Skip to main content

അഭിമുഖം


മനോജ്‌

നിശ്ശബ്ദനായിരിക്കുന്നതിന്റെ മാനങ്ങൾ വെളിപ്പെടുത്തുകയാണ് കഥാകൃത്ത്
നിശ്ശബ്ദതയുടെ പ്രക്ഷുബ്ധതകൾ
മനോജ്‌: അവസരം കിട്ടിയാൽ യാത്ര ചെയ്യുന്നവനാണ്‌ ഞാൻ. യാത്രകളെ
ഉല്ലാസയാത്രകളാക്കിത്തീർക്കാതി
രിക്കാൻ ശ്രമിക്കാറുണ്ട്‌. യാത്രകൾ
സ്വകാര്യതയിൽ നിന്നുള്ള മോചനമാണ്‌. യാത്ര ചെയ്യുമ്പോൾ പ്രാരബ്ധങ്ങളുടെ
ഭാരം മറക്കുന്നു. പല യാത്രകളും എന്റെ ജീവിതബോധത്തെ
വർദ്ധിപ്പിച്ചിട്ടുണ്ട്‌. കാഴ്ചയുടെ പരിധിയെ വിശാലമാക്കാൻ യാത്രകൾ
സഹായിച്ചിട്ടുണ്ട്‌.
എം.സുകുമാരൻ: യാത്ര ചെയ്യാൻ ഇഷ്ടപ്പെടുകയും തീരെ യാത്ര ചെയ്യാത്ത
വ്യക്തിയുമാണ്‌ ഞാൻ. രോഗങ്ങൾ നൽകുന്ന അവസ്ഥ വാക്കുകൾക്ക്‌ അപ്പുറത്താണ്‌.
രോഗി ഏതുസമയത്തും പരസഹായം അർഹിക്കുന്നു. അയാൾക്ക്‌ എവിടെയും പ്രത്യേക
പരിഗണനകൾ വേണം. മനസ്സ്‌ സജീവമാണെങ്കിലും ശരീരം തളരുമ്പോൾ ആർക്കും ഒന്നും
ചെയ്യാനാവില്ല.
        ചെറുപ്പത്തിൽ മനോജിനെപ്പോലെ ബസുയാത്രയാണ്‌ ഞാനും ഇഷ്ടപ്പെട്ടിരുന്നത്‌.
സൗകര്യങ്ങൾ കൂടുതലാണെങ്കിലും ട്രെയിൻ യാത്ര വിരസമാണ്‌.
മനുഷ്യജീവിതത്തിൽക്കൂടെയല്ല. ആവർത്തന വിരസമായ കാഴ്ചകളിൽക്കൂടെയാണ്‌
ട്രെയിൻ കടന്നുപോകുന്നത്‌. ബസ്സ്‌ യാത്ര ജീവിതത്തിന്റെ വൈവിധ്യങ്ങളെ
വെളിപ്പെടുത്തുന്നു. നമ്മൾ യാത്രചെയ്യുകയല്ല. ആൾക്കൂട്ടത്തിന്റെ
നടുക്കുതന്നെ ജീവിക്കുകയാണ്‌.
        തിരുവനന്തപുരത്ത്‌ നിന്ന്‌ ചിറ്റൂരിലേക്ക്‌ കുടുംബസഹിതമുള്ള യാത്ര കനത്ത
സാമ്പത്തിക ബാധ്യതയാണ്‌. അമ്മയും അച്ഛനും ജീവിച്ചിരുന്നപ്പോൾ
നാട്ടിലേക്കുള്ള യാത്രയെ ഒഴിവാക്കാനായില്ല. പ്രായം കൂടുന്തോറും യാത്രകൾ
അസഹനീയമായ അനുഭവങ്ങളായി. എത്തിയ ഇടത്തെല്ലാം രോഗം ബാധിച്ചു
കിടക്കേണ്ടിവരുന്നു. നിരന്തരം കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായി
ഇയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നു. അത്യാവശ്യമായ യാത്രകൾ പോലും ചെയ്യാൻ
കഴിയാത്ത അവസ്ഥയാണ്‌. റെയിൽമാപ്പുനോക്കി നീണ്ടയാത്രകളെക്കുറിച്ച്‌
വ്യാമോഹത്തോടെ ചിന്തിക്കാമെന്നു മാത്രം.
        എഴുത്തുകാരന്‌ യാത്രകൾ അത്യാവശ്യമാണ്‌. അവന്റെ മനസ്സിൽ ഭൂപ്രദേശങ്ങളുടെ
ബിംബങ്ങൾ നിറയും. ജീവിതത്തിന്റെ വൈവിധ്യത്തേയും യാത്രകൾ
ബോധ്യപ്പെടുത്തും. യാത്ര ആന്തരികാനുഭവമാക്കി തീർക്കാൻ കഴിയണം.
ഉൾക്കാഴ്ചയാണ്‌ യാത്രക്കാരന്റെ ശക്തി. ഉൾക്കാഴ്ചയുള്ള
യാത്രക്കാരനുമാത്രമേ യാത്ര തിരിച്ചറിവാകുകയുള്ളൂ.
മനോജ്‌: പണം മാനദണ്ഡമായ സമൂഹത്തിൽ മനുഷ്യബന്ധങ്ങൾക്ക്‌
പ്രസക്തിയില്ലല്ലോ. കോടിരൂപ ഉണ്ടെങ്കിൽ ആർക്കും കോടീശ്വരനാകാം. പുതിയ
ഈശ്വരനാകാം. സാമ്പത്തികവിഷമം മൂലമുള്ള അവഹേളനകൾ താങ്കൾ
അനുഭവിച്ചിട്ടുണ്ടോ?
എം.സുകുമാരൻ: ഓരോ വ്യക്തിയും വ്യത്യസ്ത സാഹചര്യങ്ങളിലാണ്‌
ജീവിക്കുന്നത്‌. ഒരേ അനുഭവത്തെ രണ്ടുപേർ വ്യത്യസ്തമായാണ്‌
അനുഭവിക്കുന്നത്‌. അധികാരവും സമ്പത്തും മാനദണ്ഡമാക്കിയ സമൂഹത്തിൽ
ജീവിക്കുന്ന വ്യക്തികളും ഇവയുടെ പ്രണേതാക്കൾ തന്നെയാണ്‌. മിക്ക
മനുഷ്യരുടേയും ഇടപെടലുകളുടെ ലക്ഷ്യം സ്വകാര്യമായ നേട്ടങ്ങൾ തന്നെയാണ്‌.
ഇത്‌ എല്ലാ ബന്ധങ്ങൾക്കും ബാധകമാണ്‌.
        അവഗണിക്കപ്പെട്ട, എഴുത്തുകാരനാണല്ലോ താങ്കൾ. അതുകൊണ്ട്‌ അവഗണന
സ്വാഭാവികമാണ്‌. എന്റെ അവസ്ഥ കുറെക്കൂടി ഭേദപ്പെട്ടതാണ്‌. അറിയപ്പെടുന്ന
എഴുത്തുകാരനായതുകൊണ്ട്‌ സമൂഹവും സുഹൃത്തുക്കളും ബന്ധുക്കളും
ആദരിക്കുന്നുണ്ട്‌. നന്മകൂടുതലുള്ള സുഹൃത്തുക്കളും ബന്ധുക്കളുമാണ്‌ എന്റെ
ചുറ്റിലുമുള്ളത്‌.
        അവഗണനയും അപമാനവും അസഹ്യമായ അനുഭവങ്ങളാണ്‌. എവിടെയും അർഹിക്കുന്നത്‌
കിട്ടണം. വളരെ കുറിച്ച്‌ എഴുതി ഒരുപാടു നേട്ടങ്ങൾ ഉണ്ടാക്കിയ ആളാണ്‌ ഞാൻ.
അനർഹമായ പലതും എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. അത്‌ നൽകുന്നവരുടെ
മഹാമനസ്ക്കത. എഴുത്ത്‌ ജീവരക്തത്തെ വാക്കുകളിൽ നിക്ഷേപിക്കലാണ്‌.
ശാരീരികവും മാനസികവുമായ പീഢനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ എഴുത്തുകാരന്റെ
പീഢനങ്ങളെ സമൂഹം ആദരിക്കുമ്പോൾ എഴുതപ്പെട്ട ഓരോ വാക്കുകളും
ജീവസാന്നിദ്ധ്യമായി തുടരുന്നു.
        തിന്മനിറഞ്ഞ ലോകത്തിൽ നന്മയുടെ ഇടം കണ്ടെത്തുക പ്രയാസമാണ്‌.
മനോജ്‌: സുഖങ്ങൾ മാത്രമുള്ള സ്വർഗ്ഗത്തെ അല്ല ദുരിതങ്ങൾ നിറഞ്ഞ
നരകത്തെയാണ്‌ എനിക്കിഷ്ടം. ദുരിതങ്ങളും ദുഃഖങ്ങളുമാണ്‌ ജീവിതത്തെ
സംബന്ധിച്ച തിരിച്ചറിവു നൽകുക. ജീവിതത്തെ സംബന്ധിച്ച താങ്കളുടെ
നിരീക്ഷണങ്ങൾ എന്താണ്‌?
എം.സുകുമാരൻ: എന്റെ എഴുത്തിന്റെ നല്ല നാളുകളിൽ അസ്തിത്വവാദമാണ്‌
ധൈഷണികതയെ, സാഹിത്യമണ്ഡലത്തെ ഭരിച്ചിരുന്നത്‌. കമ്മ്യൂണിസ്റ്റ്‌
പ്രത്യയശാസ്ത്രം സാഹിത്യത്തിൽ അവഗണിക്കപ്പെട്ട പ്രസ്ഥാനമാണ്‌. അതിനു
കാരണം സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ സമൂഹത്തോടുള്ള കാഴ്ചപ്പാടാണ്‌.
വർഗ്ഗീയമായി സമൂഹത്തെ വിഭജിക്കുമ്പോൾ വ്യക്തികൾ അപ്രസക്തമാകുന്നു. അവരുടെ
മനോവിചാരങ്ങൾ, സ്വകാര്യ അനുഭവങ്ങൾ, എല്ലാം അവഗണിക്കപ്പെടുന്നു.
സ്ഥലത്തേയും കാലത്തേയും സാമാന്യവൽക്കരിക്കുമ്പോൾ വ്യക്തിത്വങ്ങളും
യാന്ത്രികമാകുക സ്വാഭാവികമാണ്‌. യാഥാർത്ഥ്യത്തെ അല്ല അയഥാർത്ഥ്യത്തെയാണ്‌
സോഷ്യലിസ്റ്റ്‌ റിയലിസം പെരുപ്പിച്ചുകാട്ടിയത്‌.
        ദാരിദ്ര്യം കണ്ടുവളർന്ന ഞാൻ യാഥാർത്ഥ്യത്തെയാണ്‌ എപ്പോഴും ഉൾക്കൊണ്ടത്‌.
ദാരിദ്ര്യമാണ്‌ എന്റെ ജീവിതാവബോധത്തിന്റെ വികാസപരിണാമകേന്ദ്രം.
ദൈവത്തിന്റെ അനീതിയെ ദാരിദ്ര്യത്തിൽ നിന്നാണ്‌ ഞാൻ തിരിച്ചറിഞ്ഞത്‌.
ദൈവമല്ല ഭക്ഷണമാണ്‌; ഭൗതികസാഹചര്യമാണ്‌; പ്രാധാന്യമെന്ന്‌ ഞാൻ
തിരിച്ചറിഞ്ഞത്‌ ദരിദ്രരിൽ നിന്നാണ്‌. എന്റെ തലമുറയിലെ എല്ലാ
എഴുത്തുകാരും ദാരിദ്ര്യം എന്താണെന്ന്‌ അറിഞ്ഞവരാണ്‌. വ്യത്യസ്ത ദിശയിൽ
സഞ്ചരിച്ചെങ്കിലും ഞങ്ങൾക്കെല്ലാം ജീവിതത്തെ സംബന്ധിച്ച്‌ വ്യക്തമായ ധാരണ
ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു.
മനോജ്‌: നിരൂപണത്തേയും സർഗ്ഗാത്മസാഹിത്യത്തേയും താങ്കൾ എങ്ങനെയാണ്‌ കാണുന്നത്‌?
എം.സുകുമാരൻ: നമ്മുടെ നിരുപണരംഗം പൊതുവെ മലിനമാണ്‌. മൗലികമായ ചിന്തകൾ
യാതൊന്നും തന്നെ ഇല്ല. എല്ലാവരും പാശ്ചാത്യരെ കടമെടുത്താണ്‌ ഉപജീവനം
നടത്തുന്നത്‌. സർഗ്ഗാത്മകത സ്വന്തം മണ്ണിനെക്കുറിച്ചു പറയുമ്പോൾ നിരൂപണം
അന്യന്റെ അളവുകോലുമായി രചനയെ സമീപിക്കുകയാണ്‌. ആധുനിക സാഹിത്യസൃഷ്ടികളുടെ
അടിത്തറ പാശ്ചാത്യം തന്നെയാണ്‌. പക്ഷേ ഇവിടത്തെ എഴുത്തുകാരൻ ഇവിടത്തെ
ജീവിതത്തെക്കുറിച്ചാണ്‌ പറയുന്നത്‌. മാധ്യമരീതി പാശ്ചാത്യമാണെന്നു
മാത്രം. നിരൂപണത്തിന്റെ സ്ഥിതി ഇതല്ല. അത്‌ പാശ്ചാത്യ ധൈഷണികതയുടെ
അന്ധമായ പകർപ്പാണ്‌. മൗലികമായ ഒരു നിരീക്ഷണം പോലുമില്ല.
        മനുഷ്യജീവിതത്തെക്കുറിച്ചു പറയുന്ന സാഹിത്യകാരന്‌ എവിടെ എങ്കിലും നന്മ
കാണും. ജീവിതവുമായി നേരിട്ടു ബന്ധമില്ലാത്ത നിരൂപകനിൽ നിന്ന്‌ നന്മ
പ്രതീക്ഷിക്കരുത്‌. നിരൂപകന്റെ മാർദ്ദവമായ തലോടൽ വളരെയധികം ഞാൻ
അനുഭവിച്ചിട്ടുണ്ട്‌. എന്റെ നേർക്കുള്ള നിരൂപകരുടെ സമീപനങ്ങൾക്ക്‌
സാഹിത്യബാഹ്യമായ അനേകം കാരണങ്ങൾ കാണും.
മനോജ്‌: താങ്കളുടെ കഥകൾ സിനിമ ആക്കിയിട്ടുണ്ടല്ലോ? ഇത്‌ എന്തനുഭവമാണ്‌
നൽകിയത്‌? സാമ്പത്തിക നേട്ടമുണ്ടായോ?
എം.സുകുമാരൻ: എന്റെ കഥകളുടെ പ്രമേയം രാഷ്ട്രീയമാണ്‌. എന്റെ കഥകളെ സിനിമ
ആക്കിയവരും രാഷ്ട്രീയ പ്രതിബന്ധതയെയാണ്‌ നിർവ്വഹിച്ചതു. സാഹിത്യം
കാലഘട്ടത്തിന്റെ പ്രതിച്ഛായ ഉൾക്കൊള്ളുന്നതുപോലെ അവരും കാലത്തെ
ഉൾക്കൊണ്ടു പ്രതിബദ്ധതയ്ക്ക്‌ സംഭവിക്കുന്ന ദുരന്തം തന്നെ അത്തരം
സിനിമകൾക്കുമുണ്ടായി.  കലയും ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളും അവരുടെ
സിനിമകളിൽ നിന്ന്‌ ചോർന്നുപോയി. മാറിയ കാലത്ത്‌ അവ വീണ്ടും കാണുമ്പോൾ
അസഹനീയമായ അനുഭവങ്ങളായി. പ്രതിബദ്ധതയ്ക്ക്‌ അപ്പുറത്തുള്ളതും
പ്രതിബദ്ധതകൊണ്ട്‌ ഇല്ലാതാകുന്നതുമാണ്‌ ജീവിതം. കല. ഇവയെ സൂക്ഷ്മമായി
കൈകാര്യം ചെയ്യണം. ആശയത്തെയും കാലികാവസ്ഥയേയും ഒഴിവാക്കിയാലും
സർഗ്ഗസൃഷ്ടി നിലനിൽക്കണമെങ്കിൽ കല വേണം. പ്രതിബദ്ധതാസാഹിത്യത്തിലും
അത്തരം സിനിമകളിലും കലയുടെ നിരാസമാണ്‌ സംഭവിച്ചതു. പ്രമേയത്തേയും
വാക്കുകളേയും ഗൗരവമായി സമീപിച്ച എനിക്ക്‌ സാഹിത്യത്തിൽ രചനാശിൽപത്തെ
സംരക്ഷിക്കാനായി.
        ശേഷക്രിയയും സംഘഗാനവും ഉണർത്തുപാട്ടും, പിതൃതർപ്പണവും, തിത്തുണ്ണിയും
സിനിമയാക്കിയിട്ടുണ്ട്‌. സിനിമയ്ക്കുവേണ്ടി പിതൃതർപ്പണം 'മാർഗ്ഗ'മായി.
തിത്തുണ്ണി 'കഴക'മായി. ശേഷക്രിയയാണ്‌ ഒരിക്കലും മറക്കാത്ത
അനുഭവമായിത്തീർന്നത്‌. കുറച്ചു ചെറുപ്പക്കാർ ചേർന്നാണ്‌ ശേഷക്രിയ
സിനിമയാക്കുന്നത്‌. രാഷ്ട്രീയ പ്രതിബദ്ധത ഉണ്ടെങ്കിലും സാധാരണ
സിനിമാക്കാരുടെ ജീവിതശൈലിയാണ്‌ അവർ തുടർന്നത്‌. യാതൊരു ചിട്ടയുമില്ല.
ലൊക്കേഷൻ സ്ക്രിപ്റ്റ്‌ ഇല്ലാത്തതുകൊണ്ട്‌ ചില ഭാഗങ്ങളുടെ ചിത്രീകരണത്തിൽ
പശ്ചാത്തലമാകെ മാറി. ശേഷക്രിയ തീയറ്ററുകളിൽ എത്താതെ അവസാനിച്ചു.
        പിന്നീട്‌ മാസങ്ങൾ കഴിഞ്ഞ്‌ നിർമ്മാതാക്കളിൽ ഒരാൾ അടിവസ്ത്രവുമായി എന്റെ
വീട്ടിലേക്ക്‌ ഓടിക്കയറിവന്നു. പിന്നാലെ അയാളെ അന്വേഷിച്ച്‌ മറ്റു പലരും.
നിർമ്മാതാവ്‌ ഭ്രാന്തിനു ചികിത്സയിലാണെന്ന്‌ അറിയാൻ കഴിഞ്ഞു.

        ബക്കറുമായുള്ള സൗഹൃദത്തെ ഇപ്പോഴും അഭിമാനത്തോടെ ഞാൻ ഓർക്കുന്നു. തികഞ്ഞ
മാന്യൻ. സിനിമാക്കാരന്റെ ജാഡയില്ല. എം.പി.സുകുമാരൻനായരും വിജയരാഘവനും
ആശ്വാസം നൽകുന്ന അനുഭവമാണ്‌. കഥ എന്റേതാണെങ്കിലും സിനിമാ നിർമ്മാണവുമായി
ഞാൻ ഗാഢമായി ബന്ധപ്പെടാറില്ല. അനാവശ്യമായ മാനസിക സംഘർഷങ്ങളെ
ഒഴിവാക്കാനുള്ള മാർഗ്ഗമാണ്‌. വായനക്കാരന്റെ ആസ്വാദനത്തെ എഴുത്തുകാരന്‌
നിയന്ത്രിക്കാനാവില്ല. അതുകൊണ്ട്‌ സിനിമാ നിർമ്മാണത്തിൽ അനാവശ്യമായ
ഇടപെടലുകൾ നടത്താതെ ഞാൻ മാറിനിന്നു.
മനോജ്‌: ജീവിത വീക്ഷണത്തിന്‌ ദാമ്പത്യം എന്തു മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌?
എം.സുകുമാരൻ: നഗരജീവിതം സുഖകരമാകണമെങ്കിൽ ധാരാളം പണം വേണം. എന്റേയും
ഭാര്യയുടേയും അവസ്ഥ മറിച്ചാണ്‌. ഞങ്ങളുടെ ജീവിതം ആരംഭിച്ചതുതന്നെ
ദാരിദ്ര്യത്തിന്റെ മേൽത്തട്ടിലാണ്‌. അനാവശ്യങ്ങളെ പരമാവധി ഒഴിവാക്കി,
ലൈൻമുറിയിലെ താമസം ഭാരിച്ച വാടക ഒഴിവാക്കി, ലാളിത്യത്തിന്റെ സൗന്ദര്യം
എന്താണെന്ന്‌ അറിയാൻ എനിക്ക്‌ അവസരമുണ്ടായി.
        രോഗങ്ങളാണ്‌ ജീവതാരംഭം തൊട്ടേ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്‌.
വിട്ടുമാറാത്ത ശ്വാസംമുട്ടൽ, ആസ്തമ പിന്നെ പുതുതായിവന്ന രോമം
കൊഴിച്ചിലും. ശരീരത്തിലെ എല്ലാ രോമങ്ങളും നഷ്ടപ്പെട്ടു. രോമങ്ങൾ ഇല്ലാത്ത
മനുഷ്യൻ വികൃതസ്വരൂപമാണ്‌. എന്റെ സർഗ്ഗശേഷിയേയും മനസ്സിനേയും
ഇഷ്ടപ്പെട്ടതുകൊണ്ട്‌ ഭാര്യ എന്റെ എല്ലാത്തരം അവസ്ഥകളോടും
പൊരുത്തപ്പെട്ടു നീങ്ങി. ദാമ്പത്യം സൗഭാഗ്യവും പീഢനവുമാകുന്ന
അവസ്ഥയുണ്ട്‌. ദമ്പതികൾ പരസ്പരം കുറ്റപ്പെടുത്താനുള്ള കാരണങ്ങളും
കണ്ടെത്താം. പരിമിതികളുടെ തിരിച്ചറിവും പാരസ്പര്യം ആവശ്യമാണെന്ന ബോധവും
ഓരോരുത്തർക്കും ഉണ്ടാകണം. ഇക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്‌. വലിയ
കുഴപ്പങ്ങൾ ഇല്ലാത്തത്താണ്‌ എന്റെ ദാമ്പത്യം.
        രജനിയുടെ ജനനത്തോടെയാണ്‌ എന്റെ ജീവിതം സ്വകാര്യമായി പ്രസക്തമാകുന്നത്‌.
മീനാക്ഷി സോസൈറ്റിയിലേക്കു പോയിക്കഴിഞ്ഞാൽ വീട്ടിൽ ഞാൻ തനിച്ചാണ്‌. മകൾ
ജനിച്ചതോടെ സഹായത്തിന്‌ ഭാര്യയുടെ അമ്മയും എത്തി. മക്കൾ നമ്മുടെ എല്ലാം
ജീവിതത്തിന്റെ തുടർച്ചയാണ്‌. ജീവിതത്തിന്റെ പ്രാഥമികമായ പരിപൂർണ്ണത
മക്കളിൽ തന്നെയാണ്‌.
എം.സുകുമാരൻ

        പ്രണയ വിവാഹമാണെങ്കിലും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഞങ്ങൾ
ബഹിഷ്കൃതരായിട്ടില്ല. എന്റെ വീട്ടുകാരുമായും അവളുടെ ബന്ധുക്കളുമായും
ആദ്യം മുതൽക്കെ നല്ല ബന്ധമാണുള്ളത്‌. അതിന്നും തുടരുന്നു. ഏതുതരം
ബന്ധത്തേയും സൗഹൃദങ്ങളേയും പരമാവധി നിലനിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്‌.
അവയാണ്‌ എന്റെ ശക്തി. പാരമ്പര്യ ധനസ്രോതസ്സുകൾ ഇല്ലാത്ത എനിക്ക്‌
സുഹൃത്തുക്കളും ബന്ധുക്കളുമാണ്‌ സാമ്പത്തിക സഹായികൾ. എന്റെ കഷ്ടപ്പാടുകളെ
പങ്കുവെയ്ക്കുന്നതും ഇവർ തന്നെയാണ്‌.
മനോജ്‌: സുഖം, സംതൃപ്തി, സുരക്ഷിതത്വം ഇവയാണ്‌ സ്ത്രീ. എന്റെ
അനുഭവനിഷ്ഠമായ ഇത്തരം വീക്ഷണത്തിന്‌ താങ്കളുടെ ജീവിതത്തിൽ എന്തു
പങ്കാണുള്ളത്‌?
എം.സുകുമാരൻ: മനോജിന്റെ നിരീക്ഷണത്തോട്‌ ഭാഗികമായി ഞാൻ യോജിക്കുന്നു.
അനുഭവങ്ങളാണ്‌ ചിന്തയ്ക്ക്‌ ആധാരം. എനിക്ക്‌ വ്യത്യസ്തമായ
അനുഭവങ്ങളാണുള്ളത്‌. എങ്കിലും ഒന്ന്‌ എനിക്ക്‌ ഉറപ്പിച്ചു പറയാൻ കഴിയും
സ്ത്രീ നവീനതയുടേതല്ല, പാരമ്പര്യത്തിന്റെ വക്താവാണ്‌. അവൾ ലോകത്തെ
സൃഷ്ടിക്കുന്നില്ല; മാറ്റിപ്പണിയുന്നില്ല, സംരക്ഷിക്കുക മാത്രമാണ്‌
ചെയ്യുന്നത്‌.
        പരപ്രേരണകൊണ്ടല്ല ഞാൻ ഭൗതികവാദിയായത്‌. സ്വന്തം കണ്ടെത്തലാണ്‌ എന്നെ
ഇവിടെ എത്തിച്ചതു. എന്റെ പ്രിയപ്പെട്ടവരാണെങ്കിലും ഭാര്യയും മകളും
ദൈവവിശ്വാസികളാണ്‌. മതാചാരങ്ങളെ അവർ മുറപോലെ തുടരാറുണ്ട്‌. അന്വേഷണങ്ങൾ
സ്വന്തം അവസ്ഥയെ അപകടത്തിലാക്കും. ആരും പ്രതിസന്ധികളെ ഇഷ്ടപ്പെടുന്നില്ല.
ജീവി എന്ന നിലയിൽ എല്ലാ മനുഷ്യരും സുഖത്തെയാണ്‌ ഇഷ്ടപ്പെടുന്നത്‌. ചില
വിചിത്രജീവികൾ മാത്രം ദുഃഖത്തെ ഏറ്റുവാങ്ങുന്നു.
മനോജ്‌: താങ്കളുടെ ആരോഗ്യസ്ഥിതി എങ്ങനെ? ദൈവസാന്നിദ്ധ്യമില്ലാതെ
ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ താങ്കൾക്ക്‌ കഴിയുന്നുണ്ടോ?
എം.സുകുമാരൻ: രോഗം ശൈശവം തൊട്ടേ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
അസ്മയാണ്‌ എന്നെ ഏക്കാളത്തും വിഷമിപ്പിക്കുന്നത്‌. പിന്നെ മരുന്നുകൾ
നൽകിയ അനുബന്ധരോഗങ്ങളുമുണ്ട്‌. ഇടയ്ക്ക്‌ അപൂർവ്വമായ ഒരു രോഗവും
ബാധിച്ചു. ശരീരത്തിലെ രോമങ്ങളെല്ലാം കൊഴിഞ്ഞുപോയി. രോമങ്ങളുടെ
ആവശ്യത്തേയും അവയുടെ ധർമ്മത്തേയും കുറിച്ച്‌ ബോധ്യമുണ്ടായത്‌ രോമങ്ങളുടെ
നഷ്ടത്തോടെയാണ്‌. പുരികങ്ങൾ സൗന്ദര്യം വർദ്ധിപ്പിക്കുക മാത്രമല്ല
കണ്ണിലേക്ക്‌ നേരിട്ടുവീഴുന്ന പ്രകാശത്തെ തടുക്കുന്നുമുണ്ട്‌. അതുപോലെ
കൺപോളകളിലെ രോമങ്ങളാണ്‌ പൊടിപടലങ്ങളിൽ നിന്ന്‌ കണ്ണിനെ
സംരക്ഷിക്കുന്നത്‌. ഇതെല്ലാം ഞാൻ മനസ്സിലാക്കുന്നത്‌ രോമങ്ങൾ
നഷ്ടപ്പെട്ടപ്പോഴാണ്‌. അവയവങ്ങളുടെ അഭാവമാണ്‌ അവയവങ്ങളെ കുറിച്ച്‌
നമുക്ക്‌ ബോധ്യമുണ്ടാക്കുക. നഷ്ടമാണ്‌ സാമീപ്യത്തിന്റെ
മഹത്വത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തുക.
        തിമിര ശസ്ത്രക്രിയയിൽ നടന്ന പിഴവുമായാണ്‌ ഞാൻ ഇപ്പോൾ ജീവിക്കുന്നത്‌.
ഒരു കണ്ണിന്റെ കാഴ്ച വല്ലാതെ കുറഞ്ഞിട്ടുണ്ട്‌. പരിഹാര ചികിത്സയും
മുമ്പിലുണ്ട്‌. രോഗം ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു.
        ശരീരം ആരോഗ്യത്തോടെ ഇരിക്കുമ്പോൾ മനസ്സ്‌ ശക്തമാണ്‌. ഒന്നിന്റെ നഷ്ടം
മറ്റൊന്നിനെ തളർത്തുന്നു. മനസ്സ്‌ ശക്തമാണെങ്കിലും പ്രവർത്തിക്കാൻ
ആരോഗ്യം വേണമല്ലോ.
        പരമ്പര്യവും മതബദ്ധവുമായ സാഹചര്യത്തിലാണ്‌ ഞാനും വളർന്നത്‌. രോഗങ്ങൾ
ബാധിക്കുമ്പോൾ മതാചാരപ്രകാരമുള്ള പല ചികിത്സകളും അമ്മ ചെയ്തിട്ടുണ്ട്‌.
വിവാഹം കഴിഞ്ഞ്‌ വർഷങ്ങൾക്കു ശേഷം ഉണ്ടായ കുട്ടിയായതുകൊണ്ട്‌ വളരെ
കരുതലോടെയാണ്‌ അമ്മ എന്നെ വളർത്തിയത്‌. അമിതമായ സ്നേഹവാത്സല്യങ്ങൾ അവർ
എനിക്ക്‌ നൽകി. എനിക്കു പനി വരുമ്പോൾ അമ്മ അതീവ ഉത്കണ്ഠയോടെ
ഉറക്കമൊഴിച്ചു. മരുന്നുകളും മന്ത്രചരടുകളും രോഗപ്രതിവിധിയായി.
        അമ്മയുടെ അനാവശ്യമായ വേവലാതികൾ എന്റെ ജീവിതത്തിന്റെ
ഭാഗമായിത്തീർന്നിരിക്കുന്നു. മകൾക്ക്‌ രോഗം വരുമ്പോൾ ഭാര്യയല്ല ഞാനാണ്‌
കൂടുതൽ വിഷമിക്കുക. മരുന്നുകൾ തീൻമേശയുടെ ഭാഗമായതോടെ, ജീവിത വീക്ഷണം
കൂടുതൽ വികസിച്ചതോടെ രോഗത്തെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കാൻ
കഴിയുന്നുണ്ട്‌. രോഗത്തെയും മരണത്തേയും ദൈവീകതയുമായി ബന്ധിപ്പിക്കാൻ
കഴിഞ്ഞിട്ടില്ല. ജീവിതത്തിന്‌ ദൈവം അനാവശ്യമാണെന്ന്‌ ഇപ്പോഴും
വിശ്വസിക്കുന്നു. പ്രായം കൂടുന്തോറും ദൈവവിശ്വാസത്തിന്റെ അനാവശ്യകത
വർദ്ധിക്കുകയാണ്‌.
        ഭൗതിക കേന്ദ്രീകൃതമായ അധ്യാത്മികതയെയാണ്‌ ഞാൻ അന്വേഷിക്കുന്നത്‌.
ജീവിതത്തിന്റെ പ്രസക്തിയും ജീവിതം തന്നെയും ചോദ്യവിഷയങ്ങളാണ്‌.
പ്രപഞ്ചവും സഹജീവികളും ചോദ്യചിഹ്നങ്ങളായി എന്റെ മുമ്പിലുണ്ട്‌. ചോദ്യങ്ങൾ
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി തുടരുകയും ചെയ്യുന്നു. ചോദ്യം ചെയ്യാനുള്ള
മനസ്സുണ്ടാകുന്നത്‌ തന്നെ മഹാഭാഗ്യം. ഒരു ജീവിതം കൊണ്ട്‌ എല്ലാ
ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായില്ല.
മനോജ്‌: താങ്കൾ എഴുത്തിനിർത്തി നിശ്ശബ്ദനായിരിക്കുന്നു. എഴുതാത്ത അവസ്ഥയെ
എങ്ങനെ നേരിടുന്നു?
എം.സുകുമാരൻ: ഓരോ എഴുത്തുകാരനും അയാളുടേതായ രചനാപരിസരമുണ്ട്‌. ചിലർ
യൗവ്വനകാലത്തെ കേന്ദ്രീകരിച്ച്‌ വാർദ്ധക്യത്തിലും
എഴുതിക്കൊണ്ടിരിക്കുന്നു. അവരുടെ വിഷയം പ്രണയവും സ്വകാര്യ
വ്യക്തിത്വവുമാണ്‌. മറ്റു ചിലർ ഗാർഹിക പരിസരത്തെ കേന്ദ്രീകരിക്കുന്നു.
വൈയക്തികമായ തിരഞ്ഞെടുപ്പുകൾ എഴുത്തുകാരന്‌ ഒരുപാട്‌ സുരക്ഷിതത്വം
നൽകുന്നു. അയാൾ അധികാരത്തോടും വ്യവസ്ഥിതിയോടും ഏറ്റുമുട്ടുന്നില്ല.
അതുകൊണ്ട്‌ ഭരണകൂടത്തിന്റെ ഔദാര്യങ്ങൾ അയാൾക്ക്‌ ലഭിക്കുന്നു. അലോസരത
ഇല്ലാത്ത എഴുത്ത്‌ എഴുത്തുകാരനെ മാധ്യമങ്ങളുടെ പ്രിയപ്പെട്ടവനാകുന്നു.
        എന്റെ ആദ്യകാലത്തെ ഗൗരവമായ രചനകളിൽ വിശപ്പാണ്‌ കേന്ദ്രവിഷയം.
വിശപ്പിന്റെ ആധിക്യം മൂലം ജീവിതം നഷ്ടപ്പെട്ടവരെക്കുറിച്ചാണ്‌ ഞാൻ
എഴുതിയത്‌. വിശപ്പ്‌ എല്ലാ മൂല്യങ്ങളേയും അവസാനിപ്പിക്കുന്നു.
വിശക്കുന്നവന്‌ ഭക്ഷണത്തിന്‌ അപ്പുറം യാതൊരു ചിന്തയുമില്ല.
തത്വശാസ്ത്രവുമില്ല. വിശപ്പ്‌ അടങ്ങുമ്പോഴാണ്‌ മനുഷ്യനെക്കുറിച്ചും
പരിസരത്തെക്കുറിച്ചും ബോധവാനാകുന്നത്‌. അത്തരമൊരു സാമൂഹ്യപരിസരമാണ്‌
അന്നത്തെ ചിറ്റൂരിൽ ഉണ്ടായിരുന്നത്‌. എന്റെ വീടിന്‌ അടുത്തുതന്നെയാണ്‌
തമിഴ്‌ നെയ്ത്തുകാരുടെ തെരുവുകൾ. കമ്പനി തുണിത്തരങ്ങൾ വിപണി
കീഴടക്കിയതോടെ അവരുടെ ഉൽപാദനം തോർത്തുകൾ മാത്രമായി. തോർത്തുകൾക്കുപോലും
ശ്രദ്ധേയമായ വിപണി ഇല്ല. അവ വിറ്റാൽ പോലും അവർക്ക്‌ ഭക്ഷണത്തിനുള്ള
വകകിട്ടില്ല. അവരുടെ വിശപ്പിന്റെ നിലവിളികൾ കേട്ടുവളർന്ന ഞാൻ
മറ്റെന്തിനെക്കുറിച്ചാണ്‌ എഴുതുക? വിശപ്പ്‌ എന്റെ ആദ്യകാലകഥകളിലെ
കേന്ദ്രവിഷയമായത്‌ സ്വാഭാവികമാണ്‌. സർഗ്ഗാത്മകത സ്വകാര്യമായ നിലവിളിയല്ല.
മറ്റുള്ളവരുടെ ദുഃഖത്തെ അവസ്ഥയെ ഉൾക്കൊള്ളലാണ്‌ നല്ല രചനയുടെ
ആന്തരികസത്ത. എഴുത്ത്‌ മനുഷ്യത്വവിരുദ്ധതയുടെ നേർക്കുള്ള പ്രതിഷേധമാണ്‌.
പ്രതിഷേധിക്കാത്ത, ആരേയും അലോസരപ്പെടുത്താത്ത കല അവസരവാദിയുടെ
സ്വാർത്ഥതയാണ്‌.
        വിശപ്പിന്റെ കാര്യകാരണങ്ങളെ കണ്ടെത്തലാണ്‌ എന്റെ പിൻകാല കഥകൾ
നിർവ്വഹിച്ചതു. രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥിതിയാണ്‌ അനീതികൾക്ക്‌
കാരണമെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. എന്നെ സംഘടനാ പ്രവർത്തകനും രാഷ്ട്രീയ
വാദിയുമാക്കിയത്‌ തിരുവനന്തപുരവും ഔദ്യോഗിക ജീവിതവുമാണ്‌. വിശപ്പും
അതിന്റെ തുടർച്ചയായ രാഷ്ട്രീയവുമാണ്‌ എന്റെ രചനാ പശ്ചാത്തലം.
അവസ്ഥയോടുള്ള പ്രതികരണമാണ്‌ എന്റെ രചനകളെന്നും പറയാം. മാനുഷികത നിറഞ്ഞ
ഒരു ലോകത്തെയാണ്‌ ഞാൻ സ്വപ്നം കണ്ടത്‌. ആ സ്വപ്നത്തെ സഫലമാക്കുന്നതിന്‌
വേണ്ടി ഞാൻ എഴുതി. സ്വപ്നശൂന്യമായ സാഹചര്യത്തിൽ എനിക്ക്‌ എഴുത്തു
നിർത്തേണ്ടിവന്നു.
        പ്രതീക്ഷകളും സ്വപ്നങ്ങളുമില്ലാത്ത ജീവിതം ഭീകരമാണ്‌. അത്തരമൊരു
സന്നിദ്ധാവസ്ഥയെയാണ്‌ ഞാൻ നേരിടുന്നത്‌. കൃത്രിമമായി സ്വപ്നങ്ങളെ,
പ്രത്യാശകളെ സൃഷ്ടിക്കാനാവില്ലല്ലോ. അതുകൊണ്ട്‌ നിശ്ശബ്ദനാകേണ്ടി വന്നു.
വ്യാജമായ രചനകൾ സൃഷ്ടിക്കാൻ എനിക്ക്‌ കഴിയില്ല. സ്വകാര്യതയെ
പ്രമേയമാക്കാനും എനിക്കു കഴിയില്ല. എന്റെ രചനാ പശ്ചാത്തലം രാഷ്ട്രീയ
സാമൂഹ്യപരിസരമാണ്‌. പ്രത്യേകിച്ച്‌ കമ്മ്യൂണിസം. കമ്മ്യൂണിസവും
നവമുതലാളിത്തവും വേർതിരിക്കാനാവാത്ത വിധം ഒന്നായ കാലഘട്ടത്തിൽ എന്റെ
രാഷ്ട്രീയ വിശ്വാസങ്ങൾക്ക്‌ പ്രസക്തിയില്ല. അല്ലെങ്കിൽ എന്റെ നിശ്ശബ്ദത
താത്വികമായ രാഷ്ട്രീയ അവബോധത്തിന്റെ നിശ്ശബ്ദതയാണെന്ന്‌ പറയാം.
യൗവ്വനത്തിന്റെ തീവ്രതനൽകിയ രാഷ്ട്രീയ പ്രമേയങ്ങൾ എനിക്കു പോലും
ഇക്കാലത്ത്‌ അസഹ്യമായിത്തീർന്നിരിക്കുന്നു. രാഷ്ട്രീയ രചനയുടെ,
പ്രമേയപരമായ തിരഞ്ഞെടുപ്പിന്റെ പരിമിതിയാണ്‌ ഞാൻ അനുഭവിക്കുന്നത്‌.
        എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്‌ ശാരീരികമായും മാനസികമായും ക്ലേശം
നൽകുന്ന അധ്വാനമാണ്‌. ഞാൻ എഴുത്തു നിർത്തിയതല്ല. മാറിയ കാലത്തിൽ
നിശ്ശബ്ദനായതാണ്‌.
        എഴുത്തുകാരനും മനുഷ്യനാണല്ലോ? എല്ലാ മനുഷ്യർക്കുമുള്ളതുപോലെ അനേകം
പ്രശ്നങ്ങളും എനിക്കുണ്ട്‌. കുടുംബബന്ധങ്ങൾ നൽകിയ ചുമതലയുമുണ്ട്‌. എന്റെ
സാന്നിധ്യം എന്റെ പ്രിയപ്പെട്ടവർക്കു ആവശ്യമാണ്‌. അതുകൊണ്ട്‌ ജീവിതം
തുടരാൻ ഞാൻ നിർബന്ധിതനാണ്‌. കാലഘട്ടത്തിന്റെ സർഗ്ഗാത്മകമായ ആവശ്യമാണ്‌
ഞാൻ നിർവ്വഹിച്ചതു. ലാഭനഷ്ടങ്ങൾ എന്റെ ചിന്താപരിസരത്തിലില്ല.
പരാജിതനല്ലാത്തതുകൊണ്ട്‌ അവസരവാദി അല്ലാത്തതുകൊണ്ട്‌ ഞാൻ സംതൃപ്തനാണ്‌.
ആത്മാവിനെ വഞ്ചിച്ചിട്ടില്ലെന്നു എനിക്ക്‌ ആരോടും ധീരതയോടെ പറയാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…