മൻസൂർ ചെറുവാടി
ഇന്ത്യയില്‍ ഏറ്റവും ശക്തവും കണിശവുമായ നിയമങ്ങള്‍ ഉള്ളത് പരിസ്ഥിതി വകുപ്പിനാണ് എന്ന് പറയപ്പെടുന്നു. ലക്ഷ കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരി മല റോഡ് വികസനം പോലും വനം ഭൂമി വിട്ട് കിട്ടാതെ നിയമ കുരുക്കില്‍ പെട്ട് നില്‍ക്കുന്നു. എങ്കില്‍ അതേ കണിശമായ നിയമങ്ങള്‍ ഇങ്ങിനെ പ്രകൃതിയോട് എട്ടുമുട്ടുന്നവരോടും സ്വീകരിച്ചേ മതിയാവൂ. കഴിഞ്ഞ ആഴ്ച വന്ന വാര്‍ത്തയില്‍ പറയുന്നു ഗവിയിലേക്ക് സന്ദര്‍ശകരെ നിയന്ത്രിച്ചു എന്ന്. നിയന്ത്രിക്കേണ്ടത് സന്ദര്‍ശകരെ അല്ല, അവരില്‍ ചിലരുടെ നടപടികളെ ആണ്. ചുരുങ്ങിയത് അഞ്ചു ചെക്ക് പോസ്റ്റുകള്‍ എങ്കിലും ഉണ്ട് ഗവിയിലേക്ക് എത്തുന്നതിനു മുമ്പായിട്ട്. മൂഴിയാര്‍ ഡാം ചെക്ക് പോസ്റ്റില്‍ വിശദമായ പരിശോധന തന്നെയുണ്ട്. എന്നിട്ടും മദ്യ കുപ്പികള്‍ വനത്തിനകത്തേക്ക് എത്തിപ്പെടുന്നു എങ്കില്‍ ഈ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അപാകതയുണ്ട് എന്ന് വേണം കരുതാന്‍. പ്രകൃതിയോടുള്ള സ്‌നേഹമാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പിന്നിലെങ്കില്‍ അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത് മദ്യ നിരോധനം ആണ്. കര്‍ണാടകയിലേയോ തമിഴ്‌നാട്ടിലേയോ വനത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ നിയന്ത്രണമാണ് ഉള്ളത്. ഒരു ബിസ്‌കറ്റിന്റെ പാക്കറ്റ് പോലും പൊളിച്ച് കവര്‍ ഒഴിവാക്കിയേ അവര്‍ അകത്തേക്ക് കടത്തി വിടൂ. ഇവിടെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയില്‍ മനുഷ്യന്റെ നിലവിളി പോലും കേള്‍ക്കാത്തവര്‍ എങ്ങിനെ പ്രകൃതിയുടെ നിലവിളി കേള്‍ക്കും…?
ഗവിയിലേക്ക്
കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ്ഞിരപ്പള്ളി വഴി ഗവിയിലേക്ക് എത്തിപ്പെടുന്നതുമാണ് ഞങ്ങളുടെ യാത്രാ പരിപാടി, സുഹൃത്തുക്കളായ മുണ്ടക്കയം സ്വദേശികള്‍ ജോമോനും സഹോദരന്‍ മാത്തുക്കുട്ടിയും പിന്നെ പൂഞ്ഞാര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി റെജിയും ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. കൂടെ എല്ലാ സഹായവും ചെയ്ത് തന്ന് എരുമേലി ഡെപ്യൂട്ടി റെയ്ഞ്ചാര്‍ ബേബി ജോണ്‍ സാറും ഉണ്ടായിരുന്നു ഞങ്ങളോടൊപ്പം. നന്ദി ഏറെയുണ്ട് ഓഫീസര്‍, നിങ്ങള്‍ ചെയ്തു തന്ന സഹായത്തിന്.
ഞങ്ങളുടെ വരവിന് നന്നായി ഒരുങ്ങിയിട്ടുണ്ട് ജോമോനും കൂട്ടരും. ഒരു ചെമ്പ് നിറയെ ദമ്മിട്ട ചിക്കന്‍ ബിരിയാണി, കപ്പ പുഴുങ്ങിയതും നല്ല കാന്താരി ചമ്മന്തിയും, പഴവര്‍ഗങ്ങള്‍, പിന്നെ വെള്ളവും എല്ലാം കൂടെ കരുതിയിട്ടുണ്ട്. കാടിനകത്തൂടെ കുറെ യാത്ര ചെയ്യണം ഗവിയിലേക്ക്. ഉച്ച ഭക്ഷണത്തിന് സമയമായി. പെന്‍ സ്‌റ്റോക്ക് പൈപ്പുകള്‍ക്ക് മീതെ പാലത്തില്‍ വെച്ചു ബിരിയാണിയുടെ ദമ്മു പൊട്ടിച്ചു. പിന്നൊന്നും ഓര്‍മ്മയില്ല. ഭക്ഷണത്തിന് ശേഷം കമാണ്ടര്‍ ജീപ്പ് വീണ്ടും ആനച്ചൂര് മണക്കുന്ന കാട്ടു വഴിയിലൂടെ നുഴഞ്ഞുകയറി. ദുര്‍ഘടമായ ഈ വഴികളിലൂടെ അനായാസകരമായി നീങ്ങാന്‍ ജീപ്പ് തന്നെ നല്ല വാഹനം. കാടിന്റെ സൌന്ദര്യം നന്നായി ആസ്വദിച്ചു ഞങ്ങളും അച്ചായന്‍ കത്തികളുമായി യാത്രയെ സജീവമാക്കി മാത്തുക്കുട്ടി വാഹനം ഓടിക്കുന്നു. കോണ്‍ഗ്രസ് അനുഭാവി എങ്കിലും പീ സി ജോര്‍ജ്ജിന്റെ ആരാധകന്‍ ആണ് മാത്തുക്കുട്ടി.
നാല് ഡാം രിസര്‍വോയിറുകള്‍ ഗവിയിലേക്ക് എത്തുന്നതിനു മുമ്പ് കാണാം. മൂഴിയാര്‍ ഡാം, ആനത്തോട് ഡാം, കാക്കി ഡാം, പമ്പ ഡാം . എല്ലാം ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക് റ്റിന്റെ ഭാഗമായി ഉള്ളത്. ഇതില്‍ കാക്കി ഡാമും പരിസരവും ആണ് ഏറ്റവും മനോഹരമായിട്ടുള്ളത്. കുത്തനെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയ കരിങ്കല്‍ തൂണുകള്‍ സ്ഥാപിച്ചു അതുവഴി റെയില്‍ സംവിധാനവും ക്രെയിനും കൊണ്ടുവന്നാണ് ജോലി പൂര്‍ത്തിയാക്കിയത്. ആ സമര്‍പ്പണത്തിന്റെ അടയാളമെന്നോണം ഇപ്പോഴും ആ തൂണുകള്‍ കാട് മൂടി കിടപ്പുണ്ട് ഇവിടെ. എങ്ങിനെ അതവിടെ ഉണ്ടാക്കി എന്ന ചോദ്യം ഡാം തന്നെ പണിതില്ലേ എന്ന ഉത്തരത്തില്‍ തട്ടി നില്‍ക്കും. പൊന്നാപ്പുരം കോട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ വെച്ചാണ് നടന്നത്. പക്ഷെ ഈയടുത്ത് ഒരു മലയാള പത്രത്തില്‍ ഗവിയെ പറ്റി വായിച്ച റിപ്പോര്‍ട്ടില്‍ ആ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി സെറ്റ് ഇട്ടതാണ് ഈ തൂണുകള്‍ എന്ന് കണ്ടു. തെറ്റാണ് അത് എന്ന് ഇവിടത്തെ കാവല്‍ക്കാര്‍ പറയുന്നു. കൃത്രിമമായ ഈ തടാകത്തില്‍ ബോട്ടിംഗ് ഉണ്ട്. പക്ഷെ പൊതുജങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. ചുറ്റും കൊടും കാടുകളും ഈ ജലാശയവും ഡാമും മതി മറക്കുന്ന ഒരു കാഴ്ച തന്നെ.
പക്ഷെ ഇവിടെ എന്നെ ആകര്‍ഷിച്ച കാഴ്ച മറ്റൊന്നാണ്. 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്. നമ്പൂതിരിപ്പാടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ് . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. ഇന്നും യാത്ര ദുര്‍ഘടമായ വഴികള്‍ താണ്ടി അദ്ദേഹം ഇവിടെയെത്തിപ്പെടാന്‍ നന്നായി ബുദ്ധിമുട്ടി കാണണം. ഫോട്ടോഗ്രാഫി നിരോധിച്ചത് കാരണം അതിന്റെ ചിത്രം എടുക്കാന്‍ പറ്റിയില്ല. എന്റെ ആദര്‍ശം മറ്റൊന്നെങ്കിലും ഇതൊക്കെ കാണുന്നത് സന്തോഷകരം തന്നെ.
കാക്കി ഡാം കഴിഞ്ഞാല്‍ വീണ്ടും വനപാത തന്നെ. റോഡരികില്‍ എല്ലാം ഈറ്റ വെട്ടി കെട്ടി വെച്ചിട്ടുണ്ട്. മേലെ ആദിവാസികളുടെ കുടിലുകള്‍ കാണാം. പാറകള്‍ക്കും മരത്തിനും ഇടയില്‍ കെട്ടി കൂട്ടിയ ചെറിയ സങ്കേതങ്ങള്‍. ഒരാള്‍ക്ക് പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ മൂന്നു നാലാളുകള്‍ താമസിക്കുന്നു. കാറ്റിനെയും മഴയേയും കാട്ടു മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം. ’മല പണ്ടാരങ്ങള്‍’ എന്ന ആദിവാസി വിഭാഗം ആണിവര്‍. നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്. തേനീച്ച കൂടിന്റെ അവശിഷ്ടങ്ങള്‍ വരെ ഉണ്ട് അതില്‍. ലിറ്ററിന് നാനൂറു രൂപ വെച്ചാണ് ഇവര്‍ വില്‍ക്കുന്നത്. വില പേശിയപ്പോള്‍ രണ്ട് ലിറ്റര്‍ മുന്നൂറു രൂപയ്ക്കു തന്നു. കാലത്ത് തേന്‍ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ തടി കുറയുമത്രെ. ഭക്ഷണം കുറയ്ക്കാതെ തടി കുറയുമെങ്കില്‍ പരീക്ഷണം ഈ കാട്ടുതേനില്‍ ആക്കണം. നാട്ടിലെത്തട്ടെ.
വഴിയില്‍ ഇറങ്ങിയും വിശ്രമിച്ചും യാത്ര തുടരുകയാണ്. ഇപ്പോള്‍ എക്കോ പാറ എന്ന് വിളിക്കുന്ന സ്ഥലത്താണ്. കാക്കി ഡാമിന് വേണ്ടി പാറ പൊട്ടിച്ച സ്ഥലം ആണിത്. ഉറക്കെ കൂവിയാല്‍ ശബ്ദം പ്രതിധ്വനിക്കുന്നത് കാരണം ആണ് ഈ പേര് വീണത്. കപ്പയും കാന്താരി മുളകും കഴിക്കാന്‍ ഈ സ്ഥലം ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. കോട്ടയംക്കാരുടെ കാന്താരി ചമ്മന്തിയുടെ എരുവ് ഇപ്പോഴും പോയിട്ടില്ല നാവില്‍ നിന്നും. അത്രക്കും രുചിയും ഉണ്ട്. യാത്രയില്‍ എല്ലാര്‍ക്കും ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ പറ്റുന്നത് ഭക്ഷണക്കാര്യത്തില്‍ ആണ്.
വഴിയരികില്‍ കാഴ്ചകള്‍ ആസ്വദിച്ച് പതുക്കെ നീങ്ങുന്നത് കാരണം ഗവിയിലെക്കുള്ള ദൂരവും കൂടുന്നു. ഇന്ന് പച്ചക്കാനം എന്ന സ്ഥലത്ത് അന്തിയുറങ്ങി നാളെ ഗവിയിലേക്ക് പോവാനാണ് പരിപാടി. പച്ചക്കാനം വരെ കെ .എസ്. ആര്‍. ടി. സി . ബസ് സര്‍വീസ് ഉണ്ട്. കാലത്തും വൈകീട്ടും.
പക്ഷെ ഇതുവഴി ഗവിയിലേക്ക് വരുന്നവര്‍ കുറെ നടക്കേണ്ടി വരും അവിടെയെത്താന്‍. നല്ല ഭംഗിയുള്ള താഴ്വാരം ആണ് പച്ചക്കാനം. കെ. എസ്. ഈ. ബി. യുടെ ഒരു ചെറിയ കാന്റീന്‍ ഉണ്ട് ഇവിടെ. നേരത്തെ ഓര്‍ഡര്‍ കൊടുത്താല്‍ ഭക്ഷണം കിട്ടും. ഞങ്ങള്‍ താമസിക്കുന്നത് കെ. എസ്. ഈ. ബി. യുടെ ‘പമ്പ ഹൗസ്’ എന്ന റസ്റ്റ് ഹൗസിലാണ്. തിരുവനന്ദപുരം വൈദ്യുതി ഭവന്‍ മുഖേന ബുക്ക് ചെയ്താല്‍ ഇവിടെ താമസം കിട്ടും. മുറ്റത്ത് നിന്നാല്‍ തൊട്ടു മുന്നില്‍ പമ്പ ഡാം ആണ്. അതി മനോഹരമായ സ്ഥലം. പക്ഷെ ഡാമിനടുത്തേക്ക് പ്രവേശനം ഇല്ല. പക്ഷെ ഈ മുറ്റത്ത് ഇരുന്നാല്‍ തന്നെ സ്വയം മറന്നു പോകും. കാടിന് നടുവില്‍ പമ്പ ഹൌസും, ഡാമും ജലാശയവും എല്ലാം കൂടി മൂഡിലേക്ക് എത്തിക്കും .
ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നടന്നു താഴെ വന്നു. ചായ ചോദിച്ചപ്പോള്‍ കരിംചായ മാത്രമേ ഉള്ളൂ എന്നായി . അതെന്ത് എന്ന രീതിയില്‍ എല്ലാരും മുഖത്തോട് മുഖം നോക്കി. ഇനി കരിംകുരങ്ങ് രസായനം പോലെ വല്ല സാധനവും ആയിരിക്കുമോ? സംഗതി വന്നപ്പോള്‍ എല്ലാവരിലും ചിരി ആയി. വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധമാക്കിയ സുലൈമാനി എന്ന കട്ടന്‍ ചായ തന്നെ. അതോടെ ഇടയ്ക്കിടയ്ക്ക് ഒരു കരിംചായ എന്ന് പറഞ്ഞു വാങ്ങിക്കുന്നത് രസകരമാക്കി. പച്ചക്കാനത്ത് ഇടയ്ക്കിടെ കടുവ ആക്രമണം ഉണ്ടാവാറുണ്ട് എന്ന് ബേബി ജോണ്‍ സാര്‍ ഓര്‍മ്മപ്പെടുത്തി. പശുക്കളെ ഇടയ്ക്കിടയ്ക്ക് പിടിച്ചു കൊണ്ട് പോകുമത്രേ. അതോടെ ഇത്തിരി ഭയം കയറി. കാരണം താമസിക്കുന്ന പമ്പ ഹൗസിലേക്ക് കുറച്ച് ദൂരം നടന്നു വേണം പോകാന്‍. സമയം രാത്രിയും. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍. ഏതായാലും രാത്രി ഒരു ട്രെക്കിംഗ് നടത്തി. കാട് ഏറ്റവും ഭീതിയും രസകരവും ആവുന്നത് രാത്രിയില്‍ ആണ്. ഓരോ ഇലയനക്കവും ഉള്ളില്‍ നേരിയ ഒരു ഭീതി ഉണ്ടാക്കും. അപ്പോള്‍ പേടി തോന്നുമെങ്കിലും ഓര്‍ക്കാന്‍ രസമുള്ള അനുഭവം ആണത്. ഒരു കൊമ്പനെ വഴിയില്‍ കാണണേ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം ഉള്ളിലെ ഭീതി കാണരുതേ എന്നും പറയുന്നുണ്ടാവും. ആ ത്രില്‍ തന്നെയാണ് ഇതിലെ രസവും. പക്ഷെ മാത്തുക്കുട്ടിയുടെ മുഖത്ത് ഒരു പേടിയും ഇല്ല. കാടിനെ കീറി മുറിച്ചു പാട്ടും പാടി കൂളായി ചെയ്യുന്നു . എനിക്കാണേല്‍ ആന മുന്നില്‍ വന്നു പെട്ടാല്‍ എന്ത് ചെയ്യും എന്ന് മാത്തുകുട്ടിയോട് ചോദിക്കാന്‍ പോലും ധൈര്യമില്ല.
നല്ല തണുപ്പും കോടമഞ്ഞും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതം . പൂത്തു നില്‍ക്കുന്ന പല വര്‍ണ്ണത്തിലുള്ള വേലിച്ചെടികള്‍ സൂര്യ വെളിച്ചത്തില്‍ നന്നായി തിളങ്ങുന്നു. ലെന്റാന എന്ന് വിളിക്കുന്ന ഈ വേലിച്ചെടികള്‍ക്ക് ഒരു ഗൃഹാതുരത്വത്തിന്റെ മുഖവും മണവുമാണ്. സ്‌കൂളിന്റെ അരികില്‍, നമ്മള്‍ സഞ്ചരിച്ച നാട്ടു വഴികളില്‍ , മറ്റേതേലും ഗ്രാമത്തില്‍ എല്ലാം ചിരപരിചയക്കാരെ പോലെ ഇവ നമ്മളെ നോക്കി ചിരിക്കാറില്ലേ..? ഒരിക്കലും ഒരു അന്യതാ ബോധം നല്‍കില്ല ഇവ. നിത്യവും നമ്മള്‍ കാണുന്ന ഒരു സുഹൃത്തിനെ പോലെ തോന്നും ഈ കുഞ്ഞു പൂക്കളെ കാണുമ്പോള്‍. നിഷ്‌കളങ്കാരായ ഈ പൂക്കളെ വേലി ചെടികള്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയത് ആരാണ് ..?
നൂല്‍പ്പുട്ടും മുട്ടക്കറിയും പിന്നെ കരിംചായയും. ഇതാണ് പ്രഭാത ഭക്ഷണം . വന്നു നിന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും ഗവിയിലെക്കുള്ള യാത്രക്കാര്‍ ഇറങ്ങി. ഉച്ചയോടടുക്കും ഇവര്‍ നടന്നു അവിടെ എത്തുമ്പോള്‍. ഒരു വാഹനം പോലും കിട്ടില്ല . അതറിയാതെ വന്നു പെടുന്നവര്‍ ആകും. പക്ഷെ വണ്ടിപ്പെരിയാര്‍ വഴി വരുന്നവര്‍ക്ക് വാഹന സൗകര്യം കിട്ടുമെന്ന് തോന്നുന്നു. ആനച്ചൂര് അടിച്ചപ്പോള്‍ പേടിച്ചു വഴിയില്‍ നിന്ന രണ്ട് പേരെ ഞങ്ങളുടെ വണ്ടിയില്‍ കയറ്റി. തീര്‍ച്ചയായും അവര്‍ക്കത് ആശ്വാസമായിക്കാണണം.
പെരിയാര്‍ വന്യ ജീവി സംരക്ഷണ വനത്തിന്റെ ഭാഗമാണ് ഗവി. സമൃദ്ധമായ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യവും നല്‍കിയത് നമ്മുടെ കേരളത്തിനാണോ..? കേരളത്തിലെ മിക്ക സ്ഥലങ്ങള്‍ കാണുമ്പോഴും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് തോന്നും. ഗവിയും വിത്യസ്ഥമല്ല. നിബിഡ വനങ്ങള്‍ അതിരിടുന്ന തടാകത്തില്‍ ബോട്ടിംഗ് നടത്താം. പക്ഷെ പാക്കേജ് ടൂറിന്റെ ഭാഗമായി വരുന്നവര്‍ക്കെ അവിടേക്ക് പ്രവേശനം ഉള്ളൂ. അതൊരു കുറവ് തന്നെയാണ്. മറ്റു നിലയില്‍ എത്തിപ്പെടുന്നവര്‍ക്ക് ടിക്കറ്റ് വെച്ചെങ്കിലും അതിനടുത്തേക്ക് പ്രവേശനം അനുവദിക്കാമായിരുന്നു. അതുപോലെ തടാകത്തിനു അരികെയുള്ള ചുവന്ന മണ്ണുകള്‍ ചെറിയൊരു കൃത്രിമത്വം തോന്നിപ്പിക്കുന്നുണ്ട്. നന്നായി മതിലുകള്‍ കെട്ടി അതൊന്നു മോടി പിടിപ്പിക്കാമായിരുന്നു.
ഗവി എന്ന ചെറിയ സ്ഥലത്തേക്കാള്‍ ഇവിടേക്കുള്ള യാത്ര ആയിരിക്കും നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക. കാരണം നിഗൂഡമായ കാട്ടു വഴികളിലൂടെ കാടിന്റെ സ്പന്ദനം അറിഞ്ഞു , കാട്ടു മൃഗങ്ങളോട് സല്ലപ്പിച്ചു , കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഇങ്ങിനെ യാത്ര ചെയ്യുന്നത് സമാനതകളില്ലാത്ത അനുഭവം തന്നെ. ആ ആനന്ദത്തിനൊപ്പം പ്രകൃതി സമ്മാനമായി നല്‍കിയ മഴ ആ സന്തോഷത്തെ ഇരട്ടിയാക്കി. ഒരു മലയണ്ണാന്‍ ചിലച്ചു കൊണ്ട് മറ്റൊരു മരത്തിലേക്ക് ചാടി മറിഞ്ഞു. ഈ മഴ അവനെയും സന്തോഷിപ്പിച്ചിരിക്കണം.
ശബരി മല തീര്‍ഥാടനം ചെയ്യുന്നവര്‍ വാവര്‍ പള്ളിയില്‍ കയറിയിട്ടെ പോകൂ. അപ്പോഴേ അവരുടെ കര്‍മ്മം പൂര്‍ത്തിയാകൂ എന്നാണ് വിശ്വാസം. ഞങ്ങളും നടത്തിയത് ഒരു തീര്‍ത്ഥയാത്ര തന്നെ . പക്ഷെ പ്രകൃതിയിലേക്ക് ആണെന്ന് മാത്രം. യാത്ര അവസാനിക്കുന്നതിനു പകരം പള്ളിയില്‍ കയറിയാണ് യാത്ര തുടങ്ങിയത്. എരുമേലി വന്നു പെട്ടപ്പോള്‍ മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ആ പള്ളിയും കണ്ടു എന്ന് മാത്രം. കോട്ടയം, പത്തനംത്തിട്ട , ഇടുക്കി , എന്നീ ജില്ലകളിലൂടെയുള്ള യാത്ര നല്ലൊരു അനുഭവം ആയിരുന്നു.
കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ജനശതാബ്ദി എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കയറുമ്പോള്‍ മനസ്സ് നിറയെ സന്തോഷമുണ്ട്. ഒരു തീര്‍ഥാടനം നടത്തിയ സുഖം. പ്രകൃതി ഒരുക്കിയ കാഴ്ച്ചകള്‍, വാര്‍ത്തകളില്‍ വായിച്ചറിഞ്ഞ സ്ഥലങ്ങള്‍, ജോമോനും മാത്തുക്കുട്ടിയും സുഹൃത്തുക്കളും നല്‍കിയ ഊഷ്മളമായ ആഥിത്യം അങ്ങിനെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഹൃദ്യമായ രണ്ട് ദിവസങ്ങള്‍. അവധിക്കാലങ്ങള്‍ സന്തോഷകരമാവുന്നത് ഇങ്ങിനെയൊക്കെയാണ്. പുതിയ ദേശങ്ങള്‍ കാഴ്ച്ചകള്‍ , സ്‌നേഹം കോരി ചൊരിയുന്ന സുഹൃത്തുക്കള്‍. ഇവരെ, ഈ കാഴ്ചകളെ ഞാനെന്റെ സന്തോഷങ്ങളുടെ പുസ്തകത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് എടുത്ത് പൊടിപിടിക്കാതെ മറിച്ചുനോക്കാന്‍.