23 Oct 2012

അമേരിക്കൻ വിപണികളിൽ വർദ്ധിച്ചുവരുന്ന കേരോൽപന്ന സാന്നിദ്ധ്യം


പി. രത്തിനം

മുൻ ചെയർമാൻ, നാളികേര വികസന ബോർഡ്‌ & മുൻ എക്സിക്യുട്ടീവ്‌ ഡയറക്ടർ, എ.പി.സി.സി

ഈശ്വരന്റെ വരദാനമായ തെങ്ങ്‌ ആഹാരത്തിന്റെയും പാനിയത്തിന്റെയും രൂപത്തിൽ ഭക്ഷ്യസുരക്ഷ മാത്രമല്ല ഔഷധാഹാരവും പോഷകാഹാരവുമേകിക്കൊണ്ട്‌ ആരോഗ്യസുരക്ഷയും പോഷണ സുരക്ഷയും ശരീര സൗന്ദര്യപരിരക്ഷയുംനൽകി     'കൽപവൃക്ഷം' എന്ന നാമം അന്വർത്ഥമാക്കുന്നു. ഇളനീർ എന്ന ഒരൊറ്റ ഉൽപന്നം തന്നെ മേൽപ്പറഞ്ഞ എല്ലാ ധർമ്മങ്ങളും നിറവേറ്റുന്നു. തേങ്ങയാകട്ടെ അസംഖ്യം മൂല്യവർദ്ധിതോൽപന്നങ്ങളുടെ സമൃദ്ധ സ്രോതസ്സുമാണ്‌.
നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന നാളികേരം ആഭ്യന്തരഉപഭോഗത്തിനുശേഷം കൊപ്ര നിർമ്മാണത്തിനും വെളിച്ചെണ്ണ ഉത്പാദനത്തിനുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. വളരെ ചെറിയൊരു ശതമാനം മാത്രമാണ്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നത്‌. നാളികേരത്തിൽ നിന്ന്‌ നിർമ്മിക്കാവുന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിരവധിയാണ്‌. എല്ലായ്പ്പോഴും നാളികേരത്തിന്റെ വില വെളിച്ചെണ്ണ വിലയെ അടിസ്ഥാനമാക്കിയാണ്‌ നിശ്ചയിക്കുന്നത്‌.  അതുകൊണ്ട്‌ തന്നെ കർഷകർക്ക്‌ ന്യായമായ വില ലഭിക്കുന്നില്ല. അടുത്തിടെ വരെ കേരോൽപന്ന വൈവിദ്ധ്യവത്ക്കരണ രംഗത്ത്‌ കാര്യമായ പ്രവർത്തനങ്ങളൊന്നും തന്നെ കാഴ്ചവെയ്ക്കുവാൻ നമ്മുടെ കേരമേഖലയ്ക്ക്‌ കഴിഞ്ഞിരുന്നില്ല. നമ്മുടെ കേരമേഖലയൊട്ടാകെ ഒരു ഉടച്ചുവാർക്കൽ അനിവാര്യമാണ്‌. എല്ലാത്തിനുമുപരിയായി വേണ്ടത്‌ ഇതിനെല്ലാം അനുകൂലമായ മനസ്സാണ്‌.
തേങ്ങയിൽ നിന്ന്‌ മാത്രമല്ല, തെങ്ങ്‌ മൊത്തത്തിൽ തന്നെ മൂല്യവർദ്ധിതോൽപന്നങ്ങളുടെ ഖജനാവാണ്‌. വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തേങ്ങാപ്പാൽപൊടി, തൂൾതേങ്ങ, കൊഴുപ്പകറ്റിയ തൂൾതേങ്ങപ്പൊടി, കോക്കനട്ട്‌ ഡയറ്ററിഫൈബർ (ഭക്ഷ്യനാര്‌), തെങ്ങിൻ ശർക്കര, തെങ്ങിൻ പഞ്ചസാര, തേങ്ങവെള്ളത്തിൽ നിന്നും നിർമ്മിച്ച പാനീയങ്ങൾ, വിന്നാഗിരി, ഉത്തേജിത കരി, കയറും കയറുൽപന്നങ്ങളും, ഭൂവസ്ത്രം,  തൊണ്ടിൻ ചിപ്സ്‌, ചകിരിച്ചോർ, തെങ്ങിൻ തടി കൊണ്ടു നിർമ്മിച്ച ഫർണീച്ചർ, കരകൗശല വസ്തുക്കൾ തുടങ്ങിയവയ്ക്ക്‌ നല്ല വിപണന സാദ്ധ്യതകളാണുള്ളത്‌. വെളിച്ചെണ്ണയിൽ നിർമ്മിക്കുന്ന ഒളിയോ കെമിക്കലുകൾ, ബയോഡീസൽ, ബയോ ലൂബ്രിക്കന്റുകൾ എന്നിവ ചില ഏഷ്യ പസഫിക്‌ രാജ്യങ്ങളിൽ പ്രാമുഖ്യം നേടിവരുന്നുണ്ട്‌. മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വില ഏതുസമയത്തും വെളിച്ചെണ്ണയെ അപേക്ഷിച്ച്‌ വളരെക്കൂടുതലായിരിക്കും.
വാൾമാർട്ട്‌, ജയന്റ്‌, ഗ്രാന്റ്‌ മാർട്ട്‌, ഷോപ്പേഴ്സ്‌, സിവിഎസ്‌, റൈറ്റ്‌ എയ്ഡ്‌, വാൾഗ്രീൻ തുടങ്ങിയ യുഎൻ വിപണികളും ചൈന, വിയറ്റ്നാം, തായ്‌ലന്റ്‌ എന്നിവിടങ്ങളിലെ വിപണികളും സന്ദർശിച്ച വേളയിലെ എന്റെ ചില അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ്‌ ഞാൻ ഇവിടെ അവതരിപ്പിക്കുന്നത്‌. കഴിഞ്ഞ അഞ്ച്‌ വർഷങ്ങളായി അമേരിക്ക സന്ദർശനത്തിനിടയിൽ എന്റെ പ്രത്യേക ശ്രദ്ധ പതിഞ്ഞ ഒരു വിഷയം മുൻകാലങ്ങളിൽ ഏഷ്യൻ വിപണികളിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന ചില ഉൽപന്നങ്ങളുടെ സാന്നിദ്ധ്യം അമേരിക്കൻ വിപണിയിൽ വർദ്ധിച്ചുവരുന്നു എന്നതാണ്‌. പ്രസ്തുത ഉൽപന്നങ്ങളുടെ ചിത്രങ്ങൾ ഇതോടൊപ്പം കൊടുക്കുകയാണ്‌; നമ്മുടെ നിർമ്മാതാക്കൾക്കും സംരംഭകർക്കും കയറ്റുമതിക്കാർക്കും പ്രയോജനകരമാകമെന്ന്‌ പ്രതീക്ഷിക്കുന്നു.
കോക്കനട്ട്‌ ഷുഗർ, തേങ്ങപ്പാൽ ചേർന്ന ഐസ്ക്രീം, തൂൾത്തേങ്ങ ചേർന്ന വിവിധ ചോക്ലേറ്റുകൾ എന്നിവയും വിപണിയിൽ ലഭ്യമാണ്‌.
വിപണനതന്ത്രങ്ങൾ
വിപണനം ഒരു കളയാണ്‌, തൊഴിൽപരമായ വൈശിഷ്ട്യവും ബിസിനസ്സ്‌ തന്ത്രങ്ങളും ഇവിടെ അതീവ പ്രാധാന്യമർഹിക്കുന്നു. വിപണന തന്ത്രങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ട്രേഡ്മാർക്ക്‌, പായ്ക്കേജിംഗ്‌, ലേബലിംഗ്‌ തുടങ്ങിയവ പ്രധാനമാണ്‌. ഇത്തരം ഉൽപന്നങ്ങൾക്ക്‌ ആരോഗ്യപരമായ മേന്മയുണ്ടെങ്കിൽ അവ മികച്ച്‌ നിൽക്കും.
ട്രേഡ്മാർക്ക്‌ : ഉപഭോക്താവ്‌ വിശ്വസനീയ സ്രോതസ്സിൽ നിന്നള്ള ഗുണമേന്മയുള്ള ഉൽപന്നത്തെക്കുറിച്ച്‌ അത്യന്തം ബോധവാനാണ്‌. ട്രേഡ്‌ മാർക്കുള്ള ഉൽപന്നങ്ങൾ ട്രേഡ്‌ മാർക്ക്‌ ഇല്ലാത്തവയെ അപേക്ഷിച്ച്‌ വളരെ നന്നായി വിപണനം ചെയ്യപ്പെടുന്നു. ഫൈവ്സ്റ്റാർ, പെപ്സി എന്നിവയ്ക്കെല്ലാം ലോകവിപണിയിൽ നല്ല ഡിമാന്റാണുള്ളത്‌.
പായ്ക്കേജിംഗ്‌: ആകർഷകമായ പായ്ക്കേജിംഗ്‌ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. വിവിധതരം ആകർഷകമായ പായ്ക്കിംഗ്‌ സാമഗ്രികൾ വിപണിയിൽ ലഭ്യമാണ്‌. ഉപഭോക്താവിന്‌ സൗകര്യപ്രദമായ രീതിയിൽ പ്രത്യേകിച്ച്‌ ചെറിയ അളവിലും ഉടനടി ഉപയോഗിക്കുവാൻ അനുയോജ്യമായ വിധത്തിലും മറ്റുമുള്ള പായ്ക്കിംഗ്‌ വളരെയേറെ ലാഭകരമാണ്‌. പായ്ക്കേജിംഗ്‌ ഗവേഷണം ലോകമെമ്പാടും നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രീയയാണ്‌.
ലേബലിൽ നൽകുക: ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ച്‌ ഉപഭോക്താവ്‌ വളരെയേറെ ജാഗരൂകരാണ്‌. 100 മി.ലി. കരിക്കിൻവെള്ളം കുടിച്ചാൽ ലഭിക്കുന്ന ഊർജ്ജത്തേയും പോഷകങ്ങളേയും സംബന്ധിച്ച്‌ മനസ്സിലാക്കാൻ സാധിച്ചാൽ ജനത്തിന്‌ പ്രസ്തുത ഉൽപന്നം ബോദ്ധ്യപ്പെടുകയും തങ്ങളുടെ ആവശ്യമനുസരിച്ച്‌ ഉപയോഗിക്കേണ്ട അളവ്‌ തീരുമാനിക്കുവാൻ സാധിക്കുകയും ചെയ്യുന്നു.
'നിഷേ'  ഉൽപന്നങ്ങളുടെ വിപണനം: ശ്രദ്ധേയമായ മറ്റൊരു മേഖലയാണ്‌ 'നിഷേ' ഉൽപന്നങ്ങളുടേത്‌. ഇക്കാലത്ത്‌ വിപണിയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന നിരവധി 'നിഷേ' ഉൽപന്നങ്ങളുണ്ട്‌. ഇവയ്ക്ക്‌ നല്ല ലാഭവും ലഭിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌, വെർജിൻ വെളിച്ചെണ്ണ ഒരു മൂല്യവർദ്ധിത ഉൽപന്നമാണ്‌. വെർജിൻ വെളിച്ചെണ്ണ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന പുതിയ നിഷേ ഉൽപന്നങ്ങളായ മാസ്സാജ്‌ ഓയിൽ, അരോമ തെറാപ്പി ഉൽപ്പന്നങ്ങൾ, വെർജിൻ വെളിച്ചെണ്ണ കാപ്സ്യൂളുകൾ, ഷാമ്പൂ, ഫേഷ്യൽ ക്രീമുകൾ, ചർമ്മ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങിയവ ഫിലിപ്പീൻസ്‌, തായ്‌ലന്റ്‌, ഫിജി, സമോവ, അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന്‌ വിപണിയിൽ എത്താൻ തുടങ്ങിയിട്ടുണ്ട്‌. ഫിലിപ്പീൻസ്‌ വെർജിൻ വെളിച്ചെണ്ണ ഉത്പാദനം തുടങ്ങിയകാലത്ത്‌ ചെറിയ വിപണിയായിരുന്നു ഉണ്ടായിരുന്നതെങ്കിലും അവിടെ ലാഭകരമായിരുന്നു. ഇപ്പോൾ അവർക്ക്‌ വൻ കയറ്റുമതി വിപണിയുണ്ട്‌, വീണ്ടും പലവിധ വൈവിദ്ധ്യവത്കൃത ഉൽപന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.

നാളികേരത്തിന്റേയും നാളികേരോൽപന്നങ്ങളുടേയും പൊതുഗുണങ്ങൾ പ്രചരിപ്പിക്കുക: നാളികേരത്തിന്‌ പൊതുവേയും തേങ്ങാവെള്ളം, ഡയറ്ററിഫൈബർ, വെളിച്ചെണ്ണ, തെങ്ങിൻ ചക്കര തുടങ്ങിയ വിവിധതരം നാളികേരോൽപന്നങ്ങൾക്ക്‌ പ്രത്യേകിച്ചും നിരവധി ആരോഗ്യദായക, രോഗനാശക ഗുണങ്ങളുണ്ട്‌. നാലായിരത്തോളം വർഷങ്ങൾക്കുമുമ്പ്‌ രചിച്ച ആയുർവേദത്തിലെ പുരാതന ഗ്രന്ഥങ്ങളിൽ നാളികേരത്തിന്റെ ആരോഗ്യദായക ഗുണങ്ങൾ വർണ്ണിച്ചിരുന്നു. നാളികേരവും നാളികേരോൽപന്നങ്ങളും ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ സ്ഥാപിക്കുന്ന നിരവധി ശാസ്ത്രീയ തെളിവുകളുണ്ട്‌. വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന മധ്യശൃംഖല കൊഴുപ്പമ്ലങ്ങളെക്കുറിച്ചുള്ള നിഗോ‍ൂഢരഹസ്യങ്ങൾ പൂർണ്ണമായും വെളിപ്പെട്ട്‌ വരുന്നതേയുള്ളൂ.  ലാറിക്‌ അമ്ലത്തിനും കാപ്രിക്‌ അമ്ലത്തിനും വൈറസുകളേയും, സൂക്ഷ്​‍്മരോഗാണുക്കളേയും നശിപ്പിക്കുവാനുള്ള ശക്തിയുണ്ടെന്ന്‌ ശാസ്ത്രഞ്ജൻമാർ വളരെ മുമ്പ്‌ തന്നെ മനസ്സിലാക്കിയിരുന്നു. ശരീരം മദ്ധ്യശൃംഖല കൊഴുപ്പമ്ലങ്ങൾ ശേഖരിച്ച്‌ വയ്ക്കുന്നില്ല, മറിച്ച്‌ ഊർജ്ജമായി ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ലോറിക്‌ അമ്ലം ശരീരത്തിൽ മോണോലോറിനായി മാറി എച്ച്‌ ഐവി രോഗാണുക്കളെ നശിപ്പിക്കുന്നു.
നമുക്ക്‌ മനഃസ്ഥിതിയൊന്ന്‌ മാറ്റാം. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും ഗുണഗണങ്ങൾ ഉയർത്തിക്കാട്ടാം. അവയ്ക്കെതിരെ പൊരുതുന്നത്‌ അവസാനിപ്പിക്കാം. കേരവ്യവസായത്തിനൊരു പുതിയ ദിശാബോധം നൽകാം. അമേരിക്കൻ വിപണി മാത്രമല്ല, ലോകവിപണി തന്നെ പിടിച്ചടക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...