19 Aug 2012

കണ്ണാടി /സില്‍വിയ പ്ലാത്ത്

ഗീത ശ്രീജിത്ത്

രസം പൂശിയ ഞാന്‍
കാണുമ്പോലെ തന്നെ.
എനിക്ക് മുന്‍വിധികളൊന്നുമില്ല.
... കാണുന്നത് അതേപടി ഞാന്‍ വിഴുങ്ങും.
ഇഷ്ടതിന്റെയോ ഇഷ്ടക്കേടിന്റെയോ പക്ഷപാതമില്ലാതെ.
ഞാന്‍ ക്രൂരയല്ല, സത്യസന്ധ മാത്രം.
ഒരു കുഞ്ഞു ദൈവത്തിന്റെ കണ്ണ്.
നാല് മൂലകളുള്ളത്.
മിക്കസമയവും, എതിരെയുള്ള ചുവരും നോക്കി
ഞാന്‍ ധ്യാനിച്ചിരിക്കും.
പാടലവര്‍ണ്ണത്തില്‍ പാടുകള്‍ വീണൊരു ചുവര്.
ഏറെ നേരം ഞാനതും നോക്കി ഇരുന്നിട്ടുണ്ട്.
അതെന്റെ ഹൃദയത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു-
വെന്നു തോന്നുന്നു.
പക്ഷെ, അതിടക്കിടക്ക് മങ്ങി മറയും.
മുഖങ്ങളും ഇരുട്ടും ഞങ്ങളെ മാറി മാറി വേര്‍പിരിക്കും
ഇപ്പോള്‍ ഞാനൊരു തടാകമാണ്.
ഒരു സ്ത്രീ എന്റെ നേര്‍ക്ക്‌ കുനിയുന്നു.
എന്റെ അന്തരാളങ്ങളില്‍ അവളെത്തന്നെ അന്വേഷിക്കുകയാണ്, അവള്‍ എന്താണെന്ന്.
പിന്നെ അവള്‍ ആ കള്ളന്മാര്‍ക്ക് നേരെ തിരിയുന്നു, മെഴുകുതിരികളും ചന്ദ്രനും.
തിരിയുമ്പോള്‍,അവളുടെ പുറകു വശവും ഞാന്‍ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു.
കണ്ണുനീരും അസ്വസ്ഥമായ കൈകളും കൊണ്ടെന്നെ സമ്മാനിതയാക്കുന്നു അവള്‍.
ഞാനവള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒന്നാണ്.
അവള്‍ വരികയും പോവുകയും ചെയ്യും.
എല്ലാ പുലര്ച്ചയിലും എന്റെ ഇരുളകറ്റുന്നത് അവളുടെ മുഖമാണ്.
ഒരു യുവതിയായെന്നില്‍ മുങ്ങിത്താണിട്ടുണ്ട്.
എന്നാലിന്ന് ,
ദിനംതോറും അവളുടെ നേര്‍ക്ക്‌ ഉയര്‍ന്നു വരുന്നത്
ഒരു വൃദ്ധസ്ത്രീയുടെ മുഖമാണ്...
ഭീതിദമായ ഒരു മീനിനെപ്പോലെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...