ഒരു വടക്കന്‍ വീഡിയോ ഗാഥ

ജെനിത് കാച്ചപ്പിള്ളി


ഇത് ഒരു കാലഘട്ടത്തിന്റെ കഥയാണ്, ഒരു ദേശത്തിന്റെ കഥയാണ്, സിനിമയില്‍ വന്നിട്ടില്ലാത്ത സിനിമാ കഥയെ വെല്ലുന്ന ഒരു സമൂഹത്തിന്റെ കഥയാണ്, സര്‍വോപരി എന്റെ കഥയാണ്…
അത്രയധികം ശാലീന സുന്ദരമല്ലാത്ത, പ്രത്യേകിച്ചു ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത ഒരു നാട്, ദൈവത്തിന്റെ സൃഷ്ട്ടി കര്‍മ്മ റിഹേഴ്‌സലിലെ ഫ്‌ലോപ്പ് ആയ ഒരു ഭാഗം അതായിരുന്നു ‘കോണകമുക്ക്’ എന്ന് പറയാം. ഗ്രാമം ആണോ എന്ന് ചോദിച്ചാല്‍ ഗ്രാമം അല്ല. എന്നാല്‍ പട്ടണമാണോ എന്ന് ചോദിച്ചാല്‍ പട്ടണവുമല്ല ഒരുമാതിരി ‘ഗ്രട്ടണം’ എന്ന് പറയാവുന്ന ഒരു നാട്. അവിടെയാണ് ഈ കഥ നടക്കുന്നത്.
കോണകമുക്കിലെ പേരു കേട്ട  വ്യവസായ പ്രമുഖനും, സമുദായ പ്രമാണിയും, സര്‍വകാര്യ പ്രസക്തനുമായിരുന്നു സുഗതന്‍ മുതലാളി. പ്രകാശ സംശ്ലേഷണം എളുപ്പം നടക്കുന്ന കഷണ്ടി തല, ഒരു ജാതി ഇരുണ്ട കളര്‍ ടോണ്‍. നവരസങ്ങളില്‍ പെടാത്ത ഒരു തരം പുച്ഛ ഭാവം സദാ മുഖത്ത്, മുണ്ടും ജുബ്ബയും വേഷം, ബ്രേക്കിന് മുന്‍പ് ചാനല്‍ ലോഗോ വരുന്നത് പോലെ അലമ്പ് പറയുന്നതിന് മുന്‍പ് ഇടം കൈ കൊണ്ടുള്ള ചന്തി ചൊറിച്ചില്‍,  സര്‍വോപരി ഡയറി മില്‍കിന്‍റെ സില്‍വര്‍ ഫോയിഡ് 2 തവണയെങ്കിലും ചവയ്ച്ചൂറ്റുന്ന ആറു പിശുക്കന്‍… ഇതൊക്കെയായിരുന്നു സുഗതന്‍ മുതലാളി. ദീപസ്തംഭം Super like എനിക്കും കിട്ടണം പണം ഇതായിരുന്നു പുള്ളീടെ ഒരു ലൈന്‍. നാട്ടില്‍ ചെയ്യാവുന്ന ബിസിനസ്‌ എല്ലാം തന്നെ ചെയ്തു ബോറടിച്ച അദ്ദേഹത്തിന്‍റെ അടുത്ത സംരംഭം കോണകമുക്കിന്‍റെ ചരിത്രത്തില്‍ Glass ink കൊണ്ട് രേഘപ്പെടുത്തിയിട്ടുള്ളതാണ്. കലയുമായി distance relation പോലും ഇല്ലെങ്കിലും ഏകമകളായ സീതയുടെ പേരില്‍ അദ്ദേഹം തുടങ്ങിയതാണ് കോണകമുക്കിലെ ആദ്യ ഓഡിയോ വീഡിയോ ഷോപ്പ് ആയ സീത ഓഡിയോസ് n വീഡിയോസ്.

അക്കാലത്ത് ടേപ്പ് റെക്കോഡര്‍, VCR ഇതൊക്കെ ഉള്ള വീടുകള്‍ കോണകമുക്കില്‍ കുറവാണ്. ടേപ്പ് റെക്കോഡര്‍ ഉള്ളത് ദുബായിക്കാരന്‍ അഹമ്മദ് ഹാജിയുടെ പാര്‍ലമെന്റ് മന്ദിരം പോലുള്ള എക്കോ കേള്‍ക്കണ വീട്ടിലാണ്. ഒരു VCP(VCRന്റെ അനിയന്‍) ഉള്ളതാവട്ടെ കയറു കമ്പനിയില്‍ കയറു പിരിക്കാന്‍ വന്ന തമിഴന്‍മാര് താമസിക്കണ കോളനിയിലും. സ്വഭാവം നോക്കിയാല്‍ അഹമ്മദ് ഹാജി ‘അഹമ്മതി’ ഹാജി ആയതു കൊണ്ട് അവിടെ നിന്ന് ടേപ്പ് റെക്കോഡര്‍ കിട്ടുക എന്നത് ഒരു പാട്ടുണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോളനിയിലാണെങ്കിലോ ഇടുന്നത് തമിഴ് പടമാണെങ്കിലും അത് കാണാന്‍ കുന്നുമല്‍ ശ്രീദേവി അടക്കം നാട്ടിലെ സകലമാന എരപ്പാളികളും അവിടെ ഉണ്ടാകും. അന്നൊക്കെ ഒരു രജനിപ്പടമൊക്കെ ഒരു തടവ് കണ്ടാല്‍ നൂറു തടവ് കണ്ട മാതിരി. ഒറ്റ കാഴ്ച്ചയില്‍ മനസിലെ ഹാര്‍ഡ് ഡിസ്‌കില്‍ ഫുള്‍ പടം സേവ്ഡ്! അങ്ങിനെയുള്ള നാട്ടില്‍ സീതയുടെ വരവോടു കൂടി ഉള്ളതില്‍ പലതും വിറ്റു തുലച്ചും, പലിശയ്ക്കു കാശെടുത്തും VCR, Tape Recorderകളുടെ കാര്യത്തില്‍ പലരും സ്വയം പര്യാപ്തരായി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ VCR, Tape Recorderകളുടെ എണ്ണമാണെങ്കിലോ നാട്ടുകാരുടെ എണ്ണത്തിനൊപ്പവുമായി. മുറുക്കാനിടിച്ചിരുന്ന മുത്തശ്ശിമാരടക്കം സകലരും Tape Recorderന്റെ Head ക്ലീന്‍ ചെയ്യാനും കാസറ്റിലെ ഫംഗസ് കളയാനും പഠിച്ചു. അങ്ങാടിയില്‍ ചുമ്മാ വായ നോക്കി ഇരുന്നവനോക്കെ ലോക സിനിമകള്‍ കണ്ടു തുടങ്ങി (കിണ്ണം കട്ട കള്ളന്‍, അയലത്തെ അദ്ദേഹം etc.) എന്നുമുള്ള പാല് വാങ്ങിക്കാന്‍ പോക്കു പോലെ കാസറ്റില്‍ പാട്ട് പിടിപ്പിക്കല്‍ പലരുടെയും ദിനചര്യയുടെ ഭാഗമായി. ദോശ മറിച്ചിടുന്ന ലാഘവത്തോടെ വീട്ടമ്മമാര് കാസറ്റ് മറിച്ചിട്ടു തുടങ്ങി.
രാവിലെ 7 മണി മുതല്‍ ഭക്തിഗാനം, 8 മുതല്‍ 10 വരെ സോഫ്റ്റ് സിനിമാ ഗാനങ്ങള്‍, 10 മുതല്‍ 11 വരെ ആല്‍ബം സോങ്ങ്‌സ്, 11 മുതല്‍ 1 വരെ കോമഡി കാസറ്റുകള്‍. ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയുള്ള ലഞ്ച് ബ്രേക്കിനു ശേഷം 2 മണിക്ക് ബ്ലോക്ക്‌ ബസ്റ്റര്‍ ചലച്ചിത്രങ്ങളുടെ ശബ്ദരേഖ ആരംഭിക്കും, വൈകുന്നേരങ്ങളില്‍ അടിപൊളി പാട്ടുകള്‍. രാത്രികളില്‍ വീണ്ടും സിനിമാ ശബ്ദരേഖ. ഇതായിരുന്നു സീതയിലെ പ്രോഗ്രാം ചാര്‍ട്ട്. ഇതൊക്കെയും വലിയ സ്പീക്കറുകളിലൂടെ അങ്ങാടിയെ ശബ്ദമുഖരിതമാക്കും. പല തവണ കേട്ട് കേട്ട് അന്നൊക്കെ ഇറങ്ങിയിരുന്ന കലാഭവന്‍ മണിയുടെ ഓരോ കോമഡി കാസറ്റും കോണകമുക്കുകാര്‍ക്ക് കാണാപാഠമായിരുന്നു. അതുകൊണ്ട് തന്നെ കോമഡി വരുന്നതിനു മുന്‍പേ പലരും ചിരി തുടങ്ങുമായിരുന്നു. സിനിമയുടെ ശബ്ദരേഖയില്‍ പിന്നെ മര്‍മ്മ പ്രധാനമായ ഭാഗങ്ങള്‍ മാത്രമേ കേള്‍പ്പിക്കൂ എന്ന പ്രത്യേകതയുണ്ട്. മുഴുവന്‍ കേള്‍പ്പിച്ചാല്‍ തീര്‍ന്നില്ലേ? ഇത് ആളുകളെ കാസറ്റ് എടുപ്പിക്കാനുള്ള കാഞ്ഞ ബുദ്ധി. കഥയിലേക്ക് ആകാംഷ ഉണര്‍ത്തി കാസറ്റി ലേക്ക് ആളുകളെ ആകര്‍ഷിക്കണ പരിപാടി. ഇന്ന് ചിന്തിക്കുമ്പോള്‍ പുതിയ കാസറ്റ് റിലീസുകളുടെ സുഗതന്‍ സ്‌റ്റൈല്‍ ഓഫ് ട്രെയിലര്‍ കൂടി ആയിരുന്നു അത്. യുട്യൂബ് ഇല്ലാത്ത അക്കാലത്തെ, കോണകമുക്കുകാരുടെ s tube – സുഗതന്‍ ട്യൂബ് ആയിരുന്നു സീത.
താരങ്ങളുടെയും സിനിമകളുടെയും ആല്‍ബങ്ങളുടെയും കോമഡി കാസറ്റുകളുടെയും പോസ്റ്ററുകള്‍ക്കിടയില്‍ പുട്ടിനു പീര എന്ന പോലെ സിനിമാ മംഗളത്തിന്റെ സെന്‍റര്‍ പേജ് ഒട്ടിച്ച രീതിയില്‍ ഉള്ളതായിരുന്നു കടയുടെ ഇന്റീരിയര്‍. ഇത് കാണാനായി മാത്രം കടയില്‍ വന്നു കുശലം പറയുന്നവരുടെ എണ്ണം കടയിലെ കാസറ്റുകളുടെ എണ്ണത്തെക്കാള്‍ കൂടുതലായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മാമുക്കോയയുടെ പല്ല് പോലെ പ്രീതി സിന്റയുടെ നുണക്കുഴി പോലെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോണകമുക്കിന്റെ മെയിന്‍ അട്ട്രാക്ഷനും പ്രധാന ലാന്‍ഡ്‌ മാര്‍ക്കും ആയി സീത മാറി. കച്ചവടം കൂടിയതിനു അനുസരിച്ച് കടയില്‍ ജീവനക്കാരി നിയമിതയായി. അത്താഴക്കുന്നിലെ ഷീലയുടെ മകള്‍ പ്രീതി. സുന്ദരി, സുമുഘി. എടുത്ത കാസറ്റിലെ നായികയെ മറന്നാലും അവളെ മറക്കില്ല എന്നതായിരുന്നു പ്രീതിയുടെ USP -Universal Selling Point. പ്രീതിയുടെ വരവോടെ അത്രയും കാലം കടയിലേക്ക് ശ്രദ്ധിക്കാതിരുന്ന മറ്റു പലരുടെയും ശ്രദ്ധ തിരിക്കാന്‍ സുഗതന്‍ മുതലാളിയ്ക്കായി എന്നുള്ളതായിരുന്നു സത്യം.
അതില്‍ ഒന്നാമനായിരുന്നു സുധീഷ്. പണി അറിയാമെങ്കിലും പണിക്കു പോകാതെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കുന്ന ഒരു പണിക്കരുടെ മകന്‍. അഭ്യസ്ത വിദ്യന്‍, സുന്ദരന്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കുങ്കുമപ്പൂവിലെ രുദ്രനെപ്പോലിരിക്കും. ചുമ്മാ കലുങ്കില്‍ ഇരിക്കുക, നാട്ടില്‍ നടക്കുന്ന എല്ലാ കളികളിലും, കല്യാണങ്ങളിലും പങ്കെടുക്കുക, പെണ്‍കുട്ടികളോടുള്ള താല്പര്യം, ഉപദേശങ്ങളോടും പണിയെടുത്തു ജീവിക്കുന്നവരോടുമുള്ള പുച്ഛം എന്നിങ്ങനെ ഒരു സാധാരണ ചെറുപ്പക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഉള്ള 916, ISO 9001 certified മുതല്. എന്നാല്‍ പ്രീതിയുടെ വരവോടെ സീതയോടുള്ള സുധീഷിന്റെ പ്രീതി പെട്ടന്ന് കൂടി. അങ്ങനെ സുധീഷ് സീതയിലെ സ്ഥിരം സന്ദര്‍ശകനായി. ഷീല മേമയുടെ പാരമ്പര്യം വെച്ച് പ്രീതി സുധീഷിനു ഒരു ടഫ്‌ സബ്ജക്റ്റ്‌ ആയിരുന്നേയില്ല. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്ന് പറഞ്ഞ പോലെ വളയാനിരുന്ന പ്രീതി ‘റ’ പോലെ വളഞ്ഞു. ശേഷമുള്ള സുധീഷിന്റെ ഓരോ വരവുമാകട്ടെ കോണകമുക്കുകാര്‍ക്ക് സിനിമയേക്കാള്‍ രസമുള്ള കാഴ്ചകളുമായി.
ഒരു നട്ടുച്ച നേരത്താണ് ആ ട്വിസ്റ്റ് ഉണ്ടായത്. എന്തോ അത്യാവശ്യത്തിനായി ഉച്ച സമയത്ത് കടയില്‍ വന്ന സുഗതന്‍ മുതലാളി അടച്ചിട്ടുന്ന ഷട്ടര്‍ അപ്രതീക്ഷിതമായി ഉയര്‍ത്തിയതും, പിന്നീട് സുധീഷും സുഗതനുമായി നടന്ന തല്ലും ബീപ് ചെയ്യാത്ത തെറി വിളിയും, പ്രീതിയുടെ മോങ്ങലും മാത്രമേ കോണകമുക്കുകാര്‍ കണ്ടുള്ളൂ. റീവൈന്‍ഡ് ചെയ്ത് ബാക്കിയുള്ളത് മനസില്‍ ഊഹിക്കുകയായിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം കട അടവായിരുന്നു. പിറ്റേ ദിവസം മുതല്‍ കടയില്‍ പ്രീതി ഇല്ല. മറ്റെല്ലാ കച്ചവടങ്ങളും നിര്‍ത്തി വെച്ച് പതിവിലും കാര്‍ക്കശ്യത്തോടെ സുഗതന്‍ മുതലാളി വീണ്ടും കടയുടെ ഐശ്വര്യമായി…
സുധീഷിനെ കുറിച്ച് കുറേ നാളത്തേക്ക് വിവരമൊന്നുമില്ലായിരുന്നു. ഒരു സുപ്രഭാതത്തില്‍ കുളിരുന്ന ആ വാര്‍ത്ത കേട്ടാണ് കോണകമുക്കുകാര്‍ ഉണര്‍ന്നത്. പുതിയ സംവിധാനങ്ങളുമായി കാലത്തിനു അനുയോജ്യമായി വീഡിയോ സിഡി ഷോപ്പ് സുധീഷ് തുറക്കുന്നു. പേര് മേഘ ഓഡിയോസ് n വീഡിയോസ്.
അത് ഇന്റര്‍വെല്ലിനു ശേഷമുള്ള കഥയുടെ പുതിയ ഒരു വഴിത്തിരിവായിരുന്നു.
സീതയുടെ നേരെ മുന്നിലായി കോണിപ്പടിയുടെ ചുവട്ടിലായല്ലാതെ വിശാലമായ ഒരു റൂമില്‍ നല്ല ഇന്റീരിയര്‍ ഡിസൈനില്‍ വീഡിയോ സിഡികള്‍ നിരന്നു. സീതയിലെ വോളിയത്തെക്കാള്‍ ഉയര്‍ന്ന വോളിയത്തില്‍ മേഘയില്‍ പരിപാടികള്‍ ഗംഭീരമായി. റീല് കുടുങ്ങുന്ന പ്രശ്‌നമില്ല, ഫംഗസ് പേടിക്കണ്ട, ലങ്കാദഹനം കാണാനെടുത്തിട്ട് പകുതി വഴിക്ക് ഭക്തകുചേല കയറി വരണ പരിപാടിയില്ല, പുറമേ വാടകയോ, സീതയിലേതിനെക്കാള്‍ 5 രൂപ കുറവും. കോണകമുക്കുകാരുടെ മനസില്‍ ലഡ്ഡു പൊട്ടാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. സുനാമി അടിച്ച പോലെ സിനിമാ പ്രാന്തന്‍മാരെല്ലാം മേഘയിലെത്തി. അതോടെ വീഡിയോ കാസറ്റുകള്‍ പഴങ്കഥകളായി. ഓര്‍മ്മയായ കാസറ്റിന്റെ റീലുകള്‍ കൊണ്ടുള്ള ഏക പ്രയോജനം കാക്കയെ ഓടിക്കാം എന്നുള്ളത് മാത്രമായി. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അല്പം വൈകിയ സുഗതന്‍ മുതലാളിയാകട്ടെ വീഡിയോ സിഡി ഇറക്കിയെങ്കിലും സുധീഷിന്റെ കസ്റ്റമര്‍ റിലേഷന് മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നുള്ളത് Mission Impossible 5 ആയിരുന്നു.
ഏതു സമയത്തും സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ കടയില്‍ ഉണ്ടാകും, അതും സിനിമയെ കുറിച്ച് വിവരമുള്ളവന്‍. ഇഉയോടൊപ്പം ചിരി + ചെറിയ ഒരു summary, സിഡി തിരിച്ചു എത്തിക്കേണ്ട കാര്യത്തില്‍ ആവശ്യത്തിനു സാവകാശം, പരിചയക്കാര്‍ക്കുള്ള പ്രത്യേക ഓഫറുകള്‍, സിനിമാ പ്രാന്തന്‍മാരിലെ BPL വിഭാഗക്കാര്‍ക്ക് ’2 രൂപയ്ക്ക് സിനിമ’ പോലുള്ള കര്‍മ്മപരിപാടികള്‍ ഇതൊക്കെ മേഘയുടെ മാത്രം പ്രത്യേകതകള്‍ ആയിരുന്നു. സ്‌കൂള്‍ വിട്ട സമയമാണെങ്കില്‍ ബസ് സ്‌റ്റോപ്പിലെ പെണ്‍ സാന്നിധ്യത്തിന് അനുസരിച്ച് കാസെറ്റ് സൈഡ് മാറി അങ്ങാടി റൊമാന്റിക്‌ ഗാനങ്ങളിലേക്ക്ക്ക് വീഴും. 2 രൂപയ്ക്ക് ഇഷ്ട്ടപ്പെടുന്നവര്‍ക്കായി Song dedication പരിപാടി വരെ ഉണ്ടായിരുന്നു എന്നോര്‍ക്കണം. സുഗതന്‍ മുതലാളിയെ അപേക്ഷിച്ച് സുധീഷ് ചെറുപ്പമായിരുന്നത് കൊണ്ട് ചെറുപ്പക്കാരുടെ കടയിലെ സാന്നിധ്യവും, പിന്തുണയും olympics inaugural ചടങ്ങൊക്കെ പോലെയുള്ള കാണേണ്ട കാഴച്ചകളായിരുന്നു. വാസ്തവത്തില്‍ മേഘയിലെ ജോലി അക്കാലത്തെ ചെറുപ്പക്കാരുടെ ഒരു dream job ആയിരുന്നു. അത് ശബളം കൊണ്ടോ ആനുകൂല്യങ്ങള്‍ കൊണ്ടോ അല്ല. ഏതു സമയവും പാട്ട് കേള്‍ക്കാം, എത്ര വേണമെങ്കിലും സിനിമ കാണാം, Wholesale ഷോപ്പില്‍ നിന്ന് സിഡി എടുക്കാനെന്ന പേരില്‍ ബൈക്കില്‍ ടൌണില്‍ കറങ്ങാം. റോഡിന്റെ സൈഡിലും ബസ് സ്‌റ്റോപ്പിന്റെ അടുത്തും ആയിരുന്നതിനാല്‍ ഇഷ്ട്ടം പോലെ പെണ്‍കുട്ടികളെ കാണാം. ഇതില്‍ കൂടുതല്‍ ഒരു ചെറുപ്പക്കാരന് എന്ത് വേണം?
അങ്ങനെ മേഘ കോണകമുക്കിന്റെ ദൃശ്യാനുഭവ ചരിത്രം തിരുത്തിയെഴുതി. പണത്തിനു മായ്ക്കാന്‍ കഴിയാത്ത ചീത്തപ്പേരില്ലല്ലോ. വരവ് കുറവായിരുന്നെങ്കിലും വരുത്തിയ പൈസ വാരിയെറിഞ്ഞ് സുധീഷ് സ്വന്തം പേരിലുള്ള അഴുക്കു മായ്ച്ചു. ക്ലീനിങ്ങിന്റെ കാര്യത്തില്‍ പണം Harpic നേക്കാള്‍ ഗുണം ചെയ്യുമെന്ന് സുധീഷ് തിരിച്ചറിഞ്ഞു. സുഗതന്റെ പരാജയം മാത്രം ലക്ഷ്യിട്ടിരുന്ന സുധീഷിനു പറ്റിയ അബദ്ധം കടയില്‍ ചെറുപ്പക്കാര്‍ക്കും നാട്ടുകാര്‍ക്കും കൊടുത്ത അമിത സ്വാതന്ത്ര്യമായിരുന്നു. അത് അധികം വൈകാതെ തന്നെ കോണകമുക്കില്‍ ഒരു വല്ലാത്ത സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു. ദേശാടന കിളികളെപ്പോലെ ഇടയ്ക്ക് അന്യദേശങ്ങളില്‍ നിന്ന് വന്നു പോകുന്ന ചെറുപ്പക്കാര്‍, ഷോപ്പിനകത്ത് ഇരുന്നുള്ള വെള്ളമടി, ചൂളമടി, ചെവിയുടെ Mother Board തകര്‍ക്കുന്ന പാട്ട് വെയ്പ്പ്, ഇതൊക്കെ സിനിമയ്ക്കിടയിലെ Commercial Break പോലെ നാട്ടുകാര്‍ക്ക് അസഹ്യമായി തുടങ്ങി. ഇതിനു പുറമേ വാടകയ്ക്ക് കൊടുത്ത സിഡി തിരിച്ചു ചോദിക്കുന്നു എന്നുള്ളത് ഒരു വിഭാഗത്തിന്റെ വ്യാപകമായ എതിര്‍പ്പിനിടയാക്കി. ബിറ്റ് സിഡി കൊണ്ട് പോകുന്ന മാന്യന്‍മാരുടെ പേര് വിവരങ്ങള്‍ ഷോപ്പില്‍ നിന്ന ചില കുരുത്തം കെട്ടവന്‍മാര്‍ നാട്ടില്‍ ചോര്‍ത്തിയതും, നേരിട്ട് കാണുമ്പോള്‍ അര്‍ത്ഥതലങ്ങളുള്ള ഒരുമാതിരി മറ്റേ ചിരി ചിരിക്കുന്നു എന്നുള്ളതും വേലി തന്നെ വിളവു തിന്നു തുടങ്ങിയതുമൊക്കെ എരിതീയില്‍ സ്പിരിറ്റായി.
അങ്ങനെ പതിയെ പതിയെ ചായക്കടയിലെ ഒഴിഞ്ഞ കണ്ണാടിക്കൂടുകള്‍ പോലെ മേഘയിലെ ഷെല്‍ഫുകള്‍ മാറി. കച്ചോടം ചടങ്ങിനു മാത്രമായി. സുഗതന്റെ പരാജയം കാണുക എന്ന ലക്ഷ്യം മാത്രമായിരുന്നതിനാല്‍ സുധീഷിന്റെ താല്പര്യം കൂട്ടാന്‍ ഒരു മുസ്‌ലി പവറിനും ആയതുമില്ല. ഒപ്പം DVD, Blue-ray Technology, Internet, Mobile Phones എന്നിവയുടെ വരവ് കൂടിയായപ്പോള്‍ അങ്ങനെ അങ്ങനെ കാലത്തിന്റെ കുത്തൊഴുക്കില്‍ ആ ഒരു യുഗം കോണകമുക്കില്‍ നിന്നും എമറല ആവുകയായിരുന്നു.
**************************
ഒറ്റ മകളുടെ വിവാഹമൊക്കെ കഴിഞ്ഞ സുഗതന്‍ മുതലാളി ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം. ബിസിനസുകള്‍ എല്ലാം തന്നെ ജോലിക്കാര്‍ ഏറ്റെടുത്തു നടത്തുന്നു. പുള്ളി മേല്‍നോട്ടം മാത്രം. സുധീഷ് ഇപ്പോള്‍ Catering business ആണ് ചെയ്യുന്നത്. ഇത് പിന്നെ ജീവിക്കാന്‍ വേണ്ടിയായതു കൊണ്ട് ലാഭമുണ്ടാക്കാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് കാറ് വാങ്ങിച്ചു. ഇപ്പോള്‍ കല്യാണ ആലോചനകള്‍ തകൃതിയായി നടക്കുന്നു.
പ്രീതിയുടെ കല്യാണം കഴിഞ്ഞു. ഭര്‍ത്താവ് മിലട്ടറി സുകുമാരന്‍. 2 കുട്ടികള്‍. സകുടുംബം ഇപ്പോള്‍ ഡറാഡൂണില്‍ ആണെന്ന് കേള്‍ക്കുന്നു.
സീതയുടെ സ്ഥലത്താണ് ഇപ്പോള്‍ പ്രകശേട്ടന്റെ മണ്ണെണ്ണ ചേര്‍ത്ത പെട്രോള്‍ വില്‍ക്കണ കട. മേഘയിപ്പോള്‍ നാട്ടിലെ പുതു തലമുറയിലെ പിറുങ്ങിണി പിള്ളാരുടെ ക്ലബ് ആണ്. ഒരു കാലഘട്ടത്തിന്റെ സ്മാരകം പോലെ മേഘയിലെ BPL ടീവി ക്ലബ്ബില്‍ പ്രകാശം പൊഴിക്കുന്നു…
ഏറ്റവും വലിയ രസം മനോജേട്ടന്റെ മകന്‍ ചോട്ടുവിന്റെ സൈക്കിളിനു മുന്‍ ഭാഗം ഇപ്പോഴും അലങ്കരിക്കുന്നത് അന്ന് മേഘയില്‍ നിന്നെടുത്ത മേഘം സിനിമയുടെ സിഡിയാണ്. വാസന്തിച്ചേച്ചി കൊപ്ര ഓണക്കാനിടുമ്പോള്‍ കാക്കയെ ഓടിക്കാന്‍ കെട്ടുന്നതോ? പഴയ കാസറ്റിന്റെ റീലും… :)


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ