19 Aug 2012

എല്ലാം ഒരു സ്വപ്നം പോലെ


അമ്പാട്ട്‌ സുകുമാരൻനായർ
pho.9495395312

        ഈരണ്ടു മാസം കൂടുമ്പോൾ പ്രകൃതിയിൽ ഋതുക്കൾ മാറിമാറി വരും. ഓരോ
ഋതുവിന്റെയും മാറ്റം നമുക്ക്‌ തിരിച്ചറിയാൻ കഴിയുമായിരുന്നു. ഓണം, വിഷു,
തിരുവാതിര, നവരാത്രി, ശിവരാത്രി തുടങ്ങിയ ആഘോഷങ്ങൾ വരവാകുമ്പോൾ പ്രകൃതി
തന്നെ നമ്മെ വിളിച്ചറിയിക്കും. പ്രകൃതിയുടെ ഓരോ ഭാവമാറ്റവും കാണുമ്പോൾ
ഏതൊക്കെ ആഘോഷങ്ങളാണ്‌ വരുന്നതെന്ന്‌ കുട്ടികൾക്കുപോലും തിരിച്ചറിയാൻ
കഴിയുമായിരുന്നു. പ്രകൃതിയുടെ ആ കലണ്ടർ കിറുകൃത്യമായിരുന്നു. ഇന്ന്‌
പ്രകൃതിയിലേക്കു നോക്കിയാൽ ഒന്നും തിരിച്ചറിയാനാവില്ല. വല്ലാത്തൊരു
നിസ്സംഗഭാവം! ആറോ ഏഴോ പതിറ്റാണ്ടുകൾക്കുള്ളിൽ വന്ന മാറ്റമാണിത്‌. സത്യം
പറയട്ടെ ഈ വർഷത്തെ കാലവർഷക്കാലം പോലും എനിക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞില്ല.
        ചിങ്ങം പിറക്കുമ്പോൾ പ്രകൃതിയുടെ മുഖം പ്രസന്നമാകുമായിരുന്നു. എന്തൊരു
ശോഭയായിരുന്നു ആ മുഖത്തിന്‌! കർക്കിടത്തിന്റെ കെടുതിയിൽ നിന്ന്‌ വിടുതൽ
നേടി സമൃദ്ധിയിലേക്കു കടന്നുവന്നതിന്റെ ആഹ്ലാദം. വിളവെടുപ്പിന്റെ
കാലമാണ്‌ ചിങ്ങമാസം.
        പണ്ടുപണ്ട്‌ അസുരചക്രവർത്തിയായ മഹാബലി കേരളം ഭരിച്ചിരുന്ന കാലം.
സമ്പൽസമൃദ്ധമായിരുന്നു അന്ന്‌ കേരളം. എ.പി.എൽ-ബി.പി.എൽ ഭേദമില്ലാതെ
എല്ലാവരും സുഭിക്ഷതയോടെ ജീവിച്ചിരുന്ന കാലം. സ്വർഗ്ഗത്തേക്കാൾ
സുന്ദരമാണ്‌ കേരളമെന്നറിഞ്ഞപ്പോൾ ദേവന്മാർക്കസൂയസഹിച്ചില്ല. മഹാവിഷ്ണു
വാമനന്റെ രൂപത്തിൽ മഹാബലിയുടെ മുമ്പിൽ വന്ന്‌ അദ്ദേഹത്തെ ചതിവിൽ കുടുക്കി
പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തി. ആണ്ടിലൊരിക്കൽ പ്രജകളെ വന്നുകാണാൻ
അനുവാദം കൊടുക്കുകയും ചെയ്തു. അങ്ങനെ ആണ്ടിലൊരിക്കൽ ചിങ്ങമാസത്തിൽ
തിരുവോണനാളിൽ മഹാബലി തന്റെ പ്രജകളെ കാണാനെത്തും. പ്രജകൾ വളരെ
ആഹ്ലാദത്തോടെ അദ്ദേഹത്തെ വരവേൽക്കാൻ വേണ്ടി എല്ലാ ഒരുക്കങ്ങളും നടത്തും.
വീടും പരിസരങ്ങളുമൊക്കെ വൃത്തിയാക്കി പുതുവസ്ത്രങ്ങളുമണിഞ്ഞ്‌ മുറ്റത്ത്‌
പൂക്കളവുമൊരുക്കി ആളുകൾ കാത്തിരിക്കും.
        പൂക്കളമൊരുക്കാൻ കുട്ടികളാണ്‌ കൂട്ടംകൂടി പൂക്കൂടകളുമായി
പുറപ്പെടുന്നത്‌. പൂക്കൾ തേടിയുള്ള ആ അലച്ചിൽ ആഹ്ലാദകരമായിരുന്നു.
നേരംപുലരും മുമ്പേ സ്ത്രീകൾ മുറ്റം മെഴുകി വളരെ ഭംഗിയാക്കി പൂവിടും.
ഇന്ന്‌ പൂക്കളമൊരുക്കാൻ മിക്ക വീടുകളിലും മുറ്റമില്ല. പൂപറിക്കാൻ
കുട്ടികളുമില്ല. അവർക്ക്‌ ധാരാളം പഠിക്കാനുണ്ടാകും. ഓണക്കാലത്ത്‌ കളിച്ചു
നടന്നാൽ പരീക്ഷയിൽ ഒന്നാമനാകാൻ പറ്റില്ല. പൂപറിക്കാനാണെങ്കിൽ
നാട്ടിലെങ്ങും പൂക്കളില്ല. എന്നാലും പൂക്കൾക്കു പഞ്ഞമില്ല.
കൈനിറയെപണവുമായി മാർക്കറ്റിൽ ചെന്നാൽ എത്ര വേണമെങ്കിലും പൂക്കൾ കിട്ടും.
തമിഴ്‌നാട്ടിലെ പൂകൃഷിക്കാർ എത്രവേണമെങ്കിലും പൂക്കൾ ഇവിടെയെത്തിക്കും.
പൂക്കൾ മാത്രമല്ല, ഓണസദ്യയൊരുക്കാനുള്ള അരിയും പച്ചക്കറികളും
കറിക്കൂട്ടുകളും പാലുംമോരും തൈരും നെയ്യുമെല്ലാം കാലേക്കൂട്ടി
അവരെത്തിക്കും. തമിഴ്‌നാട്ടുകാർ നമുക്കുവേണ്ടി ഇത്രയധികം
കഷ്ടപ്പെട്ടില്ലെങ്കിൽ ഇന്നിപ്പോൾ നമുക്കെങ്ങനെ ഓണമാഘോഷിക്കാൻ പറ്റും ?
പണ്ടൊക്കെ നാം കൃഷി ചെയ്തുണ്ടാക്കുന്ന അരിയും
പച്ചക്കറികളുമൊക്കെക്കൊണ്ടാണ്‌ ഓണസദ്യയൊരുക്കിയിരുന്നത്‌ ഇന്ന്‌ തമിഴർ
കനിയണം. അല്ലെങ്കിൽ നമുക്കൊണവുമില്ല വിഷുവുമില്ല, തിരുവാതിരയുമില്ല. ഇനി
നമുക്കു കുടിക്കാനും ആഹാരം പാകം ചെയ്യാനുള്ള വെള്ളംപോലും തമിഴർ വലിയ
കുപ്പികളിലാക്കി കൊണ്ടുവന്നു തരേണ്ടിവരും. നാമിവിടെ കുന്നുകളിടിച്ച്‌
വയൽനികത്തി കാട്ടുകൾ വെട്ടിമാറ്റി നദികളിലെ മണലൂറ്റി കേരളത്തിന്റെ മുഖഛായ
മാറ്റിക്കൊണ്ടിരിക്കുകയാണ്‌. നാളെ നമുക്കീ കേരളത്തെ മലകളില്ലാത്ത
പുഴകളില്ലാത്ത തടാകങ്ങളില്ലാത്ത ഒരു സമതലഭൂമിയാക്കിമാറ്റാൻ കഴിയും. വരും
തലമുറയ്ക്കു വേണ്ടി ഫ്ലാറ്റുകൾ പണിയാൻ നിലം നിരപ്പാക്കി കൊടുക്കുന്ന
യത്നത്തിലാണ്‌ നാമിപ്പോൾ.
        ഇന്നത്തെ സുഖസൗകര്യങ്ങളൊന്നുമില്ലാത്ത അന്നത്തെ ഓണത്തെക്കുറിച്ചുള്ള
ഓർമ്മകൾ മനസ്സിൽ മങ്ങാതെ നിൽക്കുന്നു. ഓണമടുക്കുമ്പോൾ ഓണക്കോടി കിട്ടാൻ
എന്തൊരാവേശമായിരുന്നു! ബാലികാ ബാലന്മാർ ഓണക്കോടിയുമുടുത്തുകൊണ്ട്‌
വർണ്ണച്ചിറകുള്ള ചിത്രശലഭങ്ങളെപ്പോലെ എങ്ങും പാറിക്കളിച്ചു നടക്കും.
അയലത്തെ കൂട്ടുകാരെല്ലാം ഒന്നിച്ചൊരിടത്തൊത്തുകൂടും. ഓരോരുത്തരും ഓരോ തരം
കളികളിലേർപ്പെടും. പെമ്പിള്ളേരുടെ ഇഷ്ടവിനോദമാണ്‌ ഊഞ്ഞാലാട്ടം.
മുടിയാട്ടം, തിരുവാതിരകളി, കുടുകുടുകളി, തുമ്പിതുള്ളൽ തുടങ്ങിയ കളികളിലും
അവർ വ്യാപ്രതരാകും.
        ആമ്പിള്ളേർക്കും ഊഞ്ഞാലാട്ടം ഇഷ്ടമുള്ള വിനോദമാണ്‌. ഉയരമുള്ള
മരക്കൊമ്പിൽ ഞാത്തി കെട്ടിയിട്ടുള്ള ഊഞ്ഞാലിൽകയറി ആടുന്നതുകണ്ടാൽ
ഭയംതോന്നും. ഊഞ്ഞാലിൽ പിടിച്ചുനിന്നുകൊണ്ട്‌ ആകാശത്തോളം ഉയരത്തിൽ
കുതിച്ചുയരും. തലപ്പന്തുകളി, കുട്ടിയും കോലുംകളി, കിളിത്തട്ടുകളി,
പകിടകളി എന്നിവയൊക്കെ ഹരം പകരുന്ന വിനോദങ്ങളാണ്‌. മുതിർന്നവരുടെ പകിടകളി
നാടുണർത്തും. പുലികളിയും കരടികളിയും രസകരമായ വിനോദങ്ങളാണ്‌. ഒരു
നായാട്ടുകാരൻ തോക്കുമായി പുലിവേട്ടയാടാൻ ഇറങ്ങിയിരിക്കുകയാണ്‌. ഒരാൾ
ലങ്കോട്ടിമാത്രം ധരിച്ചുകൊണ്ട്‌ ദേഹം മുഴുവൻ പുള്ളി കുത്തി നീണ്ട വാലും
വച്ചുപിടിപ്പിച്ച്‌ പുലിയുടെ വേഷം കെട്ടും, വേട്ടക്കാരന്റെ
തോക്കിനുമുമ്പിൽ നിന്ന്‌ രക്ഷപ്പെടാൻ പുലികാട്ടുന്ന പരാക്രമങ്ങൾ!

ചെണ്ടയും മറ്റ്‌ വാദ്യോപകരണങ്ങളുമായി വേറെയും നാലഞ്ചുപേർ ഒപ്പമുണ്ട്‌.
ഇവർ വീടുകളിലൊക്കെ വന്ന്‌ പുലികളിക്കും. ഗൃഹനാഥന്മാർ അവർക്ക്‌
സന്തോഷത്തോടെ സംഭാവന നൽകും. ഇന്ന്‌ ഇത്തരം വിനോദങ്ങളൊന്നുമില്ല.
ഓണാവധിക്ക്‌ കുട്ടികൾക്ക്‌ കളിയും വിനോദവുമൊന്നുമില്ല. അവർക്ക്‌ കളിച്ചു
നടക്കാൻ നേരമില്ല. കിട്ടുന്ന സമയമത്രയും പഠിക്കണം. ട്യൂഷനു പോകണം,
അത്യാവശ്യം വിനോദത്തിന്‌ കമ്പ്യൂട്ടറും മൊബെയിൽ ഫോണും കൂട്ടിനുണ്ട്‌.
        അന്ന്‌ ഓണമിങ്ങെത്തുമ്പോൾ എല്ലാവീടുകളിലും വറക്കലും പൊടിക്കലും തുടങ്ങി
ഓണത്തിന്‌ സദ്യവട്ടങ്ങളൊരുക്കുന്നതിന്റെ തന്ത്രപ്പാടിലാണ്‌ വീട്ടിലെ
പെണ്ണുങ്ങൾ. തിരുവോണത്തലേന്നു മുതൽ ഉത്രട്ടാതിവരെ വീടുകളിൽ
ആഹ്ലാദത്തിമിർപ്പാണ്‌. അന്നത്തെ ആ സന്തോഷം പറഞ്ഞറിയിക്കവയ്യ.
പുറത്തുപോയിട്ടുള്ളവരെല്ലാവരും ഓണത്തിന്‌ തറവാട്ടിലൊത്തുചേരും.
ഊണുകഴിക്കുന്നത്‌ എല്ലാവരും ഒരുമിച്ചിരുന്നാണ്‌; നിലത്ത്‌ പാവിരിച്ച്‌
അതിനുമുമ്പിൽ തൂശനിലയിട്ട്‌ അമ്മ സ്നേഹത്തോടെ ചോറുവിളമ്പിത്തരും.
എല്ലാവരും ചേർന്നിരുന്ന്‌ അത്‌ കഴിക്കുമ്പോഴുള്ള നിർവൃതി ഒന്നുവേറെ
തന്നെ. അടുക്കളയിൽ സദ്യയൊരുക്കുന്നത്‌ പെണ്ണുങ്ങൾക്കൊരു ഹരമായിരുന്നു,
അവർക്കതധ്വാനമേയല്ല, ആനന്ദമാണ്‌.
        ഇന്നോ? ഇന്ന്‌ ഓണത്തിന്റന്ന്‌ അടുക്കളയും വീടും അടച്ചു പൂട്ടും.
ഭാര്യയും ഭർത്താവും മക്കളുമൊന്നിച്ച്‌ അണിഞ്ഞൊരുങ്ങി ആഘോഷത്തോടെ
ഹോട്ടലിലേക്കു പോകും. അവിടെ വിപുലമായ രീതിയിൽ ഓണസദ്യയൊരുക്കിയിട്ടുണ്ട്‌.
ആറുമാസം മുമ്പേ അവിടെ പണമടച്ച്‌ രസീത്‌ വാങ്ങിയിട്ടുണ്ട്‌.
തുകയെന്തായാലും വിരോധമില്ല. തിരുവോണത്തിന്‌ കഷ്ടപ്പെട്ട്‌
സദ്യയൊരുക്കുന്ന തന്ത്രപ്പാടൊന്നുമില്ലല്ലോ. സംഗീതസാന്ദ്രമായ
അന്തരീക്ഷത്തിൽ നിറപറയുടെയും നിലവിളക്കിന്റെയും മുമ്പിൽ കേരളീയ മട്ടിൽ
അണിഞ്ഞൊരുങ്ങിയ സുന്ദരികളായ തരുണീമണികൾ സ്നേഹത്തോടെ തളിരലയിൽ
വിളമ്പിത്തരുന്ന സദ്യയുണ്ണാം. വീട്ടിലെല്ലാവർക്കും സദ്യയൊരുക്കുന്ന
പൊല്ലാപ്പിൽനിന്ന്‌ വീട്ടമ്മമാർക്ക്‌ രക്ഷപ്പെടുകയും  ചെയ്യാം.
അടഞ്ഞുകിടക്കുന്ന വീടിനു മുന്നിൽ വന്നു നിന്നിട്ട്‌ മാവേലി മന്നൻ വെറും
വയറോടെ തടി തപ്പിക്കൊള്ളും.
        ഒരു വീട്ടമ്മ മക്കൾക്ക്‌ അമ്മയാണ്‌. ഭർത്താവിന്‌ സ്നേഹമയിയായ
ഭാര്യയാണ്‌. പ്രായംചെന്ന അച്ഛനമ്മമാർ കൂടെയുണ്ടെങ്കിൽ അവർക്ക്‌
പ്രിയപ്പെട്ട മകളാണ്‌. അവൾ ആ കുടുംബത്തിന്റെ സർവ്വസ്വവുമാണ്‌.
വിഭവങ്ങളെത്ര കുറഞ്ഞാലും ആ വീട്ടമ്മ പാകം ചെയ്ത്‌ നിറഞ്ഞ സന്തോഷത്തോടെയും
സ്നേഹത്തോടെയും വിളമ്പുന്ന ആഹാരത്തിന്റെ രുചിയും സംതൃപ്തിയും സന്തോഷവും
ഏത്‌ ഹോട്ടലിൽ നിന്ന്‌ കഴിച്ചാലും ലഭിക്കുമെന്നു തോന്നുന്നില്ല. ഇന്ന്‌
കുടുംബം എന്ന സങ്കൽപത്തിന്‌ അർത്ഥമില്ലാതായി. എല്ലാം ഒരുതരം കടമ
നിർവ്വഹിക്കാൽ മാത്രം. മാതാപിതാക്കൾ മക്കളോട്‌ സ്നേഹം പ്രകടിപ്പിക്കുക
മാത്രമേ ചെയ്യുന്നുള്ളു. മാതൃവാത്സല്യം മക്കളുടെ ഹൃദയത്തിലേക്ക്‌
അമൃതധാരപോലെ പകർന്നുകൊടുക്കാൻ ഒരമ്മയ്ക്കുമിന്നറിയില്ല. 'അമ്മേ' എന്ന
വിളിപോലും ഇപ്പോഴത്തെ മമ്മിമാർക്കരോചകമാണ്‌. എവിടെയുമില്ല സ്നേഹത്തിന്റെ
ഒരു മൃദുസ്പർശം!
        എന്റെ തറവാട്‌ പുഴയുടെ തീരത്താണ്‌. ആ പുഴ എന്റെ തറവാടിനു സമീപത്തുവന്ന്‌
രണ്ടായിപിരിഞ്ഞ്‌ ഒരു ശാഖ കുമാരണല്ലോ‍ൂർ ക്ഷേത്രത്തിനു സമീപത്തുകൂടിയും
ഒരുശാഖ നാഗമ്പടം ശിവക്ഷേത്രത്തിനു സമീപത്തുകൂടിയും ഒഴുകി കുമാരണല്ലോ‍ൂർ,
നട്ടാശ്ശേരി, അയ്മനം, കുടമാളൂർ എന്നീ പ്രദേശങ്ങളുടെ ഏതാനും ഭാഗങ്ങളെ
വാരിപ്പുണർന്ന്‌ വീണ്ടും ഒന്നായിത്തീരുന്നു. ആ കരവലയത്തിലകപ്പെട്ട ഈ
പ്രദേശങ്ങളെ ഒരു ദ്വീപെന്നു വിശേഷിപ്പിക്കാം.
        ഇടഗ്രാമങ്ങളുടെ ഭരദേവതയായ കുമാരണല്ലോ‍ൂരമ്മ ചിങ്ങമാസത്തിൽ ഉത്രട്ടാതി
നാളിൽ പുഴയിലൂടെ ഒരു ഊരുചുറ്റു നടത്തും. പുഴയുടെ ഇരുകരകളിലുമുള്ളവർക്ക്‌
ഏറ്റവും വലിയൊരാഘോഷമാണിത്‌. ദേവിയുടെ എഴുന്നള്ളത്തിന്‌ അമ്പലം വക
ചുണ്ടൻവള്ളമുണ്ട്‌. രാവിലെ ആറാട്ടുകടവിൽ
നിന്നാണെഴുന്നള്ളത്താരംഭിക്കുന്
നത്‌. ദേവിയുടെ വള്ളത്തിനു അകമ്പടി
സേവിക്കാൻ എല്ലാ കരകളിലും നിന്ന്‌ കളിവള്ളങ്ങളെത്തിച്ചേരും. ഗംഭീരമായ ഒരു
ഘോഷയാത്രയാണ്‌ ആറാട്ടുകടവിൽ നിന്നാരംഭിക്കുന്നത്‌.
        അമ്പലം വക വള്ളത്തിൽ തകിലും നാദസ്വരവും ഇലത്താളവും പ്രസിദ്ധരായ
വഞ്ചിപ്പാട്ടുകാരുമുണ്ടായിരിക്
കും. എല്ലാവള്ളങ്ങളും പൂമാലകൾ
ചാർത്തികൊടിയും വച്ചലങ്കരിച്ചിരിക്കും. പ്രധാനപ്പെട്ട കളി
വള്ളങ്ങളിലെല്ലാം രണ്ടും മൂന്നും മുത്തുക്കുടകൾ കാണും. എല്ലാ
വള്ളങ്ങളിലും നിലയാളുകളുണ്ടാകും.
        തകിലിന്റെയും നാദസ്വരത്തിന്റെയും പശ്ചാത്തലത്തിൽ കുചേലവൃത്തം
വഞ്ചിപ്പാട്ടും പാടി ഈ വള്ളങ്ങളെല്ലാം ഒത്തുചേരുന്നുവരുന്ന കാഴ്ച
അത്യപൂർവ്വമായ ഒരു കാഴ്ചതന്നെയാണ്‌. അസുലഭമായ ഒരു കലാവിരുന്ന്‌. ഈ കാഴ്ച
കാണാൻ ഇരുകരകളിലും നൂറുകണക്കിനാളുകൾ തിങ്ങിക്കൂടാറുണ്ട്‌.
        വഞ്ചിപ്പാട്ടുപാടുമ്പോൾ എല്ലാവള്ളങ്ങളിലേയും തുഴക്കാർ ഒരേതാളത്തിലാണ്‌
തുഴയിടുന്നത്‌. അവിടെ മത്സരമില്ല. വാശിയില്ല. നൂറുകണക്കിനാളുകളുടെ
കണ്ഠങ്ങളിൽ നിന്ന്‌ ഒരേസമയം പാട്ടിന്റെ ശീലുകൾ ഉയരുമ്പോൾ നാടിന്റെ
ഉള്ളറകളിലേക്ക്‌ ആ ശബ്ദം അലയടിച്ചെത്തും.
        ആറ്റുതീരത്തുള്ള ചില പ്രമുഖകുടുംബക്കാർ ദേവിയെ സ്വീകരിക്കാൻ വേണ്ടി
പറവയ്ക്കും. എല്ലാവള്ളങ്ങളിലേയും ആൾക്കാർ വള്ളത്തിൽ നിന്നിറങ്ങി
വഞ്ചിപ്പാട്ടും പാടി ആ വീട്ടിൽ ചെന്ന്‌ പറയെടുക്കും. ഇതിൽ പങ്കെടുത്ത
എല്ലാ വള്ളങ്ങൾക്കും വെറ്റിലയും പുകയിലയും കൊടുക്കുന്ന ഒരു ചടങ്ങുണ്ട്‌.
ചിലർ പഴക്കുലകൾ സമ്മാനിക്കും. മറ്റുചിലർ കാപ്പിയും പലഹാരങ്ങളും
തുഴച്ചിൽക്കാർക്കെല്ലാം കൊടുക്കും. ചില വീട്ടുകാർ പായസം കൊടുക്കും. ഈ
സ്വീകരണങ്ങളെല്ലാം ഏറ്റുവാങ്ങി വള്ളങ്ങൾ ആറാട്ടുകടവിൽ തിരിച്ചെത്തുമ്പോൾ
നേരം നന്നേ ഇരുട്ടിയിരിക്കും.
എല്ലാവരും വള്ളത്തിൽ നിന്നിറങ്ങി കരവഞ്ചി
നടത്തി അമ്പലത്തിൽ ചെന്ന്‌ ദേവിയുടെ അനുഗ്രഹം വാങ്ങിയിട്ട്‌ തിരികെപോകും.
അതോടെ ഞങ്ങളുടെ ഓണാഘോഷം അവസാനിക്കും.
        ഇന്നിപ്പോൾ ആ ജലഘോഷയാത്രയും ആഘോഷങ്ങളുമൊക്കെ ഏതാണ്ട്‌ നിലച്ചമട്ടാണ്‌.
ശവാസനത്തിൽ കിടന്ന്‌ ദുർഗ്ഗന്ധം വമിക്കുന്ന പുഴയിലൂടെ എന്തുഘോഷയാത്ര?
അല്ലെങ്കിലും ആർക്കുണ്ടിപ്പോൾ ഇതിനോക്കെ നേരം.
എല്ലാം ഒരു സ്വപ്നം പോലെ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...