Skip to main content

പ്രണയ കുളിരായി അബഹ


ഫാത്തിമ മുബീന്‍ 
സൗദി അറേബ്യയിലെ അസീര്‍ പ്രവശ്യയുടെ തലസ്ഥാന നഗരിയാണ്‌ അബഹ. മരുഭൂമിക്ക് പ്രകൃതി നല്‍കിയ വരദാനം.  സറാവത്ത് മലനിരക്കുകള്‍ക്കിടയില്‍ മണലാരണ്യത്തിലെ കുളിരായി അബഹയെന്ന കൊച്ചു നഗരം.   94 ലാണ് ഞാന്‍ അബഹയില്‍ എത്തുന്നത്‌. വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷം. ജിദ്ദയിലാണ് ആദ്യം വിമാനമിറങ്ങിയത്. ഒറ്റയ്ക്കുള്ള ആദ്യത്തെ വിമാന യാത്രയുടെ അമ്പരപ്പും, വിരഹത്തിന്‍റെ ചൂടും ആറി തണുപ്പിക്കാന്‍ എന്നത് പോലെ ഉച്ചതിരിഞ്ഞ് അബഹയുടെ കുളിരിലേക്ക്... തണുപ്പിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാത്തത് പല്ലുകള്‍ വെളിപ്പെടുത്തി തുടങ്ങി. രാത്രി ആയതിനാല്‍ തണുപ്പിനു ശക്തി കൂടിയിരുന്നു. പുറത്തു കാത്തു നിന്ന ഭര്‍ത്താവിനൊപ്പം റൂമില്‍ എത്തുമ്പോള്‍ ഞങ്ങളെ വരവേല്‍ക്കാന്‍ കുറച്ചു സുഹൃത്തുകള്‍. ,. അവിടെ നിന്ന് സ്ഥലം മാറ്റം വാങ്ങി പോരുന്നത് വരെ ഈ സൗഹൃദങ്ങള്‍  ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അടുക്കളയില്‍ സുലൈമാനിയും, കുറച്ചു ഈത്തപ്പഴവും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.  മധുരമില്ലാത്ത സുലൈമാനിയോടും ഈത്തപ്പഴത്തിനോടും ഉള്ള മുഹബ്ബത്ത് അന്ന് തുടങ്ങിയതാണ്. 
രാത്രി ഭക്ഷണം "മന്തി ചോറായിരുന്നു". സുഹൃത്ത് കൊണ്ട് വന്നതാണ്. ഇനി അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി, ഉമ്മാടെ ചോറും കറികളും മനസ്സില്‍ ഓര്‍ത്തു കുറച്ച് "മന്തി" വാരി വിഴുങ്ങി. പിറ്റേന്നു ഞാന്‍ ഉണര്‍ന്ന് എണീക്കുമ്പോഴേക്കും വീട് പോലെ തന്നെ അടുക്കളയും കാലി. അടച്ചു പൂട്ടിയ ബാല്‍കണിയില്‍ നിന്ന് റോഡിനപ്പുറം കണ്ട കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാം എന്ന് കരുതി ഞാന്‍ അബായയും ഷാളും എടുത്തിട്ടു. അടുക്കളയിലേക്കു ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉമ്മ എഴുതി തന്നിരുന്നത് ബാഗില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. കൈവശം ഉണ്ടായിരുന്ന കുറച്ചു റിയാലുമായി ഞാന്‍ ആ കടയില്‍ എത്തി. വഴിയില്‍ കണ്ടവരും, കടയില്‍ ഉള്ളവരും എന്നെ വല്ലാത്ത ഒരു നോട്ടം നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. കടയുടമ മലയാളിയായിരുന്നു. അദ്ദേഹം സാധനങ്ങള്‍ എടുത്തു തരാന്‍ ധൃതി വെക്കുകയും, പെട്ടെന്ന് വീട്ടിലേക്കു പോകാനും പറഞ്ഞു. ഉച്ചക്ക് എനിക്ക് ഭക്ഷണവും ആയി വന്ന ഹുസൈന്‍  അടുക്കളയിലെ വിഭവങ്ങള്‍ കണ്ടു അമ്പരന്നു. കടയില്‍ പോയതും , ആളുകളുടെ വിചിത്രമായ നോട്ടത്തെ കുറിച്ചും പറഞ്ഞപ്പോള്‍ മറുത്തു ഒന്നും പറയാതെ മൂളുക മാത്രം ചെയ്തു. ഗള്‍ഫില്‍ എത്തിയാല്‍ ആളുകള്‍ ഒക്കെ ഇങ്ങിനെയായിരിക്കും എന്ന് കരുതിയ എനിക്ക്, ഈ പെരുമാറ്റ വൈകല്യത്തിന്റെ രഹസ്യം വൈകാതെ മനസിലായി. ഒന്നുരണ്ടാഴ്ചക്കു ശേഷം ഒരു വൈകീട്ട് ഞങ്ങള്‍ പുറത്തു  ഇറങ്ങിയപ്പോള്‍, "മുത്ത്വവ്വ" എന്ന സൗദി മതകാര്യ പോലീസിന്റെ സാന്നിധ്യം ഞാന്‍ അറിഞ്ഞു. എന്നോട് മുഖം മറക്കാന്‍ ആവശ്യപ്പെട്ടു ഹുസൈന് പുറകില്‍ ചൂരലുമായി നില്‍ക്കുന്ന ഒരു സൗദി! പിന്നീട് അബഹയില്‍ നിന്ന് പോരുന്നത് വരെ ഞാന്‍ ഒറ്റയ്ക്ക് പുറത്തിറങ്ങിയിട്ടില്ല...അദൃശ്യമായി  രണ്ടു കണ്ണുകള്‍ എപ്പോഴും എന്നെ  പിന്തുടരുന്നതായി  തോന്നിയിരുന്നു. നാലു മുറി ഫ്ലാറ്റില്‍ പകലന്തിയോളം ഒറ്റക്കായ ഞാന്‍  ബുക്കുകളും, പാചക പരീക്ഷണങ്ങളുമായി ദിനങ്ങള്‍ നീക്കി. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചാണ് ഞാന്‍ കടല്‍ കടന്നത്. പരീക്ഷ എഴുതാന്‍ നാട്ടിലെത്താം എന്ന നിബന്ധനയുമായി. 

ബാത്ത്റൂമിലേക്ക് ഒരു ബക്കെറ്റും, കപ്പും വേണമെന്ന് ചെറുകരയില്‍  ഉള്ള ഒരു സുഹൃത്ത്‌ വന്നപ്പോള്‍ പറഞ്ഞു. അന്ന് ഞങ്ങള്‍ക്ക് വണ്ടിയുണ്ടായിരുന്നില്ല. പുറത്തു പോകാനും സാധനങ്ങള്‍ വാങ്ങാനും സുഹൃത്തുക്കള്‍ തന്നെയാണ് സഹായിക്കുന്നത്. എന്തായാലും ഞാന്‍ അവരോടു  ബക്കെറ്റും , മഗും (Mug), വേണം എന്ന് പറഞ്ഞപ്പോള്‍ ഒന്നും പറയാതെ തലകുലുക്കി ഇറങ്ങി പോയി. വഴിയില്‍ വെച്ച് അവന്‍ ഹുസൈനോട്, " ഇജ്ജ് അന്‍റെ  ഓളോട് ഇബടെ  തേങ്ങയൊന്നും പൊളിക്കാന്‍ കിട്ടൂല്ല എന്ന് പറഞ്ഞു കൊടുത്തിട്ടില്ലേ? തേങ്ങ പൊളിക്കാനുള്ള മഗ്ഗ് (മഴു എന്നതിന് മലപ്പുറം ഭാഗത്ത് പറയുന്നത്) വാങ്ങി വരാനാണ് ഓള് പറഞ്ഞുക്കുന്നത്" ഭാഷയുടെ പ്രയോഗം ഉണ്ടാക്കിയ ചിരിയുടെ മാലപടക്കം പൊട്ടാന്‍ പിന്നെ അധികം താമസം ഉണ്ടായില്ല.
വിരസമായ ദിനങ്ങള്‍ എന്നില്‍ ഞാന്‍ അറിയാതെ മടിയുടെ വിത്ത് പാകി തുടങ്ങിയിരുന്നു. പഠിക്കാനുള്ള പുസ്തകകെട്ടുകള്‍ കൊണ്ട് വന്മതില്‍ തീര്‍ത്തു ഞാന്‍ സുഖമായി ഉറങ്ങി. അങ്ങിനെ ഒരു ദിവസം പഠനത്തിനിടയില്‍ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയ ഞാന്‍ വാതിലില്‍ ശക്തിയായ മുട്ട് കേട്ട്  ഞെട്ടിയുണര്‍ന്നു.  വാതില്‍ തുറക്കാതെ പുറത്തു ആരാണെന്നു നോക്കിയ ഞാന്‍ കണ്ടത് കറുത്ത ബുര്‍ഖ അണിഞ്ഞ ഒരു സ്ത്രിയെയാണ്. മുഖം മറച്ചിരിക്കുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനും വയ്യ. എന്തായാലും വാതില്‍ തുറക്കിലെന്നു ഉറപ്പിച്ചു ഞാന്‍ ശ്വാസം വിടാതെ നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടലും ദയനീയമായി നിലവിളിയും അടിയുടെ ശബ്ദവും! ആ സ്ത്രീയെ ചൂരല്‍ വെച്ച് തോപ്പിട്ട ഒരുത്തന്‍ അടിക്കുന്നു. അവര്‍ രക്ഷയ്ക്കായി എന്റെ വാതിലില്‍ ആണ് മുട്ടുന്നത്.  ഒരു വാതിലിന്‍ അപ്പുറവും ഇപ്പുറവും ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍, .. ആരെയും സഹായത്തിനു വിളിക്കാന്‍ അന്ന് ഫോണ്‍ എന്ന സംവിധാനവും വീട്ടില്‍ ഇല്ലായിരുന്നു. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍  വന്നപ്പോള്‍ ആണ് അറിഞ്ഞത് ആ സ്ത്രീ തൊട്ടു മുന്നില്‍ താമസിക്കുന്ന യെമനിയുടെ ആദ്യ ഭാര്യയാണെന്നും, അവര്‍ ഇവിടെ വന്നത് അയാള്‍ക്കിഷ്ടപ്പെടാത്തത് കൊണ്ടാണ് അടിച്ചെതെന്നും... ഇതൊരു സ്ഥിരം കാഴ്ചയാണ് ശ്രദ്ധിക്കാന്‍ നില്‍ക്കണ്ട എന്ന ഉപദേശവും കിട്ടി. 

നീതിയേക്കാള്‍ അനീതിയും, ശരിയേക്കാള്‍ തെറ്റുമാണ് പ്രവാസ ജീവിതത്തിന്‍റെ അടിത്തറ ബലപ്പെടുത്തുന്നത് എന്നത് എനിക്ക് തോന്നിയതാകാം...നാട്ടിലേക്ക് ഒന്ന് ഫോണ്‍ ചെയ്യാന്‍ നീണ്ട ക്യൂവില്‍ നിന്നു തളരുന്ന ബാച്ചിലര്‍മാര്‍, ഫാമിലി കൂടെയുണ്ടെങ്കില്‍ പെട്ടെന്ന് ഫോണ്‍ ചെയ്തു പോരാം. അത്യാവശ്യ ഘട്ടങ്ങളില്‍ സുഹൃത്തുക്കള്‍ ഞങ്ങളുടെ സഹായം തേടാറുണ്ടായിരുന്നു. ഇക്കാമ ബൂത്തിലിരിക്കുന്ന സൗദിയുടെ കൈയില്‍ കൊടുക്കണം, എന്നാലെ ഫോണ്‍ ചെയാന്‍ പറ്റൂ. ഫോണ്‍ ചെയുക എന്ന കര്‍മ്മ പരിപാടിയേക്കാള്‍ ഞാന്‍ കാത്തിരുന്നത് വിശേഷങ്ങള്‍ കുത്തിനിറച്ച് നാട്ടില്‍ നിന്നെത്തുന്ന കത്തുകളെയായിരുന്നു. മഷി പടര്‍ന്ന മഞ്ഞകടലാസ്സില്‍ പെരുന്നാളും, ഓണവും, വിഷുവും, കല്യാണവും, ജനനവും, മരണവും എന്നെ തേടിയെത്തി. 

പ്രവാസത്തോട് ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്നതിനിടക്കാണ് ഞങ്ങള്‍ക്ക് കൂട്ടായി ഒരാള്‍ കൂടെ എത്തും എന്ന് ഡോക്ടര്‍ പറഞ്ഞത്. കടുപ്പമേറിയ സുലൈമാനിയിലും മധുരമൂറുന്നത് ഞാന്‍ അറിഞ്ഞു. അബഹയുടെ കുളിരില്‍ അലിഞ്ഞ പ്രണയത്തിന്‍റെ ചൂട്. അടിവയറ്റില്‍ ഞങ്ങളുടെ ജീവന്‍റെ തുടിപ്പ്, അമ്മയുടെ കാവലായി അറിയാതെ ഉദരത്തിലേക്ക് നീളുന്ന കൈകള്‍, ലോകം ഞങ്ങളുടേത് മാത്രമായി.. ഒറ്റക്കുള്ള താമസവും, പഠനവും എന്‍റെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സാരമായി ബാധിച്ചു തുടങ്ങിയപ്പോള്‍ താമസിയാത ഞാന്‍ അബഹയോടു യാത്ര പറഞ്ഞു. ആറു മാസത്തെ ഇടവേളയ്ക്കുശേഷം കുഞ്ഞുമായി ഞാന്‍  തിരിച്ചു വന്നത് സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലേക്കാണ്.  പ്രണയത്തിന്‍റെയും, വിരഹത്തിന്റെയും ഒരു തുരുത്തായിരുന്നു അബഹ.  പതിനഞ്ചു കൊല്ലത്തിലേറെ സൗദിയില്‍ താമസിച്ചിട്ടും, ഒരിക്കല്‍ പോലും എനിക്കാ പ്രണയ തുരുത്തിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ല...മനസ്സില്‍ അബഹയിലെ സുന്ദരമായ പ്രണയ ദിനങ്ങള്‍ മാത്രം മങ്ങാതെ നിറഞ്ഞു  നില്‍ക്കുന്നു....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…