്റ്റര്‍
ഒന്നും പറഞ്ഞില്ല. ആ
കണ്ണുകള്‍ തന്നെ ഭസ്മമാക്കിക്കളയുമോയെന്ന്
രാമന്‍മാഷ് ഭയന്നു.
സാവിത്രിടീച്ചര്‍
ബാത്ത്റൂമില്‍ അഭയം തേടി.
“ഇതിവിടവസാനിക്കണം”
ആനന്ദവല്ലി
ആനയെപ്പോലെ ചിന്നംവിളിച്ചു.
“മാഷമ്മാര്തന്ന്യാ
പിള്ളാരെ ഓരോരോ തോന്ന്യാസം
പഠിപ്പിക്കുന്നെ..”
രാമന്‍മാഷുടെ
മേശപ്പുറത്തുണ്ടായിരുന്ന
ചങ്ങമ്പുഴയും, ഇടപ്പള്ളിയും,
വൈലോപ്പിള്ളിയുമൊക്കെ
ആനന്ദവല്ലിടീച്ചറുടെ കയ്യിലൂടെ
പുറത്തേക്ക് പറന്നു.
ചൂളിനില്‍ക്കുന്ന
രാമന്‍മാഷെ ശേഖരന്‍ പുച്ഛത്തോടെ
നോക്കി.
അന്ന്
വൈകിട്ട് സ്കൂള്‍വിട്ട്
പുറത്തേക്ക്പോകുമ്പോള്‍
കണക്ക് രാമന്‍മാഷ് സാവിത്രിടീച്ചറോട്
ഇങ്ങനെ പറഞ്ഞു.
“പാടില്ലാ
പാടില്ലാ നമ്മെനമ്മള്‍....”