19 Sept 2012

പഴയപുസ്തകത്തിന്റെ നീലമുഖം



  കൃഷ്ണ പ്രിയ


ആമീ,
നിന്റെ വാക്കുകളുടെ
അക്ഷാംശത്തിലെ മൂന്നാം
ബിന്ദുവില്‍ മരണമെന്ന് എഴുതി ചേര്‍ത്തിടത്തു
ഞാന്‍ എന്റെ മൌനവും ചേര്‍ത്ത് വെയ്ക്കുന്നു.
ഒരു വരിയില്‍ വെച്ച് അക്ഷരം മറന്ന് ,
ഭാഷ മറന്ന്, നിന്നെ മുറിവേല്‍പ്പിച്ചു
പിന്തിരിഞ്ഞവരൊക്കെ
ഗുഹകളില്‍ ശിലാലിഖിതങ്ങള്‍ കോറുന്നു.
പൂര്‍ത്തിയാക്കപ്പെടാതെ പോവുന്ന
അനേകം കവിതകളിലെ അക്ഷരങ്ങളും
ബിംബങ്ങളും പിന്‍വലിഞ്ഞ്
നീ മരണമെന്നെന്നു എഴുതിയവസാനിപ്പിച്ച
ബിന്ദുവിലേക്ക് ഉറ്റുനോക്കുന്നു …
അവിടെ നിന്നും
കാലത്തിന്റെ മഞ്ഞ മാറ്റി പിറകിലേക്ക് …
നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ ഞാന്‍ പന്ത്രണ്ടു പ്രായക്കാരി .
നിനക്കെത്രയെന്നു എന്നെപ്പോലെ നിനക്കും
നിശ്ചയമുണ്ടാവില്ല…
കാറ്റില്‍ പറക്കുന്ന മുടിയിഴകള്‍
കറുത്ത കുപ്പായമിട്ട നീ…
പലരും വായിച്ചു കൈമാറിയ
പഴയ പുസ്തകത്തിന്റെ മുഖമായി നീ .
നിന്റെ കഥ …
അതിന്റെ തുടക്കത്തില്‍ ആരോ നീല മഷിയില്‍ എഴുതി ചേര്‍ത്തിരുന്നു…
‘എനിക്കറിയാമെന്ന് നിനക്കറിയാം…
നിനക്കറിയാമെന്ന് എനിക്കറിയാം ..’
എത്രയൊക്കെ അറിഞ്ഞിട്ടും
വീണ്ടും നീ മാത്രം ബാക്കിയാവുന്നു ..
കോതിയൊതുക്കാതെ നിരത്തിയ വരികളില്‍
എല്ലാം തുറന്നു പറഞ്ഞുകൊണ്ട് ,
നീ
തെളിച്ച വഴിയില്‍ നിന്നെ
ജീവിക്കാനിവര്‍ അനുവദിച്ചുവോ ?
മരണത്തില്‍ വാഴ്ത്തിയോ ,
അതോ പുതപ്പിച്ച
കോടിയില്‍ നിന്നും ഇഴകള്‍ കീറിയെടുത്തു
വീണ്ടും നഗ്‌നയാക്കിയോ…?
നിന്റെ പ്രണയം കൊണ്ട് നീ വാഴ്ത്തപ്പെട്ടു
പ്രണയത്തിന്റെ ശതവേരുകള്‍ പടര്‍ത്തി ,
പന്തലിച്ചു പൂവിട്ടു കൊഴിഞ്ഞ
മരത്തിന്റെ നിഴലായി നീ….
ആ നിഴലിനും നേര്‍ത്ത പരിമളം…
ഒരിക്കല്‍ എങ്കിലും ഒന്ന് കാണുവാന്‍
പാളയത്തെ പള്ളിപ്പറമ്പിന് വെളിയില്‍
നോക്കി നിന്നു സന്ധ്യയാവുമ്പോള്‍,
ഉറവകള്‍ തേടി ഉണങ്ങിയപ്പോയ
നിന്റെ വേരുകളില്‍ നിന്നും
ഒരുപിടി മണ്ണെടുത്ത് പിന്തിരിയുന്നു
ഞാനും …

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...