ഡോ.കെ.ജി. ബാലകൃഷ്ണന്‍
സ്വാതന്ത്ര്യദിന പ്പുലരി - 2012
--ഓരോ നിമിഷത്തോടും
--ഓരോ നിമിഷത്തോടും
ആരൊക്കെയോ കാശ് ചോദിക്കുന്നു.
വാടക, വില?
- രണ്ടുമല്ല.
രേഖ കൈവശം;
ലോക്കറില്‍ ഭദ്രം.
പിന്നെ?
എന്‍റെ ഈണം,
ഉള്പ്രപഞ്ചം.
പണ്ട് ഗാമയ്ക്ക്
ഒരു പണ്ടകശാല
കല്പിചചരുളിയ
സൌമനസ്യം;
എന്‍റെ സൂര്യന്‍.
പുലരിയും,
പകല്‍ പൊലിമയും
തട്ടി പറിച്ചത്.
കാല്‍ കീഴിലെ
ഉര്‍വരം
മാന്തി എടുത്തത്.
പശ്ചിമം
സര്‍വസ്വവും
മോഷ്ടിച്ചത്.
എനിക്ക്
ചങ്ങല തന്നത്.
എന്‍റെ നിറങ്ങള്‍
കപ്പല്‍ കയറ്റിയത്.
എന്‍റെ വീര്‍പ്പിനു
നീളം,
വീതി,
ആഴം
വരച്ചത്.
എന്‍റെ കാലടിക്ക്
അതിര്‍ വരമ്പ്
തീര്‍ത്തത്.
ആകാശത്തിനും
വായുവിനും
വെള്ളത്തിനും
വെളിച്ചത്തിനും
രാപ്പകലിനും
തൂക്കതട്ടു പണിഞ്ഞത്.
എന്‍റെ കടലിന്
എന്നെ തന്നെ
കടകോലാക്കിയത്.
അതെ, അത് തന്നെ.
ഇല്ല, കൊടുക്കില്ല;
എന്‍റെ മിടിപ്പ്.-
അത്,
എന്റേത് മാത്രം.