പ്രണിയിനി രാധ കേഴുന്നു


ശ്രീലത പടിഞ്ഞാറേമറ്റത്തിൽ

വിസ്മൃതിയുടെ ശയ്യാതലത്തിൽ; സ്മൃതിയുടെ തലോട-
ലിനായി കേഴുന്നതീ രാധ!
മുറവിളി കൂട്ടുന്നു മനസ്സിൽ,
യെന്നോ മറിഞ്ഞു വീണ പൂനിലാകിണ്ണം
ജ്ഞാനത്തിൻ മുരളീരവത്താലീ-
ചന്ദന ചാണസുഗന്ധപൂരിതമാക്കുവാൻ!
പ്രണയിനിയവൾ കേഴുന്നു! പ്രണയിനീയിവൾ കേഴുന്നു!
ഒളിച്ചു കളിക്കുന്നോ കണ്ണാ...നീയീ പ്രതീക്ഷയുടെ-
യമുനാ തടത്തിൽ.
കനവുകളിൽ കാലിമേച്ചിടാതെ
ലാടൻ തറച്ച തീരത്ത്‌ പേണികുളമ്പടി നാദ-
മിന്നൊരു മരീചിക മാത്രം
രാഗസുധയൊഴുകാത്ത സ്മൃതി വനമെന്നേ-
മരുഭൂവായി.
കെട്ടികിടക്കുമീ നദീതടത്തിനു നഷ്ടമാകുന്നു;
അനർഗ്ഗള സംഗീതം
അജ്ഞാനത്തിൻ കാളിയൻ വിഷജ്വാല ചീറ്റുമ്പോൾ
നഷ്ടമാകുന്നതീ മോഹതീരത്തിനു സർഗ്ഗാത്മകതതൻ
പാലും വെണ്ണയും
വരിക ! കാമലോചനാ! പ്രണയാതുരനായെന്നിൽ!
സ്മൃതിയിൽ മഞ്ജീരധ്വനിയുണർത്തി പ്രകാശവർഷ-
മാടുവാൻ
അജ്ഞതയുടെ കാളിമപേറും പത്തികളിൽ നീ പ്രണയ-
താണ്ഡവമാടില്ലേ?
പ്രണയവിരഹയാമെന്നിൽ പ്രഭാനാളമായിഴുകില്ലേ?
സാഗരം പൂകിയായനന്ത ശയ്യാതലത്തിൽ രമിക്കുവാൻ
പൂർണ്ണ സ്വരൂപം നിന്നർദ്ധാംഗിയായെന്നെ ക്ഷണിക്കില്ലേ?
സാഗരത്തിലാഴ്‌ന്നയീ പ്രേമകുടീരത്തെ ഭാവപൂർണ്ണമായു-
ണർത്തുവാൻ
നന്മയുടെ വൃന്ദാവനത്തിൽ നമുക്കീ കാലികളെ-
മേച്ചീടുവാൻ
പ്രണയഹർഷനായണയുകെന്നിൽ പ്രഭാപൂരമാടുവാൻ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?