23 Oct 2012

അഭിഭാഷകന്‍റെ വ്യഥകള്‍

ബിജോയ് കൈലാസ്


വിചാരണക്കോടതികളില്‍ പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷകര്‍ അനുഭവിക്കുന്ന മനോവ്യഥകള്‍ അനവധിയാണ്. പ്രത്യേകിച്ചും കക്ഷികളുടെ വിഷമങ്ങള്‍ നേരിട്ട് കേള്‍ക്കുക എന്നത്.പല അവസരങ്ങളിലും കാലഹരണം വന്ന ചില നിയമങ്ങളും സംവിധാനങ്ങളും പോലെ മരവിച്ച്, യാതൊന്നും ചെയ്യാന്‍ കഴിയാതെ, നിസഹായരായി ഇരുന്നു പോകുകയാണ് ഞങ്ങള്‍
മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടെ മാതാപിതാക്കളുടെ എണ്ണം കൂടിവരുകയാണ് കേരളത്തില്‍. ഇന്നൊരു ഗള്‍ഫുകാരന്റെ അച്ഛനും അമ്മയും വന്നിരുന്നു. മകനെ ഗള്‍ഫിലയക്കുവാന്‍ സമ്പാദ്യമായി ഉണ്ടായിരുന്ന വസ്തു വിറ്റ് ചെറിയ ഒരു കിടപ്പാടത്തിലേക്ക് മാതാപിതാക്കള്‍ ഒതുങ്ങി. മകനോടുള്ള സ്‌നേഹം നിമിത്തം പുതിയ വീടും സ്ഥലവും അച്ഛന്റെയും അമ്മയുടെയും മകന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു.
ഗള്‍ഫിലെത്തിയ മകന്‍ ഫോണില്‍ വിളിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള വരുമാനം വന്നു തുടങ്ങിയപ്പോള്‍ മകന്റെ ഭാര്യയും മക്കളും ഒരു വാടക വീട്ടിലേക്ക് മാറിത്താമസിച്ചു.
വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ തനിച്ചായി.
മകന്‍ ജീവിതച്ചെലവിനു ഒന്നും നല്‍കുന്നില്ല. കിടപ്പാടം കൂട്ട് സ്വത്തായതിനാല്‍ ചികില്‌സക്കോ ജീവിക്കാനുള്ള തുക കണ്ടെത്താന്‍ വേണ്ടിയോ വില്‍പ്പന നടത്തുവാനും സാധിക്കുന്നില്ല. വസ്തു ഭാഗം ചെയ്‌തോ മറ്റോ വീട് വിറ്റാല്‍ തങ്ങളുടെ മരണശേഷം മകന് വീടില്ലതാകുമെന്ന് അമ്മ ആശങ്കപ്പെടുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്‍പില്‍ മകന് നാണക്കേട് ഉണ്ടാകുമെന്നതിനാല്‍ വൃദ്ധ സദനങ്ങളെ ആശ്രയിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല. മകനെതിരെ ജീവിതച്ചെലവിനു വേണ്ടി കേസുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണ് എന്നാണ് അമ്മയുടെ വാദം.
അവഗണനയുടെ പാതയില്‍ കൂടി മരണത്തിന്റെ തണുപ്പിലേക്ക് നടന്നടുക്കുമ്പോഴും പുത്രവാത്സല്യം ഒരു സ്‌നേഹച്ചൂടായി നെഞ്ചിന്റെ നെരിപ്പോടില്‍ സൂക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് മുന്‍പില്‍ നീതിദേവത എരിഞ്ഞില്ലാതാകുന്നത് ഞാന്‍ കണ്ടു.
അവര്‍ ഇറങ്ങിയ പുറകെ ജയന്‍ കയറി വന്നു. അയാള്‍ പത്ത് വര്‍ഷം ഗള്‍ഫിലായിരുന്നു. ഒരു സാധാരണ തൊഴിലാളി ആയിരുന്ന അയാള്‍ തുച്ഛമായ ശമ്പളത്തിന്റെ ഭൂരിഭാഗവും ഭാര്യയുടെ പേര്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഭാര്യയെ വിശ്വാ സമായിരുന്നതിനാല്‍ അയച്ച പണത്തിനു രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. തിരികെ വന്നപ്പോള്‍ ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പത്ത് വര്‍ഷം വിദേശത്തു ജോലി ചെയ്തിട്ടും ഒന്നും സമ്പാദിക്കാന്‍ കഴിയാത്ത, ഭാര്യക്കും മക്കള്‍ക്കും ചെലവിനു നല്‍കാത്ത, കഴിവുകെട്ട ക്രൂരനായ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഭാര്യ. ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്‍ കീഴില്‍ ഉള്ള നിരോധന ഉത്തരവ് നിലവിലുള്ളതിനാല്‍ മക്കളെപ്പോലും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് ജയന്‍. ജയന്‍ ധൂര്‍ത്തടിച്ചു നശിപ്പിച്ചു എന്ന് ഭാര്യ ആരോപിക്കുന്ന ഭാര്യയുടെ അമ്പതു പവന്‍ സ്വര്‍ണാഭരണങ്ങളും മാസം തോറും പതിനായിരം രൂപ ചെലവിലെക്കും ഉള്ള കേസിലെ ആവശ്യങ്ങളോട് അയാളുടെ പ്രതികരണം അയാളുടെ ഭാഷയില്‍ ഇങ്ങനെയാണ്….ഞാനൊരു സാധാരണക്കാരനാ സാറേ…എനിക്കൊന്നും അറിയില്ല…അവര് പറഞ്ഞതൊക്കെ കള്ളമാണ്…എന്റെ മക്കളാണ് സത്യം…ഞാന്‍ അധ്വാനിച്ചു നേടിയതെല്ലാം അവള്‍ക്കും മക്കള്‍ക്കും കൊടുത്തിട്ടുണ്ട്. ഇത് പറഞ്ഞാല്‍ കോടതി വിശ്വസിക്കില്ലേ?.
മതി ഇന്നത്തെ ഉറക്കം പോകാന്‍ ഇത്ര മാത്രം മതി..ആരുടെയൊക്കെയോ വിഷമങ്ങള്‍ ഞങ്ങളുടെതായി മാറുകയാണ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...