യാത്ര-7

 പ്രഫുല്ലൻ  തൃപ്പൂണിത്തുറ

ഹിമാലയ യാത്രാനുഭവങ്ങൾ-  ആദ്യത്തെ വ്യോമയാത്ര
        2011 സെപ്തംബർ 23-നു ഉത്തരകാശിയിൽ നിന്നും ഹിമവാനെ ലക്ഷ്യമാക്കി യാത്ര
തുടങ്ങി. 40 കി.മീ യാത്ര കഴിഞ്ഞപ്പോൾ ഒരു മലയിടുക്കിൽ വഴി ബ്ലോക്കായി
കണ്ടു. അവിടെ പലപ്പോഴും പതിവുള്ള മലയിടിച്ചിലായിരുന്നു കാരണം.
ഞങ്ങൾക്കുമുമ്പേ പോയ ഒരു ടൂറിസ്റ്റുബസ്സുതാഴെയുള്ള അഗാധമായ
കൊക്കയിലേയ്ക്കു മറിഞ്ഞു കിടക്കുന്നതു ഞങ്ങൾ കണ്ടു. കുറേ വൻമരങ്ങൾ മറിഞ്ഞ
ബസ്സിനെ താങ്ങിനിർത്തിയതുകൊണ്ട്‌ ഭാഗ്യവശാൽ വൻ അപകടം ഒഴിവാക്കി.
ഒരടിയന്തിര പട്ടാളസംഘം അവിടെപാഞ്ഞെത്തി കഠിനാദ്ധ്വാനം ചെയ്തുകൊണ്ട്‌
യുദ്ധകാലാടിസ്ഥാനത്തിൽ, പാതയിലെ കരിങ്കല്ലും മണ്ണും നീക്കി വഴി തൽക്കാലം
ഗതാഗതയോഗ്യമാക്കി. അപ്പോഴേയ്ക്കും ഞങ്ങളുടെ വാഹനത്തിനു പിന്നിൽ
നൂറുകണക്കിനു വാഹനങ്ങൾ ക്യൂവായി നിൽക്കുന്നുണ്ടായിരുന്നു.
        വഴിയിൽ ജിപ്സിമോഡൽ ഉടുപ്പണിഞ്ഞ ചെറിയ പെൺകുട്ടികൾ
ചെമ്മരിയാട്ടിൻ കൂട്ടങ്ങളെ തെളിച്ചു കൊണ്ടു പോകുന്നതു കണ്ടു. പലരുടേയും
മുതുകിൽ ചെറിയ സ്വന്തം കുഞ്ഞുങ്ങളെ തൂക്കിയമാറാപ്പുകളുണ്ടായിരുന്നു
. വലിയ
ടൂറിസ്റ്റു ബസ്സുകൾ എതിരേ വരുമ്പോൾ ആട്ടിൻപറ്റങ്ങളെ കൊക്കയ്ക്ക്‌
എതിർഭാഗത്തേയ്ക്ക്‌ മലയുടെ അടുത്തേയ്ക്ക്‌ മാറ്റാൻ അവർ തത്രപ്പെടുന്നതും
കണ്ടു.
        രാത്രി എട്ടരയോടെ ഗുപ്തകാശിയിലെത്തി. അവിടെ ത്രിദേവ്‌ ഹോട്ടലിലാണു തങ്ങിയത്‌.
        25-നു രാവിലെ കേദാർനാഥിലേയ്ക്കുള്ള യാത്രയിൽ ജോബ്സാറിന്റെ നേതൃത്വത്തിൽ
ഞങ്ങൾ ഒമ്പതുപേർ തൽക്കാലം സംഘത്തിൽനിന്നും വഴിപിരിഞ്ഞു. കാരണം രാവിലെ
ആറുമുതൽ ഏകദേശം എട്ടു മണിക്കൂർ നടന്നാലേ കേദാർനാഥിലെത്തു. വഴി കയറ്റവും
ഇറക്കവുമുള്ളതാണ്‌. തുടർച്ചയായുണ്ടായ യാത്രയും അപ്രിയഭക്ഷണവും പെട്ടെന്നു
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഞങ്ങളെ ക്ഷീണിപ്പിച്ചിരുന്നു.
        ഒന്നുകിൽ പതിനാലു കിലോമീറ്റർ നടക്കണം. അല്ലെങ്കിൽ കുതിരപ്പുറത്തുകയറണം.
അതുമല്ലെങ്കിൽ മനുഷ്യൻ മനുഷ്യനെ മുതുകിൽ ചുമക്കുന്ന 'കുട്ട'യിൽ
കയറിപ്പറ്റണം. ഈ മൂന്നുകാര്യങ്ങളും ഞങ്ങൾക്കു പറ്റാത്തത്തായിരുന്നു.
കുതിരപ്പുറത്തുകയറുമ്പോൾ പലരും താഴെ വീഴുന്നതു കാണാമായിരുന്നു. ചില
തീർത്ഥാടകർ കുതിരപ്പുറത്തിരുന്നു ചെരിയുന്നതും മറിയുന്നതും കണ്ടു.
ഏതായാലും അങ്ങിനെയുള്ള പരീക്ഷണങ്ങൾക്കായി കുതിരപ്പുറത്തു കയറാൻ
ഒരിയ്ക്കലും കുതിരപ്പുറത്തു കയറിയിട്ടില്ലാത്ത ഞങ്ങൾക്കു
ധൈര്യമുണ്ടായില്ല. അങ്ങിനെയാണു ഹെലികോപ്ടർ തെരഞ്ഞെടുത്തത്‌. ഒരാൾക്കു
ഏഴായിരം രൂപയാണ്‌ ചാർജ്‌. ഞങ്ങളോരോരുത്തരും പേർ രജിസ്റ്റർ ചെയ്ത
ടിക്കറ്റെടുത്തു. ജീവിതത്തിലാദ്യമായി ഞാൻ വ്യോമയാത്ര ചെയ്യുകയായിരുന്നു.
        പണ്ട്‌ എന്റെ മരുമകൻ ഇന്ത്യൻ നേവിയിലുണ്ടായിരുന്നപ്പോൾ ഒരു നേവിദിനത്തിൽ
നേവിക്കാരും കുടുംബാംഗങ്ങളുമുള്ള ഞങ്ങൾ ഒരുസംഘം ഐ.എൻ.എസ്‌ ഗജ്‌ എന്ന
ചെറുകപ്പലിൽ കടൽയാത്ര ചെയ്തിരുന്നു. പക്ഷേ വ്യോമയാത്ര ഇതാദ്യം.
        "സേർ"സിയിലെ ഹെലിപ്പാഡിൽ ഞങ്ങളുടെ പൂർണ്ണവിലാസം വാങ്ങി, ടിക്കറ്റുതന്നു.
ഓരോരുത്തരുടേയും തൂക്കം നോക്കി. പേഴസ്‌ ഒഴികെ എല്ലാ ലഗ്ഗേജുകളും അവർ
ഏറ്റെടുത്തു സൂക്ഷിച്ചു. ഒടുവിലത്തെ പരിശോധനയിൽ എന്റെ പേനയും, ചെറിയ
പേനാക്കത്തിയും അവർ എന്റെ കയ്യിൽ നിന്നും വാങ്ങി.
        ആകെ അഞ്ചുപേരാണു ഓരോട്രിപ്പിലും യാത്ര ചെയ്തത്‌.
തൂക്കമനുസരിച്ചായിരുന്നു ഓരോരുത്തർക്കും സീറ്റ്‌ അനുവദിച്ചതു.
ചെകിടടപ്പിയ്ക്കുന്ന വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ പാടിപറത്തിക്കൊണ്ട്‌
ഹെലിക്കോപ്റ്റർ ഹെലിപാഡിൽ വന്നു നിന്നു. ഹെലിക്കോപ്റ്ററിന്റെ ലീഫിന്റെ
കറക്കം പൂർണ്ണമായി നിൽക്കുന്നതിനു മുമ്പായി അതിന്നടിയിൽക്കൂടി ഞങ്ങളെ
ഹെലിക്കോപ്റ്ററിൽ കയറ്റി ബൽറ്റിട്ടു മുറുക്കി. വേണ്ട നിർദ്ദേശങ്ങൾ തന്നു.
പെട്ടെന്നു തന്നെ ഞങ്ങൾ ഭൂമിയിൽ നിന്നും ആകാശത്തേയ്ക്കു ഉയർന്നു.
ജീവിതത്തിലെ ആദ്യ വ്യോമാനുഭവം. താഴേയ്ക്കു നോക്കിയപ്പോൾ വൻമലകളുടെ
അടിവാരത്തിൽ, താഴെ ഉറുമ്പുകൾ കൂട്ടമായി ജാഥയായി പോകുന്നതുപോലെ തീർത്ഥാടക
കൂട്ടങ്ങളെകണ്ടു; കൂട്ടത്തിൽ ഇടയ്ക്കിടെ പുറത്ത്‌ ആളുകൾ കയറിയ
കുതിരകളേയും !!മുകളിൽ അനന്തമായ നീലാകാശം. ഇടയ്ക്കിടെ മുകളിലൂടെ മേഘങ്ങൾ
പാഞ്ഞുപോകുന്നതും കണ്ടു. ഒരുവൻ പർവ്വതശിഖരത്തിന്റെ അരുകിലൂടെ കടന്നു
അടുത്ത അഗാധഗർത്തത്തിനുമുകളിലൂടെ പറന്ന്‌ ഹെലിക്കോപ്റ്റർ പാഞ്ഞു. എപ്പോഴോ
ഒന്നു രണ്ടു പ്രാവശ്യം വാഹനം ചെറുതായി ചരിയുന്നതുപോലെ തോന്നി. പക്ഷെ ഭയം
തോന്നിയില്ല. വീണ്ടും നേരെ പാഞ്ഞു. അങ്ങിനെ പർവ്വതങ്ങളും താഴ്‌വാരങ്ങളും
താണ്ടി ഞങ്ങളുടെ വ്യോമയാനം കേദാർനാഥിലെത്തി. 14 കി.മീ ദൂരം
നടക്കേണ്ടിടത്തു കേവലം ആറോ ഏഴോ മിനിറ്റേ ചിലവായുള്ളൂ. അപ്പോഴേയ്ക്കും
താഴെ ഇറങ്ങാൻ വൈമാനികർ ഞങ്ങളെ സഹായിച്ചു. പിന്നീട്‌ ഞങ്ങൾ സ്വതന്ത്രരായി.
സമനിരപ്പിലൂടെ വളരെ അടുത്തായി കാണാവുന്ന കേദാർനാഥ്‌ ക്ഷേത്രത്തിനെ
ലക്ഷ്യമായി നടന്നു.
        ക്ഷേത്രദർശനം നടത്തി. അതിരുപോലെ തൊട്ടടുത്തു മഞ്ഞണിഞ്ഞ
ഹിമാലയപർവ്വതനിരകൾ കൺകുളിർക്കെ കണ്ടു. തീർത്ഥാടകരെ പിഴിഞ്ഞു
കാശുണ്ടാക്കുന്ന കുറേഭക്തവേഷക്കാരെ അവിടെയും കണ്ടു.
        ഭാരതത്തിന്റെ ഏറ്റവും വടക്കുകിഴക്കേ അതിർത്തിയിലാണു
ഞങ്ങളെത്തിയിരിയ്ക്കുന്നതെന്നതിൽ അഭിമാനവും തോന്നി.
        കേദാർനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ മാഹാത്മ്യത്തെക്കുറിച്ചും
ചതുർധാമങ്ങളെക്കുറിച്ചു വിവരിച്ച കൂട്ടത്തിൽ നേരത്തെ
വിസ്തരിച്ചിരുന്നുവല്ലോ! (ചതുർധാമങ്ങൾ, ബദരീനാഥ്‌, കേദാർനാഥ്‌, ഗംഗോത്രി,
യമുനോത്രി)
        ക്ഷേത്ര ദർശനം കഴിഞ്ഞ്‌ നടന്നു വീണ്ടും ഹെലിപാഡിലെത്തി. അഞ്ചുമിനിറ്റു
കാത്തപ്പോഴേയ്ക്കും  ആദ്യത്തെ ഹെലിക്കോപ്റ്റർ മടങ്ങിയെത്തി. ക്യൂവിൽ
നിന്നിരുന്ന യാത്രക്കാർ ക്രമമായി ആദ്യം വന്ന ഹെലിക്കോപ്റ്ററിൽ കയറി.
ഹെലിക്കോപ്റ്റർ ഞങ്ങളെയുംകൊണ്ട്‌ മടങ്ങി. വീണ്ടും, യാത്ര തുടങ്ങിയ
ഹെലിപ്പാഡിലേക്കു ഞങ്ങളെ എത്തിച്ചു. അവിടെ നിന്നും ലഗ്ഗേജുകളെല്ലാം
ഏറ്റുവാങ്ങി ഞങ്ങൾ സ്വതന്ത്രരായി പുറത്തിറങ്ങി.
        അവിടെ നിന്നും പ്രത്യേക വാഹനത്തിൽ രാമപുരത്തെത്തി. ഭക്ഷണം കഴിഞ്ഞു
അവിടത്തെ ഗ്രാമീണ ഹോട്ടലിൽ തങ്ങി. നടന്നുപോയ മൂന്നു സഹയാത്രികരും
മടങ്ങിയെത്തുംവരെ ഞങ്ങൾ അവിടെ തങ്ങി.
Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ