19 Sept 2012

വിചിന്തനങ്ങൾ


 സുധാകരൻ ചന്തവിള

പെൺ വാണിഭങ്ങളുടെ  പെരുമഴ


        എല്ലാം കച്ചവടമാകുന്ന ജീവിതസാഹചര്യത്തിൽ സെക്സും കച്ചവടമാകുന്നു.
വാങ്ങാനും വിൽക്കാനും ആളുണ്ടാകുന്ന സ്ഥലത്തെ കമ്പോളമെന്നാണല്ലോ
വ്യാഖ്യാനിക്കുക. ഏറ്റവുമധികം സുഖംതരുന്ന വസ്തുവിന്‌, സാധനത്തിന്‌
ഏറ്റവും കൂടുതൽ വില ലഭിക്കുന്നു എന്നത്‌ പുതിയ കാര്യമല്ല.
വിൽക്കുന്നവരെക്കാൾ വാങ്ങുന്നവരുടെ ആവശ്യവും പണാധിപത്യവുമാണ്‌ ഒരു
സാധനത്തെ കൂടുതൽ മാർക്കറ്റുചെയ്യപ്പെടുന്നത്‌. അങ്ങനെ നോക്കുനോക്കുമ്പോൾ
ഇന്ന്‌ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്‌ സെക്സ്‌ തന്നെയാണ്‌.
        സെക്സ്‌ റാക്കറ്റുകൾ നമ്മുടെ നാട്ടിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്‌.
എല്ലാം വിലക്കുവാങ്ങാവുന്ന പുതിയ ലോകസാഹചര്യത്തിൽ പെണ്ണിനെയും യഥേഷ്ടം
വാങ്ങുകയും വിൽക്കുകയും ചെയ്യാൻ കഴിയുന്നു. വിവാഹമാർക്കറ്റിൽ സ്ത്രീക്ക്‌
അത്രയ്ക്ക്‌ വിലയില്ലെങ്കിലും പെൺവാണിഭത്തിൽ സ്ത്രീക്ക്‌ മെച്ചപ്പെട്ട
വിലയാണുലഭിക്കുന്നത്‌. അവിടെ സ്ത്രീ ചോദിക്കുന്ന വില അഥവാ കൂലി നൽകാൻ
പുരുഷൻ തയ്യാറാകുന്നു. ഇത്തരത്തിലുള്ള പല വാണിഭങ്ങളും ബലാൽക്കാരേണയും
ഭീഷണിയിലൂടെയുമാണ്‌ നിലനിർത്തുന്നത്‌. പ്രായപൂർത്തിയായവരെ മാത്രമല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെവരെ ലൈംഗികവ്യാപാരത്തിനായി
തട്ടിയെടുക്കപ്പെടുന്നു. ഇത്തരത്തിൽ ഓരോ വർഷവും പുറത്തുവരുന്ന കണക്കുകൾ
എത്രയധികമാണ്‌! പുറത്തുവരുന്ന ക്രൈമുകളുടെ എണ്ണത്തെക്കാൾ പതിന്മടങ്ങാണ്‌
രജിസ്റ്റർ ചെയ്യപ്പെടാത്ത ക്രൈമുകൾ.
        രാജ്യത്തിനകത്തും പുറത്തുമുള്ള ഗൈംഗികകമ്പോളങ്ങളിലേക്ക്‌ പെൺകുട്ടികളെ എത്തിക്കുന്ന  വൻ മാഫിയാസംഘങ്ങൾ ഇന്ന്‌ അരങ്ങുവാഴുന്നു.  ഇതിന്റെ
ചുരുളഴിക്കുമ്പോൾ ചില ഉന്നതന്മാർ വരെ അകപ്പെട്ടിട്ടുണ്ടെന്നു
മനസ്സിലാകും. പണം എന്ന വലിയ സങ്കൽപം മനുഷ്യനെ മറ്റെല്ലാത്തിനും
അതീതനാക്കി മാറ്റി. ആഗോളവൽക്കരണം പോലുള്ള ആധുനികനയങ്ങൾ മൂലം ദരിദ്രരെയും
പാർശ്വവൽകൃതരെയുമെല്ലാം ഇത്തരത്തിലുള്ള വാണിഭങ്ങൾ വല്ലാതെ
പ്രലോഭിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടാവാം മരുന്നില്ലാത്ത മഹാരോഗമായ
ഏയ്ഡ്സ്‌ ബാധിക്കുന്നതിലധികം പേരും സമ്പന്നരല്ലാതാകുന്നത്‌. അതിലും
അഞ്ചിലൊരുഭാഗം പേർ കൗമാരക്കാരാണെന്നതാണ്‌ ഞെട്ടിക്കുന്ന മറ്റൊരുവാർത്ത.
        ലൈംഗികത്തൊഴിലാളി യൂണിയൻ ഉണ്ടായിത്തീർന്ന കാലമാണല്ലേ ഇത്‌.
വേശ്യാവൃത്തി പാപമല്ലെന്നും മാന്യമായ തൊഴിലാണെന്നും പറഞ്ഞുപരത്തുന്ന
അത്തരം സംഘടന ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യംതന്നെ സ്വതന്ത്രമായ
ലൈംഗികത്തൊഴിൽ സംസ്കാരത്തിന്റേതാണ്‌. പല രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ
പല സംസ്ഥാനങ്ങളിലും ഇത്തരമൊരു സംസ്കാരം എത്തിക്കഴിഞ്ഞു.

   മുതലാളിത്തവ്യവസ്ഥയ്ക്ക്‌ വിധേയമായി ശരീരം വിറ്റുജീവിക്കേണ്ടിവരുന്നവരെയാണ്‌ വേശ്യകളായിഅംഗീകരിക്കപ്പെട്ടുവരുന്നത്‌. ലൈംഗികതയെ വരുമാനം ലഭിക്കുന്ന തൊഴിലായും വ്യവസായമായും മാറ്റിത്തീർക്കണമെന്ന വാദം മൂലധനശക്തികകളുടെ  പണക്കൊതിമാത്രമാണ്‌. അതുവഴി സ്ത്രീ യഥേഷ്ടം വാങ്ങുകയും വിൽക്കുകയും ചെയ്യപ്പെടുന്ന വെറും ചരക്കായിത്തീരുന്നു. മനുഷ്യൻ ഉൽപാദനപരമായി ചെയ്യുന്ന തൊഴിലിനല്ലാതെ മറ്റൊന്നിനും തൊഴിൽ എന്നു വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന പഴയ വാദഗതി ഇതോടെ അസ്ഥാനത്താകുകയും സുഖഭോഗാധിഷ്ഠിതമായ മറ്റൊരു തൊഴിൽ സംസ്കാരം ഉടലെടുക്കുകയും ചെയ്യുന്നു.
        പ്രേമവും ലൈംഗികതയും അനുരാഗവുമെല്ലാം ഇന്നും ഇന്നലേയും ആരംഭിച്ചതല്ല.
എന്നാൽ അതിനെല്ലാം അതിന്റേതായ ഭംഗിയും മനോഹാരിതയും മുമ്പുണ്ടായിരുന്നു.
ഇപ്പോൾ അങ്ങനെ മനോഹാരിതയ്ക്കുവേണ്ടി ആരും ആരേയും പ്രണയിക്കുന്നില്ല.
എന്തെങ്കിലും വലിയകാര്യം നേടുകയെന്ന ലക്ഷ്യത്തോടുകൂടി മാത്രമേ  ഇപ്പോൾ
പ്രണയം പോലും ഉണ്ടാകുന്നുള്ളൂ. വർദ്ധിച്ചുവരുന്ന പഞ്ചനക്ഷത്രഹോട്ടൽ
സംസ്കാരവും ടൂറിസത്തിന്റെ പേരിൽ നടക്കുന്ന ആഘോഷങ്ങളുമെല്ലാം
ചെന്നെത്തുന്നത്‌ വൻ ലൈംഗിവ്യവസായത്തിലേക്കാണ്‌. സ്വദേശത്തും
വിദേശത്തുമുള്ള ഇത്തരം ഇടങ്ങളിലേക്ക്‌ പെൺകുട്ടികളെ വിതരണം ചെയ്യുന്ന
ചെറുതും വലുതുമായ വാണിഭസംഘങ്ങൾ ഇന്ന്‌ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌.
        പെൺകുട്ടികൾക്ക്‌ സധൈര്യം സ്കൂളിലും കോളേജിലുമെല്ലാം പഠിച്ചുവരാൻ
കഴിയുന്ന സാഹചര്യം ഇപ്പോൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. എവിടെയും
ഉയർന്നുവരുന്ന കണ്ണ്‌ കാമാന്ധതയുടെതുമാത്രം! മദ്യാസക്തിയും കാമാസക്തിയും
കേരളത്തിൽ ഇപ്പോൾ ഒരുപോലെ പെരുകുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
മദ്യമില്ലാത്ത യാതൊരു ആഘോഷവും ഇല്ലാതായിത്തീർന്നു. ചെറുപ്രായക്കാരായ
കുട്ടികൾ മുതൽ അതിന്റെ സ്വാദ്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കള്ളുകുടി
ക്രമേണ വളർന്ന്‌ പെണ്ണുപിടിയിലേക്കുവ്യാപിപ്പിക്കുന്ന സ്ഥിതിയാണുള്ളത്‌.
പല ക്രിമിനിൽ കേസ്സുകളിലും പിടിക്കപ്പെടുന്ന പ്രതികളിൽ ഏറിയഭാഗവും
അത്തരക്കാരാണെന്നു കാണാവുന്നതാണ്‌.  മദ്യത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച്‌
പരസ്യം നൽകുന്ന സ്ഥാപനംതന്നെ പ്രതിമാസം കോടിക്കണക്കിനുരൂപ മദ്യവ്യവസായം
വഴി സമ്പാദിക്കുന്ന നാടാണ്‌ നമ്മുടേത്‌. കള്ളുകച്ചവടം നടത്താതെ
സർക്കാരുകൾക്കുതന്നെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്‌ ഇപ്പോൾ
നിലവിലുള്ളത്‌. മറ്റ്‌ ഉൽപാദനമാർഗ്ഗങ്ങളെക്കുറിച്ച്‌ ആരായാതെ
മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടഭീകരതയാണ്‌ പെൺവാണിഭം
പോലുള്ള വൻ വ്യവസായസംസ്കാരത്തിനും കാരണമാകുന്നതെന്ന്‌ പറയേണ്ടിവരും.
         നിത്യേന പുറത്തുവരുന്ന വാണിഭവാർത്തകൾ എത്രയധികമാണ്‌! ഇനിയും നാം
എത്രയെത്ര പെൺവാണിഭവാർത്തകൾ കാണാനും കേൾക്കാനുമിരിക്കുന്നു.
സൂര്യനെല്ലിയും ഐസ്ക്രീം പാർലറും കിളിരൂരും മറവിയുടെ പട്ടികയിൽ
ഉൾപ്പെട്ടേയ്ക്കാം. അതിലൊക്കെ ഉൾപ്പെട്ടവരെയെല്ലാം വാഴ്ത്തുന്ന
ഇക്കാലഘട്ടം കൂടുതൽ കൊതിപ്പിക്കുന്ന, മദിപ്പിക്കുന്ന പെൺവാണിഭവാർത്തകൾ
അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...