19 Sept 2012

അമ്മേ, ഒന്നു കൂടി….

സുനിൽ എം.എസ്

(ഈ കഥ ഒരല്‍പം നീളമുള്ളതാണ്, ദയവായി ക്ഷമിയ്ക്കുക.)
ഒരു ദിവസം നിങ്ങളൊന്നു ഗുരുവായൂരു പോയി വരണം എന്ന് അമ്മ നിര്‍ദ്ദേശിച്ചെന്നു ശാരദ പറഞ്ഞു.
എണ്‍പതു കിലോമീറ്റര്‍ അങ്ങോട്ട്‌. അത്ര തന്നെയിങ്ങോട്ടും. ആകെ നൂറ്ററുപതു കിലോമീറ്റര്‍ . ചിലപ്പോഴൊന്നങ്ങോട്ടു തിരിച്ചു, ഒന്നിങ്ങോട്ടു തിരിച്ചു, നൂറ്ററുപത് ഇരുന്നൂറായെന്നും വരാം. അങ്ങോട്ടു രണ്ടു മണിയ്ക്കൂര്‍ . തിരിച്ചും രണ്ടു മണിയ്ക്കൂര്‍ . നാലു മണിക്കൂര്‍ ഡ്രൈവു ചെയ്യണം.
കാറോടിയ്ക്കല്‍ ഒരു പ്രശ്നമല്ല. സ്റ്റിയറിംഗിനു വേണ്ടിയുള്ള വടംവലി നടക്കുമ്പോള്‍ പ്രത്യേകിച്ചും. അവളെത്ര മണിക്കൂറു വേണമെങ്കിലും ഡ്രൈവു ചെയ്തോളും.
ഞാന്‍ ഡ്രൈവു ചെയ്യുമ്പോള്‍ തോളത്തവള്‍ കവിളമര്‍ത്തിയിരുന്നായിരുന്നു തുടക്കം. അവള്‍ മുട്ടിയുരുമ്മിയിരിയ്ക്കുമ്പോള്‍ കാറോടിയ്ക്കാന്‍ ഒരസാധാരണസുഖമുണ്ടെന്നു കാറു വാങ്ങി അധികം കഴിയും മുമ്പു തന്നെ മനസ്സിലാക്കിയിരുന്നു.
ഇടയ്ക്കെപ്പോഴോ അവള്‍ സ്റ്റിയറിംഗില്‍ സ്പര്‍ശിയ്ക്കാന്‍ തുടങ്ങി.
അതങ്ങനെ തുടര്‍ന്നു. കുറച്ചു കാലം കൊണ്ട് ഞങ്ങളറിയാതെ തന്നെ അവള്‍ സ്റ്റിയറിംഗ് തനിയെ പിടിയ്ക്കാനുള്ള കഴിവു നേടിക്കഴിഞ്ഞിരുന്നു.
ഇടയ്ക്കെപ്പോഴോ ഞാന്‍ ക്ലച്ചു ചവിട്ടുമ്പോള്‍ അവള്‍ ഗിയര്‍ മാറ്റിത്തരാന്‍ തുടങ്ങി.
ഒരു ദിവസമവള്‍ പറഞ്ഞു, “നീ മാറ്, ഞാനോടിയ്ക്കാം.”
ഞാന്‍ സാകൂതം അരികില്‍ നോക്കിയിരിയ്ക്കെ, അവള്‍ വണ്ടി ഗേയ്റ്റു കടത്തി ഇടത്തോട്ടു വളച്ചെടുത്ത്, റോഡിന്‍റെ ഇടതുവശം ചേര്‍ത്ത് മെല്ലെ മുന്നോട്ടു കൊണ്ടു പോയി.
ഞാനോടിയ്ക്കുമ്പോള്‍ അവളതൊക്കെ ശ്രദ്ധിച്ചിരുന്നിരിയ്ക്കണം, ഗിയറും ക്ലച്ചും ആക്സിലേയ്റ്ററും ബുദ്ധിമുട്ടുകൂടാതെയവള്‍ കൈകാര്യം ചെയ്തു.
ശബ്ദകോലാഹലമുണ്ടാക്കിക്കൊണ്ടു ബസ്സുകള്‍ പുറകില്‍നിന്നു വന്നപ്പോളവള്‍ കാര്‍ സൈഡിലൊതുക്കി നിറുത്തിക്കൊടുത്തു. ധൃതിയുള്ളവര്‍ കടന്നു പോകട്ടെ.
അപൂര്‍വം ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തതൊഴിച്ചാല്‍ , ബാക്കിയെല്ലാം അവള്‍ തന്നെ സ്വയം ചെയ്തു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സും കിട്ടി. അതോടെ കാറോടിയ്ക്കുന്നത് ഞങ്ങള്‍ ഫിഫ്റ്റി ഫിഫ്റ്റിയാക്കി.
അവളോടിയ്ക്കുമ്പോള്‍ അപകടഭീതി കുറവാണ്. അവള്‍ അമ്പത്‌, അമ്പത്തഞ്ച്, അതിനപ്പുറം അവളുടെ നിഘണ്ടുവിലില്ല. ഞാനോടിയ്ക്കുമ്പോള്‍ തുറന്നു കിടക്കുന്ന ചിലയിടങ്ങളിലെങ്കിലും സൂചി എണ്‍പതു സ്പര്‍ശിയ്ക്കും.
“നീയെവിടെയ്ക്കാണീ പാഞ്ഞു പോകുന്നത്?” അവള്‍ ചോദിയ്ക്കും.
കുറേയേറെ സ്ഥലങ്ങളില്‍ ഞങ്ങള്‍ പോയിട്ടുണ്ട്. പക്ഷെ ഗുരുവായൂര്‍ പോയിട്ടില്ല. കാറോടിച്ചു പോയിട്ടില്ല എന്നു വിവക്ഷ.
ഞാനൊരു ഭക്തനല്ല, എനിയ്ക്കായി ഞാന്‍ അമ്പലത്തിനകത്തു കടക്കാറില്ല, തൊഴാറില്ല.
അവള്‍ എന്നോളം അവിശ്വാസിയല്ല. അവളുടെയമ്മയ്ക്ക് വിട്ടുവീഴ്ച്ച തീരെയില്ല. പ്രധാനമായും അമ്മയുടെ സമ്മര്‍ദ്ദം കൊണ്ട്, അമ്മയുടെ സമാധാനത്തിന്നായി അവള്‍ അമ്പലത്തില്‍ പോകാറുണ്ട്, തൊഴാറുണ്ട്, ഒരേയൊരു നിബന്ധനയില്‍ : അവളുടെ ബോഡീഗാര്‍ഡായി കൂടെ ഞാനുണ്ടായിക്കോളണം.
ആ ഉത്തരവു നിലവിലുള്ളതുകൊണ്ട് അവളുടെ അമ്മ നിര്‍ദ്ദേശിയ്ക്കുന്ന അമ്പലങ്ങളില്‍ അവള്‍ പോകുന്നു, അവള്‍ കയറുന്ന അമ്പലങ്ങളിലെല്ലാം ഞാനും കയറുന്നു. അവള്‍ ഈശ്വരന്മാരെ നോക്കുമ്പോള്‍ എനിയ്ക്കവളെ നോക്കാനുള്ളതുകൊണ്ട് ഞാന്‍ ഈശ്വരന്മാരെ നോക്കില്ല, ഈശ്വരന്മാര്‍ – ഈശ്വരിമാരും – സദയം ക്ഷമിയ്ക്കുക.
ഗുരുവായൂരും അങ്ങിനെ തന്നെ ചെയ്യേണ്ടി വരും. മൂന്നും നാലും മണിക്കൂറോളം ക്യൂവില്‍ കാത്തുനില്‍ക്കാന്‍ എനിയ്ക്കു തീരെ താത്പര്യമില്ല. പക്ഷെ നില്‍ക്കാതെ നിവൃത്തിയില്ല.
നേരം വെളുത്തു വരുന്നേയുള്ളു. പോരാത്തതിന് ഞായറാഴ്ചയും. വാഹനഗതാഗതം വളരെക്കുറവ്. സാരഥി അവള്‍ തന്നെ.
കൊടുങ്ങല്ലൂരെത്തിയപ്പോള്‍ നേരെ വടക്കോട്ട്, ഗുരുവായൂര്‍ക്കു പോകേണ്ടതിനു പകരം അവള്‍ കിഴക്കോട്ടു തിരിഞ്ഞു. ഞാന്‍ ചോദിയ്ക്കുംമുമ്പേ തന്നെ അവള്‍ വിശദീകരിച്ചു: “തൃശൂര്‍ വഴി പോകാം.”
തൃശ്ശൂര്‍ അവള്‍ക്കു സുപരിചിതമാണ്. എനിയ്ക്കും. ആ വഴി പോയിട്ടും കുറേയേറെ നാളായി. തൃശ്ശൂരൊന്നു കൂടി കാണാമല്ലോ.
ഹൃദയത്തിന്ന്‍ ഏറെ അടുപ്പമുണ്ട്, തൃശ്ശൂരിനോട്.
റോഡു വിജനമായിരുന്നു. കൊക്കാലയിലെത്തിയത് അറിഞ്ഞില്ല.
കൊക്കാലയില്‍ നിന്ന് ശക്തനിലേയ്ക്കു വളച്ച് എമ്മോ റോഡു വഴി അവള്‍ സ്വരാജ് റൌണ്ടില്‍ക്കയറി. പത്തന്‍സിന്‍റെ കാര്‍ പാര്‍ക്കിംഗിലേയ്ക്ക് കാറു തിരിച്ച്, മെല്ലെ താഴേയ്ക്കിറക്കി, പുറത്തേയ്ക്കുള്ള ഗേയ്റ്റിനടുത്ത് സൈഡിലൊതുക്കി നിറുത്തി.
സെക്യൂരിറ്റി ഓടി വന്നപ്പോളവള്‍ സമാധാനിപ്പിച്ചു: ചായ കുടിയ്ക്കണം, പത്തു മിനിറ്റ്, അത്രയേ വേണ്ടൂ. സെക്യൂരിറ്റി വിനയത്തോടെ തല കുനിച്ചു.
അകത്ത് തിരക്ക് തീരെയില്ല. അവള്‍ തന്നെ ഓര്‍ഡര്‍ കൊടുത്തു: മസാലദോശ, ചായ.
പത്തന്‍സിന്‍റെ മസാലദോശയും ചായയും പണ്ടും എനിയ്ക്കിഷ്ടമായിരുന്നിട്ടില്ല. എങ്കിലും, പത്തന്‍സിനും അവരുടെ ചായയ്ക്കും മസാലദോശയ്ക്കും ഒരു പ്രത്യേകതയുണ്ട്. എനിയ്ക്കു മാത്രമുള്ള ഒരു പ്രത്യേകത. ഇവളോട് ഞാനതെന്നോ പറഞ്ഞിട്ടുണ്ട്.
അമ്മയും ഞാനും കൂടി രണ്ടു മൂന്നു തവണ ഇവിടെ വന്നിരുന്ന് മസാലദോശയും ചായയും കഴിച്ചിട്ടുണ്ട്. അമ്മ അവ ആസ്വദിച്ചു കഴിയ്ക്കുകയും ചെയ്തിരുന്നു.
ഇതേ കസേരകളിലൊക്കെത്തന്നെയായിരിയ്ക്കണം അന്നൊക്കെ ഇരുന്നിട്ടുള്ളതും.
അവസാനത്തെത്തവണ ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ അമ്മയ്ക്കുള്ള മസാലദോശയില്‍ ഓയില്‍ വളരെക്കുറച്ചേ ആകാവൂ എന്ന നിര്‍ദ്ദേശം കൊടുത്തിരുന്നതും ഓര്‍മ്മ വന്നു. ഇന്നലെയെന്നപോലെ.
അന്നു മസാലദോശ വന്നപ്പോള്‍ അതിലെ എണ്ണയുടെ തിളക്കം കണ്ട് അസ്വസ്ഥനായി. ‘ഓയിലും ഉപ്പും….’ ഡോക്ടറുടെ താക്കീത് മനസ്സില്‍ മുഴങ്ങി.
മുഖത്തെ അസ്വസ്ഥത കണ്ട് അമ്മ ആശ്വസിപ്പിച്ചു: “സാരമില്ല കുട്ടീ; അല്‍പ്പമൊക്കെയാവാം.”
അമ്മയെപ്പറ്റി ഓര്‍ത്തപ്പോള്‍ ഹൃദയം ആര്‍ദ്രമായി. കുറെയേറെ വര്‍ഷങ്ങളായി അമ്മയെപ്പറ്റി ഓര്‍ത്തിട്ട്.
ശാരദ ജീവിതത്തിലേയ്ക്കു കടന്നു വന്നയുടനെ എന്‍റെ മനസ്സിലും ഹൃദയത്തിലും ഓരോ രോമകൂപത്തിലും സ്വയം നിറയ്ക്കുകയാണ് അവള്‍ ചെയ്ത ഇന്ദ്രജാലം. അതോടെ അമ്മയുടെ ആകസ്മികനിര്യാണം എന്നിലേല്‍പ്പിച്ചിരുന്ന ആഘാതം അലിഞ്ഞില്ലാതായി. അമ്മയെ മറന്നു, മറന്നതറിഞ്ഞുമില്ല.
ശാരദയുടെ മൃദുസ്പര്‍ശം വര്‍ത്തമാനകാലത്തിലേയ്ക്കു തിരികെക്കൊണ്ടു വന്നു. മസാലദോശ വന്നിരിയ്ക്കുന്നു.
“നീ കഴിയ്ക്കുന്നില്ലേ?” അവള്‍ ചോദിച്ചു.
മസാലദോശയുടെ മിനുക്കത്തില്‍ അമ്മയുടെ മുഖം. അതിലേയ്ക്കു ശ്വാസമടക്കി നോക്കിയിരുന്നു. മസാലദോശ കൈകൊണ്ടു സ്പര്‍ശിയ്ക്കാന്‍ മടിഞ്ഞു.
കുറേക്കാലമായി ആ മുഖത്തെ മറന്നു കളഞ്ഞിരുന്നു. കുറ്റബോധം തോന്നി.
മസാലദോശ വികലമാക്കാതെ കൈകഴുകി. ശാരദ ഒന്നും ചോദിച്ചില്ല. അവള്‍ ചോദിയ്ക്കില്ല. അവളെല്ലാമറിയുന്നു. ചില നോട്ടങ്ങള്‍ കൊണ്ട് അവളെല്ലാം വായിച്ചെടുക്കുന്നു.
ബില്ലടയ്ക്കുമ്പോള്‍ കാഷ്യറുടെ പിന്നില്‍ , ചുവരില്‍ തൂക്കിയിരുന്ന, ദിവസേന കീറിക്കളയുന്ന കലണ്ടര്‍ പാഡിലെ വലിയ അക്ഷരത്തിലുള്ള തീയതി കണ്ടു: സെപ്റ്റംബര്‍ 21.
അമ്മ മരിച്ച തീയതി. എത്ര വര്‍ഷമായി? കണക്കു കൂട്ടാതെ തന്നെ ഉത്തരം കിട്ടി. കൃത്യം പത്തു വര്‍ഷം. ഞാന്‍ ശാരദയെ നോക്കി.
പുറത്തിറങ്ങിയ ഉടനെ അവള്‍ തന്നെ സ്റ്റിയറിംഗ് കയ്യടക്കി. സെക്യൂരിറ്റി റോഡിലിറങ്ങിനിന്ന്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞു നിറുത്തി ശാരദയ്ക്ക് വഴി ക്ലിയര്‍ ചെയ്തു കൊടുത്തു. വണ്ടി റൌണ്ടിലേയ്ക്കു തിരിച്ചു കയറ്റുന്നതിനിടെ ഒരു ചെറു മന്ദഹാസത്തിലൂടെ അവള്‍ നന്ദി പ്രകാശിപ്പിച്ചപ്പോള്‍ സെക്യൂരിറ്റി സല്യൂട്ടു ചെയ്തു. ഞാനവളെ ആരാധനയോടെ നോക്കി.
റൌണ്ട് വെസ്‌റ്റില്‍നിന്ന് എം ജി റോഡിലേയ്ക്കു തിരിഞ്ഞ് ശങ്കരയ്യര്‍ റോഡു കടന്ന് പടിഞ്ഞാറേക്കോട്ടയില്‍ സിഗ്നലിന്നായി കാത്തു കിടക്കുമ്പോള്‍ വെസ്റ്റ്‌ഫോര്‍ട്ട്‌ ഹോസ്പിറ്റല്‍ കാണാറായി. എന്‍റെ ഹൃദയമിടിച്ചു.
ഞാന്‍ ശാരദയെ നോക്കി. എന്താണിവളുടെ പ്ലാന്‍ ?
അമ്മയുടെ നിര്യാണത്തെപ്പറ്റി അവളോട് അധികം സംസാരിച്ചിട്ടില്ല. സ്വകാര്യദുഃഖങ്ങള്‍ പറഞ്ഞ് സഹതാപം പിടിച്ചു പറ്റാന്‍ തോന്നിയിട്ടില്ല. എങ്കിലും അമ്മയുടെ ശ്വാസം നിലച്ചത് വെസ്റ്റ്‌ഫോര്‍ട്ടില്‍ വച്ചായിരുന്നുവെന്ന് അവള്‍ക്കറിയാം.
ഗുരുവായൂര്‍ക്കുള്ള തീര്‍ത്ഥാടനം അവള്‍ തൃശൂര്‍ വഴിയാക്കിയത് ആര്‍ക്കു വേണ്ടി? എന്തായാലും അവള്‍ക്കു വേണ്ടിയല്ല.
ഞങ്ങളുടെ നോട്ടങ്ങള്‍ കൂട്ടി മുട്ടി.
സിഗ്നല്‍ കിട്ടിയപ്പോള്‍ ശാരദ വണ്ടി വടക്കോട്ടു തിരിച്ചു. വെസ്റ്റ്‌ഫോര്‍ട്ട്‌ ഹോസ്പിറ്റലിന്‍റെ മുന്നിലെത്തിയപ്പോള്‍ ഗേയ്റ്റിലൂടെ അകത്തേയ്ക്കു കടത്തി. സെക്യൂരിറ്റി ചൂണ്ടിക്കാട്ടിയ സ്ഥലത്ത് കാര്‍ പാര്‍ക്കു ചെയ്ത് അവളെന്‍റെ മുഖത്തേയ്ക്കു നോക്കി.
അവള്‍ നീട്ടിയ കൈ ഞാന്‍ മുറുക്കിപ്പിടിയ്ക്കുമ്പോള്‍ അവള്‍ പറഞ്ഞു: “അമ്മ പോയിട്ടിന്നു പത്തുവര്‍ഷം. നിന്‍റെ തീര്‍ത്ഥാടനം ഇവിടെയാകട്ടെ. ഇന്നെങ്കിലും നിന്നെയിവിടെ കൊണ്ടുവന്നില്ലെങ്കില്‍ എനിയ്ക്കു പാപം കിട്ടും.”
വര്‍ഷങ്ങളായി മറന്നു കളഞ്ഞിരുന്ന തീര്‍ത്ഥാടനം. ഭാര്യയില്‍ മതിമയങ്ങി അമ്മയെ മറന്നു.
ഡോര്‍ തുറന്നു പതുക്കെ ഞാനിറങ്ങി. പെട്ടെന്ന്‍ കാലുകള്‍ക്കു ഭാരം കൂടിയതു പോലെ.
ആശുപത്രിയ്ക്ക് ചില മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നു. ഉയരം കൂടിയിരിയ്ക്കുന്നു. പുതിയ കെട്ടിടങ്ങളുയര്‍ന്നിരിയ്ക്കുന്നു. എങ്കിലും മറ്റെല്ലാം പരിചിതം.
ഇവിടെയാണ് അന്നു ടാക്സി വന്നു നിന്നത്. അമ്മ സീറ്റില്‍ ചാരിക്കിടക്കുകയായിരുന്നു. വലതുകൈ നെഞ്ചില്‍ അമര്‍ന്നിരുന്നു, കണ്ണുകള്‍ അടഞ്ഞിരുന്നു.
കാറില്‍ നിന്ന്‍ ഓടിയിറങ്ങിച്ചെന്നത് ദാ, അവിടേയ്ക്കാണ്. “എന്‍റെ അമ്മ…, ഒന്നു വരൂ. ഒന്നു നോക്കൂ…” എന്ന്‍ ആരോടൊക്കെയോ ഭീതിയോടെ അഭ്യര്‍ത്ഥിച്ചതോര്‍ക്കുന്നു.
അമ്മയെ സ്ട്രെച്ചറില്‍ കിടത്തുന്നതിന്നിടയില്‍ “അമ്മയ്ക്കൊന്നൂല്യ, കുട്ടി പേടിയ്ക്കണ്ട…” എന്ന്‍ അമ്മ കണ്ണു തുറന്ന് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞത് ദാ ഇവിടെ വച്ചാണ്. അതു കേട്ടതോടെ ചുറ്റുമുള്ളവരെ വിസ്മരിച്ചു കൊണ്ട് കണ്ണീര്‍പ്പുഴയൊഴുകി.
പള്‍സു നോക്കിയ ഡോക്ടര്‍ ഐ സി യു എന്നു പറഞ്ഞത് ഇവിടെ വച്ചായിരുന്നു. ലിഫ്റ്റു കാത്തു നിന്നിരുന്നവര്‍ ഇരുവശങ്ങളിലേയ്ക്കും ഒതുങ്ങി നിന്ന്‍ സ്ട്രെച്ചറിന്നു വഴി തുറന്നു തന്നത് ദാ ഇവിടെയായിരുന്നു.
ലിഫ്റ്റില്‍ വച്ച് അമ്മ കൈ പിടിച്ചമര്‍ത്തിക്കൊണ്ടു ശിരസ്സു മെല്ലെയനക്കി പറയാന്‍ ശ്രമിച്ചത് “ഒന്നുമില്ല കുട്ടീ…” എന്നായിരുന്നിരിയ്ക്കണം. അവ അമ്മയുടെ അവസാനവാക്കുകളാകുമെന്നു നിരീച്ചിരുന്നില്ല.
ഇത്തവണ കോണിപ്പടവുകള്‍ നടന്നു കയറി. ഒടുവില്‍ ഐസിയുവിന്‍റെ ഇടനാഴി, ഇടനാഴിയുടെയറ്റത്ത് ഐ സി യു.
കോണി കയറിയതു കൊണ്ടാവണം, ഹൃദയമിടിപ്പ് ഉച്ചത്തിലായിരിയ്ക്കുന്നു. ഓരോ ചുവടും വയ്ക്കാന്‍ ബുദ്ധിമുട്ട്. പാദങ്ങളില്‍ ഭാരം.
വര്‍ഷങ്ങളുടെ ഭാരം.
അഞ്ചു മുറികള്‍ക്കപ്പുറത്തുള്ള ഐ സി യു വിന്‍റെ മുന്നിലെത്താന്‍ മണിക്കൂറുകള്‍ എടുത്തപോലെ.
അതാ, അവിടുന്നാണ് ഓഫീസിലേയ്ക്കു ഫോണ്‍ ചെയ്തത്. ഗദ്ഗദം കാരണം വാക്കുകള്‍ ഉച്ചരിയ്ക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.
“ഷീ ഈസ്‌ ഇന്‍ എ ക്രിററിക്കല്‍ സ്റ്റേജ്. വീ ആര്‍ ട്രൈയിംഗ് അവര്‍ ബെസ്റ്റ്‌. യൂ നീഡ്‌ റ്റു ബി ഹിയര്‍ .” ഇതാ ഇവിടെ വച്ചാണ് ഡോക്ടര്‍ അതു പറഞ്ഞത്‌. ഇവിടെ പകപ്പോടെ മരവിച്ചു നിന്നു.
ഐ സി യു വിന്‍റെ മുന്നില്‍ , തളര്‍ന്ന്, ചുവരില്‍ച്ചാരി നിന്നിരുന്നത് ഇവിടെയാണ്.
രാത്രി ഇടയ്ക്ക് ചുവരില്‍ച്ചാരി നിലത്തിരിയ്ക്കും.
കുറച്ചുനേരം ഇരുന്നു കഴിയുമ്പോള്‍ പെട്ടെന്നു ചാടിയെഴുന്നേല്‍ക്കും. അമ്മ വിളിച്ചോ. സംശയം, വിളിച്ചില്ലേ ? സിസ്റ്ററുറങ്ങിപ്പോയിട്ടുണ്ടാകുമോ?
ഐ സി യു വിന്‍റെ വാതിലിലൂടെ ഉറ്റു നോക്കും.
അമ്മ കണ്ണു തുറന്നു നോക്കുന്നുണ്ടോ? ശിരസ്സു മെല്ലെ ചലിപ്പിച്ച് അകത്തേയ്ക്കു വിളിയ്ക്കുന്നുണ്ടോ?
ഇന്ന് അകത്തേയ്ക്കു നോക്കാന്‍ ധൈര്യം വരുന്നില്ല.
ഇന്ന്‍ അകത്ത് അമ്മയില്ല. കട്ടിലുകളില്‍ മറ്റാരെങ്കിലുമൊക്കെയായിരിയ്ക്കും.
ഉറപ്പ്.
ഉറപ്പോ?
ഉറപ്പ്. അകത്ത്‌ അമ്മയില്ല. അമ്മയുണ്ടായിരുന്നു. പത്തു വര്‍ഷം മുന്‍പ്. പക്ഷെ ഇന്നില്ല.
ഇന്നുമുണ്ടെങ്കിലോ?
ഇല്ല, ഇന്നില്ല. ഇന്നുണ്ടാവില്ല.
കത്തുന്ന ചൂട്ട് പുറം തിരിഞ്ഞു നിന്നു കൊണ്ട് ചിതയ്ക്കടിയില്‍ വച്ചതും, ആളിക്കത്തുന്ന ചിത നിര്‍ദ്ദയം അമ്മയുടെ ശരീരത്തിലേയ്ക്കു പടരാന്‍ തുടങ്ങുന്നതു കാണാന്‍ ധൈര്യപ്പെടാതെ അകത്തു കയറി കട്ടിലില്‍ കമഴ്ന്നു കിടന്നതും ഞാന്‍ തന്നെയായിരുന്നു.
എങ്കിലും….യേശുക്രിസ്തു തിരിച്ചു വന്നില്ലേ.
അമ്മ യേശുക്രിസ്തുവായിരുന്നില്ല. അമ്മ മനുഷ്യസ്ത്രീയായിരുന്നു.
എന്നാലും….യേശുക്രിസ്തുവോളം വാത്സല്യമുള്ള ഒരു മനുഷ്യസ്ത്രീയായിരുന്നില്ലേ അമ്മ…ഒരു തവണ കൂടി പുറത്തു വരാന്‍ അമ്മയ്ക്കു പറ്റില്ലേ?
ഒരൊറ്റത്തവണ കൂടി കുട്ടീയെന്ന വിളി കേള്‍ക്കാന്‍ ….
പത്തു വര്‍ഷം അമ്മയെ മറന്നു….അമ്മേ….
‘സാരമില്ല കുട്ടീ’ എന്നു കേള്‍ക്കാന്‍ കാതോര്‍ത്തു.
ഐ സീ യുവിന്‍റെ അടഞ്ഞ വാതിലിന്‍റെ നേരേ കൈകൂപ്പി, കണ്ണുകളടച്ചു ധ്യാനിച്ചുകൊണ്ടു നിന്നു.
“ഏതു പേഷ്യന്‍റിനെക്കാണാനാ?” കണ്ണു തുറന്നു നോക്കുമ്പോള്‍ ഒരു സിസ്റ്റര്‍ . ഐ സി യു വിന്‍റെ വാതില്‍ ഒരല്‍പം തുറന്നിരിയ്ക്കുന്നു. പരിചയമില്ല. എല്ലാവരും മാറിക്കാണും. വര്‍ഷങ്ങളേറെ കഴിഞ്ഞുവല്ലോ..
“അല്ല” എന്നു പറയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല. ഈറനായ കണ്ണുകള്‍ മറയ്ക്കാന്‍ വേണ്ടി ചരിച്ചു പിടിച്ച ശിരസ്സ് നിഷേധാര്‍ത്ഥത്തില്‍ കുലുക്കിക്കൊണ്ട്, വിമ്മിഷ്ടത്തോടെ തിരിഞ്ഞു നടന്നു.
അമ്മയുടെ തഴുകുന്ന കരങ്ങളെ സങ്കല്‍പിച്ച്, കോണിയുടെ കൈവരിയില്‍ സ്പര്‍ശിച്ചു കൊണ്ട് ഓരോ പടവും ഇറങ്ങി.
ആശുപത്രിയുടെ ഗെയ്റ്റിലൂടെ പുറത്തു കടന്ന കാര്‍ മടക്കയാത്ര ആരംഭിച്ചു.
കാറിന്നകത്തെ ഘനീഭവിച്ച നിശബ്ദത ശാരദ ശ്രദ്ധിച്ചു കാണണം. അവളറിയാത്ത കാര്യങ്ങളില്ലല്ലോ.
കാര്‍ ഒരു വശത്തൊതുക്കി നിറുത്തിയിട്ടവളെന്നെ നോക്കി.
നിറഞ്ഞ കണ്ണുകള്‍ കണ്ടാവണം, അവളെന്‍റെ നേരെ രണ്ടു കൈകളും നീട്ടി.
ഞാനവളുടെ ചുമലില്‍ തല ചായ്ച്ചു കുട്ടിയെപ്പോലെ വിങ്ങി വിങ്ങിക്കരഞ്ഞു.
_________________________________

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...