പ്രഫുല്ലൻ തൃപ്പൂണിത്തുറ
ഉത്തരകാശി
ഉത്തരകാശിയിലെ ഏറ്റവും നല്ല സുഖവാസകേന്ദ്രമായ 'ഹർ-കി-ഡൂൺ' പഞ്ചാഗ്നി,
ഫാച്ച പാർബറ്റ് ഏരിയയിൽ 3566മീറ്റർ ഉയരത്തിലാണു സ്ഥിതിചെയ്യുന്നത്.
പ്രകൃതിഭംഗിയുടെ സമാനതകളില്ലാത്ത അപ്സരലോകമാണ്! നിറയെ കിളികളുള്ള
നിബിഡവനങ്ങളുടേതായ 'ഡിയോഡാർ' എന്ന സ്ഥലത്തെത്തിയ പ്രകൃതിസ്നേഹികൾ മടങ്ങാൻ
ഇഷ്ടപ്പെടില്ലത്രെ! ഒരു തീർത്ഥാടകൻ ഈ താഴ്‌വാരത്തിലേയ്ക്കു
പ്രവേശിയ്ക്കുമ്പോൾ മുതൽ പ്രകൃതിഭംഗിയുടെ നിറക്കൂട്ടിന്റെ ശേഖരം അയാളുടെ
മനസ്സിനു മുമ്പിൽ സമർപ്പിയ്ക്കപ്പെടുകയായി. മാനിന്റെയും
കൃഷ്ണമൃഗത്തിന്റെയും ശബ്ദം അന്തരീക്ഷത്തിലുയരുകയായി.
ഹിമാലയപർവ്വതത്തേയും ഉത്തരകാശിയിലെ ഹരിതത്താഴ്‌വാരങ്ങളേയും
വേർതിരിയ്ക്കുന്നത് 'ടാൻസ്' നദിയാണ്. നെയ്ത്തുവാറിൽ വെച്ചാണ് റുഷിൻ,
സുപിൻ എന്നീ ചെറുനദികൾ സംഗമിച്ച് ടാൻസ് നദിയായിത്തീരുന്നത്. ഹർകീഡൂൺ
സന്ദർശിയ്ക്കുന്നതിനു ഏറ്റവും അനുയോജ്യമായ കാലം ആഗസ്റ്റ്-സെപ്തംബർ
മാസങ്ങളാണ്. വിവിധയിനം പൂക്കളുടെയും കിളികളുടേയും മനോഹരമായ ഒരു
സ്വർഗ്ഗലോകമായി 'ഹർ കീ ഡൂൺ' അക്കാലത്തു തിളങ്ങും. അതുകൊണ്ടുതന്നെ
ഹർക്കീഡൂണിനു ദൈവത്തിന്റെ താഴ്‌വര എന്നു തീർത്ഥാടക ഭൂപടത്തിൽ പേരുണ്ട്.
മിക്കവാറും ശുദ്ധജലത്താൽ നിറഞ്ഞു കിടക്കുന്ന 'നചികേ'തടാകവും
ഉത്തരകാശിയ്ക്കു സമീപമാണ്. ഉത്തരകാശി ഗംഗോത്രി ഹൈവേയിൽ ഉത്തരകാശിയിൽ
നിന്നും 75 കിലോമീറ്റർ യാത്ര ചെയ്താൽ ആപ്പിൾ തോട്ടങ്ങളുടെ നാടായ 'ഹാർഡിൽ'
എത്താം. (അതുകൊണ്ടായിരിക്കണം എറണാകുളത്തും ഡൽഹിയിലുമൊക്കെ ആപ്പിളിനു 100
രൂപ വിലയുള്ളപ്പോൾ ഉത്തരകാശി പട്ടണത്തിൽ 30 രൂപയായിരിന്നു
പുറത്തുനിന്നെത്തുന്ന നമുക്കുപോലും ചില്ലറ വില.
തുടരും...