നോവൽ/കുലപതികൾ/സണ്ണി തായങ്കരി
ഒന്ന്‌
കാലം വാർധക്യത്തിന്റെ അവശതകൾ ഒന്നൊന്നായി അടയാളപ്പെടുത്തുകയാണ്‌
ശരീരത്തിൽ. കൗമാരത്തിലും യൗവനത്തിലും സാധ്യമായതൊക്കെ അസാധ്യവും
അപ്രാപ്യവുമാകുമ്പോൾ മരവിപ്പ്‌ എവിടെയൊക്കെയാണ്‌ ബാധിക്കുന്നത്‌!
മനസ്സിനും ശരീരത്തിനും പരസ്പരധാരണയില്ലാത്തതുപോലെ.
മനസ്സാഗ്രഹിക്കുന്നിടത്ത്‌ ശരീരത്തിന്‌ എത്തിപ്പെടാൻ സാധിക്കുന്നില്ല.
എല്ലാം വ്യർഥമാണെന്നതോന്നൽ ഉള്ളിലെവിടെയോ ചൂണ്ടലിൽ കോർത്തുവലിക്കുംപോലെ!
അത്‌ ആത്മാവിൽ അസ്വസ്ഥത പടർത്തുന്നു. എല്ലാറ്റിനോടും അകാരണമായ ഒരു
വിരസത...
അനഭിലഷണീയമായ ഖിന്നചിന്തകൾ ഏതാനും ദിവസങ്ങളായി തന്നെ
ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്

ന്‌ അബ്രാഹം ദുഃഖത്തോടെ ഓർത്തു. എത്ര
വിളിച്ചപേക്ഷിച്ചിട്ടും സാന്ത്വനസ്പർശവുമായി ദൈവത്തിന്റെ മാലാഖയും
പ്രത്യക്ഷപ്പെടുന്നില്ല!
പാടില്ലാത്തത്താണ്‌. ഇത്തരം ചിന്തകളൊന്നും മനസ്സിന്റെ കടിഞ്ഞാൺ
നഷ്ടപ്പെടാൻ അനുവദിച്ചുകൂടാ. അത്‌ സർവശക്തനെതിരായ പാപമാണ്‌. ഒരു പക്ഷേ,
ജീവിത ദശാസന്ധിയിൽ ക്ഷണിക്കാതെയെത്തിയ ഏകാന്തത്തയാവും ഇതിനെല്ലാം
കാരണമെന്ന്‌ മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
പിതാവായ തേരാഹിന്റെ മരണശേഷം കർത്താവ്‌ വിളിച്ചനുഗ്രഹിച്ചതുമുതൽ ജീവിതം
അനുസ്യൂതം തുടരുന്ന യാത്രയായിരുന്നു. ഹാരാനിൽ തുടങ്ങിയ യാത്ര! അവിടുന്ന്‌
ആജ്ഞാപിച്ചതുമാത്രം ചെയ്തു. ചൂണ്ടിക്കാണിച്ചിടത്തേക്ക്‌ സഞ്ചരിച്ചു.
വിശ്രമിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിശ്രമിച്ചു. വീണ്ടും ഭാണ്ഡം മുറുക്കാൻ
കൽപ്പിച്ചപ്പോൾ അപ്രകാരംചെയ്തു. കൂടുവിട്ട്‌ കൂടുമാറുംപോലെ
കൂടാരങ്ങളിലേക്ക്‌ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ബന്ധങ്ങളൊരിക്കലും
ബന്ധനത്തിന്റെ അഴിയാക്കുരുക്കുകളായില്ല.
അവിടുത്തെ കരങ്ങളിൽ ഒരു ഉപകരണംമാത്രമായിരുന്നു എന്നും. അവിടുത്തെ
ആഗ്രഹങ്ങൾക്കും കൽപ്പനകൾക്കും എതിരായി ഒന്നും പ്രവർത്തിച്ചിട്ടില്ല.
മറുത്തൊരുവാക്ക്‌ പറഞ്ഞില്ല.
വൃദ്ധയും വന്ധ്യയുമായ സാറായുടെ ഗർഭപാത്രത്തിൽ അവിടുത്തെ അനുഗ്രഹത്താൽ
ഉരുവാക്കപ്പെട്ട ഏകമകൻ ഇസഹാക്കിനെ ദഹനബലിയായി നൽകാൻ ആജ്ഞാപിച്ചപ്പോഴും ആ
മനോഭാവത്തിന്‌ മാറ്റമുണ്ടായില്ല. ദൈവേച്ഛയ്ക്കുമുമ്പിൽ ശിരസ്സുനമിച്ചു.
'ദൈവമേ, എന്നോടെന്തിനിങ്ങനെ'യെന്നു ചോദിച്ചില്ല. രണ്ടാമതൊന്ന്‌
ചിന്തിക്കാൻപോലും നിൽക്കാതെ മകനെയുംകൂട്ടി മോറിയാദേശത്തേക്ക്‌
പുറപ്പെട്ടു. മരുഭൂമിക്കുമുകളിൽ സൂര്യൻ അഗ്നിയുരുക്കുമ്പോൾ ഹൃദയത്തിൽ
തീവ്രവേദനയുരുക്കി  മൂന്നു ദിനരാത്രങ്ങൾനീണ്ട കഠിനയാത്ര... മണൽപ്പരപ്പിലെ
തീപിടിക്കുന്ന ചൂടിൽ, ആകാശസീമയിൽനിന്ന്‌ താഴ്‌ന്ന്‌, തലയ്ക്കുമുകളിൽ
വട്ടമിട്ടുപറന്ന വിശന്നുവലഞ്ഞ കഴുകക്കൂട്ടത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌
കർത്താവ്‌ നിർദേശിച്ച മലയുടെ ഓരത്തെത്തുമ്പോൾ തളർച്ച ബാധിച്ചിരുന്നു.
ഭൃത്യനെ മലയടിവാരത്തിൽ നിർത്തി, ബലിക്കുള്ള വിറക്‌ ഇസഹാക്കിന്റെ
ചുമലിൽവച്ചുകൊടുത്ത്‌, കത്തിയും തീയും താൻതന്നെ വഹിച്ച്‌
മലമുകളിലേയ്ക്ക്‌ നടക്കുമ്പോൾ കാലടികൾ വിറകൊണ്ടിരുന്നുവേന്നത്‌ നേര്‌.
എങ്കിലും മനസ്സിന്റെ കടിഞ്ഞാൺ ലേശവും അയഞ്ഞിരുന്നില്ല. സുദൃഢമായിരുന്നു
തീരുമാനം എന്നതിന്‌ പരമോന്നതൻതന്നെ സാക്ഷി.
കൊടുംചൂടിൽ വാടിത്തളർന്നുപോയ ഇസഹാക്ക്‌ ഒപ്പമെത്താൻ നന്നേ ക്ലേശിച്ചു.
അതും ഒരാശ്വാസമായാണ്‌ അപ്പോൾ തോന്നിയത്‌. ആ കുഞ്ഞുകണ്ണുകളെ
അഭിമുഖീകരിക്കാനുള്ള ധൈര്യം ഒരു പിതാവിന്‌ എങ്ങനെയാണ്‌ ഉണ്ടാവുക?  പക്ഷേ,
അപ്പോഴും വന്ധ്യയുടെ ഗർഭപാത്രം ഉർവരമാക്കിയവന്‌ അതിന്റെ ഫലത്തേയും
തിരിച്ചെടുക്കാനുള്ള അവകാശമുണ്ടെന്ന ഉറച്ചബോധ്യമുണ്ടായിരുന്നു.
 ഇസഹാക്കിന്റെ നിഷ്കളങ്കസ്വരം ഇന്നും കാതുകളിലുണ്ട്‌.
"പിതാവേ, ബലിക്കുള്ള വിറകും കത്തിയും തീയും നമ്മുടെ പക്കലുണ്ട്‌.
ബലിമൃഗമെവിടെ?" അവന്റെ അന്വേഷണത്വരയുടെ ഉഷ്ണമേഖലയിൽ ഒരു നിമിഷം ജീവനും
മരണവും സംഗമിച്ചു. പതറിപ്പോയ നിമിഷത്തിന്റെ അന്ത്യത്തിൽ വാനോളമുയർന്നു,
വിശ്വാസനിറവിന്റെ നിത്യസ്മാരകം!
"മകനേ, നമുക്കത്‌ ദൈവം തരും."
ഇസഹാക്ക്‌ കേട്ടത്‌ പിതാവിന്റെ സ്വരമോ? അതോ തനിക്കുവേണ്ടി സംസാരിച്ച
സർവശക്തന്റെ സാന്ത്വനമോ?
മാനംമുട്ടെ നിൽക്കുന്ന മോറിയാമലയുടെ ശൃംഗത്തിൽ, കുറ്റിച്ചെടികൾ
തഴച്ചുനിന്ന ഇത്തിരി സമതലഭൂമിയിൽ സ്വയം നിർമിച്ച ബലിപീഠത്തിൽ
ജലാംശമൊടുങ്ങിയ അടുക്കിയ വിറകിനുമീതെ ഇസഹാക്കിനെ കാട്ടുനാടകൾകൊണ്ട്‌
ബന്ധിച്ചുകിടത്തുമ്പോൾ ജന്മം നൽകിയവന്റെ ഉള്ളം പിടയ്ക്കുന്നത്‌
അവിടുന്ന്‌ വെൺമേഘശകലങ്ങൾക്കിടയിലൂടെ ഉറ്റുനോക്കുന്നുണ്ടായിരുന്നു,
തീർച്ച. ആകാശനീലിമയിൽ അപ്പോൾ ഒളിമിന്നിയത്‌ ആ വിശ്വനയനങ്ങളിലെ
മഹാകാരുണ്യം...
ദൈവഹിതം പൂർണമാക്കുക എന്നതായിരുന്നു ആത്മാവിന്റെ ദാഹം. എല്ലാം
നന്മയ്ക്കായി ഭവിപ്പിക്കുന്ന അവിടുന്ന്‌ പൂർണമായ സമർപ്പണം അവിടെ കണ്ടു.
പ്രിയ പുത്രന്റെ മൃദുമേനിയെ ലക്ഷ്യമാക്കി ഉയർന്ന കത്തിയേന്തിയ കയ്യിൽ
കടന്നുപിടിച്ച അമാനുഷിക കരം അവിടുത്തേതല്ലെങ്കിൽ മറ്റാരുടേതാണ്‌?
മുൾച്ചെടികൾക്കിടയിൽ കൊമ്പുടുക്കി കിടക്കുന്ന ആട്ടിൻകുട്ടിയെ
ഇസഹാക്കിനുപകരം ബലിമൃഗമായി മാലാഖ കാട്ടിത്തരുമ്പോൾ ആ ശുഭ്രരൂപത്തിൽ
ദൈവത്തിന്റെ അളവറ്റ കരുണയുടെ തിരുമുഖം ആയിരം സൂര്യതേജസ്സോടെ ഉൾത്തടത്തിൽ
പ്രകാശിച്ചു. ജീവന്റെ അന്ത്യസ്പന്ദനംവരെയും മറക്കാനാവാത്ത ഉജ്ജ്വല
ദൃശ്യം!
ചരിത്രം രേഖപ്പെടുത്തുന്ന ഭൂമിയിൽ ജനിച്ച ഏതൊരു പുരുഷനേക്കാളും ഒരു
പടിമുന്നിലാണ്‌ അബ്രാഹത്തിന്റെ സ്ഥാനം. കർത്താവ്‌ തന്നിൽനിന്ന്‌
പുറപ്പെടുവിക്കുമെന്ന്‌ വാഗ്ദാനം ചെയ്ത ജനസഞ്ചയത്തിനായി കൽപ്പിച്ചു നൽകിയ
കാനാൻദേശത്ത്‌ താനെത്രയോ അനുഗ്രഹീതൻ...! സമ്പൽസമൃദ്ധിയുടെ നിറവസന്തം
കൺമുമ്പിൽ സൗര്യഭ്യംതൂകിനിന്നു. ചക്രവാളസീമയോളം നീണ്ടുകിടക്കുന്ന ഭൂമി...
സമതലങ്ങളും മൊട്ടക്കുന്നുകളും പുൽമേടുകളും നിറഞ്ഞ സമൃദ്ധിവിളയിക്കുന്ന
മണ്ണ്‌. നൂറുമേനിയിൽ കുറഞ്ഞത്‌ നൽകാൻ ഈ മണ്ണ്‌ ഒരിക്കലും
തയ്യാറായിട്ടില്ല. വറുതിയിൽപോലും നിറഞ്ഞുകവിയുന്ന ധാന്യപ്പുരകൾ...
എണ്ണമറ്റ അടിമകൾ, കുതിരകൾ, കഴുതകൾ, കന്നുകാലികൾ. സ്വർണം, വെള്ളി
എന്നിവയുടെ അമൂല്യശേഖരം. സർവോപരി, അത്യുന്നതന്റെ സംരക്ഷണം. അവിടുത്തെ
ശക്തമായ കരങ്ങളാണ്‌ തന്റെ സർവൈശ്വര്യത്തിനും നിദാനമെന്ന്‌ ഈ
വാർധക്യാവസ്ഥകൾക്കും എത്രയോ മുമ്പുതന്നെ ബോധ്യപ്പെട്ടതാണ്‌.
പക്ഷേ, ഇപ്പോൾ പൊടുന്നനെ വന്നുഭവിച്ച ഈ ശൂന്യത... വല്ലാതെ
ഒറ്റപ്പെട്ടുപോയെന്ന തോന്നൽ... എല്ലാ സൗഭാഗ്യങ്ങളും വ്യർഥമെന്ന ചിന്ത...
പ്രത്യാശകൾക്കുമീതെ കരിനിഴൽ പടർന്നുകയറുംപോലെ! എല്ലാറ്റിനും ദൈവം
നിയമിച്ച കാവൽക്കാരനായിരുന്നിട്ടും അന്യഥാബോധം ഉണ്ടായിട്ടില്ല.
എന്നാലിന്ന്‌...
എത്രയോ സംവത്സരങ്ങൾ സുഖത്തിലും ദുഃഖത്തിലും ഏക മനസ്സായി തന്നോടൊപ്പം,
തന്റെ ഇംഗിതവും ഉത്തരവും കാത്തുകഴിഞ്ഞ സാറാ... 'നാഥാ'യെന്ന വിളിയിൽ
സമർപ്പണത്തിന്റെ പൂർണത ഉണ്ടായിരുന്നു. ജീവിതത്തിന്റെ ഉത്ക്കർഷത്തിന്‌
കാരണക്കാരി എല്ലാ അർഥത്തിലും സാറാതന്നെ. പ്രശ്നങ്ങളിൽപ്പെട്ടുഴലുമ്പോൾ
മണൽക്കാട്ടിൽ കുളിർതെന്നലെന്നപോലെ അവളുണ്ടായിരുന്നു. കത്തിയെരിയുന്ന
ചൂടിൽ ശീതളതപകരുന്ന വൻവൃക്ഷത്തിന്റെ നിഴൽപോലെയായിരുന്നു അവൾ... ആ
സാമീപ്യംപോലും ഏതുടുർഘടപ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഊർജമായിരുന്നു.
സങ്കീർണമായ പ്രശ്നങ്ങളുടെ ചുഴിയിൽപെട്ട്‌ മനസ്സ്‌ വിക്ഷുബ്ധമാകുമ്പോൾ
രാത്രിയുടെ യാമങ്ങളിൽ ഏകമനസ്സോടെ തന്നോടൊപ്പം കൈകൾവിരിച്ച്‌
ബലിപീഠത്തിനുമുന്നിൽനിന്ന്‌ സൈന്യങ്ങളുടെ കർത്താവിനെ
വിളിച്ചപേക്ഷിക്കുമ്പോൾ തലോടലിന്റെ നനുത്ത സ്പർശവുമായി മാലാഖ
പ്രത്യക്ഷപ്പെടുമായിരുന്നു.
പെട്ടെന്നൊരുനാൾ സാറായെന്ന കൈത്താങ്ങ്‌ നഷ്ടപ്പെട്ടപ്പോൾ അന്തിച്ചുപോയി.
ഒന്നിലും കുലുങ്ങാത്ത അബ്രാഹമെന്ന കരുത്തൻ തകർന്നുപോയതുപോലെ! അന്ധകാരം
ഫണം വിടർത്തിയ ഭീതിദമായ ഏകാന്തത്തയിൽ അകപ്പെട്ടുപോയ പ്രതീതി. നിരാശയുടെ
ദുർഭൂതങ്ങൾ നിറഞ്ഞാടുന്ന ജീവിത ദശാസന്ധി... മനസ്സിന്റെ വിളക്ക്‌
കെട്ടുപോയി!
സാറായുടെ വേർപാട്‌ മനസ്സിനെയും ശരീരത്തെയും ഒന്നുപോലെ നിർവീര്യമാക്കി.
ഒരു സ്ത്രീക്ക്‌ പുരുഷനിൽ ഇത്രയധികം സ്വാധീനം ചെലുത്താനാകുമെന്നത്‌
അത്ഭുതംതന്നെ!
പുരുഷന്‌ കൂട്ടായി ഒരു സ്ത്രീകൂടിയേ കഴിയൂ. അല്ലെങ്കിൽ അവന്റെ മനസ്സ്‌
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെപായും. ഏകാന്തത്ത മനം മടുപ്പിക്കും,
നിഷ്ക്രിയനാക്കും. എല്ലാ സൗഭാഗ്യങ്ങളുടെയും പറുദീസയിൽ ആദിപിതാവ്‌
ശോകമൂകനായി ഇരുന്നപ്പോൾ ദൈവത്തിനത്‌ സഹിച്ചില്ല. അവിടുന്നു പറഞ്ഞു-
'മനുഷ്യൻ ഏകനായിരിക്കുന്നത്‌ നന്നല്ല.'
ആദത്തെ ഉറക്കിക്കിടത്തി അവന്റെ വാരിയെല്ലൊന്ന്‌ ഊരിയെടുത്ത്‌ അതിൽ മാംസം
നിറച്ച്‌ ഹൗവയെ മെനഞ്ഞെടുത്തപ്പോൾ മുതൽ അവന്റെ ഇണയും തുണയും അവളായി.
മനുഷ്യവർഗത്തിന്റെ സർവനാശത്തിനും കാരണക്കാരിയായ സ്ത്രീതന്നെ പുരുഷന്റെ
സാന്ത്വനസ്പർശവുമായി!
മനം തേങ്ങുന്ന നിശയുടെ യാമങ്ങളിൽ സാറായെന്ന സ്ത്രീ ശിരസ്സുമടിയിൽവച്ച്‌
തലോടുമ്പോൾ അനുഭവിച്ച ശാന്തത്ത, സുരക്ഷിതത്വം... അപ്പോഴൊക്കെ സാറായ്ക്ക്‌
സ്നേഹനിധിയായ ഒരമ്മയുടെ ഭാവമായിരുന്നു. ആത്മാവിൽ അനുരാഗത്തിന്റെ വസന്തം
നിറയ്ക്കുന്ന കാമിനിയുടെ വശ്യരൂപമായിരുന്നു. ഭർത്യുപൂജ ജീവിതചര്യയാക്കിയ,
വിശുദ്ധിയുടെ മറുവാക്കായ, ഭാര്യയുടെ സാന്ത്വനത്തിന്റെ
നിറസാന്നിധ്യമായിരുന്നു...
ഹാഗാറിനു മാത്രമല്ല,  മറ്റേതൊരു അടിമപ്പെണ്ണിനും പുരുഷന്റെ
ലൈംഗികാസക്തിക്ക്‌ ശമനമുണ്ടാക്കാൻ കഴിയുമായിരിക്കും. പക്ഷേ, ഭാര്യയായ
സാറായെന്ന സ്ത്രീ, ജീവനിൽ ആശ്വാസത്തിന്റെ, സംതൃപ്തിയുടെ, സർവോപരി
സ്നേഹത്തിന്റെ വസന്തം നിറച്ചവളാണ്‌. അവളെയാണ്‌ ദൈവം ജീവിതത്തിൽനിന്ന്‌
പൊടുന്നനെ പറിച്ചുകൊണ്ടുപോയത്‌, നിർദാക്ഷിണ്യം...!
ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽതീരത്തെ മണൽതരികൾപോലെയും തന്നിൽനിന്ന്‌ പുറപ്പെടേണ്ട ജനതയുടെ ഇങ്ങേത്തലയ്ക്കൽ നിൽക്കുന്നവരാണ്‌ ഇസ്മായേലും
ഇസഹാക്കും. രണ്ടു വ്യത്യസ്ത ജനതകളെ പുറപ്പെടുവിക്കേണ്ടവർ. രണ്ടുപേർക്കും
പ്രായപൂർത്തിയായി. കായേനെയും ആബേലിനെയുംപോലെ വ്യത്യസ്തരാണവർ.
സാറായുടെ ഉദരഫലമായ ഇസഹാക്കിലാണ്‌ സൈന്യങ്ങളുടെ കർത്താവ്‌ പ്രസാദിച്ചതു.
ഈജിപ്തുകാരി അടിമയായ ഹാഗാറിന്റെ മകനായ ഇസ്മായേലും തന്റെ രക്തത്തിൽ
പിറന്നവൻതന്നെ. വന്ധ്യയായ താൻ ഇനി പ്രസവിക്കില്ലെന്ന്‌ ബോധ്യമായപ്പോഴാണ്‌
ഹാഗാറിനെ പ്രാപിച്ച്‌ ഒരു കുഞ്ഞിന്‌ ജന്മമേകി വംശപരമ്പര നിലനിർത്താൻ സാറാ
തന്നോട്‌ അപേക്ഷിച്ചതു. പക്ഷേ, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാഗാർ
അഹങ്കരിച്ചു. അവൾ യജമാനത്തിയോട്‌ നിലവിട്ട്‌ പെരുമാറിയതുകൊണ്ടാണ്‌
സാറായുടെ കണ്ണുനീർ ദൈവം കണ്ടതും അവളുടെ വന്ധ്യതയെ അകറ്റിയതും.
കടിഞ്ഞൂൽ സന്തതി ഇസ്മായേൽതന്നെ. അവനെയും മാതാവിനെയും വെറുക്കാനോ
വിസ്മരിക്കാനോ ആവില്ല. ഇസഹാക്കിന്റെ ജനനശേഷം സാറായുടെ ഉപദ്രവം
സഹിക്കാനാവാതെ ഹാഗാർ ഇസ്മായേലുമായി മരുഭൂമിയിലേക്ക്‌ ഓടിപ്പോയി. ആ പക
ഇന്നും അവന്റെ മനസ്സിൽ ഒരു നെരിപ്പോടുപോലെ എരിയുന്നുണ്ടെന്നറിയാം.
ഇസ്മായേലിന്‌ എല്ലാവരോടും പകയാണ്‌. അവനെയും നിസ്സഹായയായ അമ്മയെയും എല്ലാം
അവകാശവും നിഷേധിച്ച്‌ മരുഭൂമിയിൽ ഉപേക്ഷിച്ച ദുഷ്ടനായി അവൻ തന്നെ
കാണുന്നു!  ദൈവഹിതമായിരുന്നു അതെന്ന്‌ തിരിച്ചറിയാൻ അവന്‌ കഴിയുന്നില്ല.
പിതാവിനോടും സഹോദരനോടും പകരം ചോദിക്കാൻ അവൻ മരുഭൂമിയിൽ
കോപ്പുകൂട്ടുകയാണത്രെ! പിതാവിന്റെ ഇഷ്ടങ്ങൾക്കും പാരമ്പര്യങ്ങൾക്കുംനേരെ
ഖഡ്ഗം ഉയർത്തി നിൽക്കുകയാണവൻ.
എന്താണ്‌ ചെയ്യേണ്ടത്‌? ഒരെത്തുംപിടിയും കിട്ടുന്നില്ല. ആരോട്‌ ദുഃഖങ്ങൾ
പങ്കുവെയ്ക്കും? ആരാണ്‌ തനിക്ക്‌ ഉപദേശം തരിക? സാറാ
ഉണ്ടായിരുന്നെങ്കിൽ... എല്ലാ പ്രശ്നങ്ങൾക്കും അവൾ പരിഹാരം നിർദേശിച്ചേനെ.
നിസ്സഹായനെപ്പോലെ അബ്രാഹം വിലപിച്ചു.
'എന്റെ പരിചയും പരിപാലകനുമായ ദൈവമെ... അങ്ങെന്തിന്‌ എന്നിൽനിന്ന്‌ അവളെ
അടർത്തിയെടുത്തു? എന്റെ ദുഃഖമങ്ങ്‌ കാണുന്നില്ലേ? ഈ ജീവന്റെ
ഭാഗമായിരുന്നില്ലേ അവൾ? അവളില്ലാതെ എനിക്ക്‌ ജീവിക്കാനാവില്ലെന്ന്‌
അങ്ങ്‌ അറിയുന്നില്ലേ? എന്റെ സ്വപ്നങ്ങളിൽ ഇരുൾ നിറയുന്നത്‌ അങ്ങ്‌
കണ്ടില്ലെന്ന്‌ നടിക്കുകയാണോ? എന്തുകൊണ്ട്‌ എനിക്ക്‌ ഉത്തരമരുളുന്നില്ല?
ഈ വൃദ്ധന്റെ വിലാപമങ്ങ്‌ കേൾക്കാത്തതെന്ത്‌...? എന്നിൽനിന്ന്‌ അങ്ങ്‌
അകന്നുപോയതെന്തുകൊണ്ട്‌...? അങ്ങയുടെ ഏതിഷ്ടത്തിനാണ്‌ ഞാൻ
അരുനിൽക്കാത്തത്‌?'
'ഹാ... ഹാ... ഹാ...' അബ്രാഹം ശിരസ്സുമൂന്നുവട്ടം കുടഞ്ഞ്‌
വേദനകടിച്ചൊതുക്കാൻ ശ്രമിച്ചു.
കഴുതയ്ക്ക്‌ ജീനിയിട്ട്‌ യാത്രയ്ക്കുള്ള ഒരുക്കങ്ങൾചെയ്യാൻ ഭൃത്യൻ
ഏലിയേസറിനോട്‌ കൽപ്പിച്ച്‌ അബ്രാഹം അതീവദുഃഖത്തോടെ ഉറക്കറയിൽ
പ്രവേശിച്ച്‌ ഉപവാസത്തിന്റെ രാത്രിക്ക്‌ നാന്ദികുറിച്ചു.

തുടരും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ