അജ്ഞാതനീലിമകളിൽ നിന്ന്‌ ഈ പക്ഷി


എം.കെ.ഹരികുമാർ

ആകാശച്ചുമരുകളിൽ നിന്ന്‌
അലച്ചെത്തുന്നു നിശ്ശബ്ദതയിൽ
ഈ നീലപ്പക്ഷി.
നീല നീല നിശാനിബിഡിതകൾക്ക്‌
നടുവിൽ അത്‌ താഴ്‌ന്നു പറക്കുകയാണ്‌.
നനഞ്ഞ നീലത്തൂവലിന്റെ
ശിശിരക്കൂടിനുള്ളിൽ
ഈ പക്ഷി നവാതിഥിയാണ്‌.


കടകളുടെ വാതിൽക്കൽ
ചുവരുകളുടെ താഴെ
യന്ത്രങ്ങൾക്ക് മുൻപിൽ
രക്തക്കറകളുടെ അരികെ
വായ്ത്തലകൾക്ക് കുറുകെ
ഈ പക്ഷി
പുതിയൊരു നീലിമ പടർത്തി.
വിഭ്രാമകമായ മനഃസന്ധ്യകളിൽ
സ്വയം തേടാൻ അറിയാത്ത
ജീവിതാസ്തിത്വങ്ങൾക്കുമുൻപിൽ
പക്ഷിയുടെ പാട്ട് ഓർത്തെടുക്കാനാവാത്തവിധം
മൂടൽമഞ്ഞുപോലെ പുതഞ്ഞു.
പുലരികളിലെ തൊടികളിൽ കനംവച്ച നീലിമ
സന്ധ്യകളിലേക്കും വ്യാപിച്ചു.
അന്ധവും ബധിരവുമായ പലായനങ്ങൾ,
പത്തിവിടർത്തലുകൾ,
അടുക്കളപൂന്തോട്ടത്തിലെ  നീലിച്ച പൂക്കളിൽ നിന്ന്
കാലത്തിന്റെ ആത്മാവ്  ഇറങ്ങിപ്പോയി.
ജീവനൊഴിഞ്ഞ ശരീരങ്ങളിൽ നീലതയുടെ ഗാഢസ്മിതങ്ങൾ .
ആകാശത്തിൽ നിന്ന്‌ നിരാശാചഷകം
ഉരുകിയൊലിച്ച്‌
ശബ്ദങ്ങൾ ഉൾവലിഞ്ഞുപോയ
നിഗൂഢമാം മൃതനീലത്വങ്ങളിലേക്ക്‌ .
ഈ നീല ആകാശത്തിനും
കടലിനും ജീവിതവാസനയുടെ
ഉൾത്താപമന്ത്രണം

ഭയന്നു വിറച്ച
കുട്ടികൾ പതുങ്ങിപ്പതുങ്ങി
പ്പോവുന്നതിന്റെ ചിത്രങ്ങൾ, നിശാസുന്ദരികളുടെ
പാദചലനങ്ങൾ,
പക്ഷിത്തൂവലുകളിൽ അടിഞ്ഞുകൂടിയ
നീലമഴയുടെ ആഗാധതകൾ,
നീലഞരമ്പുകൾ എഴുതിവിട്ട മദമോഹങ്ങളുടെ
നീലരാവുകൾ...
പുലരിയിലെ ഈ മൈതാനത്തിൽ
നീലയുടപ്പിട്ട കുട്ടികൾ കളിക്കുകയാണ്‌
നക്ഷത്രങ്ങൾക്കിടയിലെ നീലത്തമോഗർത്തങ്ങൾ
 കുട്ടികളെകണ്ട വൃദ്ധരുടെ കണ്ണുകൾ
നീലാകാശത്തിന്റെ ലയത്തിൽ മുഴുകി
ഈ പക്ഷിയേത്തേടി ഇനിയും
നീലത്തൂവൽപക്ഷികൾ  ആകാശത്തിന്റെ നീലിമയിൽ നിന്ന്‌
വേർപെട്ട്‌ പതിക്കുകയാണ്‌.
ക്രുദ്ധതയുടെ യന്ത്രങ്ങളുടെ നിഷ് പക്ഷഭാവങ്ങൾ
എപ്പോഴും പറക്കുന്ന പക്ഷികളില്ല.
കൂടുവിട്ട കിളി മഴയത്തും നിഷേധിയെപ്പോലെ
ഒറ്റയൊരു ചാമ്പമരക്കൊമ്പിൽ.
നീലമൗനങ്ങളുടെ അഴിയാക്കുരുക്കുകളിൽ
അവനു ചുറ്റും മഴയുടെ നീലത്തുള്ളികൾ
നടനത്തിന്റെ നീലവാതായനങ്ങൾ
അഴിച്ചു പണിയുന്നു.
രാത്രിയുടെ ശബ്ദങ്ങൾ പ്രഭാപൂരിതമായ
ഇന്നലെകളെ  തൂവലുകളിലൊളിപ്പിച്ച്‌
പക്ഷികളെപ്പോലെ പറക്കുകയാണ്‌.
ഒരു മഴയിൽ ഒരു പക്ഷി ഒളിച്ചിരിക്കുന്നു.
ഈ  നീലിമയിൽ  ചിറകുവീശിയെത്തുന്നത്‌
ആകാശമോ സമുദ്രമോ?
ബാല്യ കൗമാര സ്വപ്നങ്ങളോ?
മനസിന്റെ നീലത്തുടിപ്പിൽ വിരിയുന്ന സഹശ്രദള
നീലത്താമരകളിൽ നിന്ന്‌  ഇറങ്ങിവരാനായി
ഒരു യോഗി കാത്തിരിക്കുന്നു.
നീലമീനുകൾ ശിരസിലേന്തിയ നീലത്വത്തിന്റെ അജ്ഞാത
ജീവിതങ്ങൾ എവിടെയോ പ്രലോഭിപ്പിക്കുന്നു.
സമുദ്രത്തിന്റെ അടിയിൽ
ചിതറിപ്പോയ നീലംപേറിയ മത്സ്യങ്ങൾ
ഒരു നിമിഷത്തെ ഒരായിരമായി പെരുക്കി.
ഈ വിരഹിയാം  ചുമരുകളിൽ നോക്കിയിരിക്കെ ഒരു പിറവി,
അർത്ഥമറിയാൻ വൈകുന്ന  ഓർമ്മകളുടെ
നീലജീവസ്ഫുരണങ്ങൾ അകന്നുപോയി.
ആമയുടെ തോടിനുള്ളിൽ ഒളിച്ച സൗഹൃദങ്ങൾ,
നായയുടെ രതിപോലെ
തീവ്രവും  തീക്ഷ്ണവുമായ മറവികൾ,
ചീനഭരണികളിലൊളിപ്പിച്ച പഴകിയ പ്രണയങ്ങൾ,
ചത്ത്‌ ചീഞ്ഞ മൗനങ്ങളുടെ കടും നീലപ്പടർപ്പുകൾ,
ഒരിക്കലും മനസ്സ് വരാത്ത ഉടലുകൾ,
ഒരു പക്ഷിപ്പറക്കലിന്റെ
നീലരഥ്യയിൽ കാലം പ്രതിബിംബങ്ങളായി
ചിതറിവീഴുന്നു.
ഈ നീലപ്പക്ഷിയിപ്പോൾ
നീലിമയെന്തെന്നറിയാതെ, നീലതകളെ മറന്ന്
മറ്റൊരു അർത്ഥം തേടുകയാണ്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?