ഇന്നലെകള്‍ ഇങ്ങനെയായിരുന്നു

റോബിൻസ് കെ പോൾ

പിളര്‍ന്നൊരു കരളും
പൊരിവെയിലിന്റെ വിശപ്പും
ഇടകലര്‍ന്ന പൂര്‍വാശ്രമം.
പൂവിന്റെ രക്ത വര്‍ണ്ണങ്ങളില്‍
പിറവിയുടെ പുണ്യങ്ങളെ
പിഴുതെടുത്ത നാളുകളില്‍
വേദന കടലിന്റെ ഇരമ്പലായി
കാടിന്റെ കറുത്ത മുഖമായി
ജന്മമെടുത്തു.കുരുതി കൊടുത്ത പ്രണയത്തിന്റെ
ഓര്‍മയ്ക്കായി കോറിയിട്ട വരികള്‍
വിലപേശി വിറ്റവന്‍.
ഓടി ഒളിക്കാന്‍ തീപ്പന്തങ്ങള്‍ നിറച്ചു
മദ്യശാലയില്‍ പാട്ട് പാടിയവന്‍.
ഓര്‍ത്തു മറക്കുവാന്‍ കുമ്പസാര കൂടിനു
ആണിയടിച്ചവന്‍.
വൃത്തികേടിന്റെ മാറാല ചുമന്നവളുടെ
വെറുപ്പിന്റെ ചുവന്ന ചുണ്ടുകള്‍
കടിച്ചു മുറിപ്പെടുത്തിയവന്‍.
പാപിയാണവന്‍
പാപിനിയുടെ ഗര്‍ഭപാത്രത്തില്‍ പിറന്നവന്‍.
നോക്കുകുത്തികളുടെ ലോകത്ത്
നോവിന്റെ ഉള്‍വിളികള്‍ നേര്‍പ്പിച്ച്
വിഷക്കുപ്പിയുടെ നുര പൊന്തലില്‍
ജനിപ്പിച്ചവളെ എന്നെന്നേക്കുമായി
നഷ്ടപ്പെടുത്തിയവന്‍. കാറ്റും കടലും കാട്ടാറും
കൊടിമരങ്ങളും കടന്നിതാ
ജീവിതത്തിന്റെ തണുത്ത
ജീര്‍ണത പുതയ്ക്കുവാന്‍
കിതപ്പാറ്റി നില്‍ക്കുകയാണ്.
യന്ത്രങ്ങള്‍ ഞെരിഞ്ഞമരുന്ന
ഈ രാജ്യത്തിന്റെ യാന്ത്രികതയില്‍
രാവിന്റെ സ്ഫടിക ജാലകങ്ങളില്‍
നിര്‍വികാരനായി..
കണികകളുടെ ശാസത്രമാപിനിയുമായി
വലിയ കണ്ണടകള്‍ വെച്ച്
എല്ലാം അളന്നു തിട്ടപ്പെടുത്തുകയാണവന്‍.
നിറം മങ്ങലുകള്‍ക്കിടയിലും
പതിവ് പുലര്ച്ചയകുവാന്‍
പ്രാര്‍ഥിക്കുകയാണ്..

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ