ദൈവത്തിന്റെ ക്യാന്‍വാസില്‍ എല്ലമല

അസഫ് അലി കോടശേരി


അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോവുന്ന പ്രവാസിയുടെ മനസ്സുനിറയെ നാടിന്റെ പ്രകൃതി ഭംഗിയും പച്ചപ്പും മഴയും ആസ്വദിക്കാനുള്ള ആര്‍ത്തിയാവും. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നെ തിരക്കോട്തിരക്ക് ഒന്നിനും സമയം തികയാത്ത അവസ്ഥ. ഇവിടെ ഈ ഊഷരതയില്‍ ഇരുന്ന് മഴയെ കുറിച്ച് നാടിന്റെ പച്ചപ്പിനെ കുറിച്ചും വാചാലരാവുന്ന നാം, നാട്ടില്‍ മഴക്കാലത്താണ് എത്തുന്നതെങ്കില്‍ അത്യാവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ അനുവദിക്കാത്ത മഴയെ പ്രാകും.
കഴിഞ്ഞ അവധിക്കാലത്ത് ഇവിടെ നിന്ന് യാത്ര തിരിക്കുമ്പോള്‍ തന്നെ നാടിന്റെ പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു മഴയാത്ര മനസ്സിലുണ്ടായിരുന്നു. മഴയും പുഴയും കാടും കാട്ടാറുകളും ഏറെ ഇഷ്ടമുള്ള നാട്ടിലെ സുഹൃദ് സംഘത്തിന്റെ താത്പര്യം കൂടിയായപ്പോള്‍ യാത്ര തീരുമാനിക്കപ്പെട്ടു. സുഹൃത്ത് ഷാജിയായിരുന്നു ടീം ക്യാപ്റ്റനും വഴികാട്ടിയും. ഓരോ സ്ഥലത്തിന്റേയും പ്രത്യേകതകളും അവിടേക്കുള്ള വഴികളും കൃത്യമായി. അറിയാവുന്നതും ഷാജിക്ക് തന്നെ.
വയനാടായിരുന്നു ആദ്യലക്ഷ്യം. വണ്ടൂര്‍, എടവണ്ണ, അരിക്കോട് വഴിയായിരുന്നു യാത്ര. മോശമല്ലാത്ത റോഡുകള്‍. സിനിമയും രാഷ്ട്രീയവും ഒപ്പം അല്‍പം പരദൂഷണവുമായി കൊണ്ടും കൊടുത്തുമുള്ള ചര്‍ച്ചകള്‍. പരസ്പരം ഒന്നും പറയാതിരുന്ന നിശ്ശബ്ദ നിമിഷങ്ങളില്‍ ഉമ്പായി സ്വരം താഴ്ത്തി പാടുന്നുണ്ടായിരുന്നു. അതിനിടയില്‍ അടിവാരത്തെത്തിയത് അറിഞ്ഞില്ല. ഇനി ചുരമാണ് കുതിരവട്ടം പപ്പു പറഞ്ഞ ‘താമരശ്ശേരി ചൊരം’. പച്ചപ്പിന്റെ സൗന്ദര്യം നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ചുരത്തിനപ്പുറം, പനമരത്തെ ഉച്ചയൂണിനപ്പുറം, കബനീ തടത്തിലെ കുറുവയായിരുന്നു ലക്ഷ്യം.
ഇന്ത്യയില്‍, ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപാണത്രെ 950 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കുറുവ. കാടിന്റെ സംഗീതവും കൊടുംവെയിലിലും തണുപ്പിന്റെ നിഴല്‍ ചിത്രങ്ങളും പാട്ടുപാടി ആഘോഷിക്കുന്ന പേരറിയാ പക്ഷികളും തിമര്‍ത്തു ജീവിച്ച് തലകുത്തി മറിയുന്ന വാനരസംഘവുമൊക്കെ കുറുവയുടെ പ്രത്യേകത വനഭൂമിയുടെ വന്യസൗന്ദര്യം!
മുളകള്‍ ചേര്‍ത്തുണ്ടാക്കിയ ചങ്ങാടങ്ങളെല്ലാം വിശ്രമത്തിലായിരുന്നു. മഴക്കാലത്ത് കബനി നിറഞ്ഞൊഴുകുന്നുണ്ട്. സീസണല്ലാത്തതിനാല്‍, കബനിയുടെ ഓളപ്പരപ്പിലൂടെ സ്‌നേഹത്തണുപ്പേറ്റ് യാത്ര ചെയ്യാനുള്ള മോഹം ബാക്കിയായി. എങ്കിലും ഏറുമാടങ്ങളില്‍ പണിപ്പെട്ട് കയറിയും വെള്ളത്തിനു മുകളില്‍ തെളിഞ്ഞു കണ്ട പാറക്കൂട്ടങ്ങളില്‍ ഇരുന്നു നീരാടിയും ഏക ചായ മക്കാനിയിലെ ആവി പറക്കുന്ന ചായ വാങ്ങിക്കുടിച്ചും തിരികെ വാഹനത്തിലെത്തുമ്പോള്‍ സമയം വൈകുന്നേരമായിരുന്നു.
യാത്ര പുറപ്പെടുമ്പോഴുണ്ടായിരുന്ന കണക്കുകൂട്ടലെല്ലാം തെറ്റിപ്പോയിരിക്കുന്നു. ബാണാസുരയും പൂക്കോടും എടക്കലുമൊക്കെ കാണാനാവാതിരുന്ന പട്ടികയിലേക്ക് ഇറങ്ങി നിന്നു. ഗൂഢല്ലൂരിലെ എല്ലമലയാണ് അവസാന ലക്ഷ്യസ്ഥാനം. രാത്രി താമസം ഏര്‍പ്പെടുത്തിയിരിക്കുന്നത് അവിടെയാണ്. അന്നോളം കണ്ടിട്ടില്ലാത്ത എല്ലമലയുടെ സൗന്ദര്യമായിരുന്നു മനസ്സു നിറയെ. ഷാജി പറഞ്ഞറിഞ്ഞ് ഭ്രമിച്ചു പോയ എല്ലമല.
‘ചായപ്പട്ടണമായ’ ഗൂഡല്ലൂരില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് എല്ലമലയിലേക്ക്. ഊട്ടി റോഡിലൂടെ കുറച്ചു മുമ്പോട്ടെത്തിയാല്‍ വലതു ഭാഗത്ത് എല്ലുമലയിലേക്കുള്ള റോഡ്. വീതി കുറഞ്ഞ്, അത്രയൊന്നും സുഖകരമല്ലാത്ത പാത. കോടമഞ്ഞിന്റെ ആവരണം കൂടിയായപ്പോള്‍ മുമ്പോട്ട് ഏറെയൊന്നും കാണാനാവുന്നുണ്ടായിരുന്നില്ല. ദുഷ്‌ക്കരമായ പാതയിലൂടെ കുന്നും മലയും കയറിയിറങ്ങി ലക്ഷ്യത്തിലെത്തിയപ്പോള്‍ നേരം പാതിരാത്രി.
എല്ലമലയിലെ കോട്ടേജില്‍ കയറുമ്പോള്‍ ആദ്യം കേട്ടത് പൈപ്പില്‍ വെള്ളമില്ലെന്നായിരുന്നു. വെള്ളം വരുന്ന പൈപ്പ്, കുന്നിനുതാഴെ ആന ചവിട്ടിപ്പൊളിച്ചത്രേ. ആനയുടെ ചവിട്ടില്‍ പൊട്ടിയത് പൈപ്പാണെങ്കിലും കൊണ്ടത് ഞങ്ങളുടെ മനസ്സിലായിരുന്നു.
ഉറക്കത്തിലെങ്ങാന്‍ ആന വന്നാല്‍, പൈപ്പിനിട്ട് ചവിട്ടിയതുപോലെ ഞങ്ങളെക്കയറി പെരുമാറിയാല്‍… ദൈവമേ….. ഉള്‍ക്കിടിലം പുറത്തു കാണിക്കാതെ രാത്രിഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.
തമിഴ്‌നാടിന്റെ ഭാഗമാണ് എല്ലമല. പക്ഷേ, തമിഴനും മലയാളിയും സിംഹളനുമെല്ലാം ഇഴചേര്‍ന്നു ജീവിക്കുന്നു, ഇവിടെ, ഈ പ്രശാന്തമായഇടത്തില്‍. നൂറ്റാണ്ടുകളുടെ കുടിയേറ്റ ചരിത്രം പറയാനുണ്ടാവും എല്ലമലയ്ക്ക്. ടാറ്റയുടെ അധീനതയിലാണ് ഹെക്ടര്‍ കണക്കിനുള്ള എല്ലമല. ചായയും കാപ്പിയും കുരുമുളകും ഏലവും ഇഞ്ചിയുമെല്ലാം കൃഷി ചെയ്യാന്‍ പറ്റിയ ഇടം. കുറഞ്ഞ വിലയ്ക്ക് സ്ഥലം വാങ്ങി വീടുവെക്കാം… കൃഷി ചെയ്യാം.. പക്ഷേ… എല്ലാം താത്ക്കാലിക കരാറില്‍ മാത്രം. ഉടമകള്‍ എപ്പോള്‍ ഒഴിയാന്‍ പറയുന്നുവോ അപ്പോള്‍ വിട്ടുപോരേണ്ടി വരും വീടും നാടും. കോളനിവത്ക്കരണത്തിന്റെ ആധുനിക രൂപം.
പുലര്‍ച്ചെ നല്ല തണുപ്പായിരുന്നു. ആസ്വാദ്യകരമായ കാലാവസ്ഥ. പത്തു മണി കഴിഞ്ഞാലും വെയിലറക്കാത്ത അന്തരീക്ഷം. ഇടക്കെപ്പോഴൊക്കെയോ ഗൂഡല്ലൂരില്‍ നിന്നുമുള്ള ബസ്സുകള്‍ കടന്നുപോകുന്നുണ്ട്. ശാന്തമായ ദേശത്ത് ജനവാസം ഏറെയൊന്നുമില്ലായിരുന്നു. ചായത്തോട്ടത്തിന്റെ നടുവില്‍ അവിടവിടെയായി കൊച്ചു വീടുകള്‍… ഇവിടത്തെ തമിഴ് മീഡിയം ഹൈസ്‌കൂളിലേക്ക് ദൂരെ നിന്നുപോലും കുട്ടികള്‍ ബസ്സിറങ്ങി വരുന്നു. മലയുടെ മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ദൂരെ ബ്രിട്ടീഷുകാരുടെ കെട്ടിട മാതൃകയില്‍ വലിയ ചായ ഫാക്ടറി. കണ്ണെത്താ ദൂരത്ത് വെള്ളച്ചാട്ടം. തൊട്ടുതാഴെയുള്ള കാട്ടുചോലയിലെ പാറക്കെട്ടുകളില്‍ വെള്ളം തലതല്ലിയാര്‍ത്ത് കടന്നു പോകുന്നു. റോഡില്‍ നിന്നിറങ്ങി കുത്തനെ താഴേക്ക് പോകുന്ന മുള്‍ചെടികള്‍ നിറഞ്ഞ ചവിട്ടു പാതയിലൂടെ കാട്ടുചോലയുടെ വന്യതയുടെ ശീതളിമയില്‍ മുങ്ങിത്താഴ്ന്ന് ഏറെ നേരം…
എല്ലമല ഇറങ്ങുമ്പോഴാണ് ആശ്ചര്യപ്പെട്ടുപോയത്. കഴിഞ്ഞ രാത്രി ഇത്ര സുന്ദരമായ സ്ഥലത്തുകൂടായിരുന്നോ കടന്നുവന്നത്! ഓരോ ബ്യൂട്ടി സ്‌പോട്ടിലും വാഹനം നിര്‍ത്തി ദൃശ്യചാരുത ആസ്വദിച്ച്, ക്യാമറയില്‍ പകര്‍ത്തി എല്ലമലയോട് വിടപറഞ്ഞു. ഏറ്റവും വലിയ കലാകാരന്‍ ദൈവമാണല്ലോ എന്ന് പിന്നേയും പിന്നേയും ആശ്ചര്യപ്പെട്ടു.
മലയിറങ്ങുമ്പോള്‍ മനസ്സിലെ പാട്ടുപെട്ടിയില്‍ എസ് എ ജമീല്‍ ശബ്ദമില്ലാതെ പാടി….
‘നിശ്ചലരൂപം നീ ശൂന്യാകാശമായ് പരന്നു
നിര്‍മല ഭാവമോ വെണ്‍മേഘങ്ങളായ് പിറന്നു
നിശ്ചയദാര്‍ഢ്യമോ വന്‍ മലകളായ് ഉറച്ചു നിന്നു
നിന്‍ രൂപഭാവം ഓരോ അണുവിലും നിറഞ്ഞു നിന്നു
നാഥാ ജഗന്നാഥാ…’


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?