20 Sept 2012

കളിപ്പാട്ടങ്ങള്‍


ടി.സി.വി.സതീശന്‍


ഒന്ന്


ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനില്‍ അവള്‍ കളിപ്പാട്ടങ്ങളെ തിരയുകയാണ് , വിവിധങ്ങളായ സൈറ്റുകള്‍ വിരല്‍ത്തുമ്പിലൂടെ കടന്നുപോയി . ആശ ജനിപ്പിക്കുന്ന ഒന്നും തന്നെ സ്ക്രീനില്‍ തെളിഞ്ഞില്ല , കണ്ടുമടുത്തതും ഉള്ളില്‍ താത്പര്യം ജനിപ്പിക്കാത്തതും ആയിരുന്നു അവയെല്ലാം. വിരസതയുടെ വേളയിലെപ്പോഴോ  അറിയാതെ അവളുടെ വിരലുകള്‍ ഡേയ്റ്റിംഗ് സൈറ്റില്‍ അമര്‍ന്നു. നിറയെ കളിപ്പാട്ടങ്ങള്‍ , അവളുടെ കണ്ണുകള്‍ക്കത് വിശ്വസിക്കാനായില്ല .

അയാള്‍ അമ്മാനക്കായകള്‍ മുകളിലേക്കെറിയുകയും  താഴെ വീഴാതെ ഉള്ളം കയ്യിലൊതുക്കുകയും  വീണ്ടും അതാവര്‍ത്തിക്കുകയും ചെയ്തു , അടക്കമുള്ള ആ കയ്യൊതുക്കത്തെ താത്പര്യപൂര്‍വ്വം അവള്‍ ശ്ലാഘിച്ചു . ലോഹ ഗോളങ്ങളില്‍ നിന്നുമുതിരുന്ന ഭസ്മം ചുറ്റും കൂടിനിന്ന ഓരോ പെണ്‍കുട്ടിയുടേയും മേല്‍ പതിപ്പിക്കാന്‍  പ്രത്യേക ശ്രദ്ധ ആ കരവിരുത് കാട്ടിയിരുന്നു . മനവും മനനവും ഒരുക്കൂട്ടി  രോഗ വിമുക്തിക്കായി കൊതിക്കുന്ന പെണ്‍കുട്ടികളാകട്ടേ ഒരു നുള്ള് ഭാസ്മമെങ്കിലും തങ്ങളുടെ മേല്‍പതിയാന്‍ മത്സരിക്കുകയാണ് . അയാള്‍ക്ക്‌ ചുറ്റും റോക്ക് ചെയ്യുന്ന അവരുടെ കണ്ണുകള്‍ ജ്വലിച്ചു , ശരീരം ഇളകി .

നിറയെ ദ്വാരങ്ങള്‍ ഉള്ള ലോഹഗോളങ്ങള്‍ , അതിന്റെ സുഷിരങ്ങളിലൂടെ ഉതിരുന്ന ഭസ്മം , അല്‍പ്പ വസ്ത്രധാരിയായ അയാള്‍ക്ക് ചുറ്റും നൃത്തമാടുന്ന പെണ്‍കുട്ടികള്‍ , ഉരിഞ്ഞുവീഴുന്ന അവരുടെ ഇറുകിയ വസ്ത്രങ്ങള്‍ .. കാണാനിമ്പമുള്ള ആ കാഴ്ചകള്‍ അവളെ ആവേശത്തിലാക്കി . അതിന്റെ മാസ്മരികതയില്‍ ആനന്ദമുളവായി , മനസ്സ് പുതിയ ചക്രവാളങ്ങള്‍ തേടി പറന്നു .

കളിപ്പാട്ടങ്ങളെ ചെറുപ്പം തൊട്ടേ അവള്‍ക്കിഷ്ടമായിരുന്നു , ഇഷ്ടമെന്നു പറഞ്ഞാല്‍ വെറുമൊരിഷ്ടം. അല്ലാതെ അവ സൂക്ഷിച്ചുവെക്കാനോ അതില്‍ സ്വപ്നങ്ങള്‍ നിറയ്ക്കാനൊ അവള്‍ ഒരിക്കലും തയ്യാറായിരുന്നില്ല . പഴയത് മടുക്കുമ്പോള്‍ പുതിയത് തേടുകയും പഴയതിനെ മറക്കുകയും ചെയ്യുക , അത്രതന്നെ .

വൈകി ഉണരുന്ന സൂര്യന്‍ അവള്‍ക്കൊരു പ്രശ്നമേ ആയില്ല , നിലാവ് പൂക്കുന്ന ആകാശത്തേ മാത്രമേ അവള്‍ കണ്ടുള്ളൂ . വൈകിയുറങ്ങുന്ന രാത്രികളെ കാമിച്ച് ജീവിതം വെറുമൊരു അമ്മാനയാട്ടമായി അവള്‍ കല്‍പ്പിച്ചു , അമ്മാനപ്പന്തുകളില്‍ നിറച്ച ഭസ്മത്തിന്റെ തായും വേരും  അന്വേഷിച്ചില്ല , ഉപേക്ഷിച്ചുപോയ കളിപ്പാട്ടങ്ങള്‍ പോലെ അതും അവളെ നോമ്പരപ്പെടുത്തിയില്ല .
മച്ചിങ്ങയില്‍ കോര്‍ത്ത ഈര്‍ക്കിലില്‍ മറ്റൊന്ന് ചേര്‍ത്തു വട്ടം കറക്കിയപ്പോള്‍ ഉണ്ടാകുന്ന കടകടാ ശബ്ദം അവളുടെ കാതുകളില്‍ വന്നണഞ്ഞു . പച്ച ഈര്‍ക്കിലുകള്‍ കുത്തിനോവിച്ച മച്ചിങ്ങയുടെ ദീനവിലാപം അവളെ സന്തോഷത്തിലാക്കി . ആവേശത്തോടെ, ലോകത്തെ നോക്കി ഈര്‍ക്കിലുകള്‍ ചേര്‍ത്തുപിടിച്ച് വീണ്ടും വീണ്ടും വട്ടം കറക്കി , അതില്‍ അവള്‍ വട്ടുപിടിച്ചു .

വീക്കെന്‍ഡിലെ  ഷോപ്പിംഗ് അവള്‍ക്കു നിര്‍ബ്ബന്ധമാണ് , നഗരത്തിലെ പേരുകേട്ട ഷോപ്പിംഗ് മാളില്‍ അവള്‍ കളിപ്പാട്ടങ്ങള്‍ തിരയുകയാണ് . ചാവി കൊടുത്താല്‍ ആടുകയും പാടുകയും വീണു നമസ്കരിക്കുകയും ചെയ്യുന്ന സുന്ദരനായ ആണ്‍ പാവ , അവളുടെ കണ്ണുകള്‍ അതില്‍ ഉടക്കി നിന്നു . അതിനെ തിരിച്ചും മറിച്ചും നോക്കി , വീണ്ടും ചാവി കൊടുത്തു . താളത്തിനു തുള്ളുന്ന അവന്റെ കൊപ്രായങ്ങളില്‍ അവള്‍ ആനന്ദം പൂണ്ടു .

ദൂരെ മാറിനിന്നു ഒരാള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു , ആവേശത്തിമര്‍പ്പില്‍ അവളതു കണ്ടതേയില്ല , അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു കാണണം ഒരാള്‍ അവളുടെ മുന്നില്‍ വന്നു നിന്ന് തന്റെ ദേഹമൊന്നു കുടഞ്ഞ്‌ , ടൈ വലിച്ചു ശരിയാക്കി പറഞ്ഞു .. ഞാന്‍ നിരഞ്ജന്‍ , ഇവിടുത്തെ ഫ്ലോര്‍ മാനേജര്‍ . മാഡത്തിനു ടോയ്സ് ഇഷ്ടമാണെന്ന് തോന്നുന്നു , ഇത് പാക്ക് ചെയ്യട്ടേ ? ഇനിയെന്തെങ്കിലും ഹെല്‍പ്പ് ..? പാവയില്‍ നിന്നും ഒരു നിമിഷം അവളുടെ ശ്രദ്ധ അവന്റെ നേര്‍ക്ക്‌ തിരിഞ്ഞു , വീണ്ടും അവള്‍ പാവയിലേക്ക് , അവനിലേക്ക്‌ .. മാറി മാറി നോക്കി.  അവള്‍ അവനോടു ചിരിച്ചു ,അല്‍പ്പം വിശാലമായി തന്നെ , പാവയില്‍ തോന്നിയ അതേ കൌതുകം അവനോടും തോന്നിയിരിക്കണം .

നിരഞ്ജന്‍ ഇങ്ങിനെ തന്നെയാണോ എപ്പോഴും ? മുഖത്തെയീ പ്രസന്നത എന്നും ഉണ്ടാകുമോ ? ഒന്ന് കണ്ണിറുക്കി അവള്‍ അവനോടു ചോദിച്ചു . ഷോള്‍ഡര്‍ കുലുക്കിയുള്ള ഒരു ചിരിയാണ് നിരഞ്ജന്‍ അതിനു മറുപടിയായി അവള്‍ക്കു കൊടുത്തത് .

ചാവിയില്‍ തിരിയുന്ന സുന്ദരപ്പാവയെ ഷോകെയ്സില്‍ തന്നെ തിരികെ വെച്ച്‌ അവള്‍ അവന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു . ചാവികൊടുത്ത പാവയെ പോലെ അവന്‍ അവളോട്‌ ചേര്‍ന്ന് നടന്നു . ചേര്‍ത്തുവെച്ച പച്ച ഈര്‍ക്കിലുകള്‍ അവള്‍ വീണ്ടും കറക്കി , പ്രസന്ന മുഖത്തിന്റെ തരളിത വിലാപമായി നിരഞ്ജന്‍ മച്ചിങ്ങാ കളിപ്പാട്ടമായി , കടകടാ ശബ്ദമുതിര്‍ത്ത് അവളെ ആനന്ദിപ്പിച്ചു.
രണ്ടുമാസം തെകഞ്ഞില്ല , ചൈനയുടെ വിലകുറഞ്ഞ കളിപ്പാട്ടം പോലെ ചാവികൊടുത്താല്‍ തിരിയാന്‍ നിരഞ്ജന്‍ ആയപ്പെടുന്നതായി അവള്‍ക്കു ബോധ്യപ്പെട്ടു . അല്ലെങ്കില്‍ തന്നെ ഒരു കളിപ്പാട്ടം എത്രകാലം കൊണ്ട് നടക്കാം ? ഔചിത്യക്കേട്‌ മനസ്സിനെ കളിയാക്കി . വിപണിയിലെ പുതിയ പരസ്യങ്ങള്‍ തേടി , പുതിയ കളിപ്പാട്ടങ്ങള്‍ക്കായി ഷോപ്പിംഗ് മാളുകള്‍ തോറും അവള്‍ കയറിയിറങ്ങി .

രണ്ട്


ഇന്‍ ബോക്സ് തുറന്നു മെയില്‍ ചെക്ക് ചെയ്യുകയാണ് . നൂറ്റിയെഴുപത്തിയാറ് മെയിലുകള്‍ .. അനാവശ്യമായത് ഡിലിറ്റ് ചെയ്യുന്നതിനിടെ കണ്ണുപെട്ട ഒരു മെയില്‍ അവള്‍ തുറന്നു നോക്കി . ഭുപേന്‍ ചന്ദെന്നായിരുന്നു അവന്റെ പേര് , കവിത പൂക്കുന്ന വാക്കുകളില്‍ പ്രണയത്തിന്റെ ആകാശവിശാലത .. അവനു വെബ്ബ് ചാറ്റ് വേണമത്രേ . കൌതുകവും ജിജ്ഞാസയും കലര്‍ന്ന ആഹ്ലാദത്താല്‍ പുതിയ കുരിശിനെ ഏറ്റെടുക്കാന്‍ അവള്‍ തീരുമാനിച്ചു . ക്യാമറ ഓണ്‍ ചെയ്ത് ഹെഡ് ഫോണ്‍ കാതിലുറപ്പിച്ച് അതിനായി തയ്യാറെടുത്തു . മരക്കുരിശില്‍ തറയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ട അടുത്ത ഹതഭാഗ്യവാന് കത്തിക്കാനായി അവള്‍ മെഴുകുതിരികളെടുത്ത്‌ മേശപ്പുറത്തുവെച്ചു .

ഹായ് , ഡാര്‍ലിംഗ് .. ഞാന്‍ ഭുപേന്‍ . പത്തിരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ പയ്യന്‍ ഉപചാര വാക്കുകളില്ലാതെ പറഞ്ഞു .
ഹായ് .. എന്‍റെ മറു വചനങ്ങള്‍ക്ക് ചെവി കൊടുക്കാതെ അവന്‍ തുടര്‍ന്നു .. കോട പെയ്യുന്ന മഞ്ഞുമലകളിലേക്ക് അവനുമൊത്തൊരു ട്രക്കിംഗ് , ഐസ്സ് പാളികള്‍ക്കിടയില്‍ തെന്നിവീഴാതെ അവനൊപ്പം ഉയരങ്ങള്‍ താണ്ടുക . നനുത്ത ചിരിയില്‍ അവന്‍ ഒളിപ്പിച്ചുവെച്ച വെല്ലുവിളി അവള്‍ക്കു കാണാതിരിക്കാന്‍ കഴിഞ്ഞില്ല . കയ്യിലുള്ള ചെറിയ പന്തുകളെ മുകളിലേക്കെറിയുകയും  കയ്യൊതുക്കത്തോടെ കൈപ്പിടിയിലൊതുക്കുകയും ചെയ്തു കൊണ്ടവള്‍ പറഞ്ഞു .. ഞാന്‍ റെഡി , നിന്റെ ഉള്ളിലെ ഐസ്സുരുക്കാന്‍ എനിക്ക് രണ്ടാഴ്ച മതി . പുതിയ കളിപ്പാട്ടം കയ്യില്‍ വന്നകപ്പെട്ട സന്തോഷത്തില്‍ അവളുടെ ചുണ്ടുകള്‍ ചലിച്ചു .

പുത്ര ദു:ഖത്താല്‍ സ്വന്തം ശരീരത്തില്‍ കയറ് വരിഞ്ഞുകെട്ടി വിപാശയിലേക്ക് എടുത്തു ചാടിയ വസിഷ്ടനെ കുറിച്ച് അവള്‍ കേട്ടിട്ടുണ്ട് . ഓളങ്ങള്‍ തീര്‍ത്ത്‌ കയറ് തകര്‍ത്ത് വസിഷ്ടനെ രക്ഷിച്ച വിപാശ നദിയെ അവക്കിഷ്ടവുമാണ് .  ഭുപേന്‍ .. വിപാശയുടെ തീരത്തേക്കുള്ള നിന്റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു . രൊഹ്താംഗ്  ചുരങ്ങളിലെക്കുള്ള യാത്രയില്‍ പിരിമുറുക്കങ്ങളില്ലാത്ത സായാഹ്നങ്ങള്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു , ദൈവങ്ങളുടെ താഴ്വരയില്‍ നമുക്കന്തിയുറങ്ങാം .. എന്നുപറഞ്ഞ് അവള്‍ ചാറ്റിംഗ് ക്ലോസ് ചെയ്തു .

മനാലിയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു അവള്‍ . സ്വപ്നങ്ങളില്‍ വിപാശ നദിയും കുളു താഴ്വരയും മാറിമാറി വന്നു .  മനസ്സ് രൊഹ്താംഗിലെക്കുള്ള ഉയരങ്ങളില്‍ പറന്നു കളിച്ചു , ഇടത്താവളങ്ങളില്‍ ഭുപേനുമൊത്തുള്ള രതി ക്രീഡകളെ  ഓര്‍ത്ത്‌ ചിരിച്ചു . ജനലഴികള്‍ കടന്നു വന്ന തണുത്ത കാറ്റില്‍ സ്വപ്നങ്ങള്‍ ഉറക്കത്തിനു വഴിമാറി കൊടുത്തു . വളരെ വൈകി കിഴക്ക് വെള്ള കീറി , പകല്‍ വെളിച്ചം മുട്ടിവിളിച്ചു . ഭുപേന്‍ എന്ന സുന്ദര പാവ അവളുടെ കരവലയങ്ങള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുകയായിരുന്നു അപ്പോള്‍ .

മനാലിയിലേക്കും വിപാശയിലേക്കും ഉള്ള ദൂരം വിരല്‍ത്തുമ്പില്‍ ഇല്ലാതായി , ലാപ് ടോപ്പില്‍ ഭുപേന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു .അവള്‍ കയ്യിലെ പന്തുകളെ ആകാശത്തേക്ക് എറിഞ്ഞു . ഉതിര്‍ന്നുവീണ അവന്റെ ദേഹത്ത് ശിശിരങ്ങള്‍ തീര്‍ത്തു . മഞ്ഞു പെയ്യുന്ന ഇരുളില്‍ തന്റെ വിരിഞ്ഞ ചുണ്ടുകള്‍ അവന്റെ വിറയാര്‍ന്ന ചുണ്ടുകളെ തേടി .

കളിപ്പാട്ടങ്ങള്‍ എന്നും കളിപ്പാട്ടങ്ങള്‍ മാത്രമാണ് എന്ന് നീയറിയണം .. ഭുപേന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു . ഇടവും വലവും നില്‍ക്കുന്ന വിപാശയും കുളുവും അതു കേട്ട് ചിരിച്ചു കാണുമല്ലോ എന്നവള്‍ അവനെ കളിയാക്കി .

അവളുടെ മുഖത്ത് വിരിഞ്ഞ ചുഴികളില്‍ ഭുപേന്റെ കൈനഖങ്ങള്‍ പോറലുണ്ടാക്കി , കോടയുരുകുന്ന ഉഷ്നപ്രവാഹം പുതിയ ആവേശത്തെ സൃഷ്ടിച്ചു . ധ്യാനവും ക്രീഡകളുമായി നമുക്കിവിടെ പൊറുപ്പ് തുടങ്ങാം , അവന്‍ പറഞ്ഞു . കാലങ്ങളോളം ശിവ പാര്‍വ്വതിമാര്‍ ഒരുമിച്ചു വസിച്ചിരുന്ന ഈ താഴ്വാരത്തെ നമുക്ക് സ്വന്തമാക്കാം . ശിരോലിഖിതങ്ങളും തിരുവസ്ത്രങ്ങളുമില്ലാതെ കാറ്റായും മഞ്ഞായും മഴയായും നമുക്കീ മണ്ണില്‍ അലിഞ്ഞില്ലാതാവാം .

ഭുപേന്‍ നീയെന്നെ തോല്‍പ്പിച്ചിരിക്കുന്നു ..? താന്‍ ചെറുതാകുന്നതായി അവള്‍ക്കു തോന്നി . കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് അവള്‍ തല കുലുക്കി . മാറിവന്ന ഋതുക്കള്‍ അവര്‍ക്ക് കാവലായി നിന്നു . രൊഹ്താംഗ്  മലയിടുക്കുകളില്‍ മഞ്ഞുപെയ്യുകയും കോടയുണ്ടാവുകയും അതുരുകുകയും ചെയ്തു . വിപാശ നദി ഒന്നുമറിയാത്തവളെ പോലെ ഒഴുക്ക് തുടര്‍ന്നു .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...