ആദ്യത്തെ ഉരുള - ഓണസ്മൃതി

കുഞ്ഞൂസ്റ്റി. വി. യില്‍ തിരുവോണപ്പരിപാടികള്‍ അനൌണ്‍സ്    ചെയ്യുന്നു... ഇന്നു രാവിലെ എട്ടു മണിക്ക് ...

‘ഇന്ന് രാവിലെയോ?’ ... ഓഹ് ... നാട്ടില്‍ നേരം പുലര്‍ന്നിരിക്കുന്നു!

നാട്ടിലിപ്പോള്‍ കുട്ടികള്‍ തിരുവോണ  ദിവസത്തെ പൂക്കളമൊരുക്കുന്ന തിരക്കിലാവും. അമ്മയും ആന്റിയും ഒക്കെ രാവിലെ തന്നെ അടുക്കളയില്‍ കയറിയിട്ടുണ്ടാവും.

ഇപ്പോള്‍  വാവ എന്തെടുക്കുകയാവും? വാവയും ഓര്‍ക്കുന്നുണ്ടാകുമോ കളിച്ചും, ചിരിച്ചും, കലഹിച്ചും, പിന്നെയും ഇണങ്ങിയും ഒക്കെക്കഴിഞ്ഞ ആ പഴയ ഓണക്കാലങ്ങള്‍?

ഓര്‍മ്മകള്‍ ഒരുപാട് പിന്നോട്ടു പോയി...

നേരം വെളുത്തു വരുന്നതേയുള്ളു. പ്ലാവിന്റെ ഇലകള്‍ക്കിടയിലൂടെ ഊര്‍ന്ന് വീഴുന്ന സൂര്യരശ്മികള്‍ മുറ്റത്തെ പഞ്ചാര മണലില്‍ കൊച്ചു കൊച്ചു വട്ടങ്ങള്‍ തീര്‍ത്തു. മുറ്റത്തെ ചെമ്പരത്തിപ്പൂവുകളില്‍ പുലര്‍മഞ്ഞ് തിളങ്ങി. ദൂരെയെവിടെയോ ഒരു കുയില്‍ ഈണത്തില്‍ പാടി. കാക്കകള്‍ ഓണക്കുരവയിടാന്‍ തുടങ്ങി.

രാത്രിയില്‍ വിരുന്ന വന്ന കുട്ടികളൊക്കെ തന്റെ മുറിയില്‍ തന്നെയായിരുന്നു കിടന്നത്. ചിങ്ങക്കുളിരിന്റെ സുഖത്തില്‍  പുതച്ച് മൂടി ഉറങ്ങുമ്പോഴാണ് അമ്മ വന്നു വിളിച്ചത്,

‘ കുട്ടാ, പൂ പറിക്കുകയും, പൂക്കളമിടുകയും ഒന്നും ചെയ്യുന്നില്ലേ ഇന്ന്?’

ദിവാകരമാമന്റെ മകന്‍ ഗോപനും, ഓമനയാന്റിയുടെ മകന്‍ നന്ദനും, മകള്‍ ദീപയും അപ്പോഴേക്കും ചാടിയെഴുന്നേറ്റു കഴിഞ്ഞു. എല്ലാവരും കൂടി പറമ്പിലെ കുളക്കരയിലേക്ക് നടക്കുമ്പോള്‍ അമ്മ പറയുന്നുണ്ടായിരുന്നു,

‘കുട്ടികളേ, ആ പടിയൊക്കെ വഴുക്കി കിടക്കുകയാ, സൂക്ഷിക്കണേ.’

വെള്ളത്തിന് നല്ല തണുപ്പ്, വേഗം കുളികഴിഞ്ഞ് വന്ന് പുത്തനുടുപ്പുകളുമൊക്കെയിട്ട് എല്ലാവരും പൂ പറിക്കാനിറങ്ങി. തൊടിയിലൊക്കെ തുമ്പപ്പൂക്കളും, കാട്ടുറോസയും, കമ്മല്‍പ്പൂവും ഒക്കെ. വേലിയില്‍ നിറയെ പൂത്തു നില്‍ക്കുന്ന ചെമ്പരുത്തി, മുറ്റത്തെ ചെടികളില്‍ ചെത്തിയും, പിച്ചിയും, ജമന്തിയും....

എല്ലാവരും കൂടി പൂക്കളമിട്ടു കഴിഞ്ഞപ്പോഴാണ് വാവ കണ്ണും തിരുമ്മി എഴുന്നേറ്റു വന്നത്. പൂക്കളം കണ്ടതോടെ വാവയുടെ മട്ട് മാറി.

"പൂക്കളം കൊള്ളാമോ കുഞ്ഞാറ്റെ?" 

നന്ദന്റെ ചോദ്യം കേട്ടു തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് നിറഞ്ഞു വന്ന കണ്ണുകള്‍  കൈപ്പുറം കൊണ്ടു തുടക്കുന്ന വാവയെയാണ്.

‘ഞാന്‍ കുഞ്ഞേട്ടനോട് മിണ്ടൂല്ലാ... എന്നേ കൂട്ടാതെ പൂക്കളമിട്ടില്ലേ?’

‘അത് പിന്നെ... വാവേ, രാവിലെ ഒത്തിരി തണുപ്പായത് കൊണ്ടല്ലേ?’

‘ഉം... വേണ്ട, കുഞ്ഞേട്ടന്‍ വാവയേ കളിപ്പിക്കുകയാ...’

മുറ്റത്ത് പുലരിവെയില്‍ പരന്നു തുടങ്ങിയിരുന്നു. സ്വര്‍ണനിറമുള്ള ഓണത്തുമ്പികള്‍ പാറിപ്പറക്കാന്‍ തുടങ്ങി.

‘വാവക്ക് ഏട്ടന്‍ ആ ഓണത്തുമ്പിയെ പിടിച്ച് തരാല്ലോ ’

‘എനിക്ക് വേണ്ടാ’

വാവ ചിണുങ്ങിക്കൊണ്ട് അകത്തേക്കു പോയി, അടുക്കളയുടെ മൂലക്ക് മുഖവും വീര്‍പ്പിച്ച് ഇരുന്നു.

‘എന്തിനാ കുട്ടാ ഈ കൊച്ച് മുഖവും വീര്‍പ്പിച്ചിരിക്കുന്നേ?’ അമ്മ വിളിച്ച് ചോദിച്ചു.

അടുക്കളയിലേക്ക് ചെന്നു, വാവ അപ്പോഴും വാശിയില്‍ തന്നെ.

‘നോക്ക്, വാവയെ ഏട്ടന്‍ ഊഞ്ഞാലാ‍ട്ടി തരട്ടേ?’

വാവ പൊടുന്നനെ തലയുയര്‍ത്തി, ആ കണ്ണുകള്‍ തിളങ്ങി.

‘കുഞ്ഞേട്ടന്‍ വാവയെ മടിയിലിരുത്തി ആട്ടാമോ?

‘പിന്നെ വേറേ ആരേയാ കുഞ്ഞേട്ടന്‍ മടിയിലിരുത്തുക?’

മുറ്റത്ത് കുട്ടികളെല്ലാം ചേര്‍ന്ന് ഓരോ കളികള്‍ തുടങ്ങിയപ്പോഴേക്കും വാവ അങ്ങോട്ട് വന്നു. തിളങ്ങുന്ന പട്ടു പാവാടയും ബ്ലൗസും ഇട്ട്, മുടിയൊക്കെ രണ്ടായി പിന്നി, വാലിട്ട് കണ്ണെഴുതി സുന്ദരിക്കുട്ടിയായി.

ദീപക്ക് ഓലപ്പമ്പരം ഉണ്ടാക്കി കൊടുക്കുന്നത് കണ്ടുകൊണ്ടാണ് വാവ വന്നത്. ഒരു നിമിഷം ആ മുഖം ഒന്നിരുണ്ടു! പിന്നെ അവള്‍ കയ്യില്‍ പിടിച്ചു വലിച്ചു,

‘കുഞ്ഞേട്ടാ എന്നെ ഊഞ്ഞാലാട്ടി താ...’

വാവയേയും മടിയില്‍ വച്ച് ഊഞ്ഞാലില്‍ ഇരിക്കുമ്പോള്‍ അവള്‍ പറഞ്ഞു,

‘കുഞ്ഞേട്ടാ, പതുക്കേ ആടാവൂ... വാവക്ക് പേടിയാ ട്ടോ.’

കളിയും ചിരിയുമായി നേരം പോയത് അറിഞ്ഞതേ ഇല്ല. ആന്റി വന്ന് വിളിച്ചു,

‘ഇനി കുട്ടികളൊക്കെ കയ്യും, കാലും, മുഖവും ഒക്കെ കഴുകി ഊണ് കഴിക്കാന്‍ വന്നേ...’
തളത്തില്‍ വിരിച്ചിട്ട പായയുടെ അടുത്ത് നിരനിരയായി ഇട്ട തൂശനിലകള്‍. ഓരോരുത്തരായി ഇലകള്‍ക്കടുത്ത് ഇരിപ്പിടം പിടിച്ചപ്പോള്‍ ഒരു അവകാശം പോലെ വാവ തന്റെ അടുത്ത് തന്നെ ഇരുന്നു. അമ്മയും അച്ഛനും  ആന്റിയും ചേര്‍ന്ന് എല്ലാം വിളമ്പി. പരിപ്പും പപ്പടവും നെയ്യും ചേര്‍ത്ത് ആദ്യത്തെ ഉരുള ഉരുട്ടി, കണ്ണിമക്കാതെ നോക്കിയിരിക്കുന്ന വാവ, അവളുടെ അവകാശം... മെല്ലെ ചേര്‍ത്തു പിടിച്ച് ആദ്യത്തെ ഉരുള വാവയുടെ വായിലേക്ക് വച്ചു കൊടുത്തു.

‘ഉം, കുഞ്ഞേട്ടന്റെ ഉരുള കിട്ടാനാ അടുത്ത് ഇരുന്നത് അല്ലേ?’ ആന്റിയുടെ ചോദ്യം.

വാവയുടെ മുഖത്ത് നാണം കലര്‍ന്ന ചിരി.

ഫോണിന്റെ ബീപ് ബീപ്‌ ശബ്ദമാണ് ഓര്‍മകളില്‍ നിന്നുണര്‍ത്തിയത്. ആരുടെയോ ഓണാശംസകളാണ്.

വെറുതെ ഓര്‍ത്തു, ഇപ്പോഴും വാവ കാത്തിരിക്കുന്നുണ്ടാവുമോ, ഏട്ടന്റെ ഉരുളക്കായി? തന്റെ വാവ അറിയുന്നുണ്ടാവുമോ ഓരോ ഓണക്കാലത്തും ഈ കുഞ്ഞേട്ടന്‍ അവള്‍ക്കായി ആദ്യത്തെ ഉരുള മാറ്റി വെക്കാറുണ്ടെന്ന്?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ