എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ

അമ്മ അമൃതാനന്ദമയി അറിയാൻ
ആദരണീയയായ ഒരമ്മ അറിയാൻ അത്രയ്ക്ക്‌ ആദരണീയനും വിശാലഹൃദയനുമല്ലാത്ത ഒരു
മകന്റെ നേരിട്ടുള്ള ചോദ്യമായി ഇതിനെ കണ്ടാൽ മതി. അമ്മയും മക്കളും ഒരു
വീട്ടിൽ ചോദ്യങ്ങൾ ചോദിയ്ക്കുന്നതും ഉത്തരം പറയുന്നതും ആദരവിന്റെ
അടിസ്ഥാനത്തിലല്ല, മറിച്ച്‌ സ്വാഭാവികനീതിയുടെ അടിസ്ഥാനത്തിലാണ്‌ എന്ന്‌
നമുക്ക്‌ രണ്ട്‌ പേർക്കുമറിയാം. അമ്മയുടെ നീതിയും മകന്റെ നീതിയും
ഏറ്റുമുട്ടിയാൽ, ലോകനീതി എന്ന മറ്റൊന്നാണല്ലോ അവിടെയും ഉത്തരമായിട്ട്‌
വരിക. അതുമാത്രമേ ഞാനും പ്രതീക്ഷിയ്ക്കുന്നുള്ളു.
        അമ്മ ഇതുവരെ അറിഞ്ഞില്ലെന്ന്‌ തോന്നുന്നു. സത്നാംസിംഗ്‌ എന്ന ഒരു മകൻ
അമ്മയെ കാണാൻ വന്നത്‌ അൽപം ക്ഷോഭത്തോടെയായിരുന്നു. അവനെ ഉടൻ പോലീസ്‌
പിടിച്ചുകൊണ്ടുപോയതും കേരളത്തിലെ ചില നായകന്മാർ ഉടൻ അന്വേഷണത്തിന്‌
ആക്രോശിച്ചതും അമ്മ കേട്ട്‌ കാണില്ല. എന്തായാലും അവൻ മാനസികരോഗിയാണെന്ന്‌
പോലീസ്‌ കൽപിയ്ക്കുകയും അവനെ മാനസികാരോഗ്യ കേന്ദ്രത്തിൽ അവർ
എത്തിക്കുകയും ചെയ്തു എന്നതും അമ്മ അറിഞ്ഞുകാണില്ല. പിന്നീട്‌ ആ മകൻ
അവിടെ കിടന്ന്‌ തല്ലുകൊണ്ട്‌ ചത്തു. അതും അമ്മ അറിഞ്ഞുകാണില്ലെന്നാണ്‌
ഞാൻ വിചാരിയ്ക്കുന്നത്‌. കാരണം അമ്മയുടെ ഒരുവാക്കോ, ഉമ്മയോ, പ്രാർത്ഥനയോ
സഹാനുഭൂതിയോ ഒന്നും ആ സത്നാം സിംഗ്‌ എന്ന മകന്റെ നേർക്ക്‌ നീണ്ടതായി
പത്രത്തിലോ ടി.വിയിലോ ഞാനിതുവരെ കണ്ടില്ല. എന്റെ അന്ധതോയോ അനാസ്ഥയോ
കൊണ്ടാണ്‌ അത്‌ കാണാതിരുന്നതെങ്കിൽ ക്ഷമിയ്ക്കണം. സത്നാം സിങ്ങിന്റെ
അച്ഛനും സഹോദരനും പൊട്ടിക്കരയുന്നതും ഞാൻ ടി.വിയിലൂടെ കണ്ടു. പക്ഷെ, അമ്മ
അവിടെയെങ്ങും ഒരു വാക്കായോ നോക്കായോ പ്രത്യക്ഷപ്പെട്ടതായി
എനിയ്ക്കറിയില്ല.
        സത്നാം സിങ്ങ്‌ പ്രകോപിതനായ നിമിഷം അമ്മ ആ സ്ഥലത്തുണ്ടായിരുന്നു.
പോലീസും, ഭക്തിയിൽ അമിത ഭ്രാന്തുമായി നിൽക്കുന്ന ജനങ്ങളും ചേർന്ന്‌ അവനെ
പിടിച്ചുകൊണ്ടു പോകുമ്പോൾ, അവന്‌ എന്താണ്‌ വേണ്ടത്‌ എന്ന്‌ അമ്മ
ചോദിച്ചില്ല; അനേകർക്ക്‌ ഉമ്മ കൊടുക്കുന്ന അമ്മ അവനും ഒരുമ്മ
കൊടുത്തിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ അവനും ഉണ്ടാകുമായിരുന്നുള്ളു.
എല്ലാവരുടേയും ദുഃഖങ്ങളും പ്രശ്നങ്ങളും തീർക്കാൻ അമ്മയുടെ ഒരു ആലിംഗനം
മതിയായിരുന്നു. എന്ന്‌ വിശ്വസിച്ച്‌, അവനും മുമ്പോട്ട്‌
വന്നതായിരിക്കില്ലേ? ഭക്ത മേലാളന്മാർ അവനെ നേരാംവണ്ണം മുമ്പോട്ട്‌ വരാൻ
സമ്മതിയ്ക്കാത്തതുകൊണ്ടാണോ അവൻ ബഹളം വച്ചതു എന്നെങ്കിലും അമ്മയ്ക്ക്‌
അന്വേഷിയ്ക്കാമായിരുന്നു. അതുപോട്ടെ, ആ പാവം മകൻ ഭ്രാന്താശുപത്രിയിൽ
കിടന്ന്‌ തല്ലുകൊണ്ട്‌ ചത്ത വാർത്തയും അതിന്റെ വിശകലനങ്ങളും കഴിഞ്ഞ
ഒരാഴ്ചയിലധികമായി ടി.വിയിലും പത്രത്തിലും നിരന്തരമായി വരുന്നു. അതും അമ്മ
കാണുന്നില്ലാന്നുണ്ടോ. അവന്‌ വേണ്ടത്‌ ചെയ്യാനായില്ലെങ്കിലും അവന്റെ
കുടുംബത്തെ ഒന്നാശ്വസിപ്പിയ്ക്കാനും ഈ അമ്മയ്ക്ക്‌ എന്തുകൊണ്ടാകുന്നില്ല.
എന്ന്‌, മറ്റൊരു മകനായ എനിക്കു തോന്നിപ്പോകുന്നു.
        അമ്മയുടെ അനുഗ്രഹം തേടി ഞാൻ വന്നിട്ടില്ല, പക്ഷേ, ആശ്രമം കാണാൻ ഒരു
കാഴ്ചക്കാരനെപ്പോലെ ഒരിക്കൽ വള്ളിക്കാവിൽ വന്നിട്ടുണ്ട്‌. പ്രസംഗം
കേൾക്കാൻ ഒരിയ്ക്കൽ എറണാകുളത്തു നെഹ്രു സ്റ്റേഡിയത്തിലും വന്നിട്ടുണ്ട്‌.
അതെല്ലാം എന്റെ സ്വന്തം അന്വേഷണവഴിയിൽ ചെയ്തത്താണ്‌.
പരീക്ഷണത്തിനായിരുന്നില്ല; പഠിക്കാൻ. അമ്മ പ്രസംഗിക്കുന്നത്‌
അദ്വൈതവേദാന്തം. ഞാനതാണ്‌ സർവ്വകലാശാലയിൽ പഠിച്ചതു. തികഞ്ഞ ദൈവ
വിശ്വാസിയാണ്‌ ഞാനും. അമ്മ പ്രസംഗിയ്ക്കുന്നത്‌ ലോകത്തെ ഉദ്ധരിയ്ക്കാൻ,
ഞാനതാണ്‌ ആഗ്രഹിയ്ക്കുന്നത്‌ വേദാന്തം പഠിച്ച്‌ അത്‌ അവിടവിടെ
പ്രസംഗിച്ച്‌ നടന്നപ്പോൾ കണ്ട്‌ കിട്ടിയ ചില ഒറ്റപ്പെട്ട വ്യക്തി
ദുഃഖങ്ങൾ എല്ലാ വേദാന്തത്തിനും അപ്പുറമാണെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ട്‌
ആളെകൂട്ടാതെ, നിശ്ശബ്ദനായി മുങ്ങി നടക്കുന്ന ഒരു ഒറ്റപ്പെട്ട മകനാണിത്‌.
ടി.വിയിൽ കാണുന്ന അമ്മയുടെ പ്രസംഗത്തിലും പ്രാർത്ഥനയിലും അമ്മ അറിയാതെ
ആലിംഗനം ചെയ്യാതെ, ഉൾപ്പെട്ട അനേകം മക്കളിൽ ഒരാളാണ്‌ ഞാനും. അതുകൊണ്ടാണീ
ചോദ്യം.
        മക്കളെല്ലാം ഒരു പോലെയല്ല എന്ന തത്ത്വം അറിയാവുന്നതുകൊണ്ടാണല്ലോ
എല്ലാവരേം ഒന്നാക്കുന്ന ആത്മതത്ത്വം നാം വിളമ്പുന്നത്‌. അമ്മ ഒരു
പത്രത്തിലെഴുതുന്ന കോളം, ഞാൻ വായിയ്ക്കുന്നുണ്ട്‌ എന്നല്ല; അത്‌
തന്നെയാണ്‌ ഞാൻ പഠിച്ച ശ്രീശങ്കര വിരചിത ബ്രഹ്മസൂത്ര ഭാഷ്യത്തിന്റേയും,
സകലവേദാന്ത സാരസർവ്വസ്വമായ ഉപനിഷദ്‌ ഗ്രന്ഥങ്ങളുടേയും അന്തഃസ്സാരം.
അതുകൊണ്ടാണ്‌ ശത്രുവിനോടുപോലും സൗമ്യതയും ദയയും കാരുണ്യവും കാട്ടാൻ അമ്മ
പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്‌. ആ അമ്മ "സത്നാം സിങ്ങിനെ ഇങ്ങോട്ട്‌ വിട്‌,
അവനെ തടയണ്ട" എന്നു പറഞ്ഞെങ്കിൽ ഭക്തനായ ആ മകനും ഒരു ആലിംഗനത്തിൽ
അമർന്നേനെ. സർക്കാർ ചെലവിൽ ആ ശവശരീരം ബീഹാറിലേയ്ക്കു പോയപ്പോഴും അമ്മയോ
അമ്മയുടെ ഭക്ത സാന്നിദ്ധ്യമോ അവിടുണ്ടായിരുന്നില്ല എന്നത്‌ ഉപനിഷദ്‌
പഠിച്ച അതു പ്രചരിപ്പിയ്ക്കുന്ന എന്റെ മനസ്സ്‌ സങ്കീർണ്ണമാക്കുന്നു.
ഇതാണോ വിശ്വപ്രേമം? ഇതാണോ ഒരമ്മയിൽ നിന്ന്‌ മകൻ പ്രതീക്ഷിയ്ക്കുന്നത്‌!
ലോകത്തെ സമഷ്ടി രൂപത്തിൽ കാണുന്ന എതൊരമ്മയ്ക്കും പറ്റുന്ന അമളിയല്ലേ ഈ
അമ്മയ്ക്കും പറ്റിയത്‌. വ്യക്തിയില്ലെങ്കിൽ പിന്നെന്തോന്ന്‌
സമഷ്ടിചിന്ത!? അതുപോട്ടെ അമ്മവെറും ഒരു സാധാരണ സ്ത്രീയാണോ ഒരു
ചെറുപ്പക്കാരന്റെ ആക്രോശം കേട്ട്‌ പേടിച്ച്‌ ഇല്ലാതായിപ്പോകുന്ന വെറുമൊരു
സ്ത്രീ? അല്ലേൽ പിന്നെ, അമ്മയ്ക്ക്‌ നേരിടാനാകത്തെ, ആ ചെക്കനെ പോലീസ്‌
കൊണ്ടുപോയതെങ്ങിനെ? സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും, കീഴടക്കാനാവാത്ത
എന്താണീ ലോകത്തുള്ളത്‌ എന്നല്ലേ അമ്മയും ആവർത്തിച്ച്‌ ആവർത്തിച്ച്‌
ചോദിയ്ക്കുന്നത്‌!?
        ഇതിനു മുമ്പൊരിയ്ക്കൽ ഇതേപോലെ തന്നെ, അമ്മയെക്കാണാൻ തിരക്കുകൂട്ടിയ
മറ്റൊരു കൊല്ലത്തുകാരനും ഭ്രാന്താശുപത്രിയിൽ
പ്രവേശിപ്പിയ്ക്കപ്പെട്ടതായും പിന്നീട്‌ മരണപ്പെട്ടതായും വാർത്ത
വന്നിരിക്കുന്നു. അമ്മയെ കാണാൻ തിരക്ക്‌ കൂട്ടുന്നവർ വഴക്ക്‌ കൂടുന്നതും
ഒച്ചവയ്ക്കുന്നതും അവരെ തടയുന്നവരോടാണെന്നും, അവരെ നിയന്ത്രിയ്ക്കാൻ
തനിക്ക്‌ പറ്റുമെന്നും വിശ്വസിയ്ക്കേണ്ടതല്ലേ അമ്മ. ഇത്രയൊക്കെയായിട്ടും
അമ്മയുടെ ഈ ബധിരതയും അന്ധതയും എനിക്കു മനസ്സിലാകുന്നില്ല. വാർത്തകളോട്‌
പ്രതികരിയ്ക്കുന്ന സ്വഭാവക്കാരിയാണ്‌ അമ്മ എന്നത്‌ പ്രസംഗത്തിലും
പത്രപംക്തികളിലും കാണാം. പക്ഷേ, ഈ വാർത്തയോട്‌ അമ്മ ഇനിയും പ്രതികരിച്ചു
കണ്ടില്ല.
        അതുംപോട്ടെ, അമ്മ അറിഞ്ഞോ? അമ്മയുടെ എറണാകുളം ആശുപത്രിയിൽ എന്താണ്‌
നടക്കുന്നത്‌! മരുന്ന്‌ പരീക്ഷണം നടത്താൻ പാവപ്പെട്ട രോഗികളെ
ഇരയാക്കുന്നു. അമ്മയുടെ സഹായംകൊണ്ട്‌ സൗജന്യ ചികിത്സ ലഭിച്ചു എന്നു
പറഞ്ഞ്‌ തൊഴുതു നിന്ന പലരും മാറാരോഗികളായവരോ, വഞ്ചിതരായവരോ ആണ്‌.
അവർക്ക്‌ സൗജന്യ ചികിത്സയല്ല നൽകിയത്‌. മറിച്ച്‌ ആ ജീവനെ
പരീക്ഷണവസ്തുവാക്കി, സൗജന്യമാക്കി, അമ്മയുടെ ആശുപത്രി പണത്തിനായി
ഉപയോഗിച്ചിരിക്കുന്നു. അമ്മേ ഞാൻ പറയാറില്ലേ സ്വന്തം വീടു നോക്കാനറിയാതെ
നാടുഭരിക്കാൻ നടക്കുന്നവർക്കൊക്കെ പറ്റുന്ന അബദ്ധമാണിത്‌. അമ്മ
അറിഞ്ഞിട്ടാണ്‌ ഇതെല്ലാം നടന്നത്തെങ്കിൽ അത്‌ ക്രിമിനൽ കുറ്റമാണ്‌.
അറിഞ്ഞു കാണില്ല എന്നെനിയ്ക്കറിയാം പക്ഷേ, അറിയാതിരിയ്ക്കുന്നത്‌
അക്ഷന്തവ്യമായ പിഴയും കുറ്റകരമായ അനാസ്ഥയുമാണ്‌. അമൃതാനന്ദമയി
ആശുപത്രിയ്ക്കും റിസർച്ച്‌ സെന്ററിനും വരുന്ന പണവും ചിലവാക്കുന്ന പണവും
വരവുപോക്കുകളുടെ വഴികളും അമ്മ അറിയാതിരിയ്ക്കുന്നതിലർത്ഥമില്
ല. അവിടെ
വരുന്ന കൃമികീടങ്ങളെ വഞ്ചിച്ചാൽ പിന്നെന്തു സുകൃതം?
        സാരമില്ല; എന്നെ കുരുത്തംകെട്ട ഒരു മകനായി കണ്ടോളു. പക്ഷേ, അമ്മ
പ്രചരിപ്പിയ്ക്കുന്ന സാർവ്വലൗകികപ്രേമം, വ്യക്തികളെ തൊട്ടറിഞ്ഞു ഞാൻ
അനുഭവിക്കുന്നു. എനിക്ക്‌ സത്നാംസിങ്ങും രാമനും കോവാലനും ചികിത്സിയ്ക്കാൻ
പൈസയില്ലാതെ ഓടിയെത്തുന്ന ലക്ഷ്മിയും നാരായണിയും   എല്ലാം
ഒന്നുപോലെയാണ്‌. ഞാനവരെ കെട്ടിപ്പിടിയ്ക്കുന്നില്ല ദാനം ചെയ്യുന്നില്ല.
ഞാൻ ദാനം ആരിൽ നിന്നും വാങ്ങുന്നില്ല. പക്ഷേ സത്നാം സിങ്ങിന്റെ ആത്മാവ്‌
ചോദിക്കുന്നതും പരീക്ഷണവാർത്ത അറിഞ്ഞ ചില രോഗികൾ ചോദിയ്ക്കുന്നതും ഞാൻ
കേൾക്കുന്നു. "അമ്മ ഒരമ്മയാണോ അമ്മേ!?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ