നോവൽ/കുലപതികൾ


സണ്ണി തായങ്കരി

രണ്ട്‌

ഹിത്യനായ എബ്രോണിനോട്‌ നാനൂറ്‌ ഷെക്കൽ വെള്ളികൊടുത്തുവാങ്ങിയ പൂർവദിക്കിലുള്ള മാമ്രേയുടെ കിഴക്കുഭാഗത്തെ മക്പലായുടെ ഗുഹയിലെ കല്ലാര്‌റയിലേയ്ക്ക്‌ കിഴക്ക്‌ വെള്ളകീറുംമുമ്പ്‌ അബ്രാഹവും ഏലിയേസറും ഏതാനും ഭൃത്യന്മാരും കഴുതപ്പുറത്ത്‌ യാത്രതിരിച്ചു.
മക്പലായുടെ മണൽത്തിട്ടകൾ കടന്ന്‌ ചോളവയലുകൾ അതിരു തീർക്കുന്ന ഹിത്യരുടെ ഭൂമിയിൽ അവരെത്തി. വയൽക്കരയിൽ വളർന്നു പന്തലിച്ചുനിൽക്കുന്ന വൃദ്ധവൃക്ഷച്ചുവട്ടിൽ, സാറായുടെ കല്ലാര്‌റ സ്ഥിതിചെയ്യുന്ന ഗുഹയ്ക്കുപുറത്ത്‌ ഭൃത്യൻ കഴുതയെ നിറുത്തി. ക്ഷീണിതനായ അബ്രാഹത്തിനെ കഴുതപ്പുറത്തുനിന്ന്‌ ഇറങ്ങാൻ ഭൃത്യൻ സഹായിച്ചു. വിദഗ്ധനായ മരയാശാരി ഓക്കുമരത്തിന്റെ ശിഖരം ചീകിമിനുസ്സപ്പെടുത്തി കൊത്തുപണികൾ ചെയ്ത്‌ മനോഹരമാക്കി, കൈപ്പിടിയിൽ സ്വർണം പൊതിഞ്ഞ വടിയൂന്നി, മറുകൈ ഏലിയേറിന്റെ തോളിലിട്ട്‌ അബ്രാഹം ഗുഹയിലേയ്ക്ക്‌ നടന്നു. മറ്റൊരു ഭൃത്യൻ ഗുഹാമുഖം മറച്ചിരുന്ന കല്ലുരുട്ടിമാറ്റി. ഗുഹയിലേക്ക്‌ കടക്കാൻ തുനിഞ്ഞ ഭൃത്യനെ വിലക്കി, അബ്രാഹം തനിച്ച്‌ ഗുഹയിൽ കടന്നു. വീഴാതിരിക്കാൻ ഗുഹയുടെ അരുകുചേർന്ന്‌ ഭിത്തിയിൽ ഇടതുകൈയൂന്നി മുന്നോട്ടുനീങ്ങി.
മക്പലായുടെ ആകാശമദ്ധ്യത്തിൽ, മൊട്ടക്കുന്നുകൾക്കുമുകളിൽ സൂര്യൻ ജ്വലിച്ചുനിന്നെങ്കിലും ഗുഹയ്ക്കുള്ളിൽ പ്രകാശത്തിന്‌ ചാരനിറമായിരുന്നു. പുറത്തുനിന്നും അരിച്ചെത്തിയ ശുഷ്ക്കിച്ച പ്രകാശ രേണുക്കൾ പടർന്നിറങ്ങുന്ന ഗുഹാദ്വാരത്തിലൂടെ  വേച്ചുവേച്ചു നടക്കുമ്പോൾ നരിച്ചീറുകൾ കൂട്ടത്തോടെ ചിറകടിച്ചുപറന്നു. ഗുഹാമുഖത്തുനിന്നെത്തിയ വെളിച്ചത്തിന്റെ ചീളുകൾ പതിച്ചപ്പോൾ ഗുഹയുടെ മേലാപ്പിൽ ചിറകിട്ടടിച്ച്‌ അവ ഏതിർദിശയിലേയ്ക്ക്‌ പറന്നുപോയി.
കല്ലാര്‌റയുടെ ഉയർന്നുനിൽക്കുന്ന മേൽത്തട്ടുകണ്ടു. നിർന്നിമേഷനായി, വാർധക്യത്തിന്റെ വർധിതമായ അടയാളങ്ങളോടെ, കല്ലാര്‌റയോട്‌ ചേർന്ന്‌, ഗുഹാഭിത്തിയിൽ ചാരിനിൽക്കുമ്പോൾ പീളകെട്ടിയ കണ്ണുകളിൽനിന്ന്‌ ബാഷ്പബിന്ദുക്കൾ നെഞ്ചോളമെത്തുന്ന സമൃദ്ധമായ ശുഭ്രവർണമുള്ള ദീക്ഷയിൽ വീണ്‌ പടർന്നു.
നിശബ്ദമായ ധ്യാനനിമിഷങ്ങൾ... പരാതികൾ... സങ്കടങ്ങൾ...
കല്ലാര്‌റയുടെ തലയ്ക്കൽ ഉയർന്നുനിന്ന കരിങ്കൽ ഭിത്തിയിൽ ചിറകിട്ടടിച്ച്‌ ഏതോ പക്ഷി വട്ടം പറക്കുന്നത്‌ അബ്രാഹം അറിഞ്ഞു. ഉള്ളിലെവിടെയോ ഒരു വിസ്ഫോടനം... തലച്ചോറിൽ അത്‌ തരംഗങ്ങളായി അലയടിച്ചു. ശുഭ്രവസ്ത്രത്തിന്റെ നിഴലാട്ടം... അബ്രാഹത്തിന്റെ മുഖം വിവർണമായി. പ്രകാശം  സ്വർണക്കതിരുകളായി പടർന്നുകയറി. ആരുടെ കേവലദൃശ്യത്തിനായി കേണുവോ, അതേരൂപം... തൊട്ടരുകിൽ... ഇനി തുറക്കാം ഇടനെഞ്ചിലെ സങ്കടങ്ങളുടെ പേടകം.
ശരീരത്തിന്‌ വിറയൽ ബാധിക്കുന്നത്‌ അബ്രാഹം അറിഞ്ഞു. സാവധാനം കല്ലാര്‌റയ്ക്ക്‌ സമീപമുള്ള കരിങ്കൽ പീഠത്തിൽ അബ്രാഹം ഇരുന്നു.
"പ്രിയേ... ഈ വേർപാട്‌ എനിക്ക്‌ സഹിക്കാനാവുന്നില്ല..."
പീളകെട്ടിയ കണ്ണുകളിൽ സ്പർശിക്കണമെന്നുണ്ട്‌, സാറായ്ക്ക്‌. പക്ഷേ... മരണം തങ്ങൾക്കിടയിൽ അദൃശ്യവും അഭേദ്യവുമായ കൽമതിൽ തീർത്തിരിക്കുകയാണല്ലോ?
"അങ്ങിത്ര ബലഹീനനാകുന്നതെന്ത്‌? ഒരു ജന്മംമുഴുവൻ ഞാൻ കൂടെയുണ്ടായിരുന്നതല്ലേ?"
"അതെ. അതുകൊണ്ടുതന്നെയാണ്‌ എനിക്കീഏകാന്തത്ത ജീവിതശൂന്യതയായത്‌."
പിന്നീട്‌ നിരാശയുടെ പ്രഖ്യാപനമായിരുന്നു-
"എനിക്കാരുമില്ല. ഞാൻ പരിത്യക്തനാണ്‌... മാലാഖപോലും എന്നെ ഉപേക്ഷിച്ചിരിക്കുന്നു."        ശക്തനും പൗരുഷ്യത്തിന്റെ പ്രതീകവുമായ അബ്രാഹം കേഴുന്നു! സാറായ്ക്ക്‌ അത്‌ സഹിച്ചില്ല. പ്രിയതമന്റെ നിസ്സഹായാവസ്ഥ അവൾക്ക്‌ നുറുങ്ങുന്ന വേദനയായി.
"അങ്ങ്‌ ദൈവഹിതത്തിനായി കാതോർക്കു. അവിടുന്ന്‌ ശൂന്യമായതിനെ സമൃദ്ധമാക്കുന്നവനല്ലേ?"
ദൈവത്തിനും അബ്രാഹത്തിനുമിടയിൽ ഉണ്ടായിരിക്കുന്ന അനഭിലഷണീയമായ വിടവ്‌ സാറാ തിരിച്ചറിഞ്ഞു.
"പലരാത്രികളിലും ഞാനവിടുത്തോട്‌ യാചിച്ചു. നിന്നെ വിളിച്ചിടത്തേക്ക്‌ എന്നേയും കൂട്ടാൻ. രാത്രി മുഴുവൻ ബലിപീഠത്തിനുമുമ്പിൽ വിലപിച്ചു. പക്ഷേ, അവിടുന്ന്‌ എന്റെ പ്രാർത്ഥന കേട്ടില്ല. എനിക്ക്‌ സമാശ്വാസമായി മാലാഖയേയും അയച്ചില്ല."
അബ്രാഹത്തിന്റെ പരിദേവനത്തിൽ സാറാ നൊന്തു.
"അങ്ങ്‌ ആത്മാവിൽ നിരാശ നിറച്ചതുകൊണ്ടാണത്‌. അവിടുത്തെ തിരുഹിതങ്ങൾ പൂർണമായും അറിയുന്നവനായിരുന്നില്ലേ അങ്ങ്‌? തന്നേക്കാൾ കൂടുതലായി ആരേയും സ്നേഹിക്കാൻ നമ്മുടെ ദൈവം ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ അവിടുന്ന്‌ സ്വാർഥനാണ്‌. അതങ്ങ്‌ മറന്നോ?"
മറന്നുപോയ സത്യം സാറായെന്ന നിഴൽ രൂപത്തിലൂടെ ദൈവം വെളിപ്പെടുത്തിയപ്പോൾ ഉൾക്കിടിലത്തോടെ ഒരു തിരിച്ചറിവിലേയ്ക്ക്‌ അബ്രാഹം ഉയർന്നു. വിജാതിയരുടെ ബാൽദേവന്മാരിൽനിന്നും എത്രയോ ശക്തനും പരിശുദ്ധനുമാണ്‌ തന്റെ ദൈവമായ കർത്താവ്‌. വിശ്വസ്തത്തയ്ക്ക്‌ ആയിരം തലമുറകൾവരെ അവിടുന്ന്‌ അനുഗ്രഹം ചൊരിയും. അവിശ്വസ്തത്തയ്ക്ക്‌ അതേ നാണയത്തിൽ നിഷ്ഠൂരതാണ്ഡവമേൽപ്പിക്കുന്ന അസഹിഷ്‌ണുവായ ദൈവം... 
തെറ്റുപറ്റി. ഏകാന്തത്തയും നിരാശയും വാർധക്യത്തിന്റെ അരിഷ്ടതകളും തന്നെ അവിടുത്തെ സംരക്ഷണത്തിൽനിന്ന്‌ അകറ്റി. സ്രഷ്ടാവിനേക്കാൾ സൃഷ്ടിയെ വലുതായി കാണാൻ ശ്രമിച്ചു. സാറാ ജീവിച്ചിരുന്നപ്പോൾ ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. അവളുടെ പരാതികളും കണ്ണീരും അത്യുന്നതന്റെ തീർപ്പിനുമുമ്പിൽ ഒന്നുമായിരുന്നില്ല. ഇസഹാക്കിനെ ബലിയർപ്പിക്കാൻ കൊണ്ടുപോകുമ്പോൾപോലും സാറാ അത്‌ അറിഞ്ഞിരുന്നില്ല. ഉദരഫലത്തെ ബലിയർപ്പിക്കാൻ സന്തോഷത്തോടെ ഒരു മാതാവും പറഞ്ഞയയ്ക്കില്ലെന്ന്‌ അറിയാമായിരുന്നു. എല്ലാം മറക്കാൻ സ്ത്രീക്ക്‌ ഒരു നിമിഷം മതിയല്ലോ! മാതൃത്വത്തിന്റെ ചുട്ടുപൊള്ളുന്ന കണ്ണീർലാവകൊണ്ട്‌ സാറാ തന്നെ മൂടിയിരുന്നെങ്കിൽപോലും ദൈവത്തിന്റെ ആജ്ഞയ്ക്കുമുമ്പിൽ താനതിന്‌ തൃണവിലയേ കൽപിക്കുമായിരുന്നുള്ളു.
എന്നിട്ടും ഇന്ന്‌ അബ്രാഹം അതെല്ലാം മറന്നു...! അതും അവിടുന്ന്‌ തുണയായിതന്ന സ്ത്രീയുടെ വേർപാടിൽ നൊന്ത്‌...!!  നന്ദിഹീനതയാണ്‌. അറിഞ്ഞോ അറിയാതെയോ സർവശക്തനോട്‌ ചെയ്ത കൃതഘനത.
"ശരിയാണ്‌ സാറാ. നിന്റെ വേർപാട്‌ എന്നെ ബലഹീനനാക്കി. ഒന്നിലും മനസ്സുറയ്ക്കാത്ത അവസ്ഥ... വാർധക്യവും ആവശ്യത്തിലേറെ അവശതകൾ നിറച്ചിരിക്കുന്നു." കുറ്റസമ്മതമെന്നോണം അബ്രാഹം പുലമ്പി.
"അങ്ങേയ്ക്ക്‌ ഒന്നുചെയ്യാനുണ്ട്‌. നിരാശവെടിഞ്ഞ്‌ മക്കൾക്കായി വധുക്കളെ കണ്ടെത്തൂ. ഭവനത്തിൽ സന്തോഷമുണ്ടാകും. അങ്ങയുടെ ഏകാന്തത്ത പരിഹൃതമാകും."
"അതേ സാറാ. അതുതന്നെയാണ്‌ ശരി. ഇസഹാക്കിന്‌ ഒരു വധു..."
"ആദ്യം ഇസ്മായേലിനാണ്‌ അങ്ങ്‌ വധുവിനെ കണ്ടെത്തേണ്ടത്‌. അവനാണ്‌ കടിഞ്ഞൂൽപുത്രൻ."
"പക്ഷേ, അവൻ ഉപേക്ഷിക്കപ്പെട്ട ഹാഗാറിന്റെ പുത്രനല്ലേ?"
"അങ്ങയുടെ കടിഞ്ഞൂൽപുത്രനാണവൻ." സാറാ ഓർമ്മിപ്പിച്ചു.
"ഹാഗാറിനോടും അവളുടെ പുത്രനോടും നാം അനീതികാട്ടി."
വൈകിവന്ന വിവേകം വാക്കുകളിൽ രൂപംകൊള്ളുന്നത്‌ അബ്രാഹം അറിഞ്ഞു. അത്‌ നീറുന്ന മനസ്സിൽ നിറച്ച കുളിർമ തെല്ലൊന്നുമല്ല.
"ഹാഗാറിനോടുള്ള എന്റെ പെരുമാറ്റം ക്രൂരമായിപ്പോയതുകൊണ്ടാകാം അവിടുന്ന്‌ അവളെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ പറഞ്ഞത്‌. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവന്റെ ഭവനം ശിഥിലമാകാതിരിക്കാൻ. അവിടുന്ന്‌ വേദനയോടെയല്ല അപ്രകാരം പറഞ്ഞതെന്ന്‌ ആരു കണ്ടു?"
മരണത്തോളമുയർന്ന ഒരു തിരിച്ചറിവാണ്‌ സാറായുടെ നിഴൽ സംസാരിക്കുന്നതെന്ന്‌ അബ്രാഹം  ഓർത്തു. അവൾ പറയുന്നതായിരിക്കാം യാഥാർഥ്യം. അന്യരായ രണ്ടുസ്ത്രീകൾക്ക്‌ ഒരേ വീട്ടിൽ സ്വസ്ഥതയോടെ കഴിയാനാവില്ലെന്ന്‌ ദൈവത്തിനറിയാമായിരുന്നു. സ്രഷ്ടാവല്ലാതെ സൃഷ്ടിയുടെ ബലഹീനതകളെക്കുറിച്ച്‌ പൂർണമായും അറിയുക മറ്റാരാണ്‌? നീതിസൂര്യനായ ദൈവം ഹാഗാറിനോടും ഇസ്മായേലിനോടും ക്രൂരമായി പെരുമാറുമ്പോൾ ആ പിതൃഹൃദയം പിടച്ചിരിക്കില്ലേ? ആ വേദന അവിടുന്ന്‌ സഹിച്ചതു തനിക്കും സാറായ്ക്കും വേണ്ടി മാത്രമായിരിക്കില്ലേ?
"ഒടുങ്ങാത്ത പകയുമായി ഇസ്മായേൽ നടക്കുകയാണ്‌. പിതാവിനും സഹോദരനുമെതിരെ കരുക്കൾനീക്കി മരുഭൂമിയിൽ എവിടെയോ അവൻ അലഞ്ഞുതിരിയുന്നു."
മകനോടുള്ള ഗോപ്യമായ വാത്സല്യം വാക്കുകളിൽ ഉന്മീലിതമായി. കൈക്കുഞ്ഞുമേന്തി നിൽക്കുന്ന ഹാഗാറിന്റെ ചുമലിൽ ഒരു തുകൽ സഞ്ചി വെള്ളവും ഏതാനും അപ്പങ്ങളുമടങ്ങുന്ന ഭാണ്ഡം വച്ചുകൊടുക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഇസ്മായേലിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്‌ മറ്റൊരു സാക്ഷ്യപത്രം ആവശ്യമില്ല.
"അവനെ ഇവിടേയ്ക്ക്‌ കൂട്ടിക്കൊണ്ടുവരു. ഈ കല്ലാര്‌റ അവന്റെ മനസ്സ്‌ മാറ്റിയേക്കാം."
"അവൻ വരില്ല. കാരണം അവൻ നിന്നെ അത്രമാത്രം വെറുക്കുന്നു. എന്റെ പിൻഗാമിയായി ദൈവം തെരഞ്ഞെടുത്ത ഇസഹാക്കിനേക്കാളേറെ... എന്നേക്കാളേറെ... അബ്രാഹത്തിന്റെ വാക്കുകളിൽ നിരാശ കനൽക്കട്ടപോലെ ജ്വലിച്ചു.
"ചെയ്ത തെറ്റിന്‌ പ്രായശ്ചിത്തം ചെയ്താൽ അങ്ങേയ്ക്ക്‌ കൂടുതൽ ശാന്തി ലഭിക്കും. ഇസ്മായേലിന്‌ പുത്രവധുവിനെ കണ്ടെത്തേണ്ടത്‌ പിതാവായ അങ്ങയുടെ കടമയാണ്‌. അർഹമായ കടിഞ്ഞൂൽ പുത്രാവകാശവും കൊടുക്കണം. പിന്നീടവൻ ഇസഹാക്കിന്റെ ജീവന്‌ ഭീഷണിയാവില്ല. രണ്ടുപേരുടെയും സന്തതി പരമ്പരകൾ ഒരു പക്ഷേ, ശത്രുതയില്ലാതെ കഴിഞ്ഞേക്കും."
നീണ്ട കാത്തുനിൽപ്പിനുശേഷം ഭൃത്യൻ ഏലിയേസർ ഗുഹയിൽ പ്രവേശിച്ച്‌ കല്ലാര്‌റയ്ക്കടുത്തെത്തുമ്പോൾ യജമാനൻ സ്വയം എന്തൊക്കെയോ പിറുപിറുക്കുന്നത്‌ കണ്ടു.
ഏലിയേസറിന്റെ തോളിൽ കൈയിട്ട്‌ ഗുഹയുടെ പുറത്തേയ്ക്ക്‌ നടക്കുമ്പോൾ അബ്രാഹത്തിന്റെ കണ്ണുകളെ മൂടിയ പീള അപ്രത്യക്ഷമായിരുന്നു. അവിടെ വെളിച്ചം പ്രത്യാശയുടെ തിളക്കമായി.

 തുടരും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ