പേ പിടിച്ചാലത്തെ അനർത്ഥം


സി.രാധാകൃഷ്ണൻ

വിഭാഗീയതയാണ്‌ ലോകത്തെ വിഴുങ്ങാൻ തയ്യാറായി നിൽക്കുന്ന ദുർഭൂതം. അതിന്‌
പല ദംഷ്ട്രതകളുമുണ്ട്‌. ജാതി, മതം, കക്ഷി, പ്രദേശം, നിറം, ഭാഷ, ഭൂഷ
എന്നിങ്ങനെ. ഏത്‌ തേറ്റപ്പല്ലിനാണ്‌ അധികം കൂർപ്പ്‌ എന്നേ സംശയമുള്ളു.
സാധാരണക്കാരന്റെ നെഞ്ചിൻകൂടും ഹൃദയവും തകർക്കാൻ ഇതിൽ ഏതെങ്കിലും
ഒന്നുതന്നെ ധാരാളമാണ്‌. എല്ലാംകൂടി ആയാലോ? ഭിന്നതകളുടെ എണ്ണം-ദുഃഖങ്ങളുടെ
എണ്ണം എന്നല്ലേ സങ്കടസമവാക്യം?
        ജാതി എന്ന ഒരു സംഗതിയേ ഇല്ലെന്ന്‌ വിവരമുള്ളവരൊക്കെ പണ്ടേ പറഞ്ഞു.
ഇന്നും പറയുന്നു. പക്ഷെ, പറഞ്ഞുപറഞ്ഞ്‌ ആകെ അങ്ങനെ ഒന്നേയുള്ളു എന്നൊരു
സ്ഥിതിയിൽ എത്തിപ്പോയി! അതു നോക്കിയേ മനനമോ യമനമോ നിയമനമോ എന്തുമുള്ളൂ
എന്നായി. ഈർക്കിൽ ജാതികൾ പോലും സംഘടനകളായി വിലപേശാൻ രംഗത്തുണ്ട്‌.
വോട്ടുകൾ ജാതിയുടെ കണക്കുവച്ചായപ്പോൾ, ജയാപജയങ്ങൾ നൂറുകളിലും
ആയിരങ്ങളിലും ഒതുങ്ങുന്ന വ്യത്യാസം കൊണ്ടാവുക കൂടി ചെയ്തപ്പോൾ, ഓരോ
നിയോജകമണ്ഡലത്തിലും അഞ്ഞൂറുവീതം ഞങ്ങൾ ഉണ്ടെന്നു പറയുന്ന ജാതിനേതാക്കളും
അധികാരത്തിന്റെ ആനുകൂല്യങ്ങൾ (തങ്ങൾക്കായി) തട്ടിയെടുക്കുകയും, അണികളെ
പ്രീണിപ്പിക്കാൻ അന്യജാതികളെ ശ്വാസംപ്രതി അധിക്ഷേപിക്കയും ചെയ്യുന്നു.
ആകെ വിഷമയം!
        കുറ്റകൃത്യങ്ങൾക്ക്‌ പിടിയിലാകുന്നവരും ജാതിയുടെയും മതത്തിന്റെയും
കക്ഷിയുടെയും പേരിൽ നിലവിളിക്കുന്നു. ഒരാൾ അറസ്റ്റിലായാൽ ഉടനെ ചിലർ
കൊടികളുമായി തെരുവിലിറങ്ങി അക്രമവും കാട്ടുന്നു. നാട്ടിലുള്ള നിയമം അയാൾ
തെറ്റിച്ചോ എന്നതല്ല പ്രശ്നം, അയാളുടെ ജാതിയും മതവും കക്ഷിയും
എന്തെന്നതാണ്‌. ആരായാലും വേണ്ടാതീനം കാട്ടിയാൽ ശിക്ഷിക്കപ്പെടണം എന്നും
കൊലക്കുറ്റത്തിന്‌ സംശയിക്കപ്പെട്ടാൽ അതിന്റെ സത്യാവസ്ഥ തെളിയുവോളം
അന്വേഷിക്കണമെന്നും നിശ്ചയിക്കാൻ നമുക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ല?
        ഞെട്ടിക്കുന്ന അക്രമങ്ങൾ ഉണ്ടാകുമ്പോഴും നമ്മുടെ ചോദ്യം അതുചെയ്തത്‌
ഏത്‌ ജാതിക്കാരും കക്ഷിക്കാരും മതക്കാരുമാണെന്നാണ്‌. ചെണ്ടയുടെ
രണ്ടുപുറവും കൊട്ടി കുഴപ്പം കൊഴുപ്പിക്കാൻ ഉടനെ വിരുദ്ധധ്രൂവങ്ങൾ അരയും
തലയും മുറുക്കി ഇറങ്ങുന്നു. നാട്ടുകാരെ സമനില പാലിക്കാൻ നേതാക്കൾ
അനുവദിക്കയില്ല. പ്രകോപനപരമായത്‌ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മാധ്യമങ്ങൾ
മത്സരിക്കുകകൂടി ചെയ്യുന്നതോടെ കള്ളു കുടിച്ച കുരങ്ങിനെ തേളും കുത്തി
എന്ന സ്ഥിതിയാവുന്നു.
        ആരെ കൊല്ലാനും ലോകത്ത്‌ ആളെ കിട്ടുന്ന സാഹചര്യം ഉണ്ടായത്‌  മതങ്ങളാലല്ല,
അരക്ഷിതത്വമോ ആർത്തിയോ രണ്ടുംകൂടിയോ മനുഷ്യനെ മൃഗത്തെക്കാൾ മോശമായ
പതനത്തിലെത്തിച്ചതുകൊണ്ടാണ്‌. കണ്ടുപിടിക്കപ്പെട്ടാൽ തല പോകുമെന്ന
അറിവോടെ മയക്കുമരുന്ന്‌ കടത്താൻ തയ്യാറാകുന്നവർ ഏത്‌ മതത്തിനായാണ്‌
പ്രവർത്തിക്കുന്നത്‌? തങ്ങൾക്ക്‌ ഒരു തരത്തിലുള്ള അഹിതവും ചെയ്യാത്ത പാവം
മനുഷ്യരുടെ നേരെ യന്ത്രത്തോക്കുകൊണ്ട്‌ നിറയൊഴിക്കാൻ മുൻകൂർ പണംവാങ്ങി
ഇറങ്ങിയവർക്ക്‌ ഏത്‌ മതമാണ്‌ പ്രമാണം? ഇത്തരക്കാർക്ക്‌
മുഴുത്തഭ്രാന്തല്ലെങ്കിൽ വേറെ എന്താണ്‌?
        ഭിന്നതകൾ കൊണ്ട്‌ തോട്ടികെട്ടി സ്വാർത്ഥനേട്ടങ്ങളുണ്ടാക്കുന്
നവരുടെ
അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ്‌ വർഗ്ഗീയത വളർന്നത്‌. അങ്ങനെ വളർന്ന
വർഗ്ഗീയതയുടെ വിഷം ഉള്ളിൽ ചെന്നവരിൽ ചിലരെ, അവർ അന്യഥാ കുറ്റവാസനക്കാരോ,
മാനസികരോഗികളോ ആണെങ്കിൽ, അക്രമങ്ങൾ ചെയ്യാൻ കിട്ടുന്നു. വിഭാഗീയതയുടെ
പേരിൽ ധ്രൂവീകരണം ഒട്ടുമില്ലെങ്കിൽ അറുകൊല ചെയ്യാൻ ആളെ കിട്ടില്ല.
        ദാരുണമായ മിക്ക അക്രമങ്ങളിലും സംഭവിക്കുന്നത്‌ വാടകക്കൊലയാണ്‌ എന്ന
നേര്‌ ഏവർക്കും  ഇന്ന്‌ അറിയാം. ആർക്കാണ്‌ ഇതുകൊണ്ടൊക്കെ പ്രയോജനം?
'കള്ളൻ!' എന്ന്‌ അലച്ചാർത്ത്‌ ഏറ്റവും മുമ്പേ ഓടുന്നവൻ തന്നെയാണ്‌
യഥാർത്ഥത്തിൽ കള്ളന്മാർ എന്ന തിരിച്ചറിവുണ്ടാവാൻ രാഷ്ട്ര മീമാംസയിൽ
ബിരുദാനന്തര ബിരുദമൊന്നും ആവശ്യമില്ലല്ലോ.
        ഓരോ തവണയും മുമ്പത്തേതിൽ കൂടുതൽ ഞെട്ടിപ്പിക്കുന്നതരം പരിപാടി
നടത്തുന്നു. അമ്പത്തൊന്നു വെട്ടു വെട്ടിയ സംഭവം കഴിഞ്ഞാൽ അടുത്ത
അക്രമത്തിൽ നൂറു വെട്ടു വെട്ടിയാലല്ലേ 'പുരോഗതി' ഉള്ളൂ? എന്നാലല്ലേ
മതിയായ ഇംപാക്റ്റ്‌ കിട്ടൂ? അങ്ങനെ പോയിപ്പോയി വഴിയുടെ
അറ്റത്തെത്തിയിരിക്കയാണ്‌. ഇനി മുന്നിലുള്ളത്‌ അതിഭീകരമായ തമോഗർത്തമാണ്‌.
        ലോകത്തെങ്ങും വർഗ്ഗീയ യുദ്ധമാണ്‌ മനുഷ്യവംശത്തിന്റെ മുന്നിലുള്ളത്‌.
ലോകമഹായുദ്ധമെന്നത്‌ ഇനി ഈ അടിസ്ഥാനത്തിലാകാനാണ്‌ ഇട. അതിൽ ഇരുവശത്തും
പീരങ്കിത്തീറ്റയായി കുറെ ആളുകളെ ആവശ്യമുണ്ട്‌. വർദ്ധമാനമായ വർഗീയതയിലൂടെ
അതിനുതക്ക മാനസികാവസ്ഥ വികസ്വരനാടുകളിൽ ഉണ്ടായി വരികയാണ്‌.
        നമ്മുടെ ഈ പാവംപിടിച്ച രാജ്യത്ത്‌  ആകെയുള്ള സമ്പത്ത്‌ കുറെ
മനുഷ്യരാണ്‌. അവരെ, ചാവാനും കൊല്ലാനുമായി ചുരുങ്ങിയ ചെലവിൽ
വാടകയ്ക്കെടുക്കാൻ നെയ്യുന്ന വളരെ 'ആദർശവൽകൃത'മായ വലയിലേക്കുള്ള
ആകർഷണങ്ങളാണ്‌ ഇപ്പോൾ അരങ്ങേറുന്ന ടെററിസ്റ്റ്‌ അക്രമങ്ങൾ. അക്രമികളുടെ
മതമന്വേഷിക്കുന്ന മാധ്യമങ്ങളും നേതാക്കളും ഈ മീൻപിടുത്തത്തിന്‌
കൂട്ടുനിൽക്കുകയാണ്‌, അറിഞ്ഞോ അറിയാതെയോ.
        ഭാഷയുടെയും പ്രദേശങ്ങളുടെയും ഒക്കെ പേരിലുള്ള ഭിന്നിപ്പുകൾ കൃത്രിമമായ ഈ
മഹാഭിന്നിപ്പിന്റെ പാർശ്വവിള്ളലുകളാണ്‌. ഗോത്രപരമായ വികാരങ്ങൾ എല്ലാ
മനുഷ്യരിലും  ഉള്ളതിനാൽ വിഭാഗീയത എന്ന സാംക്രമികരോഗം സാധാരണക്കാരിലേക്ക്‌
വ്യാപിപ്പിക്കാൻ പ്രയാസമില്ല. ഈയിടെ തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്തപ്പോൾ
പച്ചക്കറി കൃഷിയിടങ്ങളിൽ കീടനാശിനികൾ വാരിക്കോരി ഉപയോഗിക്കുന്നത്‌ കണ്ടു.
വഴിയോരത്തെ പെട്ടിക്കടക്കാരനോട്‌ ഇതെപ്പറ്റി തമിഴിൽ ചോദിച്ചു.
ചിത്തിരച്ചെന്തമിഴിൽ കിട്ടിയ മറുപടി ഇങ്ങനെ. "നമുക്കെന്തുചേതം.
ഇവിടെയാരും ഇത്‌ കഴിക്കില്ല. ഒക്കെ കേരളത്തിലേക്ക്‌ പോകാനുള്ളതാണ്‌.
'നമ്മളും ഇതേ ചിന്ത പുലർത്താതിരുന്നിട്ടില്ല. കേരളത്തിൽ ഒരു ആണവറിയാക്ടർ
സ്ഥാപിക്കാനാലോചിച്ചപ്പോഴത്തെ മുദ്രാവാക്യം, അത്‌ തമിഴ്‌നാട്ടിലേക്ക്‌
കൊണ്ടുപോകണം' എന്നായിരുന്നല്ലോ! മുല്ലപ്പെരിയാറുകൊണ്ട്‌ രാഷ്ട്രീയക്കാർ
ഉണ്ടാക്കിയ ശത്രുതയുടെ മുറിവുകൾ ഇപ്പോഴും പഴുത്തുതന്നെ കിടപ്പല്ലേ?
        വിളിക്കാതെ വിരുന്നു വന്ന ഒരു പട്ടിക്കുട്ടിയെ വളർത്തണമെന്ന്‌ ശാഠ്യം
പിടിച്ച എനിക്ക്‌, പട്ടികളോട്‌ ഒട്ടും പ്രിയമില്ലാത്ത അമ്മാമൻ തന്ന ഒരു
ഉപദേശമുണ്ട്‌. 'കാര്യമൊക്കെ ശരി, വീട്ടുകാവലിന്‌ ഒരതിരുവരെ പറ്റും.
പക്ഷെ, അതിന്‌ പേപിടിച്ചാലത്തെ അനർഥം പറയാനില്ല!'
        'ഞങ്ങൾ, നിങ്ങൾ' എന്ന കഥയില്ലായ്മ മാറി എന്നാണ്‌  'നമ്മൾ എല്ലാരും'
ഒന്നാവുക? ബന്ധുവിനോ ഗുരുവിനോ, സുഹൃത്തിനോ തനിക്കുതന്നെയോ
ആർക്കെതിരായാലും സ്വാഭാവികനീതിക്കു കാവലാളാവുകയാണ്‌ ധർമ്മം എന്ന
ഗീതാസാരമേ മരുന്നുള്ളു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ