19 Aug 2012

എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ

മനസ്സിലാകുന്നില്ല മാപ്പാക്കണം
        ഞാനും ഈ മഹാരാജ്യത്തെ, ഒരു റേഡിയോ ചാനലിന്റേയും ഒരു ടി.വി ചാനലിന്റേയും
അധിപനായിരുന്നു. ഏതാണ്ട്‌ മുപ്പത്തിയഞ്ച്‌ വർഷം മാധ്യമരംഗത്ത്‌
പ്രവർത്തിച്ചു വാർത്തകളും ആശയങ്ങളും പ്രചരിപ്പിച്ച്‌, 'ഇയ്യാള്‌
കൊള്ളാം', എന്ന്‌ പൊതുജനങ്ങളോട്‌ പറഞ്ഞുകേട്ടതായ എനിയ്ക്കിപ്പോൾ
'മനസ്സിലാകായ്ക ഏറെയുണ്ട്‌. ദയവുചെയ്ത്‌ എന്റെ പ്രിയപ്പെട്ട വായനക്കാർ
ഒന്ന്‌ മനസ്സിരുത്തി ചിന്തിച്ച്‌ എനിയ്ക്ക്‌ പറഞ്ഞുതരണം. ഞാൻ
ചെയ്തതുമാത്രമാണ്‌ ശരിയെന്നോ, അന്നുമാത്രമാണ്‌ മാധ്യമധർമ്മം നേരായി
പ്രയോഗിയ്ക്കപ്പെട്ടത്‌ എന്നോ ഞാൻ ഒരിയ്ക്കൽപോലും ചിന്തിയ്ക്കുന്നില്ല
എന്നുമാത്രമല്ല ഇന്നത്തെ മാധ്യമങ്ങളുടെ ചില ഇടപെടലുകൾ, പ്രത്യേകിച്ച്‌
സാമൂഹ്യരംഗത്തെ വീഴ്ചകളിൽ നടത്തുന്ന ഇടപെടലുകൾ, വളരെ നല്ലതാണെന്നും
വിശ്വസിയ്ക്കുന്നയാളാണീ ലേഖകൻ. പക്ഷേ, ഈ ഇടപെടലുകളിൽ ചില പക്ഷഭേദപരമായ
നിറം കലരുന്നതിലും പല ഇടപെടലുകളും ഇടയ്ക്കുവച്ച്‌ നിന്നുപോകുന്നതിലും
എനിയ്ക്ക്‌ ആശങ്കയുണ്ട്‌. ചില വിപത്തുകളിൽ ചില ചാനലുകൾ ഇടപെടുന്നു
എന്നല്ലാതെ എല്ലാ വിപത്തുകളിലും എല്ലാ ചാനലും ഇടപെടുന്നുമില്ല എന്നതും
എന്റെ ആശങ്കയ്ക്ക്‌ കാരണമാണ്‌. ഇടപെടുന്നവരും സ്വന്തമായി ചില
തീരുമാനങ്ങളെടുത്താണ്‌ ഇടപെടുന്നതെന്ന്‌ വ്യക്തം. കാരണം, അതിന്‌
വിരുദ്ധമായി സംസാരിയ്ക്കുന്നവർ പറയുന്നത്‌ മുഴുവൻ നാം കേൾക്കാതിരിയ്ക്കാൻ
അവരെ വായടപ്പിയ്ക്കുന്നതും നാം കാണുന്നു. ശരി ടി.വിക്കാർ പറയുന്നതുപോലെ,
അതിലേയ്ക്കു ഞാൻ പിന്നീട്‌ തിരിച്ചുവരാം. ഇപ്പോൾ എന്റെ സംശയങ്ങൾ
ഒന്നൊന്നായി പറയട്ടെ.
        ദയവായി കഴിഞ്ഞ ഒരു വർഷക്കാലം നിങ്ങൾ ടിവിയിൽ കണ്ടതായ
രാഷ്ട്രീയവാർത്തകളേയും ചർച്ചകളേയും ഒന്ന്‌ ഓർത്തുനോക്കൂ. പാർട്ടികൾ
തമ്മിലുള്ള പോർവിളിയും ചേറുവാരിയെറിയലും ഓരോ പാർട്ടിയ്ക്കകത്തുമുണ്ടായ
വിമതശല്യങ്ങളും പാർട്ടികൾ പരസ്പരം പറഞ്ഞു പരിഹസിച്ച നുണകളും
കള്ളപ്രചരണങ്ങളും നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കാൻ മലയാളം ചാനലുകൾ
ചിലവഴിച്ചതു, പ്രത്യേകിച്ച്‌ ന്യൂസ്‌ ചാനലുകൾ, ആകെ സമയത്തിന്റെ മുന്നിൽ
രണ്ട്‌ ഭാഗമാണ്‌, എന്റർടൈൻ ചാനലുകൾ ഇവയുടെ പരോക്ഷപ്രചരണത്തിന്‌
മൂന്നിലൊന്ന്‌ സമയവും ചിലവഴിച്ചിട്ടുണ്ട്‌. ഇവിടുത്തെ പ്രധാനപാർട്ടികൾ
ഒരേ വിഷയത്തെ പലവിധം വളച്ചൊടിച്ചു പറയുന്നതു മുഴവനും കേട്ടാലും സത്യം
ഇതൊന്നുമല്ലല്ലോ എന്നും, ആ സത്യം ഏതാണ്‌ എന്ന്‌ പറഞ്ഞുതരുന്നില്ലല്ലോ
എന്നും ഒരു സംശയം ബാക്കിയാകുന്നതുപോലെ എനിയ്ക്ക്‌ തോന്നുന്നു.
തന്നെയുമല്ല ഈ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെടുത്തിപ്പറയുന്നതു
മുഴുവനും പലതവണ കേട്ടിട്ടും ഈ ശിഥില രാഷ്ട്രീയം നാടിനെ നന്നാക്കുന്നത്‌
എങ്ങിനെയാണെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല.
മാർക്ക്സിസ്റ്റുപാർട്ടിയിലെ തമ്മിലടി തന്നെ ടി.വി ചാനലുകളുടെ മൂന്നിലൊന്ന
സമയം മെനക്കെടുത്തിയിട്ടുണ്ട്‌. ഈ രാജ്യത്ത്‌ അഞ്ച്‌ ശതമാനം പേരുപോലും,
വോട്ടുകണക്കുപ്രകാരം അംഗീകരിച്ചിട്ടില്ലാത്ത, ഒരു പാർട്ടിയുടെ ആഭ്യന്തര
കാര്യങ്ങളും അസഹനീയമായ നുണപ്രചരണങ്ങളും ഇത്രമാത്രം പ്രാധാന്യത്തോടെ എല്ലാ
ചാനലുകളും മത്സരിച്ചു വാർത്തയാക്കുന്നതെന്തുകൊണ്ടെന്
ന്‌ എനിയ്ക്ക്‌മനസ്സിലാകുന്നില്ല. പിണറായിയും അച്യുതാനന്ദനും തമ്മിലുള്ള ഉൾപ്പോര്‌,
കേരളത്തിലെ അഞ്ച്‌ ശതമാനം വോട്ടർമാരിൽ മൂന്ന്‌ ശതമാനത്തെ
രസിപ്പിയ്ക്കുകയും രണ്ട്‌ ശതമാനത്തെ വാശിപിടിപ്പിയ്ക്കുകയും ചെയ്യുന്നു.
ഈ വാർത്തയുടെ വിവിധമാനങ്ങളിലുള്ള ആവർത്തന പ്രക്ഷേപണം ഇന്നാട്ടിലെ ഏതു
പ്രശ്നമാണ്‌ പരിഹരിച്ചെടുക്കുന്നത്‌ എന്ന്‌ എനിക്കു മനസ്സിലാകുന്നില്ല.
        മറ്റൊന്ന്‌ ചാനലിലേയും സിനിമയിലേയും തമാശക്കാരന്മാരായി വേഷം
കെട്ടിനടക്കുന്ന ചില ഉണ്ടന്മാരേയും കുണ്ടന്മാരേയും കുള്ളന്മാരേയുമാണ്‌
എനിയ്ക്ക്‌ മനസ്സിലാകാത്തത്‌. ക്ഷമിയ്ക്കണം, എല്ലാ തമാശക്കാരും തമാശകളും
സമ്പൂർണ്ണ അബദ്ധവും അശ്ലീലവുമാണ്‌ എന്നും ഞാൻ പറയുന്നില്ല. ചിലരുടെ
മാനറിസം നമ്മെ ചിരിപ്പിയ്ക്കുന്നുണ്ട്‌ എന്ന സത്യവും ഞാൻ
സമ്മതിയ്ക്കുന്നു. പക്ഷേ, ആവർത്തിച്ചാവർത്തിച്ച്‌ നാം കാണുന്ന ഈ ഗോഷ്ഠികൾ
നമ്മുടെ ഇന്ത്യാമഹാരാജ്യത്തും അതിലെ ഏറ്റവും 'വിവരകേസരി'കളായ മലയാളികളും
മാത്രമല്ലേ കാണിയ്ക്കുന്നുള്ളൂ എന്ന ഒരു സംശയം എനിയ്ക്കുണ്ട്‌.
അടുത്തകാലത്ത്‌ ജനം 'നന്നായി' എന്നു പറഞ്ഞ ചില സിനിമകൾ ഒന്ന്‌
ഓർത്തുനോക്കൂ. അതിൽ ഈ കോമാളിപ്പടകളാരും ഉണ്ടായിരുന്നില്ല. എങ്കിലും
ജീവിതവുമായി ബന്ധപ്പെട്ട ചില ഭാവങ്ങളും സംസാരങ്ങളും നമ്മെ
ചിരിപ്പിയ്ക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ആ സിനിമകൾ വിജയിച്ചതിൽ
നമുക്കെല്ലാവർക്കും സന്തോഷവുമുണ്ട്‌. എന്നിട്ടും കോമാളിപ്പടകളുണ്ടെങ്കിലേ
തമാശയാകൂ എന്ന ധാരണ ഇനിയും നമ്മുടെ സിനിമയും ചാനലും വച്ചു
പുലർത്തുന്നതെന്തിന്‌ എന്ന്‌ എനിയ്ക്ക്‌ മനസ്സിലാകുന്നില്ല.
        ഒരു മനസ്സിലാകായ്ക കൂടിയുണ്ട്‌. നാട്ടിലിറങ്ങുന്ന വാരികകൾ മുഴുവനും
പരിശോധിച്ചാൽ അതിൽ 60 ശതമാനം വരെ കഴിഞ്ഞയാഴ്ച പത്രങ്ങളും ടിവിയും ചർച്ച
ചെയ്ത്‌ നാറ്റിച്ച രാഷ്ട്രീയ വിശകലനങ്ങൾ തന്നെയാണ്‌ ഇവറ്റയും വീണ്ടും
ഛർദ്ദിയ്ക്കുന്നത്‌ എന്ന്‌ കാണാം. ഇതു വിളമ്പാൻ മലയാളം വാരികകൾക്കേ കഴിയൂ
എന്നത്‌ മനസ്സിലാകായ്കയാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...