ഒരു സ്വപ്നസായന്തനത്തെ ആത്മാവിൽ പുനഃസൃഷ്ടിക്കുമ്പോൾ


ശരത്ത്‌
        സ്വയം നിർമ്മിച്ച,ഏറെ പഴക്കമാർന്നൊരു തംബുരുവുമായി ഗ്രാമനഗരവീഥികളിൽ
അലഞ്ഞു നടന്നു ഉപജീവനം കഴിക്കുന്ന നിസ്വനായ ഒരു ഗ്രാമീണ ഗായകനെ കുറെ വർഷം
മുമ്പ്‌ സാരാനാഥിൽ വച്ചു കാണുകയുണ്ടായി ഞാൻ. തീരെകുറച്ച്‌ ഇലകൾ മാത്രം
അവശേഷിച്ചിരുന്ന, കാവി നിറമാർന്ന നന്നേ ചെറിയപൂക്കളുമായി, ചാഞ്ഞു
തുടങ്ങിയ സൂര്യകിരണങ്ങളുടെ കമ്രദീപ്തിയേറ്റ്‌ ധ്യാനത്തിൽ മുഴുകി
നിന്നിരുന്ന ഒരു മരത്തിനു ചോടെയിരുന്ന്‌ മിഴികൾ പൂട്ടി സ്വയം മറന്ന്‌
പാടുകയായിരുന്നയ്യാൾ. 'ഭോജ്പുരി'യിലുള്ള ആ ഗാനത്തിൽ നിന്ന്‌
പ്രസരിച്ചിരുന്നത്‌ തഥാഗതന്റെ സ്നേഹത്തിൻ പീതരത്നത്തിളക്കമായിരുന്നെന്ന്‌, അയ്യാൾക്ക്‌ ചാരെയിരുന്നു ആ ഗാനംശ്രവിച്ചിരുന്ന ഞാനറിഞ്ഞു.

 അന്നേരം, കാറ്റിലിളകിയിരുന്ന വൃക്ഷച്ചില്ലകളിൽനിന്നു കുറെ പൂക്കൾ ഞങ്ങൾക്കുമേൽ കൊഴിഞ്ഞുവീണു. 'കൂടാർന്നദിക്കോർത്ത്‌'കിളിപ്പറ്റങ്ങൾ വിഹായസ്സിലൂടെ പറന്നകലുന്നുണ്ടായിരുന്നു. പൂക്കളുടെ നേരിയ പരിമളവും അന്തിവെയിലും പക്ഷികളും ചേർന്ന്‌ അന്തരീക്ഷത്തിനു സ്വപ്നചാരുതയേകി. ചിന്തയുടെ അഗ്നിയും കരുണയുടെ ജലവുമായി ലോകമെമ്പാടുമുള്ള ജനതതിയുടെ അന്തരാത്മാക്കളിൽ ധവളപത്മമായി വർത്തിക്കുന്ന ബുദ്ധഭഗവാന്റെ ആദ്യ  പ്രഭാഷണത്തിന്‌ വേദിയാകുകമൂലം നിത്യധന്യതയാർജ്ജിച്ച ആ വിശുദ്ധ
സ്ഥലിയിൽ വച്ച്‌ കണ്ടുമുട്ടാനിടയായ ആ ഗായകന്റെ സ്നേഹമസൃണമായ മുഖവും
മധുരതകലർന്ന നാദവും ഇപ്പോഴും ഇടയ്ക്കൊക്കെ മനസ്സിൽ കടന്നുവന്ന്‌ എന്റെ
ഏകാന്തത്തയിൽ പ്രസൂന നിമിഷങ്ങളാരചിയ്ക്കുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?