23 Oct 2012

നാടിന്‌ അഭിമാനമായി നാളികേരോൽപന്ന കയറ്റുമതി



നാളികേരോത്പാദനത്തിൽ ആഗോളാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം അലങ്കരിച്ചുകൊണ്ട്‌ മുൻപന്തിയിൽ നിൽക്കുമ്പോഴും കേരോൽപന്ന കയറ്റുമതിയിൽ നമ്മുടെ രാജ്യം പിന്നോക്കമാണ്‌. ഇന്തോനേഷ്യയും ഫിലിപ്പീൻസും മലേഷ്യയും ശ്രീലങ്കയുമെല്ലാം നമ്മേക്കാൾ ബഹുദൂരം മുന്നിലാണ്‌. ഒന്നാംകിട ഗവേഷണ സ്ഥാപനങ്ങളും ഉൽപന്ന വികസനത്തിനുള്ള സൗകര്യങ്ങളും ലഭ്യമാണെങ്കിലും വൈവിധ്യവൽക്കൃത ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സംരംഭകരുടെ എണ്ണം തുലോം തുച്ഛമാണിവിടെ. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കളെക്കുറിച്ചും ലോകമെമ്പാടും ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അവബോധം കേരോൽപന്ന കയറ്റുമതിക്ക്‌ സുവർണ്ണാവസരമാണ്‌ ഒരുക്കുന്നത്‌. ഈ അവസരം പ്രയോജനപ്പെടുത്തി ജൈവവെളിച്ചെണ്ണയും വെളിച്ചെണ്ണയും പായ്ക്കറ്റിലാക്കിയ കരിക്കിൻവെള്ളവും, ശീതികരിച്ച ചുരണ്ടിയ തേങ്ങയും (ളൃ​‍ീ​‍്വലി ഴൃമലേറ രീരീ​‍ി​‍ൗ​‍ി) കയറ്റുമതി ചെയ്ത്‌ നേട്ടങ്ങൾ കൊയ്യുന്ന സംരംഭകരെ പരിചയപ്പെടാം.
കടൽ കടക്കുന്ന
ജൈവ വെളിച്ചെണ്ണ

കേരങ്ങളുടെ നാട്ടിലെ വെളിച്ചെണ്ണ കടൽ കടന്നെത്താൻ കാത്തിരിക്കുകയാണ്‌ ഇന്ന്‌ വിദേശ വിപണി. വെളിച്ചെണ്ണയ്ക്ക്‌ എതിരായി പ്രചരിച്ച കുപ്രചാരങ്ങളിൽ ജീവിക്കുന്ന അനേകം ജനങ്ങൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടെങ്കിലും വിദേശീയർ വെളിച്ചെണ്ണയുടെ പ്രാധാന്യവും ഔഷധഗുണങ്ങളും ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ജൈവവെളിച്ചെണ്ണയ്ക്കും മറ്റു നാളികേര ഉപോൽപന്നങ്ങൾക്കുമാണ്‌ വിദേശത്ത്‌ ഏറെ പ്രാധാന്യം. അതു കൊണ്ടു തന്നെയാണ്‌ ജൈവ നാളികേര ഉൽപന്നങ്ങൾക്ക്‌ നമ്മുടെ നാട്ടിലും മൂല്യം കൂടി വരുന്നത്‌.
തെങ്ങു വെട്ടി റബ്ബർ വച്ചിരുന്ന കാലത്ത്‌ കൽപവൃക്ഷത്തെ നിലനിർത്തി മാതൃക കാണിച്ച കേരകർഷകനാണ്‌ കോതമംഗലത്തെ ജയിംസ്‌ തോമസ്‌. ഈ കേരവൃക്ഷ സ്നേഹം വെറുതേയായില്ല, നാളികേര ഉൽപന്നങ്ങൾ കൊണ്ടു തന്നെ ജയിംസ്‌ ഇതിനോടകം പ്രസിദ്ധിയാർജിച്ചു കഴിഞ്ഞു. പ്രധാനമായും ജൈവ വെളിച്ചെണ്ണയാണ്‌ ജയിംസ്‌ നിർമ്മിക്കുന്നത്‌.
കഴിഞ്ഞ എട്ട്‌ വർഷത്തോളമായി പൂർണ്ണമായും ജൈവകർഷകനാണ്‌ ജയിംസ്‌. അദ്ദേഹത്തിന്റെ തോട്ടത്തിന്‌ ഇൻഡോസ്ര്ട്ടിൽ നിന്ന്‌ ജൈവ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്‌.
മാസം തോറും രണ്ടു ടണ്ണോളം ജൈവ വെളിച്ചെണ്ണയാണ്‌ ഇടനിലക്കാർ വഴി ജയിംസ്‌ തോമസ്‌ കയറ്റുമതി ചെയ്യുന്നത്‌. പ്രധാനമായും അമേരിക്ക, സൗദി അറേബ്യ, ചെക്ക്‌ റിപ്പബ്ലിക്ക്‌, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ്‌ കയറ്റുമതി ചെയ്യുന്നത്‌. ആദ്യ ആട്ടലിൽ തന്നെ വേർതിരിച്ചെടുക്കുന്ന നിറം കുറഞ്ഞതും വെളിച്ചെണ്ണയുടേതായ ഗന്ധമില്ലാത്തതുമായ എണ്ണയ്ക്ക്‌ അമേരിക്കയിലും യൂറോപ്പിലും നല്ല വിപണി സാധ്യതകളാണുള്ളത്‌. സാധാരണയായി വെളിച്ചെണ്ണ ഇറക്കുമതി ചെയ്ത ശേഷം വെളിച്ചെണ്ണയുടെ ഗന്ധം ഇല്ലാതാക്കിയാണ്‌ യൂറോപ്യന്മാർ വിപണിയിൽ വിൽക്കുന്നത്‌. വെളിച്ചെണ്ണയുടെ ഗന്ധം അധികം യൂറോപ്യൻമാർക്കും ഇഷ്ടമില്ലാത്തതു കൊണ്ടാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. എന്നാൽ വെളിച്ചെണ്ണയുടെ ഔഷധഗുണം മറ്റു എണ്ണകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറെ മുൻപന്തിയിലാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടു കൊണ്ടുതന്നെയാവാം അവർ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുന്നതും.

ജയിംസ്‌ തോമസ്‌ അമേരിക്കയിലേക്ക്‌ കയറ്റുമതി ചെയ്യുന്ന വെളിച്ചെണ്ണ കോളസ്ട്രോളിനെതിരായുള്ള മരുന്നു നിർമ്മാണത്തിനായാണ്‌ ഉപയോഗിക്കുന്നതെന്നുള്ളതാണ്‌ ഏറെ കൗതുകകരം. വെളിച്ചെണ്ണ സംസ്ക്കരിച്ച്‌ കാപ്സ്യൂളുകളാക്കി മാറ്റുമത്രേ. വെളിച്ചെണ്ണ കഴിച്ചാൽ കൊളസ്ട്രോൾ വരുമെന്ന്‌ വിളിച്ചു പറയുന്ന മലയാളികൾക്കു തന്നെ ഇതൊരു മറുപടിയാണ്‌.
ജയിംസ്‌ തോമസ്‌ തന്റെ 28 ഏക്കർ തെങ്ങിൻ തോട്ടത്തിൽ ജാതിയും കൊക്കോയും വാഴയും കമുകുമെല്ലാം ഇടവിളയായി കൃഷി ചെയ്യുന്നു. അദ്ദേഹത്തിന്റെ തോട്ടത്തിലെ ഒരു പൊതിച്ച നാളികേരത്തിന്‌ 800 ഗ്രാം മുതൽ 1 കി. ഗ്രാം വരെ തൂക്കം വരുന്നുണ്ട്‌. ജൈവകൃഷിയിലൂടെ തന്റെ വരുമാനം 30 ശതമാനത്തിലേറെ വർദ്ധിച്ചിട്ടുണ്ടെന്നാണ്‌ ജയിംസിന്റെ അഭിപ്രായം. സ്വന്തം ജൈവ തോട്ടത്തിലെ നാളികേരത്തിനു പുറമേ മറ്റു ജൈവ കർഷകരിൽ നിന്ന്‌ ഉയർന്ന വില നൽകി ജയിംസ്‌ നാളികേരം വാങ്ങി സംസ്കരിക്കുന്നുമുണ്ട്‌. രണ്ട്‌ കൊപ്ര ഡ്രയറുകളും രണ്ട്‌ എക്സ്പെല്ലറുകളും ഇദ്ദേഹത്തിന്‌ സ്വന്തമായുണ്ട്‌. ആറ്‌ മാസത്തോളമേ ആയിട്ടുള്ളൂ ജൈവ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാൻ ആരംഭിച്ചിട്ട്‌. വെളിച്ചെണ്ണ കയറ്റുമതി ചെയ്തിരുന്ന ജയിംസ്‌ ജൈവവെളിച്ചെണ്ണയുടെ ഡിമാന്റ്‌ കണ്ടാണ്‌ അതിലേക്ക്‌ തിരിഞ്ഞത്‌. ഇതുവരെ 15 ടണ്ണിലധികം വെളിച്ചെണ്ണ കയറ്റുമതി ചെയ്തുകഴിഞ്ഞു. ഒരു ലിറ്ററിന്‌ 100 രൂപയ്ക്കാണ്‌ പ്രാദേശികമായി വിപണനം ചെയ്യുന്നത്‌. 200 കി. ഗ്രം ബാരലുകളിലും 25 ലിറ്റർ കാണുകളിലുമാണ്‌ പായ്ക്ക്‌ ചെയ്യുന്നത്‌.
ജയിംസ്‌ തോമസ്‌ സന്തോഷവാനാണ്‌. ജൈവ സർട്ടിഫിക്കേഷനോടു കൂടിയ ജൈവ നാളികേരവും ജൈവ വെളിച്ചെണ്ണയും തന്നെയാണ്‌ ഇദ്ദേഹത്തെ സ്വപ്നതുല്യമായ സ്ഥാനം കരസ്ഥമാക്കാൻ സഹായിച്ചതു. കേരകർഷകർക്ക്‌ ഇതിലും വലിയ എന്തു മാതൃകയാണ്‌ വേണ്ടത്‌.
വിലാസം: ഒറ്റക്കാട്ടിൽ ഹൗസ്‌, ചേലാട്‌ പി.ഒ., കോതമംഗലം, മൊബെയിൽ: 9946662580.
കെഎൽഎഫ്‌ നിർമ്മൽ ഇൻഡസ്ട്രീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌
കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി രാജ്യത്തെ പ്രമുഖ വെളിച്ചെണ്ണ നിർമ്മാതാക്കളാണ്‌ കെഎൽഎഫ്‌ നിർമ്മൽ ഇൻഡസ്ട്രീസ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലൂടെ സംഭരിക്കുന്ന ഗുണമേന്മയുള്ള കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ 'കെഎൽഎഫ്‌ നിർമ്മൽ' ബ്രാൻഡിൽ വിപണനം ചെയ്യുന്നു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ്‌ എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടിയ ഓയിൽ മിൽ പ്രവർത്തിക്കുന്നത്‌.
ഇരിങ്ങാലക്കുട ഒരുകാലത്ത്‌ ചെറുകിട, ഇടത്തരം മില്ലുകളുടെ കേന്ദ്രമായിരുന്നു. കമ്പനിയുടെ സ്ഥാപകൻ ശ്രീ. കെ.എൽ. ഫ്രാൻസിസ്‌ ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകരിൽ നിന്ന്‌ നേരിട്ട്‌ ഗുണമേന്മയുള്ള കൊപ്ര ശേഖരിക്കുകയാണ്‌ ചെയ്തിരുന്നത്‌. ഇതുവഴി കർഷകർക്ക്‌ അവരുടെ ഉൽപന്നത്തിന്‌ നല്ലവിലയും ലഭിച്ചിരുന്നു. പരമ്പരാഗത റോട്ടറി ചക്കുകളിൽ  നിന്ന്‌ മാറി കൂടുതൽ അളവിൽ എണ്ണ ലഭ്യമാക്കുന്ന എക്സ്പെല്ലറുകൾ ഉപയോഗിക്കുവാൻ തുടങ്ങിയത്‌ അദ്ദേഹമാണ്‌.
കേരളത്തിൽ മാത്രമല്ല കർണ്ണാടകം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, മഹാരാഷ്ട്ര, ഒറീസ്സ, ഛത്തീസ്ഗഢ്‌ എന്നിവിടങ്ങളിലെല്ലാം വിപണിയുള്ള 'കെഎൽഎഫ്‌ നിർമ്മൽ' ഐഎസ്‌ഒ 9001 സർട്ടിഫിക്കേഷന്‌ ഉടമയാണ്‌. ഐഎസ്‌ഒ 14001 സർട്ടിഫിക്കേഷനും ഐസ്‌ഒ 22000 സർട്ടിഫിക്കേഷനും കെഎൽഎഫിന്‌ ലഭിച്ചിട്ടുണ്ട്‌.
2002-03 ലാണ്‌ കെഎൽഎഫ്‌ കയറ്റുമതി രംഗത്ത്‌ പ്രവേശിച്ചതു യു.എ.ഇ., ബഹ്‌റൈൻ, കുവൈറ്റ്‌, സൗദി അറേബ്യ, ഒമാൻ, ഖത്തർ തുടങ്ങിയ ഗൾഫ്‌ രാജ്യങ്ങളിലേക്കാണ്‌ വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നത്‌. അമേരിക്ക, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്‌ കയറ്റുമതി സംബന്ധിച്ച അന്വേഷണങ്ങൾ തുടരെ ലഭിക്കുന്നുണ്ട്‌.  ഈ രാജ്യങ്ങളിലേക്ക്‌ വെളിച്ചെണ്ണ കയറ്റുമതിയും ചെയ്യുന്നു. ഇന്ത്യൻ ചേമ്പർ ഓഫ്‌ കൊമേഴ്സ്‌ ആൻഡ്‌ ഇൻഡസ്ട്രിയുടെ പാരമ്പര്യേതര ഉൽപന്ന (വെളിച്ചെണ്ണ) ത്തിനുള്ള 2004-05ലെ കയറ്റുമതി അവാർഡും, നാളികേര വികസന ബോർഡിന്റെ ബെസ്റ്റ്‌ എക്സ്പോർട്ടർ 2008 അവാർഡും കെ.എൽ.എഫിന്‌ ലഭിച്ചിട്ടുണ്ട്‌.
വിലാസം:  ഫാദർ ഡിസ്മസ്‌ റോഡ്‌, ഇരിഞ്ചാലക്കുട, 680121, ഫോൺ: 0480-2826705.
പ്യൂർ ട്രോപ്പിക്‌
പ്രകൃതിയുടെ അമൂല്യവരദാനമായ കരിക്കിൻ വെള്ളം സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്ത്‌ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ്‌ പ്യൂർ ട്രോപ്പിക്‌. തെങ്ങുകൃഷി മേഖലയായ തിരുപ്പൂർ സ്വദേശികളായ ഷൺമുഖനും മോഹൻരാജും ചേർന്ന്‌ ആരംഭിച്ച പാർട്ട്ണർഷിപ്പ്‌ കമ്പനിയാണിത്‌. കരിക്കിൻ വെള്ളത്തിന്റെ ഡിമാന്റ്‌ മനസ്സിലാക്കി, സാദ്ധ്യതകൾ തിരിച്ചറിഞ്ഞ്‌ 'ടെൻഡോ' ബ്രാൻഡിൽ കരിക്കിൻവെള്ളം പായ്ക്ക്‌ ചെയ്ത്‌ വിപണിയിലിറക്കുന്നു.
കരിക്കിൻവെള്ളം അതിന്റെ ഏറ്റവും പ്രകൃതിദത്ത രൂപത്തിൽ, എല്ലാ ആരോഗ്യപരമായ മേന്മകളും സ്വാദും നിലനിർത്തിക്കൊണ്ട്‌ പായ്ക്ക്‌ ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. നിരവധി ഗവേഷണ, നിരീക്ഷണങ്ങൾക്കുശേഷം ടെട്രാ പായ്ക്കിൽ കരിക്കിൻ വെള്ളം പായ്ക്ക്‌ ചെയ്താൽ ഗുണമേന്മകളെല്ലാം അതേപടി നിലനിർത്താമെന്ന്‌ മനസ്സിലാക്കി ആ വഴി തെരഞ്ഞെടുക്കുകയായിരുന്നു. അൾട്രാ ഹായ്‌ ടെമ്പറേച്ചർ സ്റ്റര്റിലൈസേഷൻ രീതിയിലാണ്‌ കരിക്കിൻ വെള്ളം സംസ്ക്കരിച്ച്‌ പായ്ക്ക്‌ ചെയ്യുന്നത്‌. പ്രതിദിനം 1,75,000 കരിക്കാണ്‌ സംസ്ക്കരിക്കുന്നത്‌. പ്രതിമാസം 2 ലക്ഷം പായ്ക്കറ്റുകളാണ്‌ ഉത്പാദിപ്പിക്കുന്നത്‌. 200 മി. ലി. പായ്ക്കുകളിലാണ്‌ ടെൻഡോ വിപണിയിൽ ലഭിക്കുന്നത്‌.
പ്യൂർട്രോപ്പിക്കിന്റെ തുടക്കം അനായാസകരമായിരുന്നില്ല. ഉയർന്ന ഗുണനിലവാരം ഉണ്ടായിട്ടും ഉൽപന്നത്തിന്‌ വിപണി കണ്ടെത്താൻ ബുദ്ധിമുട്ടി. വടക്കേ അമേരിക്കൻ വിപണിയിലേക്കാണ്‌ ആദ്യ അവസരം തുറന്ന്‌ കിട്ടിയത്‌. വടക്കേ അമേരിക്കയിലെ ഏഷ്യക്കാർക്കിടയിൽ ടെൻഡോയ്ക്ക്‌ നല്ല സ്വീകരണമാണ്‌ ലഭിച്ചതു. ഇപ്പോൾ വടക്കേ അമേരിക്കയിലെ മുൻനിര ചില്ലറ വിൽപ്പനശാലകളിലെല്ലാം ടെൻഡോ ഇടം കണ്ടെത്തിയിരിക്കുന്നു. ആദ്യവിജയത്തിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ കയറ്റുമതിക്കായി ലോകം മുഴുവൻ തന്നെ ലക്ഷ്യമിടുകയാണിവർ. ഏഷ്യൻ ജനത വസിക്കുന്ന എല്ലാ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. വടക്കേ അമേരിക്കയ്ക്ക്‌ പുറമേ, യൂറോപ്പും ആസ്ത്രേലിയയും ടെൻഡോയുടെ വൻ വിപണിയായി മാറിയിട്ടുണ്ട്‌.
സംസ്ക്കരണത്തിന്റേയും വിതരണത്തിന്റേയും എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ്‌ 'ടെൻഡോ' ഉപഭോക്താവിന്റെ കയ്യിലെത്തുന്നത്‌. സ്ഥിരമായി ഒരേ കർഷകരുടെ തോട്ടങ്ങളിൽ നിന്നാണ്‌ കരിക്ക്‌ ശേഖരിക്കുന്നത്‌.  കരിക്ക്‌ താഴേക്ക്‌ വെട്ടിയിടാതെ കെട്ടിയിറക്കുകയാണ്‌ ചെയ്യുന്നത്‌. അതിനായി തെങ്ങിൽ കയറുന്നവർക്ക്‌ പ്രത്യേക പരിശീലനവും നൽകുന്നു. താഴേക്ക്‌ വെട്ടിയിടുന്നത്‌ കരിക്കിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാലാണിത്‌. ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും പ്യൂർട്രോപ്പിക്‌ തയ്യാറല്ല.
പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളം കയറ്റുമതി ചെയ്യുമ്പോൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി കരിക്കിൻ വെള്ളത്തിന്റെ പോഷകഗുണങ്ങളെക്കുറിച്ച്‌ ഭൂരിഭാഗം ജനങ്ങളും ബോധവാൻമാരല്ല എന്നതു തന്നെയാണ്‌. രണ്ടാമത്‌, തായ്‌ലന്റ്‌ പോലുള്ള രാജ്യങ്ങളിൽ നിന്ന്‌ തേങ്ങവെള്ളം പായ്ക്ക്‌ ചെയ്ത്‌ കുറഞ്ഞ വിലയ്ക്ക്‌ വിപണിയിൽ എത്തുന്നുണ്ട്‌. കരിക്കിൻ വെള്ളവും തേങ്ങവെള്ളവും തമ്മിൽ പോഷകഗുണത്തിലുള്ള അന്തരവും കരിക്കിൻവെള്ളത്തിന്റെ ആരോഗ്യദായകഗുണങ്ങളും ഉയർത്തിക്കാട്ടിയാൽ മാത്രമേ ഇത്തരം വെല്ലുവിളികൾ നേരിടാനാവൂ.
കയറ്റുമതി മേഖലയിൽ കമ്പനിക്ക്‌ ശുഭപ്രതീക്ഷകളാണുള്ളത്‌.  ലോകമെമ്പാടും തന്നെ ഉപഭോക്താക്കൾക്കിടയിൽ ആരോഗ്യദായക പ്രകൃതിദത്ത ഭക്ഷ്യോൽപന്നങ്ങളെ സംബന്ധിച്ച്‌ വർദ്ധിച്ചുവരുന്ന അവബോധം കരിക്കിൻവെള്ളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ശുഭോദർക്കമാണ്‌. കഴിഞ്ഞ സാമ്പത്തിക വർഷം 2011-12ൽ കമ്പനിയുടെ വാർഷിക വിറ്റുവരവ്‌ 2 കോടി രൂപയായിരുന്നു. 2010-11ൽ അത്‌ 40 ലക്ഷം രൂപ മാത്രമായിരുന്നു.  ഒരു ടെട്രാ പായ്ക്ക്‌ മേഷീൻകൂടി സ്ഥാപിച്ച്‌ 330 മി.ലി. വലിപ്പമുള്ള പായ്ക്കറ്റിൽ കരിക്കിൻ വെള്ളം പായ്ക്ക്‌ ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു.
വിലാസം:  283, മംഗളം റോഡ്‌, കറുവംപാളയം, തിരുപ്പൂർ-641604,
ണലയ: ൽറീരീരീ​‍ി​‍ൗ​‍േ ംമൽ.രീ​‍ാ
തരകൻ ഫുഡ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌
ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ പ്രവർത്തിക്കുന്ന തരകൻ ഫുഡ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ സാരഥി ലാലൻ തരകൻ ശ്രദ്ധേയനാകുന്നത്‌ ചുരണ്ടിയ തേങ്ങ ശീതീകരിച്ച്‌ കയറ്റുമതി ചെയ്യുന്നതിലൂടെയാണ്‌. തേങ്ങയുടെ വിലയിടിവാണ്‌ അദ്ദേഹത്തെ ഇത്തരമൊരു വേറിട്ട സംരംഭത്തിലേക്ക്‌ നയിച്ചതു. പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ, തൃശൂർ ജില്ലയിലെ ചാലക്കുടി മേഖലകളിൽ നിന്നാണ്‌ തേങ്ങ ശേഖരിക്കുന്നത്‌. സമീപപ്രദേശങ്ങളിൽ നിന്നും തേങ്ങ എടുക്കുന്നുണ്ട്‌. തേങ്ങ തൂക്കത്തിന്‌ എടുക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു കിലോഗ്രാമിന്‌ 11.50 രൂപ മുതൽ 12 രൂപ വരെയാണ്‌ നൽകുന്നത്‌.
പ്രതിമാസം 2 ലക്ഷം തേങ്ങ സംസ്ക്കരിക്കുന്നുണ്ട്‌. തേങ്ങ ചിരട്ട പൊട്ടിച്ച്‌ കാമ്പ്‌ പൊട്ടാതെ പുറത്തെടുക്കുന്നു. തേങ്ങയുടെ പുറന്തൊലി ചീകി കളഞ്ഞതിനുശേഷം വെളളം കളഞ്ഞ്‌ ശുദ്ധജലത്തിൽ നന്നായി കഴുകി, ഗ്രേറ്ററിൽ ഇട്ട്‌ ചുരണ്ടിയെടുക്കുന്നു. ലാലൻ തരകൻ സ്വയം രൂപകൽപ്പന ചെയ്ത ഗ്രേറ്ററാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ചുരണ്ടിയ തേങ്ങ പായ്ക്ക്‌ ചെയ്തതിനുശേഷം ശീതികരിച്ച്‌ വിപണനം ചെയ്യുന്നു. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ സംസ്ക്കരണം നടക്കുന്നത്‌. വെള്ളത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ വാട്ടർ ട്രീറ്റ്‌മന്റ്‌ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്‌.

ലാലൻ തരകൻ 2008ലാണ്‌ ശീതികരിച്ച തേങ്ങ കയറ്റുമതി ചെയ്യാൻ ആരംഭിച്ചതു. ആദ്യകാലത്ത്‌ ഗുജറാത്തിലെ ഒരു കമ്പനിക്ക്‌ ഉൽപന്നം കൊടുക്കുകയാണ്‌ ചെയ്തിരുന്നത്‌. 2010 ൽ സ്വയം കയറ്റുമതി ചെയ്യാൻ ആരംഭിച്ചു.ഒരു വർഷം 25 ടൺ ഉൽപന്നമാണ്‌ കയറ്റുമതി ചെയ്യുന്നത്‌. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്‌ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌. ഇതിനുപുറമേ, ഒരു മാസം 21 മുതൽ 25 ടൺ വരെ ഉൽപന്നം മറ്റ്‌ കയറ്റുമതി വ്യാപാരികൾക്ക്‌ നൽകുന്നുണ്ട്‌. 'കിൻകായ്‌' (സശിസമശ) ബ്രാൻഡിലാണ്‌ ഉൽപന്നം സ്വന്തമായി കയറ്റുമതി ചെയ്യുന്നത്‌. 2010ൽ സ്വന്തമായി കയറ്റുമതി ആരംഭിക്കുമ്പോൾ വാർഷിക വിറ്റുവരവ്‌ 50 ലക്ഷം രൂപയായിരുന്നത്‌ 2012 ൽ 1.5 കോടി രൂപയായി വർദ്ധിച്ചു.
ചുരണ്ടിയ തേങ്ങ ഉത്പാദനത്തിലെ ഉപോൽപന്നങ്ങളായ തേങ്ങയുടെ പുറന്തൊലി ഫിഷ്ഫീഡ്‌ നിർമ്മിക്കാനും തേങ്ങവെള്ളം ഉപയോഗപ്പെടുത്തി സൈഡർ നിർമ്മിക്കാനുമുള്ള തയ്യാറെടുപ്പിലാണ്‌ ലാലൻ തരകൻ.
നാളികേരോൽപന്നങ്ങളുടെ കയറ്റുമതിയിൽ പ്രതീക്ഷയുടെ നുറുങ്ങുവെളിച്ചമാണ്‌ ഈ വിജയഗാഥകൾ. ഇത്തരത്തിലുള്ള സംരംഭങ്ങൾ കയറ്റുമതിയിൽ പുതിയ ഉയരങ്ങൾ താണ്ടാൻ മാർഗ്ഗദർശനമേകുമെന്ന്‌ പ്രതീക്ഷിക്കാം.
വിലാസം:  എഴുപുന്ന പി.ഒ, ചേർത്തല, മൊബെയിൽ: 9447260482.







എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...