ഇതാവെണമെടാ പോലീസ്, ഇതാണെടാ പോലീസ്..

റഹ് മാൻ സെയ്ദ്


സഹോദരാ.. താങ്കള്‍ക്ക് വേണ്ടി ഇനി വല്ലതും ഞങ്ങള്‍ ചെയ്തു തരണമോ എന്ന് നിങ്ങളോടരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഉണ്ടായിരിക്കാം പക്ഷെ അത് ഒരിക്കലും നമ്മുടെ നാട്ടിലെ പോലീസുകാരില്‍ നിന്നും ഉണ്ടായി എന്ന് പറഞ്ഞാല്‍ ഇല്ല അങ്ങനെ അനുഭവമുള്ള ഒരാളും നമ്മുടെ നൂറ്റി നാല്‍പതു കോടിയുടെ ഇടയില്‍ ഉണ്ടാവില്ല. എന്നാല്‍ ഞാനീ പറഞ്ഞു വരാന്‍ കാരണം നാല്പതാം ദേശിയ ദിനം ആഘോഷിക്കുന്ന യു.എ.ഇ.യുടെ ഈ ആഘോഷ വേളയില്‍ ഓരോ ഇമാറത്തി യുടെയും അഭിമാനം സ്ഫുരിക്കുന്ന വാക്കുകളില്‍ അവര്‍ പാടിപ്പുകഴ്ത്തുന്ന ‘അന ഇമാറതി’എന്നാ ഗാനത്തിന്റെ ശരിയായ അര്‍ഥം ഞാന്‍ മനസ്സിലാക്കിയ നിമിഷം എന്റെ ഓര്‍മയില്‍ ഓടിവന്നപ്പോഴാണ്.
അബുദാബി യില്‍ നിന്നും ഏതാണ്ട് ഇരുനൂറ്റി മുപ്പതോളം കിലോമീറ്റെര്‍ അകലെ യുള്ള റുവൈസ് എന്ന സ്ഥലത്തേക്ക് ഏകനായി യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ഏതാണ്ട് നൂറ്റി ഇരുപതു കിലോമീറ്റെര്‍ അകലെയുള്ള സ്ഥലമായ അബുല്‍ അബിയാഥ് എന്ന സ്ഥലമെത്തിയപ്പോഴേക്കും വാഹനവും കേടു വരുന്നു. മാസം ജൂണ്‍. സമയം നട്ടുച്ച. ചൂടിനാല്‍ തിളച്ചു നില്ക്കുന്ന അന്തരീക്ഷം. ഈ സ്ഥലം ആണെങ്കില്‍ കൈ കാട്ടിയിട്ട് നിര്‍ത്താതെ പാഞ്ഞു പോകുന്ന ട്രക്ക് കള്‍ അല്ലാതെ ഒരു മനുഷ്യ ജീവിയും കാണാന്‍ കഴിയാത്ത സ്ഥലം. ഓടുന്ന സമയത്ത് ഓഫായിപ്പോയ വണ്ടിയകട്ടെ ഏതാണ്ട് റോഡിനോട് ചേര്‍ന്നും. വിശപ്പും ദാഹവും എന്ത് ചെയ്യണമെന്നും അറിയാതെ ചുട്ടു പൊള്ളുന്ന ചൂടില്‍ തളര്‍ന്നിരിക്കുന്ന എന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന അറബിയില്‍ ‘ശുര്‍ത്ഥ’എന്നെഴുതിയ അബു ദാബി പോലീസിന്റെ കാര്‍. വന്നു നിന്നപ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിക്കു ഫൈന്‍ തരാനും നിര്‍ത്തിയിട്ടതിനു ചീത്തവിളിക്കാനും ഇപ്പോള്‍ പോലീസുകാരന്‍ ഇറങ്ങി വരും എന്ന് കരുതി പരുങ്ങിയ എന്റെ മുന്നിലേക്ക് പുഞ്ചിരി തൂകുന്ന മുഖ വുമായി സലാം പറഞ്ഞു ഇറങ്ങി വന്ന ആ പോലീസുകാരന്റെ മുഖം മരിക്കുന്നത് വരെ എന്റെ മനസ്സില്‍ നിന്ന് പോകില്ല.
വാഹനം കേടായി എന്ന് പറഞ്ഞ എന്നോട് വേറെ ഒന്നും പറയാതെ അനിയാ നീ ഭക്ഷണം വല്ലതും കഴിച്ചോ എന്ന ആ അധികാരിയുടെ ഹൃദ്യമായ ചോദ്യം ഇന്നും എന്റെ ഹൃദയത്തിനു കുളിരായി നില്കുന്നു. കമ്പനിയില്‍ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആള് എത്തുമെന്നും പറഞ്ഞ എന്നോട് ‘വരൂ നമുക്ക് പോയി ഭക്ഷണം കഴിച്ചു വരാം’ എന്ന് പറഞ്ഞു ഏറെ നിര്‍ബന്ധിച്ച അവര്‍ അവരെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതി മാത്രം വേണ്ട എന്ന് സ്‌നേഹപൂര്‍വ്വം നിരസിച്ച എനിക്ക് അവസാനം അവര്‍ക്ക് കുടിക്കാന്‍ സൂക്ഷിച്ചിരുന്ന വെള്ളത്തിന്റെ ബോട്ടില്‍ തന്നു കൊണ്ട് എന്നോട് ചോദിച്ച’ഇനി എന്ത് സഹായമാണ് ഞങ്ങള്‍ നിനക്ക് വേണ്ടി ചെയ്തു തരേണ്ടത്’ എന്ന ആ ചോദ്യം എങ്ങിനെ എനിക്ക് മറക്കാന്‍ കഴിയും.എല്ലാ തളര്‍ച്ചയും ഒരു പോലീസുകാരന്റെ അല്ല ഇമാറാതിയുടെ ആ ഹൃദ്യമായ പെരുമാറ്റത്തില്‍ നിന്നും മാറിയ ഞാന്‍ കൈ വീശി അവരെ യാത്രയാക്കുമ്പോള്‍ ഒരു സമൂഹം എങ്ങിനെയായിരിക്കണം ഒരു സമൂഹത്തില്‍ ഒരു വ്യക്തി എന്തായിരിക്കണം ഒരു നിയമ പാലകന്‍ എങ്ങിനെ ആയിരിക്കണം തുടങ്ങിയ ഒരു പാട് കാര്യങ്ങള്‍ എനിക്കവര്‍ കാട്ടിതരുകയായിരുന്നു.
പ്രസവവേദന കൊണ്ട് പുളയുന്ന സഹോദരിയെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന നേരം പോലും വണ്ടി തടഞ്ഞു എച്ചി കാശിനു കൈ നീട്ടുന്ന പോലീസുകാരുള്ള നമ്മുടെ നാട്ടില്‍ ,അല്ല അത് മാത്രം കണ്ടും കേട്ടും വളര്‍ന്ന നമുക്ക് വലിയൊരു പാടമായി ഇങ്ങനെയൊരു സമൂഹം ഇപ്പോഴും ജീവിക്കുന്നു. അതിനാല്‍ തന്നെ ഇമാറത്തിന്റെ ഈ ദേശീയ ദിനം എനിക്ക് ഒരു പാട് ഹൃദ്യമായി തോന്നുന്നു. ഹൃദയ വിശാലത കൊണ്ട് ആകാശത്തോളം വലുതായ എന്റെ ഈ നാടിന്നു ഒരു പാട് ആശംസകള്‍ ഞാന്‍ നേരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ