രഘുനാഥ് പലേരി
മുടി വെട്ടുമ്പോള്‍ ഉറങ്ങാത്തവര്‍ ചുരുക്കം. കൈ വഴക്കമുള്ള ആയുധക്കാരന്നു മുന്നില്‍ സമസ്ത ആയുധങ്ങളും വെച്ചു കീഴടങ്ങിപ്പോകുന്ന ഉറക്കം. തലയില്‍ രക്തയോട്ടം കൂടുന്ന നേരം.
തറവാട്ടില്‍ മുന്‍പ് മുടിവെട്ടാന്‍ വരുന്ന ആളെ കാണുമ്പോഴേ മുടി എല്ലാം കൊഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പറമ്പില്‍ മരച്ചുവട്ടില്‍ പലകയിട്ട് ഇരിക്കണം. കത്രികക്ക് ഒരു മയവും കാണില്ല. തല കുനിച്ച് മുന്നില്‍ ഇരുന്നാല്‍ ഊടുവഴിയിലുടെ വാഹനം ഓടിക്കുന്ന കൌതുകത്തോടെ, മുടി വെട്ടുന്ന ആള്‍ എന്‍റെ തല സ്റ്റിയറിംഗ് ആക്കി ഇടം വലം തിരിച്ചങ്ങിനെ കളിക്കും. അത് പിന്നേം സഹിക്കാം. അറിയാതെ ഉറങ്ങി തല സ്വല്‍പ്പം കുനിഞ്ഞാല്‍ ഒരു തട്ടുണ്ട്. അശേഷം മയമില്ലാത്ത വിരല്‍ അമര്‍ന്നാല്‍ വേദനിക്കും. ഒരിക്കല്‍ ഞാന്‍ അത് അഛനോട് പറഞ്ഞു. എന്റെ വേദന അറിഞ്ഞതും തട്ട് വേണ്ടെന്ന്‍ അഛന്‍ കത്രികക്കാരനോടും പറഞ്ഞു. പിന്നെ അദ്ദേഹം തട്ടിയിട്ടില്ല. വാസ്തവത്തില്‍ എനിക്ക് വേദനിക്കുന്നത് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്ന്‍ അഛന്‍ പറഞ്ഞു. നല്ല ആരോഗ്യമുള്ള വിരല്‍ അല്ലേ. വാളിന്നറിയില്ലല്ലോ വാളിന്‍റെ മൂര്‍ച്ച.
സ്ക്കുളില്‍ എത്തിയപ്പോള്‍ മുടി മുറിക്കാന്‍ അഛന്‍ കൊണ്ടുപോകാറുള്ളത് കോഴിക്കോട് നടക്കാവിലെ വേലുവിന്‍റെ കടയില്‍. കസേരക്കയ്യില്‍ ഇരിക്കാന്‍ പലക ഇട്ടു തരും.. മയത്തില്‍ സംസാരിക്കും. അശേഷം വേദനിക്കില്ല. പക്ഷെ തലയുടെ പിറകില്‍ ഒരു യന്ത്രം വെച്ചുള്ള വടിച്ചെടുക്കല്‍ ഉണ്ട്. അപ്പോഴുള്ള ഇക്കിളി സഹിക്കാന്‍ പറ്റില്ല. ഞാന്‍ വളഞ്ഞു പുളയും. വേലുവിന്ന്‍ ദേഷ്യം പിടിക്കും.
‘കുട്ടീ കാത് മുറിഞ്ചിടും..’
വേലു എന്നെ പേടിപ്പിക്കും.
അതും ഞാന്‍ അഛനോട് പറഞ്ഞു. അഛന്‍ പരിഹാരം കണ്ടു.
‘മെഷിന്‍ വേണ്ട വേലു..’
‘ഓ ..’
വേലു വടിക്കല്‍ നിര്‍ത്തി. പകരം കത്രികയാക്കി. പക്ഷെ അക്കാലത്ത് മുടി വെട്ടി വന്നാല്‍ പലരുടെ വകയും പരിശോധന ഉണ്ട്. അവരില്‍ ചിലര്‍ ‘ഇതെന്താ
പിറകില്‍ വടിക്കാഞേ…’ ന്ന് ചോദിക്കും. അവര്‍ക്കും അഛന്‍ ഉത്തരം കൊടുക്കും.
‘അവന്‍റെ മുടിയില്‍ ഇരുമ്പുണ്ട്.. മെഷീന്‍ മുറിയും..’
(ആ മെഷിന്‍ ശബ്ദത്തിന് പില്‍ക്കാലത്ത് ഞാന്‍ കണ്ട ചില വിയറ്റ്‌നാം യുദ്ധ സിനിമകളിലെ ഭയപ്പെടുത്തി പറന്നു വരുന്ന ഹെലിക്കോപ്ടറുകളുടെ ശബ്ദമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.)
ഇപ്പോള്‍ മുടി തന്ന അഛനും അമ്മയും എല്ലാം തലയ്ക്കു മുകളില്‍ വസന്തം തീര്‍ത്ത കത്രിക ശബ്ദംപോല്‍ പറന്നകന്നു. എനിക്കിപ്പോള്‍ ഈ മുടിയെല്ലാം പൂര്‍ണ്ണമായും കൊഴിഞ്ഞു നല്ല ഒരു കഷണ്ടി വരണം എന്നാണ് ആഗ്രഹം. ഒരു മുടി നാരും
പാടില്ല. അറ്റം കാണാത്ത മരുഭുമി. അതിനി അഛനോട് എങ്ങിനെ പറയും… ഉണ്ടായിരുന്നെങ്കില്‍ അഛന്‍ അതും സാധിച്ചു തന്നേനെ….
ചിത്രത്തില്‍ കോവൈപുത്തൂരിലെ മരുത്തുവര്‍ വേലു. എന്‍റെ ഇത്തിരി മുടിയില്‍ വിളയാടുന്ന വേലു. ഈ വേലുവിനെ കാണുമ്പോള്‍ എനിക്ക് പഴയ വേലുവിനെ ഓര്‍മ്മ വരും. തമിഴില്‍ മുടി മുറിക്കുന്ന ആളെ മരുത്തുവര്‍ എന്നാണ് വിളിക്കുക. വേലു മരുത്തുവര്‍ . ഞാന്‍ ഒരു മരുത്തുവര്‍ ആയിരുന്നെങ്കില്‍ എന്‍റെ സിനിമയില്‍ പേര് വരുക ‘മരുത്തുവര്‍ രഘുനാഥ് പലേരി’ എന്നായിരിക്കും അല്ലെങ്കില്‍ ‘രഘുനാഥ് പലേരി മരുത്തുവര്‍ ‘. രണ്ടായാലും സിനിമ നന്നായാല്‍ മതി എന്നത് വേറൊരു സത്യം…!
അല്ലെങ്കില്‍ , എന്തെങ്കിലും കാരണംകൊണ്ട് സ്വന്തം മുടിയെങ്കിലും മുറിച്ചു മരുത്തുവര്‍ ആകാത്തവര്‍ ആരാണ് നമുക്ക് ചുറ്റും ഉള്ളത്…